• 23 Sep 2023
  • 03: 02 AM
Latest News arrow

''ഞാന്‍ ശിവശങ്കര്‍ സാറിന് എല്ലാം കൊടുത്തു; യുഎഇയില്‍ ഒരുമിച്ച് ജീവിക്കാമെന്ന് വാക്ക് തന്നു''

''സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കുന്നില്ല''; എം ശിവശങ്കര്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിക്കൂട്ടിലായ സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് എം ശിവശങ്കര്‍. കേസ് തീരും വരെ ഒന്നും പറയാനില്ലെന്നാണ് ശിവശങ്കര്‍ അറിയിച്ചിരിക്കുന്നത്.

ശിവശങ്കറുമായി തനിക്കുണ്ടായിരുന്ന വ്യക്തിപരമായ ബന്ധത്തെക്കുറിച്ചും തന്നെ എങ്ങിനെ അദ്ദേഹം ദുരുപയോഗം ചെയ്തതിനെക്കുറിച്ചും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. 

''മൂന്ന് വര്‍ഷമായുള്ള സൗഹൃദമാണ് എം ശിവശങ്കറുമായിട്ടുണ്ടായിരുന്നത്. എന്റെ ജീവിതം ഞാന്‍ ശിവശങ്കര്‍ സാറിന് നല്‍കി. എപ്പോഴും അദ്ദേഹം എന്റെ വീട്ടില്‍ വരുമായിരുന്നു. സ്വന്തം കുടുംബവുമായി അകല്‍ച്ചയിലാണെന്നും വേറിട്ടാണ് കഴിയുന്നതെന്നുമായിരുന്നു അദ്ദേഹം എന്നോട് പറഞ്ഞത്. വിരമിച്ച ശേഷം എന്നോടൊപ്പം യുഎഇയില്‍ പോയി സെറ്റില്‍ ആകണമെന്നും ശിഷ്ടകാലം ഒരു ബിസിനസൊക്കെ ചെയ്ത് ജീവിക്കണമെന്നും അദ്ദേഹം പറയാറുണ്ടായിരുന്നു. അദ്ദേഹവുമൊരുമിച്ച് നിരവധി യാത്രകള്‍ ചെയ്തിട്ടുണ്ട്. അതൊന്നും തന്നെ ഒഫീഷ്യല്‍ യാത്രയല്ലായിരുന്നു. അത്രയും അടുത്ത സ്‌നേഹബന്ധമുള്ളയാള്‍ ഇങ്ങിനെയൊക്കെ തന്നെക്കുറിച്ച് പുസ്തകത്തില്‍ എഴുതാന്‍ പാടില്ലായിരുന്നു. അങ്ങിനെ എഴുതാനാണെങ്കില്‍ എനിക്കും എഴുതാന്‍ പറ്റും. ഞാനും ശിവശങ്കര്‍ സാറുമായുള്ള ബന്ധത്തെക്കുറിച്ച് മാത്രം എനിക്ക് ഒരു പുസ്തകം എഴുതാന്‍ കഴിയും.'' സ്വപ്‌ന സുരേഷ് പറയുന്നു.

''ഒരുപാട് ദു:ഖമുണ്ട്. കാരണം ഇത്രയും സത്യസന്ധമായി ഞാന്‍ അദ്ദേഹത്തിന്റെ കൂടെ നിന്നിട്ട് അദ്ദേഹം തിരിച്ച് എന്നെ ഒരു വൃത്തികെട്ടവളായി ചിത്രീകരിക്കുകയാണ്. ഞാന്‍ ജയിലില്‍ പോയതിന് ശേഷം അഞ്ചാറ് മാസം കഴിഞ്ഞാണ് ശിവശങ്കര്‍ സാര്‍ ജയിലില്‍ പോകുന്നത്. ഈ ആറ് മാസത്തിനുള്ളില്‍ സാറിനെ ചോദ്യം ചെയ്യുക മാത്രമല്ലാതെ വേറൊന്നും സംഭവിച്ചിട്ടില്ല. ഞാന്‍ അദ്ദേഹത്തിനെതിരെ ഒരു വാക്ക് പോലും പറയാത്തതുകൊണ്ടാണത്. അന്വേഷണ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തതിന്റെ ഫോണ്‍ കാണിച്ച് ഇതിലെ ചാറ്റുകളെല്ലാം ശരിയല്ലേ എന്ന് ചോദിച്ചപ്പോള്‍ എനിക്ക് ശരിയല്ലെന്ന് പറയാന്‍ കഴിഞ്ഞില്ല. അതിന് ശേഷം മാത്രമാണ് അദ്ദേഹം അറസ്റ്റിലാകുന്നത്. ഞാന്‍ അറസ്റ്റിലായ അന്ന് തന്നെ എനിക്ക് അദ്ദേഹത്തെക്കുറിച്ച് അന്വേഷണ സംഘത്തോട് വെളിപ്പെടുത്താമായിരുന്നു. എന്നാല്‍ ഞാനത് ചെയ്തില്ല.'' സ്വപ്‌ന സുരേഷ് പറഞ്ഞു. 

''യുഎഇയില്‍ ജനിച്ചു വളര്‍ന്നയാളാണ് ഞാന്‍. എനിക്ക് ഇന്ത്യയിലെയോ കേരളത്തിലെയോ നിയമങ്ങളെക്കുറിച്ചും രീതികളെക്കുറിച്ചുമൊന്നുമറിയില്ല. ശിവശങ്കറായിരുന്നു എല്ലാത്തിനും എന്റെ വഴികാട്ടി. അദ്ദേഹമാണ് കോണ്‍സുലേറ്റിലെ ജോലിയ്ക്ക് ശേഷം എനിക്ക് ജോലി ശരിയാക്കി തന്നത്. അദ്ദേഹം പറയുന്നതിന് അനുസരിച്ചാണ് ഞാന്‍ പ്രവര്‍ത്തിച്ചതെല്ലാം.'' സ്വപ്‌ന പറയുന്നു.

ശിവശങ്കറിന് ധാരാളം സമ്മാനങ്ങള്‍ കൊടുത്തിട്ടുണ്ട്. ഐഫോണിനേക്കാളും വില പിടിച്ച സമ്മാനങ്ങള്‍. യുഎഇ കോണ്‍സുലേറ്റിന് ലൈഫ് മിഷന്‍ പദ്ധതി കിട്ടണമായിരുന്നു. യുഎഇ സര്‍ക്കാരിന് ഈ പദ്ധതി കേരള സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്താനായിരുന്നു താല്‍പ്പര്യം. എന്നാല്‍ യുഎഇ കോണ്‍സുലേറ്റ് ജനറല്‍ കമ്മീഷന്‍ അടിച്ചെടുക്കാന്‍ വേണ്ടി ആ പ്രൊജക്ട് തങ്ങളുടെ പക്കലേക്കെത്തണമെന്ന് ആഗ്രഹിച്ചു. അതിന് സഹായം ചെയ്തു കൊടുത്തത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറായിരുന്നു. അത്തരം സഹായങ്ങള്‍ നിരവധി ചെയ്തുകൊടുത്തതിന്റെ പേരിലാണ് ഐ ഫോണ്‍ അടക്കമുള്ള സമ്മാനങ്ങള്‍ ശിവശങ്കറിന് നല്‍കിയതെന്നും സ്വപ്‌ന സുരേഷ് വെളിപ്പെടുത്തി. ''ആ ബുക്കില്‍ എഴുതിയിരിക്കുന്നത് ഐ ഫോണ്‍ കൊടുത്ത് ചതിച്ചുവെന്നാണ്. എന്നാല്‍ ഒരു പ്രിന്‍സിപ്പില്‍ സെക്രട്ടറിയായിരുന്ന ആളെ ഐ ഫോണ്‍ കൊടുത്ത് എങ്ങിനെയാണ് ചതിയ്ക്കാന്‍ കഴിയുന്നത്. ഒരു ഐ ഫോണ്‍ വാങ്ങാനുള്ള സാമ്പത്തിക ഭദ്രതയൊന്നും അദ്ദേഹത്തിന് ഇല്ലെന്നാണോ?'' സ്വപ്‌ന സുരേഷ് ചോദിക്കുന്നു.

എന്‍ഐഎയെ ഈ സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണത്തിലേക്ക് കൊണ്ടുവന്നത് ശിവശങ്കറാണെന്നാണ് തനിക്ക് കിട്ടിയ വിവരമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. താന്‍ കേസില്‍ പിടിയ്ക്കപ്പെട്ടപ്പോള്‍ ഇതില്‍ അകപ്പെടാതിരിക്കാന്‍ ശിവശങ്കര്‍ കാണിച്ച അതിബുദ്ധിയാണ് എന്‍ഐഎ അന്വേഷണത്തിലേക്ക് കൊണ്ടുവന്നതെന്നാണ് മനസ്സിലാക്കുന്നത്. കാരണം സ്വര്‍ണ്ണക്കടത്ത് എന്‍ഐഎയുടെ കീഴില്‍ വരുന്നതല്ല. അത് കസ്റ്റംസിന്റെ അന്വേഷണ പരിധിയില്‍ വരുന്നത്. അപ്പോള്‍ തീവ്രവാദം കൂടി ഉള്‍പ്പെടുത്തി എന്‍ഐഎയെ കൊണ്ടുവരണമെങ്കില്‍ അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ചെറിയ ബുദ്ധിയൊന്നുമല്ലെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. 

സ്വര്‍ണ്ണക്കടത്ത് കേസില്‍ തനിക്ക് അറിയാവുന്നതെല്ലാം ശിവശങ്കറിനും അറിയാം. കോണ്‍സുലേറ്റിന് എന്തെങ്കിലും ആവശ്യം വന്നാല്‍ അതിന് ശിവശങ്കര്‍ സാറിനെയാണ് സമീപിക്കുക. ഡിപ്ലോമാറ്റിക് ബാഗ് വിട്ട് കിട്ടാനും ശിവശങ്കര്‍ സാറിനെയാണ് സമീപിച്ചത്. അദ്ദേഹം അത് വിട്ട് കിട്ടാനുള്ള നടപടി സ്വീകരിക്കുമെന്നും ഉറപ്പ് നല്‍കി. ഡിപ്ലോമാറ്റിക് ബാഗേജില്‍ എന്തായിരുന്നുവെന്ന് ശിവശങ്കറിന് അറിയാമായിരുന്നുവെന്നും സ്വപ്‌ന സുരേഷ് വെളിപ്പെടുത്തുന്നു.

സ്വപ്‌നയ്ക്ക് സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്ന് അറിയില്ലെന്നായിരുന്നു തന്റെ ആത്മകഥയില്‍ ശിവശങ്കര്‍ പറഞ്ഞത്. സ്വപ്‌നയുമായി മൂന്ന് വര്‍ഷത്തെ പരിചയം ഉണ്ടായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് ബാഗേജ് തടഞ്ഞുവെച്ചപ്പോള്‍ സ്വപ്‌ന ആദ്യം ഫോണ്‍ വഴിയും പിന്നീട് നേരിട്ടെത്തിയും വിട്ടുകിട്ടാന്‍ സഹായം തേടി. കസ്റ്റംസ് നടപടികളില്‍ ഇടപെടാനാകില്ലെന്നാണ് മറുപടി നല്‍കിയത്. ബാഗേജില്‍ സുഹൃത്തായ സരിത്തിന് വേണ്ടി ഡ്യൂട്ടി അടക്കാതെ ആരോ അയച്ച സാധനങ്ങളാണ് ഉണ്ടായിരുന്നതെന്നാണ് സ്വപ്‌ന പറഞ്ഞത്. സ്വപ്‌നയ്ക്ക് സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്ന് അറിഞ്ഞപ്പോള്‍ അസ്തപ്രജ്ഞനായെന്നുമാണ് ശിവശങ്കര്‍ ആത്മകഥയില്‍ കുറിച്ചിരിക്കുന്നത്. 

 

 

 

RECOMMENDED FOR YOU
Editors Choice