ഒന്നര മണിക്കൂറിനുള്ളിലെ ഒത്തുതീര്‍പ്പ്

ലോകായുക്ത നിയമഭേദഗതിയില്‍ ഒടുവില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. ഭേദഗതി ഓര്‍ഡിനന്‍സ് ഇനി ബില്ലായി നിയമസഭയില്‍ അവതരിപ്പിക്കും. സഭയില്‍ ഭൂരിപക്ഷമുള്ളതിനാല്‍ സര്‍ക്കാരിന് അതൊരു കടമ്പയാകില്ല. ഇടഞ്ഞു നിന്ന ഗവര്‍ണര്‍ ഒപ്പിട്ടതോടെ സിപിഐയുമായുള്ള ചര്‍ച്ചയടക്കം സുഗമമാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഗവര്‍ണറുടെ നിലപാടിലൂടെ സര്‍ക്കാരിനെതിരെ കിട്ടിയ ആയുധം നഷ്ടമായ പ്രതിപക്ഷം ഇനി നിയമവഴിയിലൂടെ കാര്യങ്ങളെ നേരിടുമെന്നാണ് അറിയിക്കുന്നത്. ബിജെപിയും പ്രതിഷേധ വഴിയിലേക്ക് തന്നെയാണ്.
ലോകായുക്തയുടെ ഉദ്ദേശ്യം തന്നെ ഇല്ലാതാകുന്ന സാഹചര്യമാണ് ഗവര്‍ണറുടെ ഒപ്പുകൊണ്ട് ഇല്ലാതായിരിക്കുന്നതെന്ന് പറയാം. ജനപ്രതിനിധികള്‍ക്കെതിരെയോ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയോ അഴിമതിയും സ്വജനപക്ഷപാതവും ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ വരുമ്പോള്‍ അക്കാര്യത്തില്‍ അന്വേഷണം നടത്താനുള്ള അധികാരത്തിന്റെ കടയ്ക്കലാണ് കത്തി വെച്ചിരിക്കുന്നത്. കഴിഞ്ഞ 22 വര്‍ഷക്കാലമായി ഉണ്ടാകാതിരുന്ന എന്ത് ഭരണഘടനാ പ്രശ്‌നമാണ് പെടുന്നനെ ഉണ്ടായിരിക്കുന്നത് എന്ന് സര്‍ക്കാര്‍ വിശദീകരിക്കണം. അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ ഓര്‍ഡിനന്‍സിലൂടെ നിയമനിര്‍മ്മാണം നടത്താവൂ എന്നാണ് ഭരണഘടന അനുശാസിക്കുന്നത്. ഒരു നിയമസഭ ചേര്‍ന്ന് ചര്‍ച്ച ചെയ്യാനുള്ള സാവകാശം പോലും കാണിക്കാതെ പെട്ടെന്ന് ഓര്‍ഡിന്‍സായി ഇറക്കേണ്ടുന്ന എന്ത് സാഹചര്യമാണ് ഇപ്പോള്‍ കേരളത്തിലുണ്ടായത്. ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷിയായ സിപിഐയെപ്പോലും ബോധ്യപ്പെടുത്താതെയാണ് ഇങ്ങിനെയൊരു നടപടിയിലേക്ക് സര്‍ക്കാര്‍ കടന്നത്.
ജനാധിപത്യത്തിന്റെ സൗന്ദര്യം എന്ന് പറയുന്നത് സുതാര്യതയാണ്. അതില്ലാതാക്കുന്നതിന്റെ ആദ്യ പടിയായിട്ട് വേണം ലോകായുക്തയുടെ അധികാരത്തെ തച്ചുടയ്ക്കുന്ന ഈ നടപടിയെ കാണേണ്ടത്. മടിയില്‍ കനമില്ലാത്തവന് പേടിയ്‌ക്കേണ്ടതില്ലെന്ന് നിരന്തരം പറയുന്ന ഭരണകൂടമാണ് കേരളത്തിലുള്ളത്. 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ നിയമത്തില്‍ ഭരണഘടനാ വിരുദ്ധത കണ്ടുപിടിയ്ക്കണമെങ്കില്‍ അതിന് കാരണം മടിയില്‍ കനവുമുണ്ട്, പേടിയുമുണ്ട് എന്നതാണ്. അതിലേക്ക് അന്വേഷണം വരുന്നതിനെ ചെറുക്കാനുള്ള ഏറ്റവും ഉചിതമായ മാര്‍ഗമാണ് അന്വേഷണ ഏജന്‍സിയെ അടിച്ചൊതുക്കുക എന്നത്.
വകുപ്പ് 14ലാണ് ഭേദഗതി ചെയ്തിരിക്കുന്നത്. ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് കണ്ടെത്തി അവരെ മാറ്റാനുള്ള ഒരു അധികാരം ലോകായുക്തയ്ക്ക് വരുന്നു എന്നതാണ് ഭരണഘടനാ വിരുദ്ധമായി സര്‍ക്കാര്‍ കണക്കാക്കുന്നത്. ലോകായുക്ത നിയമസഭയേക്കാള്‍ വലിയ അധികാര സ്ഥാപനമായി മാറുന്നു എന്നതാണ് പ്രശ്‌നം. അങ്ങിനെയങ്കില്‍ ലോകായുക്തയുടെ ഉത്തരവ് ഹൈക്കോടതിയില്‍ പോയി സ്‌റ്റേ ചെയ്യുന്നതടക്കമുള്ള ഫലപ്രദമായ മാറ്റങ്ങളിലൂടെ ആ ഭരണഘടനാ പ്രശ്‌നത്തെ ഒഴിവാക്കാമായിരുന്നു. അതിന് പകരം ലോകായുക്തയുടെ പ്രസക്തിയെ തന്നെ ഇല്ലാതാക്കുന്ന തരത്തിലുള്ള ഭേദഗതി കൊണ്ടുവന്നിരിക്കുകയാണ്. ആര്‍ക്കെതിരെയാണ് ആരോപണം വന്നിരിക്കുന്നത് അയാളുടെ വാദം കേട്ടതിന് ശേഷം ലോകായുക്തയുടെ തീരുമാനത്തെ തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നാണ് ഭേദഗതി. ഈ ഭേദഗതിയ്ക്കാണ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. അതായത് ഈ ഭേദഗതിയിലൂടെ ലോകായുക്ത എന്ന അര്‍ധ ജൂഡീഷ്യല്‍ സ്ഥാപനത്തിന്റെ പ്രസക്തി തന്നെ നഷ്ടപ്പെടുകയാണ്. ശരിക്കും ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണിത്.
ഇവിടെ ഓര്‍ഡിനന്‍സിലൂടെ വ്യക്തമാകുന്നത്, ലോകായുക്തയ്ക്ക് എത്ര വേണമെങ്കിലും കുരയ്ക്കാം. പക്ഷേ, കടിയ്ക്കാന്‍ പാടില്ലെന്നാണ്. അതുകൊണ്ട് അഴിമതിയ്ക്ക് കളമൊരുക്കാനാണോ സര്‍ക്കാര്‍ ഇങ്ങിനെ ഒരു നിയമം കൊണ്ടുവന്നത് എന്ന ആശങ്ക നിലനില്‍ക്കുകയാണ്.
പല വിഷയങ്ങളിലും സര്‍ക്കാരുമായി ഇടഞ്ഞുനിന്ന ഗവര്‍ണറാണ് ഈ വിഷയത്തില്‍ സര്‍ക്കാരിന് അനുകൂലമായ നിലപാടെടുത്തത്. അതുണ്ടായതാകട്ടെ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ഒന്നര മണിക്കൂര്‍ നേരത്തെ ചര്‍ച്ചയ്ക്ക് ശേഷവും. എന്തായിരുന്നു ഒന്നര മണിക്കൂറിനുള്ളില്‍ ഇരുവരും നടത്തിയ ഒത്തുതീര്‍പ്പ്? ഭരണഘടനാപരമായി വളരെ പ്രാധാന്യമുള്ള, ജനാധിപത്യത്തിന്റെ സുതാര്യതയെ ചോദ്യം ചെയ്യുന്ന, അഴിമതിയ്‌ക്കെതിരായ പോരാട്ടങ്ങള്‍ക്ക് തടയിടുന്ന ഓര്‍ഡിനന്‍സിന് ഒന്നര മണിക്കൂര്‍ ചര്‍ച്ച കൊണ്ട് അംഗീകാരം നല്‍കുന്ന എന്ത് മായാജാലമാണ് അവിടെ നടന്നത്?
ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ തിരിച്ചയക്കാനുള്ള പരിമിതമായ അധികാരം ഗവര്‍ണര്‍ക്കുണ്ട്. അങ്ങിനെ തിരിച്ചയച്ച ഓര്‍ഡിനന്‍സ് വീണ്ടും ഗവര്‍ണര്‍ക്ക് അയച്ചാല്‍ നിര്‍ബന്ധമായും ഗവര്‍ണര്‍ ഒപ്പിട്ടിരിക്കണമെന്നാണ്. ഇവിടെ ആദ്യ തവണ ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ ഗവര്‍ണര്‍ തിരിച്ചയച്ചിരുന്നെങ്കില്‍ അത് ജനാധിപത്യവിശ്വാസികളുടെ പ്രതിഷേധം രേഖപ്പെടുത്താനുള്ള അവസരമാകുമായിരുന്നു.