പുസ്തകം എഴുതിയാല്‍ മാത്രമല്ല ഇന്റര്‍വ്യൂ കൊടുത്താലും ആരും വിശുദ്ധരാകില്ല

എം ശിവശങ്കറും സ്വപ്‌ന സുരേഷും പരസ്പരം ആക്രമിച്ചു. സ്‌നേഹവും വിശ്വാസവും വെള്ളത്തില്‍ വരച്ച വരപോലെയായപ്പോഴുണ്ടാകുന്ന സ്വഭാവിക പ്രതികരണം. എന്നാല്‍ ഇവര്‍ പങ്കാളികളായ കുറ്റകൃത്യത്തെപ്പറ്റി വെളിപ്പെടുത്താന്‍ ഇരുവരും തുനിഞ്ഞില്ല. സ്വര്‍ണം കടത്തിയത് ആര്‍ക്കൊക്കെ വേണ്ടിയാണെന്നോ എന്തിന് വേണ്ടിയാണെന്നോ പങ്കാളികള്‍ ആരൊക്കെയാണെന്നോ ഇതിന് പിന്നിലുള്ള അണിയറക്കഥകള്‍ എന്താണെന്നോ മിണ്ടിയില്ല. ശിവശങ്കറായാലും സ്വപ്‌നയായാലും പറയുന്നത് മുഴുവന്‍ സത്യമല്ല, മുഴുവന്‍ സത്യങ്ങളും രണ്ട് പേരും പറയുന്നുമില്ല.
എങ്കിലും പുറത്ത് വന്ന വിവരങ്ങളില്‍ നിന്ന് ഒരു കാര്യം വ്യക്തമായി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവിയിലിരുന്ന് എം ശിവശങ്കര്‍ ഐഎഎസ് അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും നടത്തിയെന്ന്. എം ശിവശങ്കറുമായുള്ള തന്റെ പരിയവും അടുപ്പവും വഴി സര്‍ക്കാരിന്റെ നിരവധി പദ്ധതികളിലേക്ക് സ്വപ്‌ന സുരേഷ് എന്ന ഈ സ്ത്രീ കടന്നുകയറ്റം നടത്തിയെന്ന്.
അന്നും ഇന്നും എന്നും അധികാര ദുര്‍വിനിയോഗത്തിനും അധികാര ഇടനാഴികളിലെ ഇടപാടുകള്‍ക്കുമൊക്കെ ഒത്തു കിട്ടിയാല്‍ സ്ത്രീകളെ കരുവാക്കുക എന്നൊരു രീതിയുണ്ട്. ആ ഇടപെടലുകളില്‍ ലൈംഗികതയുണ്ട്. വെറും കംപാനിയന്‍ ആകാം, അതിതീവ്ര പ്രണയമാകാം, പരസ്പര ധാരണയോടുകൂടിയാകാം. ആരും വിശുദ്ധരല്ല, പ്രലോഭനങ്ങളില്‍ നിന്ന് മുക്തരുമല്ല.
ശിവശങ്കര്‍ അറസ്റ്റിലായപ്പോഴും ജാമ്യത്തില്‍ ഇറങ്ങിയപ്പോഴും ഇപ്പോള്‍ പുസ്തകം എഴുതിയപ്പോഴും അദ്ദേഹത്തെ ഒരു കുറ്റവും ചെയ്യാതെ ക്രൂശിലേറ്റപ്പെട്ടവനായി ചിത്രീകരിക്കാനും കേരളത്തിന്റെ വികസന നായകനാക്കി പുകഴ്ത്താനും നിരവധി ആളുകളുണ്ടായിരുന്നു. അതില്‍ സിപിഎമ്മുകാരും പിണറായി സ്തുതിപാഠകരുമുണ്ട്. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളെല്ലാം ജാഗ്രതക്കുറവ് കൊണ്ടാണെന്ന് പറഞ്ഞ് അവര്‍ ന്യായീകരിച്ചു.
തനിക്ക് അടുപ്പമുള്ള വിദ്യാഭ്യാസ യോഗ്യതയില്ലാത്ത ഒരു വ്യക്തിയെ സര്‍ക്കാരിന്റെ ഒരു പ്രൊജക്ടില്‍ നിയമിക്കുന്നതിനായി അതുവരെയുണ്ടായിരുന്ന കണ്‍സള്‍ട്ടന്റിനെ മാറ്റി പുതിയൊരു കണ്‍സള്‍ട്ടന്റിനെ കൊണ്ടുവന്ന് സര്‍ക്കാര്‍ ചെലവില്‍ നിയമനം നല്‍കുന്നത് ജാഗ്രതക്കുറവല്ല. ആ സുഹൃത്തിന്റെ ഭര്‍ത്താവിന് മറ്റൊരു പ്രൊജക്ടില്‍ നിയമനം നല്‍കുന്നത് ജാഗ്രതക്കുറവല്ല. ഈ സുഹൃത്തുമായി സര്‍ക്കാരിന്റെ പദ്ധതിക്കാര്യങ്ങള്‍ പങ്കുവെയ്ക്കുക, ശേഷം അതിലേക്ക് മറ്റാളുകള്‍ വരുന്നതുമായി ബന്ധപ്പെട്ട് കമ്മീഷന്‍ പോലുള്ള ചര്‍ച്ചകളില്‍ പങ്കാളിയാവുക എന്നതെല്ലാം ജാഗ്രതക്കുറവല്ല. മുതിര്‍ന്ന നല്ല കഴിവുള്ള ഒരു ഐഎഎസ് ഉദ്യോഗസ്ഥനില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത പ്രവര്‍ത്തനങ്ങളാണ് ഇതെല്ലാം.
എന്‍ഐഎയെ കേസന്വേഷണം ഏല്‍പ്പിച്ചതിന് പിന്നിലെ ബുദ്ധികേന്ദ്രം എം ശിവശങ്കറാണെന്ന് സ്വപ്‌ന വെളിപ്പെടുത്തുമ്പോള്‍ അതില്‍ വിശ്വസിക്കാന്‍ പറ്റുന്ന സംഗതിയുണ്ടെന്ന് എല്ലാവര്‍ക്കും തോന്നുന്നുണ്ട്. കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചത് മുഖ്യമന്ത്രിയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സുപ്രധാന പദവിയായിരുന്നു ശിവശങ്കറിന്. മുഖ്യന്ത്രിയുടെ സ്വന്തം വിശ്വസ്തനും ഉപദേശകനുമായിരുന്നു. അവരുടെ അന്വേഷണം ആദ്യ ഘട്ടത്തില്‍ നല്ല രീതിയിലാണെന്ന് പറഞ്ഞതും മുഖ്യമന്ത്രിയാണ്. ഇവിടെ മുഖ്യമന്ത്രിയെ സ്വന്തം താല്‍പ്പര്യങ്ങള്‍ക്കായി എം ശിവശങ്കര്‍ തെറ്റിദ്ധരിപ്പിച്ചോ എന്ന ചോദ്യമുണ്ട്.
കൊവിഡ് കൊള്ള നടത്തിയ ആരോഗ്യ സംവിധാനത്തെപ്പറ്റി ആരോഗ്യ വകുപ്പ് തന്നെ അന്വേഷിക്കുന്നത് പോലെ ശിവശങ്കറിന് രക്ഷപ്പെടാന്‍ ശിവശങ്കര്‍ തന്നെ കണ്ടെത്തിയ വഴിയായിരുന്നു എന്‍ഐഎ. മുഖ്യന്‍ വിളിച്ചാല്‍ കേന്ദ്ര ഏജന്‍സിയെ ബിജെപി അയക്കുമോ എന്ന് നിഷ്‌കളങ്കര്‍ ചോദിക്കും. തെരഞ്ഞെടുപ്പ് അടുത്ത കാലത്ത് ഇതുപോലൊരു കേസ് അന്വേഷിക്കാന്‍ ക്ഷണിച്ചാല്‍ വരാതിരിക്കാന്‍ മാത്രം ബുദ്ധിയില്ലാത്തവരല്ല കേന്ദ്രം ഭരിക്കുന്ന ബിജെപി.
എം ശിവശങ്കറെ മുഖ്യമന്ത്രി ഇതുവരെ കുറ്റപ്പെടുത്തിയിട്ടില്ല, തള്ളിപ്പറഞ്ഞിട്ടില്ല, വിമര്‍ശിച്ചിട്ട് പോലുമില്ല. തന്റെ ഓഫീസിലിരുന്ന് നേരല്ലാത്ത ഇടപാടുകള്‍ നടത്തിയെന്ന് തെളിഞ്ഞിട്ടും മുഖ്യമന്ത്രി ഒരു അക്ഷരം പോലും മിണ്ടിയിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനെ ദുരുപയോഗം ചെയ്ത നാറ്റക്കേസില്‍ ഇനിയും മുഖ്യന്‍ മിണ്ടാതിരിക്കുന്നത് ഉചിതമല്ല.
സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ സുഹൃത്തിന്റെ വീട്ടില്‍ ഒന്നിടവിട്ട ദിവസം ചെല്ലുന്നു. അവിടെ മറ്റ് പലരും ഉണ്ടാകാറുണ്ട് എന്ന് ആ ഉദ്യോഗസ്ഥന്‍ തന്നെ പറയുന്നു. അവിടെയിരുന്ന് കേരളത്തില്‍ നടക്കുന്ന, നടക്കാനിരിക്കുന്ന പദ്ധതികളെപ്പറ്റി ചര്‍ച്ചകള്‍ നടത്തുന്നു. നമ്മള്‍ വിചാരിക്കും എന്ത് ആത്മാര്‍ത്ഥതയെന്ന്. ഒരു വികസന പദ്ധതി വരുന്നുവെന്ന് സൂചന കിട്ടിയാല്‍ തന്നെ റിയല്‍ എസ്റ്റേറ്റ് അടക്കം സജീവമായി അവിടെയെല്ലാം ഭൂമി വാങ്ങിക്കൂട്ടിയും മറ്റ് പല കരാറുകള്‍ ഒപ്പിച്ചും കമ്മീഷനടിക്കുന്നവരുടെ നാടാണിത്. ഇത്തരം ഒരു വിവരത്തിന് പോലും വലിയ വിലയാണുള്ളത്.
ഈ ഗൂഢസംഘത്തെ സര്‍ക്കാര്‍ ഇപ്പോഴും സംരക്ഷിക്കുകയാണ്. സ്പ്രിങ്ക്‌ളറിലെ വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ക്കാന്‍ സെക്രട്ടറിയേറ്റിലെ ഗുമസ്തരെ ഏല്‍പ്പിച്ചു. സ്വപ്നയെ അനര്‍ഹമായി നിയമിച്ചതില്‍ ഒരു അന്വേഷണവും നടത്തിയിട്ടില്ല. ലൈഫ് മിഷനില്‍ കമ്മീഷന്‍ അടിച്ചെന്ന് മുന്‍ മന്ത്രിമാരുടെയടക്കം വെളിപ്പെടുത്തല്‍ വന്നിട്ടും വിജിലന്‍സ് അന്വേഷിച്ചിട്ടേയില്ല.
കേന്ദ്ര അന്വേഷണ ഏജന്‍സികളോട് അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി കുറ്റക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലാക്കണം എന്ന് പറയാന്‍ ബിജെപി നേതാക്കള്‍ക്ക് പറ്റാത്തത് എന്തുകൊണ്ടാണ്? സ്വര്‍ണം കടത്തിയത് ഡിപ്ലോമാറ്റിക് ബാഗേജിലല്ലെന്ന് ആദ്യം പറഞ്ഞ വി മുരളീധരന്‍ ഇപ്പോഴും പറയുന്നു അന്വേഷണം തീര്‍ന്നിട്ടില്ല, വരാനിരിക്കുന്നതേയുള്ളൂ, മുഖ്യമന്ത്രിയാണ് ഇക്കാര്യം വിശദീകരിക്കേണ്ടതെന്ന്. എന്താണ് ഈ അന്വേഷണം തീരാത്തത്? മുരളീധരന്റെയും കെ സുരേന്ദ്രന്റെയും ശൗര്യമൊന്നും പണ്ടേ പോലെ ഫലിക്കുന്നില്ല എന്നുണ്ടോ? യുഎഇയില്‍ വിലസുന്ന ഫൈസല്‍ ഫരീദിനെപ്പോലുള്ള ആളുകളെ പിടിയ്ക്കാന്‍ പോലും പറ്റാത്ത കേന്ദ്ര ഏജന്‍സികളെ ന്യായീകരിക്കാന്‍ മാത്രമേ കെ സുരേന്ദ്രനും വി മുരളീധരനും സാധിക്കു. അല്ലെങ്കില്‍ കേന്ദ്ര ഏജന്‍സികളില്‍ സമ്മര്‍ദ്ദം ചെലുത്തി അന്വേഷണം പൂര്‍ത്തിയാക്കാന്‍ എന്നേ നിര്‍ബന്ധിക്കുമായിരുന്നു.
ശിവശങ്കറും സ്വപ്‌നയും പരസ്പര സഹായസംഘമായി പ്രവര്‍ത്തിച്ചു. ഒരു ആപത്തുണ്ടായപ്പോള്‍ പരസ്പരം സ്‌നേഹിച്ച് സഹകരിച്ചു. ശിവശങ്കറിനെതിരെ സ്വപ്ന ഒന്നും പറഞ്ഞില്ലെന്ന് മാത്രമല്ല, ശിവശങ്കര്‍ പറഞ്ഞതെല്ലാം അനുസരിക്കുകയും ചെയ്തു. തമ്മില്‍ അകന്നത് എപ്പോഴാണെന്ന് വ്യക്തമല്ല. പുസ്തകത്തിലെ ഭാഗങ്ങള്‍ കണ്ടതോടെ സ്വപ്‌ന സ്വന്തം ഭാഗം പറയാന്‍ രംഗത്ത് വന്നു. പാര്‍ട്‌നേഴ്‌സ് ഇന്‍ ക്രൈം എന്നതാണ് ഇതിലെ വസ്തുത. ഒരാള്‍ നല്ലയാളും മറ്റേയാള്‍ മോശവും എന്നൊന്നില്ല. ഒരാളെ കൂടുതല്‍ വിശ്വസിക്കാനുള്ള ബാധ്യതയൊന്നും കേരള സമൂഹത്തിനില്ല.