ലതാജിയുടെ ആദ്യ മലയാള ഗാനം 'കടലിനക്കരെ പോണേരേ' ആകേണ്ടിയിരുന്നു.... പക്ഷേ

മലയാളികളുടെ പ്രിയങ്കരിയായ പാട്ടുകാരിയായിരുന്നു ലതാ മങ്കേഷ്‌കര്‍. 36 ഭാഷകളില്‍ 3600 ഓളം പാട്ടുകള്‍ പാടി. അതില്‍ പലതും മലയാളികളുടെ ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചവയായിരുന്നു. എന്നാല്‍ ഈ ഗായിക മലയാളത്തില്‍ ഒരു പാട്ടേ പാടിയിട്ടുള്ളൂ. രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ല് എന്ന സിനിമയില്‍ സലീല്‍ ചൗധരിയുടെ സംഗീത സംവിധാനത്തില്‍ പിറന്ന 'കദളീ ചെങ്കദളീ' എന്ന് തുടങ്ങുന്ന പാട്ട്. അതിനപ്പുറത്തേയ്ക്ക് മലയാളവുമായുള്ള ബന്ധം വളര്‍ന്നില്ല.
യേശുദാസുമായി നല്ല ബന്ധത്തിലായിരുന്നു ഈ പാട്ടുകാരി. ഇവരുടെ ആദ്യ കൂടിക്കാഴ്ച തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. രാമു കാര്യാട്ട് ചെമ്മീന്‍ സിനിമ എടുക്കുന്ന സമയം. സലീല്‍ ചൗധരിയായിരുന്നു സംഗീത സംവിധായകന്‍. ചിത്രത്തിലെ ഒരു പാട്ട് ലതാ മങ്കേഷ്‌കറെ കൊണ്ട് പാടിയ്ക്കണമെന്നത് രാമു കാര്യാട്ടിന്റെ മോഹമായിരുന്നു. 'കടലിനക്കരെ പോണേരേ കാണാപൊന്നിന് പോണോരേ' എന്ന പാട്ട് ലതയെ മനസ്സില്‍ കണ്ട് വയലാറിനെക്കൊണ്ട് എഴുതി വാങ്ങിപ്പിച്ചു. ശേഷം സലീല്‍ ചൗധരിയും രാമു കാര്യാട്ടും ലതയെ കാണാന്‍ മുംബൈയിലേക്ക. യേശുദാസും ഒപ്പമുണ്ടായിരുന്നു. കടലിനക്കരെ എന്ന പാട്ട് യേശുദാസിനെക്കൊണ്ട് റെക്കോര്‍ഡ് ചെയ്യിപ്പിച്ചിരുന്നു. പാട്ട് ലതാജിയെ കേള്‍പ്പിക്കാന്‍ അതും കയ്യിലെടുത്തിരുന്നു.
സലീല്‍ നിര്‍ബന്ധിച്ചാല്‍ മറുത്ത് പറയാന്‍ ലതയ്ക്കാവില്ലെന്ന വിശ്വാസമായിരുന്നു ആ സംഘത്തിന്. എന്നാല്‍ അവര്‍ ലതാജിയെ കാണുന്ന ദിവസം അവര്‍ അസുഖ ബാധിതയായിരുന്നു. ഒപ്പം മലയാള ഭാഷ തനിയ്ക്ക് വഴങ്ങുമെന്ന വിശ്വാസവും അവര്‍ക്കില്ലായിരുന്നു. കഴിയുമെങ്കില്‍ ഇതില്‍ നിന്നും തന്നെ ഒഴിവാക്കി തരണമെന്ന് ലതാജി അഭ്യര്‍ത്ഥിച്ചു. ഇതോടെ രാമു കാര്യാട്ടും സംഘവും നിരാശയോടെ നാട്ടിലേക്ക് മടങ്ങി. പക്ഷേ തിരിച്ച് പോകുന്നതിന് മുമ്പ് യുവ ഗായകനായ യേശുദാസിനെക്കൊണ്ട് കര്‍ണാടക സംഗീത കൃതികള്‍ ലതാ മങ്കേഷ്‌കര്‍ പാടിച്ചു. ഹംസധ്വനിയില്‍ യേശുദാസിന്റെ ഭാവാതാപി ആസ്വദിച്ചു കേട്ടു. ഹിന്ദിയില്‍ പാടാന്‍ അവസരം തേടിക്കൂടേ എന്ന് ചോദിച്ചു. വിനയാന്വിതനായി ചിരിച്ചു നില്‍ക്കുക മാത്രമാണ് അന്ന് യേശുദാസ് ചെയ്തത്.
നിരാശനായി നാട്ടിലേക്ക് മടങ്ങിയ രാമു കാര്യാട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി. നെല്ല് എന്ന ചിത്രത്തിലെ കദളി എന്ന് തുടങ്ങുന്ന ഗാനം ലതാ മങ്കേഷ്‌കറെ കൊണ്ട് പാടിപ്പിച്ചു. അതായിരുന്നു ലതാജി ആദ്യമായും അവസാനമായും മലയാളത്തില്‍ പാടിയ പാട്ട്. വീണ്ടും മലയാളത്തില്‍ പാടിക്കാന്‍ ജോണി സാഗരിക ശ്രമിച്ചുവെങ്കിലും വിനയപൂര്‍വ്വം ഒഴിഞ്ഞുമാറുകയായിരുന്നു ലതാജി. ജയ്ജവാന്‍ ജയ്കിസാന്‍ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച യേശുദാസ് ലതയോടൊപ്പം ശ്രദ്ധേയമായ ഒരു യുഗ്മ ഗാനത്തില്‍ ആദ്യമായി പങ്കാളിയായി. പിന്നീടും നിരവധി ഗാനങ്ങള്‍ അവര്‍ ഒരുമിച്ച് പാടുകയുണ്ടായി.