• 23 Sep 2023
  • 04: 02 AM
Latest News arrow

''തട്ടാന്‍ തീരുമാനിച്ചാല്‍ ഗ്രൂപ്പിലിട്ട് തട്ടണം''; ദിലീപിന്റെ ഓഡിയോ ക്ലിപ്പ് പുറത്ത്

ദിലീപിന്റേതെന്ന് അവകാശപ്പെടുന്ന പുതിയ ശബ്ദരേഖ പുറത്ത് വിട്ട് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ആരെയെങ്കിലും തട്ടാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ഗ്രൂപ്പിലിട്ട് തട്ടണമെന്ന് ദിലീപ് പറയുന്ന ശബ്ദശകലമാണ് പുറത്ത് വിട്ടിരിക്കുന്നത്. 2017 നവംബര്‍ 15-ാം തിയതി റെക്കോര്‍ഡ് ചെയ്ത ശബ്ദരേഖയാണിത്. അനുജന്‍ അനൂപിനോടാണ് ദിലീപ് ഇക്കാര്യം പറയുന്നത്. 

ഏതെങ്കിലും പൊതുസ്ഥലത്ത് വെച്ച് ആളുകള്‍ കൂട്ടം കൂടി നില്‍ക്കുമ്പോള്‍ ഉന്നം വെച്ച ആളെയും കൂടാതെ മറ്റ് രണ്ട് പേരെയും കൂടി തട്ടണം എന്നാണ് ദിലീപ് പറഞ്ഞതിന്റെ അര്‍ത്ഥം. കൂട്ടത്തോടെ കൊല്ലുമ്പോള്‍ സംശയിക്കില്ല. ആരെയാണ് കൊലപാതകി ഉന്നം വെച്ചതെന്ന കാര്യം മനസ്സിലാക്കാന്‍ പറ്റില്ല. ദി ട്രൂത്ത് എന്ന സിനിമയിലെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഇക്കാര്യം വിശദീകരിച്ചുകൊടുക്കുന്നത്. അതില്‍ മുഖ്യമന്ത്രി പൊതുവേദിയില്‍ വെച്ച് കൊല്ലപ്പെടുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ കൊലപാതകിയെ തേടിപ്പോകുന്നു. യഥാര്‍ത്ഥത്തില്‍ അവിടെ കൊല്ലാനുദ്ദേശിച്ചത് വേദിയിലിരുന്ന മറ്റൊരാളെയായിരുന്നു. ഈ രീതിയില്‍ കൊലപാതകം നടത്തണമെന്നാണ് ദിലീപ് അനുജനെ ഉപദേശിക്കുന്നത്. 

അനുജന്‍ അനൂപ് ദിലീപിന് നിര്‍ദേശം കൊടുക്കുന്ന മറ്റൊരു ഓഡിയോ ക്ലിപ്പും ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടിട്ടുണ്ട്. ഒരു വര്‍ഷത്തേയ്ക്ക് ദിലീപ് ഫോണ്‍ ഉപയോഗിക്കരുതെന്നും ഒരു റെക്കോര്‍ഡും ഉണ്ടാകരുതെന്നും അനൂപ് ആ ഓഡിയോയില്‍ ഉപദേശിക്കുന്നത് കേള്‍ക്കാം. കോള്‍ ലിസ്റ്റ് വെച്ചിട്ടാണ് പലപ്പോഴും പൊലീസ് അവരിലേക്കെത്തുന്നത്. അതുണ്ടാകാതിരിക്കാനായിരുന്നു അത്തരമൊരു നിര്‍ദേശം.  

ദിലീപിന് ഏറ്റവും കൂടുതല്‍ വൈരാഗ്യമുള്ളത് ബൈജു പൗലോസ് എന്ന അന്വേഷണ ഉദ്യോഗസ്ഥനോടാണ്. ബാക്കിയുള്ളവരെയും അപകടപ്പെടുത്താന്‍ അന്ന് തന്നെ ദിലീപ് ഗൂഢാലോചന നടത്തിയിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തുന്നുണ്ട്. അതിന്റെ ഓഡിയോ ക്ലിപ്പുകള്‍ അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു. അത് പൊലീസ് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. 

RECOMMENDED FOR YOU
Editors Choice