• 23 Sep 2023
  • 03: 08 AM
Latest News arrow

ഷാരൂഖ് ഖാനെതിരെ തുപ്പല്‍ വിവാദം; വിടാതെ പിന്തുടര്‍ന്ന് ഹിന്ദുത്വ വാദികള്‍

മുസ്ലിംകള്‍ ഭക്ഷണത്തില്‍ തുപ്പുന്നവരാണെന്ന പ്രചാരണം കെട്ടടങ്ങിയിട്ടു അധിക നാളുകളായിട്ടില്ല. കാസര്‍കോട്ടെ ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചായിരുന്നു ഹിന്ദുത്വ വാദികള്‍ ഈ  പ്രചാരണം നടത്തിയത്. കേരളത്തില്‍ മാത്രം അത് ഒതുങ്ങി നിന്നില്ല. സഹ്യനപ്പുറത്തേക്കും പടര്‍ന്നു പിടിച്ചു. ബിജെപിയുടെയും ഹിന്ദു ഐക്യ വേദിയുടേയും മുതിര്‍ന്ന ചില നേതാക്കള്‍ വരെ ഈ പ്രവര്‍ത്തി ഏറ്റെടുത്തു. ഹിന്ദുക്കള്‍ക്ക് കഴിക്കാവുന്ന, തുപ്പല്‍ ഇല്ലാത്ത ഭക്ഷണം കിട്ടുന്ന ഹോട്ടലുകളുടെ ലിസ്റ്റും ചിലര്‍ ഇതിന്റെ ഭാഗമായി പ്രചരിപ്പിച്ചു. മറു ഭാഗത്താകട്ടെ, ഞങ്ങള്‍ ഭക്ഷണത്തില്‍ തുപ്പും, അതിനു നിങ്ങള്‍ക്കെന്താ എന്ന മട്ടില്‍ ചില വിവരംകെട്ട തീവ്ര സ്വഭാവക്കാര്‍ രംഗത്ത് വന്നു പ്രശ്‌നം വഷളാക്കി. ഭക്ഷണത്തിലും മതം കലര്‍ത്തിയതിനെതിരെ എല്ലാ വിഭാഗത്തിലും പെട്ട ആളുകള്‍ രംഗത്തിറങ്ങിയതോടെ വിദ്വേഷ പ്രചാരകര്‍ പിന്‍വാങ്ങുകയായിരുന്നു. 

ബോളിവുഡിലെ സൂപ്പര്‍ താരം ഷാരൂഖ് ഖാനെതിരെ പുതുതായി തൊടുത്തു വിട്ട തുപ്പല്‍ വിവാദവും വെറുപ്പിന്റെ പ്രചാരകരുടെ നെറികെട്ട ജോലിയാണ്. ലതാ മങ്കേഷ്‌ക്കറുടെ മൃതദേഹത്തില്‍ ഷാരൂഖ് തുപ്പി എന്ന ഹീനമായ ആരോപണം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആകാന്‍ അധിക സമയം വേണ്ടി വന്നില്ല. ഷാരൂഖിന്റെ നിരവധി ചിത്രങ്ങള്‍ ഹിറ്റ് ആയതിനു പിന്നില്‍ ലതയുടെ മാസ്മരിക സംഗീതവുമുണ്ട്. മുംബൈയിലെ ശിവാജി പാര്‍ക്കില്‍ ഇന്ത്യയുടെ വാനമ്പാടിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഷാരൂഖ് മാത്രമല്ല, ആമിര്‍ ഖാന്‍, രണ്‍ബീര്‍ കപൂര്‍, വിദ്യാ ബാലന്‍ എന്ന് തുടങ്ങി ബോളിവുഡിലെ പ്രമുഖര്‍ എത്തിയിരുന്നു. ഷാരൂഖ് ഖാനൊപ്പം മാനേജര്‍ പൂജാ ദദ്ദ്‌ലാനിയും ഉണ്ടായിരുന്നു. ഷാരൂഖ് ലതയുടെ ഭൗതിക ദേഹത്തിനു സമീപം കൈകള്‍ തുറന്നു ദുആ ചെയ്തപ്പോള്‍ പൂജ തൊട്ടടുത്തു കൈകള്‍ കൂപ്പി പ്രാര്‍ത്ഥിച്ചു. ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകം എന്നാണ് ഈ ചിത്രം ട്വീറ്റ് ചെയ്ത പലരും അടിക്കുറിപ്പിട്ടത്. എന്നാല്‍ ഷാരൂഖ് ദുആക്കു ശേഷം മാസ്‌ക് ഊരി  അന്തരീക്ഷത്തില്‍ ഊതിയതിനെ മൃതദേഹത്തില്‍ തുപ്പിയതായാണ് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചത്. ദുആക്കു ശേഷം അന്തരീക്ഷത്തില്‍ ഊതുന്നതിലൂടെ അനുഗ്രഹം കൈമാറാനും സാത്താനെ അകറ്റാനും കഴിയുമെന്ന മുസ്ലിംകളിലെ വിശ്വാസത്തിന്റെ ഭാഗമായാണ് മതവിശ്വാസിയായ ഷാരൂഖ് ഇങ്ങിനെ ചെയ്തത്. ലതാ മങ്കേഷ്‌കറിന്റെ മൃതദേഹത്തില്‍ റീത്തു സമര്‍പ്പിച്ച ശേഷം ഷാരൂഖ് പാദങ്ങള്‍ തൊട്ടു വണങ്ങുകയും ചെയ്തു. 

ഏതാനും സെക്കന്റുകള്‍ മാത്രമാണ് ഷാരൂഖ് മാസ്‌ക് നീക്കിയത്. അതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു ഹിന്ദുത്വവാദികള്‍ ഷാരൂഖ് മൃതദേഹത്തില്‍ തുപ്പുന്നേ എന്ന വിദ്വേഷ പ്രചാരണത്തിന് തിരി കൊളുത്തി. വളരെ പെട്ടെന്ന് അത് പടര്‍ന്നു പിടിക്കുകയും ചെയ്തു. ദേശീയ മാധ്യമങ്ങളും ഓണ്‍ലൈന്‍ വെബ്സൈറ്റുകളും വസ്തുതാ പഠനം നടത്തി സത്യം പുറത്തറിയിച്ചെങ്കിലും നുണ അപ്പോള്‍ തന്നെ കാതങ്ങള്‍ സഞ്ചരിച്ചു കഴിഞ്ഞിരുന്നു.

സംഘപരിവാറിന്റെ അസഹിഷ്ണുതക്കും വിദ്വേഷ പ്രചാരണത്തിനുമെതിരെ പ്രതികരിച്ചതിന് സിനിമാ ബഹിഷ്‌കരണം അടക്കം നിരവധി എതിര്‍പ്പുകള്‍ മുന്‍പ് നേരിട്ട ആളാണ് ഷാരൂഖ്. ഷാരൂഖ് ഖാനോട് പാകിസ്താനിലേക്ക് പൊയ്ക്കോളൂ എന്ന് പറഞ്ഞ ആളാണ് യോഗി ആദിത്യനാഥ്. അന്ന് യോഗി യു പി മുഖ്യമന്തി ആയിട്ടില്ല. ഗോരഖ്പൂര്‍ എം പി ആയിരുന്നു. ജനങ്ങള്‍ ഷാരൂഖിന്റെ സിനിമകള്‍ കാണാതിരുന്നാല്‍ ഒരു സാധാരണ മുസ്ലിമിനെ പോലെ അദ്ദേഹത്തിന് തെക്കുവടക്കു നടക്കേണ്ടി വരുമെന്നായിരുന്നു യോഗി പറഞ്ഞത്. ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായപ്പോഴും വിദ്വേഷ പ്രചാരകര്‍ ഷാരൂഖിനെ കടന്നാക്രമിച്ചിരുന്നു. 

സംഘപരിവാറിന്റെ പ്രശ്‌നം ഷാരൂഖിന്റെ മതമാണ്. അദ്ദേഹം മുസ്ലിം ആണെന്നതാണ്. അതിലുപരി  മതേതരനായ മുസ്ലിം ആണെന്നതാണ്. ശിവലിംഗത്തില്‍ തുപ്പി എന്നൊരാരോപണം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഹിന്ദുത്വവാദികള്‍ ഷാരൂഖ് ഖാനെതിരെ ഉയര്‍ത്തിയിരുന്നു. നിലപാടുള്ള നടനാണ് ഷാരൂഖ്. എതിര്‍ക്കേണ്ടവയെ അതിശക്തമായി എതിര്‍ക്കും. ബോളിവുഡ് മാത്രമല്ല, ഇന്ത്യയിലെ മാധ്യമ ലോകത്തിന്റെ സിംഹ ഭാഗവും ഇപ്പോള്‍ സംഘപരിവാര്‍- മോദി വിധേയത്വത്തിലാണ്. ബിസിനസ് പരമായ നിലനില്‍പിന്റെ ഭാഗമാണത്. അതില്‍ ഉള്‍പ്പെടാതെ നില്‍ക്കുന്നു എന്നതാണ് ഷാരൂഖ് ഖാനെ വ്യത്യസ്തനാക്കുന്നത്. അസഹിഷ്ണുത രാജ്യ ദ്രോഹമാണെന്നു പറഞ്ഞപ്പോള്‍ ഷാരൂഖിനെ ദേശവിരുദ്ധനായി അവര്‍ മുദ്ര കുത്തി. പാകിസ്താനിയാണെന്നു പറഞ്ഞു. അതിന്റെ തുടര്‍ച്ച മാത്രമാണ് ഇപ്പോള്‍ കെട്ടിപ്പൊക്കിയ തുപ്പല്‍ വിവാദം. സംഘപരിവാറിന്റെ നുണഫാക്ടറികളില്‍ അതുല്പാദിപ്പിച്ചു പുറത്തേക്കു വിടുന്നു. ഏറ്റെടുക്കാന്‍ കുറേ ആളുകളുണ്ട്. പണവും പദവിയും മാത്രമല്ല, ഹിന്ദു ആകുക എന്നത് കൂടി ഇന്ത്യയില്‍ സമാധാനപൂര്‍വം ജീവിക്കാനുള്ള അവശ്യ വസ്തു ആയി മാറിയിരിക്കുകയാണ്. 

 

RECOMMENDED FOR YOU
Editors Choice