• 23 Sep 2023
  • 02: 27 AM
Latest News arrow

''പെണ്‍കുട്ടികള്‍ക്ക് ഹിജാബ് ധരിക്കാമെങ്കില്‍ ഞങ്ങള്‍ക്ക് കാവി സ്‌കാര്‍ഫും അണിയാം''

കര്‍ണാടക കോളേജുകളില്‍ പ്രതിഷേധം കത്തിപ്പടരുന്നു

ഉഡുപ്പി: കര്‍ണാടക ഉഡുപ്പിയിലെ ഒരു പ്രീ യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ചെത്തിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു കോളേജിലും സമാന സംഭവം. കുന്ദാപൂരിലെ സര്‍ക്കാര്‍ ജൂനിയര്‍ കോളേജിലാണ് മുസ്ലീം പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ചെത്തിയതില്‍ ഹിന്ദു മതവിശ്വാസികളായ ആണ്‍കുട്ടികള്‍ പ്രതിഷേധിച്ചത്. കാവി നിറത്തിലുള്ള സ്‌കാര്‍ഫ് കഴുത്തിലണിഞ്ഞ് കോളേജിലെത്തിയായിരുന്നു അവരുടെ പ്രതിഷേധം. ഈ കോളേജില്‍ പഠിക്കുന്ന 27 മുസ്ലീം പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച് വന്നതാണ് മറ്റ് വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിച്ചത്. ഹിജാബ് നീക്കം ചെയ്യാന്‍ അവര്‍ ആവശ്യപ്പെട്ടെങ്കിലും പെണ്‍കുട്ടികള്‍ വിസമ്മതിച്ചു. ഇതോടെയാണ് നൂറോളം വിദ്യാര്‍ത്ഥികള്‍ കാവി സ്‌കാര്‍ഫ് അണിഞ്ഞ് കോളേജില്‍ വന്നത്.  

സംഭവം വിവാദമായതോടെ കുന്ദാപൂര്‍ എം.എല്‍.എ ഹലാഡി ശ്രീനിവാസ് ഷെട്ടിയും സ്‌കൂള്‍ മാനേജ്മെന്റും ചേര്‍ന്ന് മുസ്ലിം വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും ഹിജാബ് ധരിക്കാതെ കുട്ടികളെ കോളേജിലേക്ക് അയക്കില്ലെന്ന നിലപാടാണ് രക്ഷിതാക്കള്‍ സ്വീകരിച്ചത്. മുസ്ലീം പെണ്‍കുട്ടികള്‍ക്ക് കോളേജില്‍ ഹിജാബ് ധരിക്കാന്‍ അവകാശമുണ്ടെന്ന് പറഞ്ഞ രക്ഷിതാക്കള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മതം കൊണ്ടുവരുന്നത് ന്യായമല്ലെന്നും പറഞ്ഞു. 

''ഞങ്ങളുടെ മക്കള്‍ ബുര്‍ഖ ധരിക്കുന്നില്ല, മറിച്ച് ഹിജാബ് മാത്രമാണ് ധരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ മതം കൊണ്ടുവരുന്നത് നല്ലതല്ല. അവര്‍ ഹിജാബ് ധരിക്കുന്നത് ഇഷ്ടമല്ലെങ്കില്‍ അത് പ്രിന്‍സിപ്പല്‍ രേഖാമൂലം അറിയിക്കണം. അപ്പോള്‍ ഞങ്ങളുടെ മക്കളെ ഈ കോളേജില്‍ അയക്കണോ വേണ്ടയോ എന്നത് ഞങ്ങളും തീരുമാനിക്കും. '' മുസ്ലീം രക്ഷിതാക്കള്‍ പറഞ്ഞു.

''തങ്ങള്‍ ഒരു മതത്തോടും വിവേചനം കാണിച്ചിട്ടില്ല. എല്ലാ ഹിന്ദു ഉത്സവങ്ങളിലും ഞങ്ങള്‍ കുട്ടികളെ കോളേജിലേക്ക് അയച്ചിട്ടുണ്ട്. ഞങ്ങളുടെ മതവിശ്വാസ പ്രകാരം പെണ്‍കുട്ടികള്‍ നിര്‍ബന്ധമായും ഹിജാബ് ധരിച്ചിരിക്കണം. അത് ഞങ്ങള്‍ പാലിക്കുകയാണ്. അതിന് കുട്ടികളുടെ ഇടയില്‍ വിവേചനം ഉണ്ടാക്കരുത്. കുട്ടികള്‍ ഇവിടെ പഠിക്കാനാണ് വരുന്നത്.'' ഒരു രക്ഷിതാവ് പറഞ്ഞു. അതേസമയം ക്യാംപസില്‍ ഹിജാബ് നിരോധിക്കുന്നത് വരെ തങ്ങള്‍ കാവി സ്‌കാര്‍ഫ് ധരിക്കുമെന്നാണ് ഹിന്ദു വിദ്യാര്‍ത്ഥികളുടെ നിലപാട്. 

ജനുവരി ആദ്യം മുതല്‍ ഈ വിവാദം കത്തിപ്പടരുകയാണ്. ഇതേത്തുടര്‍ന്ന് പ്രീ-യൂണിവേഴ്സിറ്റി കോളേജുകളിലെ വിദ്യാര്‍ത്ഥികളുടെ യൂണിഫോമിനെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചു. സര്‍ക്കാരിന്റെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം വിദ്യാര്‍ത്ഥികളോട് ഹിജാബ് ധരിക്കരുതെന്ന് ഉഡുപ്പി പ്രീ യൂണിവേഴ്‌സിറ്റി കോളേജ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടെങ്കിലും എട്ട് പെണ്‍കുട്ടികള്‍ തങ്ങളുടെ വിശ്വാസം മുറുകെ പിടിച്ചുകൊണ്ട് ഹിജാബ് ധരിച്ച് തന്നെയാണ് കോളേജില്‍ വരുന്നത്. 

തങ്ങള്‍ക്ക് കോളേജില്‍ ഹിജാബ് ധരിക്കാനുള്ള അവകാശം വേണമെന്ന് ആവശ്യപ്പെട്ട് അവര്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹിജാബ് ധരിക്കാനുള്ള അവകാശം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 25 പ്രകാരം മൗലികാവകാശമാണെന്നും ഇസ്ലാമിന്റെ അനിവാര്യമായ ആചാരമാണെന്നും ഹര്‍ജിയില്‍ പറയുന്നു. കോളേജ് അഡ്മിനിസ്‌ട്രേഷന്റെ യാതൊരു ഇടപെടലും ഇക്കാര്യത്തില്‍ ഉണ്ടാകാന്‍ പാടില്ലെന്നും വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിച്ച് ക്ലാസുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്റെ ആദ്യ വാദം ഈ ആഴ്ച അവസാനത്തോടെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

 

RECOMMENDED FOR YOU
Editors Choice