ദിലീപിന് ആശ്വാസം: ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

കൊച്ചി: ദിവസങ്ങളോളം നീണ്ട ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ വധഗൂഢാലോചനക്കേസില്‍ ദിലീപിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. കേസിലെ മറ്റ് അഞ്ച് പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്നതാണ് കേസ്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു ദിലീപ് അടക്കം ആറ് പേര്‍ക്കെതിരെ കേസെടുത്തത്. വാദിയുടെയും പ്രതിയുടെയും ഭാഗത്ത് നിന്ന് ഹാജരാക്കിയ എല്ലാ ശബ്ദരേഖയും കോടതി പരിശോധിച്ചു. അതിന് ശേഷമാണ് ജാമ്യം അനുവദിച്ചത്.
കേസിലെ ഒന്നാം പ്രതി ദിലീപായിരുന്നു. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടിഎന്‍ സുരാജ്, ഡ്രൈവര്‍ അപ്പുവെന്ന കൃഷ്ണപ്രസാദ്, സുഹൃത്തായ ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികളാണ് കോടതി പരിഗണിച്ചത്. ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങളാണ് ഈ ജാമ്യഹര്‍ജികളുടെ മേല്‍ നടന്നത്.
കേസില്‍ കുടുക്കിയവരുടെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ നടത്തിയ ശാപവാക്കുകളായിരുന്നു അവയെന്നും വധഗൂഢാലോചന അല്ലായിരുന്നുവെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. ചില ഉദ്യോഗസ്ഥര്‍ വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കാനായി ഉണ്ടാക്കിയതാണ് കേസ്. ഭാവനാസമ്പന്നമായ കഥയാണിത്. വധഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്തത് മുതലുള്ള ക്രൈംബ്രാഞ്ചിന്റെ നീക്കങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ദിലീപിനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്ന് പ്രോസിക്യൂഷനും വാദിച്ചു. നടിയെ ആക്രമിച്ച കേസിലെ പങ്കാളിത്തം മുതല്‍ ഓരോ കാര്യങ്ങളും പരിശോധിക്കണം. സ്വന്തം സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ഗൂഢാലോചന നടത്തിയ ആളാണ് ദിലീപ്. ദിലീപ് ബുദ്ധിപൂര്‍വ്വം ഗൂഢാലോചന നടത്തി തന്ത്രപൂര്‍വ്വം രക്ഷപ്പെടുകയാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഇതൊരു അസാധാരണ കേസാണ്. ഈ കേസില്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന ആരോപണമാണ് പരിഗണിക്കേണ്ടത്, കുറ്റകൃത്യം നടത്തിയിട്ടില്ലെന്നത് അല്ല. അന്വേഷണ ഉദ്യോഗസ്ഥന്റെ വ്യക്തി വൈരാഗ്യമല്ല കേസിന് പിന്നില്‍. ക്രൈംബ്രാഞ്ചിന് ഈ കേസുമായി ബന്ധപ്പെട്ട് ദുരുദ്ദേശമില്ല. അന്വേഷണ ഉദ്യോഗസ്ഥന് ബാലചന്ദ്രകുമാറുമായി ബന്ധമില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു.