• 23 Sep 2023
  • 04: 28 AM
Latest News arrow

''പിന്നെ ഗവര്‍ണര്‍ക്ക് സുഖമാണോ എന്ന് അന്വേഷിക്കാനാണോ മന്ത്രി കത്തെഴുതിയത്? ''

പറവൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല വിസി പുനര്‍ നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്ന് ലോകായുക്ത വിധിച്ചിരിക്കുകയാണ്. മന്ത്രി സര്‍വ്വകലാശാലയ്ക്ക് അന്യയല്ലെന്നും മന്ത്രി നല്‍കിയത് നിര്‍ദേശം മാത്രമാണെന്നും ലോകായുക്ത വ്യക്തമാക്കി. 

ഇത്തരം നിര്‍ദേശം നല്‍കുമ്പോള്‍ ചാന്‍സിലറായ ഗവര്‍ണര്‍ക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാം. ഇവിടെ മന്ത്രിയുടെ നിര്‍ദേശം ഗവര്‍ണര്‍ അംഗീകരിക്കുകയാണ് ചെയ്തത്. മന്ത്രി അധികാര ദുര്‍വിനിയോഗം കാണിച്ചുവെന്ന് ഈ ഘട്ടത്തില്‍ പറയാന്‍ കഴിയില്ലെന്നും ലോകായുക്ത വ്യക്തമാക്കി. അതേസമയം തന്നെ കണ്ണൂര്‍ വിസി ഗോപിനാഥന്‍ രവീന്ദ്രന്റെ പുനര്‍നിയമനവുമായി ബന്ധപ്പെട്ടതിന്റെ നിയമപരമായ കാര്യത്തിലേക്ക് കടക്കുന്നില്ലെന്നും ലോകായുക്ത പറഞ്ഞു. അക്കാര്യം ഇപ്പോള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലാണ്. മന്ത്രി അധികാര ദുര്‍വിനിയോഗം കാണിച്ചോ എന്ന കാര്യം മാത്രമാണ് പരിശോധിച്ചത്. അതില്‍ മന്ത്രി കുറ്റക്കാരിയല്ലെന്നും ലോകായുക്ത വിധിച്ചു. സര്‍ക്കാരിന് ഏറെ ആശ്വാസം നല്‍കുന്നതാണ് ഈ വിധി.

എന്നാല്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഗവര്‍ണര്‍ക്ക് കത്തയച്ചത് അഴിമതിയാണോ എന്നായിരിക്കും ലോകായുക്ത പരിശോധിച്ചിരിക്കുകയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. അഴിമതി ഇല്ലെന്ന് കണ്ടെത്തുന്നതില്‍ വിരോധമില്ല. എന്നാല്‍ മന്ത്രിയ്ക്ക് എങ്ങിനെ ക്ലീന്‍ചിറ്റ് കൊടുക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു. 

കണ്ണൂര്‍ സര്‍വ്വകലാശാല നിയമത്തിലെ പത്താം വകുപ്പില്‍ വിസി നിയമനത്തിന് സേര്‍ച്ച് കമ്മിറ്റി ഉണ്ടാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഈ കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നവരെയാണ് ചാന്‍സിലര്‍ നിയമിക്കുന്നത്. 60 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളയാളെ വിസിയാക്കരുതെന്നും നിയമത്തിലുണ്ട്. പ്രോ ചാന്‍സിലറായ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി സര്‍വ്വകലാശാല നിയമത്തിലെ പത്താം വകുപ്പ് ലംഘിച്ചുകൊണ്ടാണ് ചാന്‍സിലറായ ഗവര്‍ണര്‍ക്ക് കത്തെഴുതിയത്. പത്താം വകുപ്പ് പ്രകാരം നിയമിച്ച സേര്‍ച്ച് കമ്മിറ്റി പിരിച്ചുവിടണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്. ഇത് എങ്ങിനെ നിയമവിധേയമാകുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. 

60 വയസ്സ് കഴിഞ്ഞ വിസിയ്ക്ക് പുനര്‍നിയമനം നല്‍കണമെന്നും മന്ത്രി രണ്ടാമത്തെ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതെല്ലാം നിയമവിരുദ്ധമാണെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചു നില്‍ക്കുകയാണ്. നിയമസഭ പാസാക്കിയ നിയമവും ഭരണഘടനയും അനുസരിക്കാന്‍ ബാധ്യതയുള്ള മന്ത്രി നിയമത്തിലെ വകുപ്പുകള്‍ക്ക് വിരുദ്ധമായാണ് ചാന്‍സിലര്‍ക്ക് കത്തയച്ചത്. ഇതൊരു നിര്‍ദേശമോ ശുപാര്‍ശയോ ആയി പരിഗണിക്കേണ്ടതില്ലെന്നാണ് ലോകായുക്ത പറഞ്ഞത്.

പിന്നെ ഗവര്‍ണര്‍ക്ക് സുഖമാണോ എന്ന് അന്വേഷിച്ചുള്ള കത്തായിരുന്നോ അത്. ഈ വിധി പ്രസ്താവത്തോട് യോജിക്കാനാവില്ല. ഇതില്‍ സ്വജനപക്ഷപാതമില്ലെന്ന് എങ്ങിനെ പറയാനാകും? വിസിയെ കണ്ടെത്താന്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ശേഷം കമ്മിറ്റി റദ്ദാക്കണമെന്ന് പറയാന്‍ മന്ത്രിയ്ക്ക് എന്ത് അധികാരമാണുള്ളത്? നിയമ സംവിധാനത്തെ കാറ്റില്‍പ്പറത്തി നിലവിലുള്ളയാള്‍ക്ക് പുനര്‍നിയമനം നല്‍കണമെന്ന് പറഞ്ഞാല്‍ അതിനെ സ്വജനപക്ഷപാതം എന്നല്ലാതെ മറ്റെന്ത് പേരിട്ട് വിളിക്കും? മന്ത്രി എഴുതിയ ഈ രണ്ട് കത്തുകളും നിയമ വിരുദ്ധമല്ലെങ്കില്‍ അത് മറ്റെന്താണെന്ന് കൂടി ലോകായുക്ത പറയണം. ലോകായുക്ത വിധിയ്ക്ക് എതിരായി അപ്പീല്‍ പോകണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.

വിസി പുനര്‍നിയമനത്തില്‍ മന്ത്രി കത്തെഴുതിയാല്‍ സ്വീകരിക്കേണ്ട ബാധ്യത ചാന്‍സിലറായ ഗവര്‍ണര്‍ക്കില്ല. ഗവര്‍ണര്‍ ചെയ്തതും നിയമവിരുദ്ധമായ കാര്യമാണ്. മന്ത്രിയും ചാന്‍സിലറും ഒരുപോലെ തെറ്റ് ചെയ്തു. പ്രോ വിസി എന്ന നിലയിലാണ് മന്ത്രി ചാന്‍സിലറായ ഗവര്‍ണര്‍ക്ക് കത്ത് കൊടുത്തത്. അങ്ങിനെയെങ്കില്‍ ഗവര്‍ണറും മന്ത്രിയും കൂടി വിസിയെ നിയമിച്ചാല്‍ പോരെ. നിയമസഭ നിയമം പാസാക്കിയത് ഷോക്കേസില്‍ വെയ്ക്കാനാണോ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

പ്രതിപക്ഷം ലോകായുക്തയെ അല്ല ലോകായുക്ത വിധിയെ ആണ് വിമര്‍ശിക്കുന്നത്. എതിരായി വിധി പുറപ്പെടുവിച്ച ഹൈക്കോടതി ജഡ്ജിയ്‌ക്കെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തിയത് സിപിഎമ്മാണ്. അത്തരമൊരു സംസ്‌കാരമല്ല യുഡിഎഫിനും കോണ്‍ഗ്രസിനും. പ്രതിപക്ഷത്തെ എല്ലാവരുമായി ആലോചിച്ചാണ് രമേശ് ചെന്നിത്തല കേസ് കൊടുത്തത്. അദ്ദേഹത്തെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ല. പ്രതിപക്ഷത്തിന്റെ പ്രതിനിധിയെന്ന നിലയിലാണ് അദ്ദേഹം കേസ് കൊടുത്തതെന്നും വിഡി സതീശന്‍ വ്യക്തമാക്കി. 

RECOMMENDED FOR YOU
Editors Choice