ഊട്ടിയിലെ കുതിരയും നാട്ടിലെ ആന മണ്ടനും

വെളുക്കാന്‍ തേച്ചു പാണ്ടായി എന്ന പ്രയോഗം അന്വര്‍ത്ഥമാക്കിയിരിക്കുകയാണ് എം ശിവശങ്കര്‍ എന്ന മുതിര്‍ന്ന ഐഎഎസുകാരന്‍. സ്വര്‍ണക്കടത്തില്‍ ജാമ്യം കിട്ടിയ ശിവശങ്കറെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു സര്‍ക്കാര്‍ തിരിച്ചെടുത്തത് നിയമ വിരുദ്ധവും കീഴ്വഴക്കങ്ങളുടെ ലംഘനവുമാണ്. കേരളാ പോലീസിന്റെ വിജിലന്‍സ് വിഭാഗം രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളില്‍ പ്രതിയാണ് ശിവശങ്കര്‍. സ്വപ്നയുടെ നിയമനവും ലൈഫ് മിഷന്‍ ഇടപാടും. രണ്ടിലും ശിവശങ്കറിന് പങ്കുണ്ടെന്നു പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ട ശേഷമാണു അയാളെ പ്രതിയാക്കി കേസെടുത്തത്. സര്‍വീസില്‍ തിരിച്ചു കയറിയ ഉടന്‍ ശിവശങ്കര്‍ ആദ്യം ചെയ്തത് സ്വയം വെള്ള പൂശാന്‍ ഒരു പുസ്തകം എഴുതി പ്രസിദ്ധീകരിക്കലാണ്. ശിവശങ്കര്‍ ഒരു ആനമണ്ടന്‍ ആണെന്നതിന്റെ ഉത്തമ തെളിവാണ് ഈ പുസ്തകം. മൂന്നു മാസം ജയിലിലും ഒന്നര കൊല്ലത്തോളം സസ്‌പെന്‍ഷനിലും കഴിഞ്ഞ ശിവശങ്കര്‍ കുറ്റവിമുക്തനായല്ല സര്‍വീസില്‍ തിരിച്ചു കയറിയത്. അയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത സ്വര്‍ണക്കടത്തു അടക്കം കേസുകള്‍ നിലവിലുണ്ട്. മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യം കൊണ്ടു മാത്രമാകാം തിരികെ സര്‍വീസില്‍ പ്രവേശിപ്പിച്ചത്. സര്‍വീസ് പൂര്‍ത്തിയാക്കി പെന്‍ഷന്‍ വാങ്ങി പിരിയാനുള്ളതിനു പകരം പുസ്തകം എഴുതി താന്‍ നിരപരാധി ആണെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനുള്ള വിഫലശ്രമമാണ് ശിവശങ്കര്‍ നടത്തിയത്. സാധാരണ ഗതിയില്‍ തലയില്‍ ആള്‍താമസമുള്ള ആരും ചെയ്യുന്ന പ്രവര്‍ത്തിയല്ല ഇത്. ഒരു കൂട്ട് കച്ചവടം പൊളിഞ്ഞപ്പോള്‍ കുറ്റം മുഴുവന്‍ പാര്‍ട്ട്‌നറുടെ തലയില്‍ കെട്ടിയേല്പിച്ചു രക്ഷപ്പെടുന്ന തരംതാണ പ്രവര്‍ത്തിയായിരുന്നു ശിവശങ്കറിന്റേത്. പുസ്തകം പുറത്തിറങ്ങിയതിനൊപ്പം സ്വപ്ന സുരേഷിന്റെ അഭിമുഖങ്ങള്‍ ഒന്നിന് പിറകെ ഒന്നായി ചാനലില്‍ വന്നതോടെ ശിവശങ്കറിന്റെ കഥ കഴിഞ്ഞു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന് ഭരണത്തെ ഉള്ളംകൈയില്‍ അമ്മാനമാടുകയാണ് ശിവശങ്കര്‍ ചെയ്തത്. സ്വപ്ന സുരേഷിന്റെ ആരോപണങ്ങളില്‍ ഒന്ന് പോലും നിഷേധിക്കുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല ശിവശങ്കര്‍. അങ്ങിനെ ചെയ്താല്‍ ഇനിയും കൂടുതല്‍ പ്രത്യാഘാതം ഉണ്ടാകുമെന്ന ഭയമാകാം കാരണം. ചക്കിക്കൊത്ത ചങ്കരന്‍ ആണിവര്‍. രണ്ടു പേരും അറിഞ്ഞാണ് ക്രിമിനല്‍ പ്രവര്‍ത്തികള്‍ ചെയ്തത്. താന്‍ ബലിയാടായിരുന്നുവെന്നു ബോധ്യപ്പെടുത്താനുള്ള ശിവശങ്കറിന്റെ ആസൂത്രിത ശ്രമം പൊളിഞ്ഞതിന്റെ കോലാഹലമാണ് ഇപ്പോള്‍ കേള്‍ക്കുന്നതത്രയും.
സ്വപ്നയുടെ വെളിപ്പെടുത്തലുകളില്‍ നിന്ന് ബോധ്യപ്പെടുന്ന ശ്രദ്ധേയമായ ഒരു കാര്യം യുഎഇ മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍സാബിക്ക് സ്വര്‍ണക്കടത്തുമായുള്ള ബന്ധമാണ്. കേന്ദ്ര- കേരള സര്‍ക്കാരുകള്‍ക്കും അന്വേഷണ ഏജന്‍സികള്‍ക്കും ബോധ്യമുള്ള ഒന്നാണിതെന്നാണ് അനുമാനിക്കേണ്ടത്. കേസിന്റെ ആരംഭത്തില്‍ തന്നെ അല്‍സാബി ഇന്ത്യ വിട്ടു. അന്വേഷണ ഏജന്‍സികള്‍ അയാളെ തടഞ്ഞു വെച്ചില്ല. അതിനു കാരണം ഇന്ത്യയുമായി തൊഴില്‍ കരാര്‍ ഉള്ള, ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന രാജ്യവുമായി ഏറ്റുമുട്ടല്‍ വേണ്ടെന്ന നയതന്ത്ര തീരുമാനമായിരുന്നിരിക്കാം. അല്‍സാബി തിരുവനന്തപുരത്ത് തങ്ങിയിരുന്നെങ്കില്‍ അന്വേഷണ ഏജന്‍സികള്‍ അയാളെ ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും നിര്‍ബന്ധിതമാകുമായിരുന്നു. നയതന്ത്ര ബാഗേജിലൂടെയാണ് സ്വര്‍ണം കടത്തിയതെന്ന് കസ്റ്റംസ് ആവര്‍ത്തിച്ച് പറയുമ്പോഴും വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ബാഗേജിലൂടെയല്ല എന്ന് ആവര്‍ത്തിച്ച് പറഞ്ഞിരുന്നത് അത് നുണയാണെന്നു സ്വയം ബോധ്യപ്പെട്ടു കൊണ്ടായിരുന്നു.
സ്വപ്നയില്‍ നിന്ന് ഐ ഫോണ്‍ സമ്മാനമായി കൈപ്പറ്റിയെന്ന ഏക അബദ്ധം മാത്രമാണ് തനിക്കു പറ്റിയതെന്ന് വിശ്വസിപ്പിക്കാനുള്ള വിഫല ശ്രമമാണ് ശിവശങ്കര്‍ ആത്മകഥാപരമായ പുസ്തകത്തില്‍ നടത്തിയത്. എന്നാല്‍, പിറന്നാള്‍ സമ്മാനമായി താന്‍ ശിവശങ്കറിന് കൊടുത്തതല്ല ഐ ഫോണെന്നും ലൈഫ് മിഷന്‍ പദ്ധതിയിലെ ഫ്‌ളാറ്റ് നിര്‍മാണം യൂണിടാക്കിനു തരപ്പെടുത്തിക്കൊടുത്തതിനുള്ള ഉപഹാരമായിരുന്നു അതെന്നുമാണ് സ്വപ്ന വെളിപ്പെടുത്തിയത്. ശിവശങ്കര്‍ അത് വീട്ടില്‍ വന്നു വാങ്ങിക്കുകയായിരുന്നു.
മൂന്നു വര്‍ഷമായി തന്റെ ജീവിതത്തിന്റെയും കുടുംബത്തിന്റെയും മാറ്റി വെക്കാന്‍ പറ്റാത്ത അംഗം, താന്‍ കണ്ണടച്ച് വിശ്വസിച്ച ആള്‍ എന്നാണ് ശിവശങ്കറെ സ്വപ്ന വിശേഷിപ്പിക്കുന്നത്. മാസത്തില്‍ രണ്ടു തവണയെങ്കിലും ചെന്നൈ, ബംഗളുരു യാത്ര. ഇടയ്ക്കിടെ വിദേശ യാത്ര. റിട്ടയര്‍ ചെയ്ത ശേഷം ഒരുമിച്ചു ദുബൈയില്‍ താമസിക്കാന്‍ പദ്ധതി. സ്വര്‍ണക്കടത്തില്‍ ആദ്യം തൊട്ട് അവസാനം വരെ സഹായം. കേസില്‍ കുടുങ്ങുമെന്നായപ്പോള്‍ നാടുവിടാനുള്ള ബുദ്ധി. സ്ത്രീയെന്ന നിലയിലുള്ള ചൂഷണം. കോണ്‍സുലേറ്റില്‍ നിന്ന് രാജി വെപ്പിച്ചു ഒരു ഫോണ്‍ കോളില്‍ സ്പേസ് പാര്‍ക്കില്‍ ജോലി. ഒരു ജോലിയും ചെയ്യാതെ തിന്നാന്‍ മാത്രം അറിയുന്ന ഭര്‍ത്താവിന് കെ ഫോണില്‍ മാനേജരായി ജോലി. ഇങ്ങിനെ സ്വപ്ന നടത്തിയ വെളിപ്പെടുത്തലുകളില്‍ അവിശ്വസിക്കേണ്ടതായി ഒന്നുമില്ല. കൂട്ടുകച്ചവടം പൊളിഞ്ഞപ്പോള്‍ തന്നെ മാത്രം ഉത്തരവാദി ആക്കിയതിനെതിരായ പൊട്ടിത്തെറിക്കലാകാം അത്. ഊട്ടിയിലെ കുതിരയെ പോലെ അച്ചടക്കവും അനുസരണയുമുള്ള തന്നോട് കാണിച്ച വഞ്ചനക്കു നല്‍കിയ തിരിച്ചടിയാകാം.
ശിവശങ്കറിന്റെ പുസ്തക രചനയും സ്വപ്നയുടെ വെളിപ്പെടുത്തലുകളും തെളിയിക്കുന്നത് സ്വര്‍ണക്കടത്തു വിവാദം കത്തി നിന്ന കാലത്ത് ഉയര്‍ന്നു കേട്ട ചില കാര്യങ്ങളെങ്കിലും വാസ്തവം ആയിരുന്നെന്നാണ്. കുറ്റവിമുക്തര്‍ എന്ന് സ്വയം അവകാശപ്പെടുന്ന കെടി ജലീലും പി ശ്രീരാമ കൃഷ്ണനും അങ്ങിനെ വിശുദ്ധ പശുക്കളൊന്നുമല്ല എന്നും ബോധ്യപ്പെടുന്നു. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകം അനുമതിയില്ലാതെ എഴുതിയതിനാണ് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസിനെ സസ്പെന്‍ഡ് ചെയ്തത്. ശിവശങ്കര്‍ പുസ്തക രചന നടത്തിയതും അനുമതി വാങ്ങിയിട്ടല്ല. സ്വാഭാവികമായും നിയമ നടപടികള്‍ ശിവശങ്കറിനെതിരെയും ഉണ്ടാകേണ്ടതുണ്ട്. ജേക്കബ് തോമസിന് ഒരു നിയമവും ശിവശങ്കറിന് മറ്റൊരു നിയമവും അല്ലല്ലോ നാട്ടില്‍ വേണ്ടത്. .