• 23 Sep 2023
  • 01: 59 AM
Latest News arrow

മുഖ്യമന്ത്രീ..., എന്താണ് താങ്കളും ശിവശങ്കറും തമ്മിലുള്ള ആ അവിശുദ്ധ കൂട്ടുകെട്ട്?

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടന്ന അധോലോക ഇടപാടുകളുടെ ഞെട്ടിപ്പിക്കുന്ന കഥകളാണ് രണ്ട് ദിവസമായി കേരളം കേട്ടത്. കള്ളക്കടത്ത് സ്വര്‍ണം വിട്ടുകിട്ടാന്‍ മുഖ്യമന്തിയുടെ ഓഫീസിലെ മുഖ്യന്‍ ഇടപെടുക, രാജ്യസുരക്ഷാ പ്രശ്‌നങ്ങള്‍ പോലും പരിഗണിക്കാതെ സര്‍ക്കാര്‍ പദ്ധതിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി ജോലി നല്‍കുക, ഒരു വിദേശ രാജ്യത്തിന്റെ കോണ്‍സുലേറ്റുമായി വിദേശകാര്യ മന്ത്രാലയത്തിന്റെ അറിവോ അനുമതിയോ ഇല്ലാതെ സംസ്ഥാന സര്‍ക്കാരിലെ ഉന്നതര്‍ ബന്ധപ്പെടുക, പാവപ്പെട്ടവര്‍ക്ക് വീട് വെച്ചുനല്‍കാനുള്ള പദ്ധതിയില്‍ നിന്നും കമ്മീഷന്‍ അടിച്ചെടുക്കാനുള്ള നീക്കങ്ങള്‍... ഇങ്ങിനെ ക്രമക്കേടുകളുടെ നീണ്ട പട്ടിക തന്നെ ജനങ്ങളുടെ മുമ്പിലെത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗിക്കപ്പെട്ടതാണ് അതില്‍ ഏറ്റവും ഗുരുതരമായ വസ്തുത. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനത്തിലാണ്. തന്റെ ഓഫീസ് രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന്റെ കൂടി കേന്ദ്രമാകുന്നു എന്നത് അദ്ദേഹം ഗൗരവമായി എടുക്കുന്നില്ലെന്ന് തോന്നും. എന്തുകൊണ്ടാണ് സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളില്‍ ഭരണകക്ഷി മൗനം പാലിക്കുന്നത്? 

മുഖ്യമന്ത്രിയുടെ കീഴിലുള്ള ഒരു വകുപ്പ് എങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ നേര്‍ ചിത്രമായിരുന്നു സ്വപ്‌ന സുരേഷിന്റെ അനധികൃത നിയമനം. കോണ്‍സുലേറ്റില്‍ ഔദ്യോഗികമായി തുടരുന്നത് സ്വപ്‌നയുടെ ഭാവിയ്ക്ക് നല്ലതല്ലെന്ന് മനസ്സിലാക്കിയ എം ശിവശങ്കര്‍ അവരെ ഐടി വിഭാഗത്തിന്റെ കീഴിലുള്ള ഒരു പോസ്റ്റിലേക്ക് നിയമിക്കുകയായിരുന്നു. ഇങ്ങിനെയൊരു തസ്തിക വേണമെന്ന് തീരുമാനിക്കുന്നത് തന്നെ സ്വപ്നയെ അതില്‍ നിയമിക്കാന്‍ തീരുമാനിച്ചതിന് ശേഷമാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. ഐടി വകുപ്പിന്റെ ചുമതലക്കാരായ ജയശങ്കറെയും സന്തോഷ് കുറുപ്പിനെയുമെല്ലാം സ്വാധീനിച്ചാണ് ശിവശങ്കര്‍ ഈ ജോലി സ്വപ്‌നയ്ക്ക് നേടിക്കൊടുത്തത്. സര്‍ക്കാരിന്റെ ശമ്പളം പറ്റുന്ന ജയശങ്കറും സന്തോഷ് കുറിപ്പും ശിവശങ്കറിന് വേണ്ടി ദല്ലാള്‍ പണി ചെയ്യുകയായിരുന്നു. സ്വപ്‌നയാകട്ടെ സര്‍ക്കാരിന്റെ ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുകയും അതേസമയം തന്നെ അനൗദ്യോഗികമായി കോണ്‍സുലേറ്റിന് വേണ്ടി പണിയെടുക്കുകയും അവിടെ നിന്ന് ശമ്പളവും പാരിതോഷികവും പറ്റുകയും ചെയ്തു.  

മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും കോണ്‍സുലേറ്റിലെ ആളുകളുമായി ബന്ധം വെയ്ക്കാന്‍ പാടില്ലെന്ന് നിയമമുണ്ട്. അത് സുരക്ഷാ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തിയാണ്. ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് കിടക്കുന്ന പദ്ധതികളാണ് സ്‌പെയ്‌സ് പാര്‍ക്കിലുള്ളത്. അങ്ങിനെയുള്ള ഒരു പദ്ധതിയിലേക്കാണ് മറ്റൊരു രാജ്യത്തിന്റെ കോണ്‍സുലേറ്റ് ജനറലിനോട് അടുത്ത ബന്ധം പുലര്‍ത്തുന്നയാളെ സംസ്ഥാന സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥന്‍ നിയമിക്കുന്നത്. ഇവിടെ സുരക്ഷാ പ്രശ്‌നങ്ങള്‍ പോലും ശിവശങ്കര്‍ കണക്കിലെടുത്തിട്ടില്ല. അപ്പോള്‍ അദ്ദേഹത്തിന്റെ കൂറ് പോലും ഏത് രാജ്യത്തോടാണെന്ന് പരിശോധിക്കേണ്ടി വരും. 

സ്‌പെയ്‌സ് പാര്‍ക്കിലേക്ക് ജോലിയ്ക്ക് വരുന്ന സ്വപ്നയെ സുരക്ഷാ കാരണങ്ങളാല്‍ നിയമിക്കാന്‍ പറ്റില്ലെന്ന് കെപിഎംജി എന്ന കണ്‍സള്‍ട്ടന്‍സി പറഞ്ഞപ്പോള്‍ കെപിഎംജിയെ മാറ്റി പ്രൈസ് വാട്ടര്‍ കൂപ്പറെ കൊണ്ടുവന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഈ മുഖ്യനാണ്. കള്‍സള്‍ട്ടന്‍സികളെ ഇങ്ങിനെയാണോ തെരഞ്ഞെടുക്കുന്നത്? എന്റെ അടുപ്പക്കാര്‍ക്ക് ജോലി നല്‍കുന്നില്ല, അതുകൊണ്ട് ആ കണ്‍സള്‍ട്ടന്‍സിയെ മാറ്റി വേറെ കണ്‍സള്‍ട്ടന്‍സിയെ എടുക്കും എന്ന നിലപാടൊക്കെ വഴിവിട്ടതാണ്. അതാണ് ശിവശങ്കര്‍ ചെയ്തതും. 

ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തിലെ മുഴുവന്‍ പൊലീസ് സംവിധാനത്തെയും നോക്കുകുത്തിയാക്കിക്കൊണ്ട് സ്വപ്നയെ ബാംഗ്ലൂരുവിലേക്ക് കടത്തിയത് ആഭ്യന്തര വകുപ്പിന്റെ സഹായത്തോട് കൂടിയായിരുന്നു. സ്വപ്‌നയുടെ രണ്ട് ശബ്ദരേഖകളില്‍ ഒന്ന് റെക്കോര്‍ഡ് ചെയ്തത് അന്ന് ബംഗ്ലൂരുവിലേക്ക് പോകുന്ന വഴിയ്ക്കായിരുന്നു. മുഖ്യമന്ത്രിയ്‌ക്കോ കേരളത്തിലെ മന്ത്രിമാര്‍ക്കോ ഈ സ്വര്‍ണക്കടത്ത് കേസില്‍ പങ്കില്ലെന്നായിരുന്നു ആ ശബ്ദരേഖ. ഇഡി തങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്നു എന്ന് പറയുന്ന ശബ്ദരേഖ സ്വപ്ന ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഇരിക്കവേ ഒരു പൊലീസുകാരിയുടെ സഹായത്തോടെ ശിവശങ്കര്‍ റെക്കോര്‍ഡ് ചെയ്യിപ്പിച്ചതാണ്. ആ പൊലീസുകാരി പൊലീസ് അസോസിയേഷനിലെ ഇടതുപക്ഷ യൂണിയനില്‍പെട്ട ആളിന്റെ ഭാര്യയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ഒരു ഉദ്യോഗസ്ഥന്‍ മാത്രം വിചാരിച്ചാല്‍ ഇങ്ങിനെയുള്ള കാര്യങ്ങള്‍ നടപ്പാക്കാന്‍ പറ്റുന്ന സംവിധാനമല്ല നമ്മുടേത്. ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികളില്‍ നിന്നും മന്ത്രിമാരാകുന്നവര്‍ പറയുന്നത് അനുസരിച്ചാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ ഇവിടെ ശിവശങ്കറിന് യഥേഷ്ടം പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുകയായിരുന്നു. കള്ളക്കടത്തിന് വേണ്ടി കസ്റ്റംസിനെ വിളിക്കാന്‍ പോലും മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന് വ്യക്തമായിരിക്കുന്നു. ഇങ്ങിനെ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ പ്രതിക്കൂട്ടിലായ സാഹചര്യത്തില്‍ അതിനൊരു വിശദീകരണം നല്‍കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്. എന്നാല്‍ ഒരക്ഷരം പോലും മിണ്ടാന്‍ മുഖ്യമന്ത്രി ഇതുവരെയും തയ്യാറായിട്ടില്ല.  ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ആരും തന്നെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. 

കേന്ദ്ര ഏജന്‍സികളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിക്കൊണ്ടായിരുന്നു ഇക്കാലമത്രെയും സിപിഎം ഇതിനെ നേരിട്ടത്. എന്നാല്‍ ഏജന്‍സികളില്‍ നിന്ന് ഒരു സമ്മര്‍ദ്ദവും നേരിട്ടിട്ടില്ലെന്ന് സ്വപ്‌ന തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 

എന്‍ഐഎയെ കൊണ്ടുവന്നതിന് പിന്നില്‍ ശിവശങ്കറിന്റെ മാസ്റ്റര്‍ ബ്രയിന്‍ ആണെന്നാണ് സ്വപ്‌ന വെളിപ്പെടുത്തിയിരിക്കുന്നത്. എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചത് മുഖ്യമന്ത്രിയായിരുന്നു. അപ്പോള്‍ മുഖ്യമന്ത്രി ശിവശങ്കറിന്റെ ഉപദേശം സ്വീകരിക്കുകയായിരുന്നു. സ്വര്‍ണ്ണക്കള്ളക്കടത്ത് പിടിച്ചതിന് ശേഷം ശിവശങ്കര്‍ ആരോപണവിധേയനായി സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന അവസരത്തിലാണ് ശിവശങ്കറിന്റെ ഉപദേശം സ്വീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത്.  

എന്താണ് ഇവര്‍ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട്? എന്തിനാണ് ശിവശങ്കറിനെ മുഖ്യമന്ത്രി തിരിച്ചെടുത്തത്? ശിവശങ്കറിനെതിരായ ആരോപണങ്ങളില്‍ ഏതെങ്കിലും തെറ്റാണെന്ന് ഇന്ത്യയിലെ ഏതെങ്കിലും കോടതി വിധിച്ചോ? എന്നിട്ടും മുഖ്യമന്ത്രി അദ്ദേഹത്തെ തിരിച്ചെടുത്തിരിക്കുന്നു. എന്താണ് മുഖ്യമന്ത്രിയ്ക്ക് ശിവശങ്കര്‍ ഐഎഎസിനോട് ഇത്ര വലിയ താല്‍പ്പര്യം? മുഖ്യമന്ത്രിയ്ക്ക് ഇനിയും മൗനം പാലിക്കാനാകില്ല. ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പറഞ്ഞേ മതിയാകൂ.

 

RECOMMENDED FOR YOU
Editors Choice