• 23 Sep 2023
  • 02: 23 AM
Latest News arrow

എംജി സര്‍വ്വകലാശാല: ഗാന്ധിയുടെ പേരിലുള്ള കരിഞ്ചന്ത?

എംജി സര്‍വ്വകലാശാലയില്‍ മാര്‍ക്ക് ലിസ്റ്റിനായി ഒന്നര ലക്ഷത്തോളം രൂപ വിദ്യാര്‍ത്ഥിയുടെ പക്കല്‍ നിന്നും കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായ സിജെ എല്‍സിയുടെ ആത്മവിശ്വാസം കണ്ട് മൂക്കത്ത് കൈവെച്ച് പോയിരിക്കുകയാണ് കേരള ജനത. കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് കയ്യോടെ പിടികൂടിയ എല്‍സി ബന്ധുക്കളോട് പറഞ്ഞത്, 'പേടിക്കേണ്ട ഞാനല്ലേ പറയുന്നത്' എന്നാണ്. എങ്ങിനെയാണ് എല്‍സിമാര്‍ക്ക് ഈ ആത്മവിശ്വാസം കിട്ടുന്നത്? പത്താം ക്ലാസ് പാസാകാതെ ജോലിയ്ക്ക് കയറി 7 വര്‍ഷത്തിനകം ബിരുദം യോഗ്യതയായ അസിസ്റ്റന്റ് തസ്തികയിലേക്ക് എല്‍സിമാര്‍ എത്തുന്നത് എങ്ങിനെയാണ്? 

ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിലാണ് ഗാന്ധിജിയുടെ പേരിലുള്ള സര്‍വ്വകലാശാലയില്‍ നിന്ന് കൈക്കൂലി കേസില്‍ ഒരു ഉദ്യോഗസ്ഥ അറസ്റ്റിലാകുന്നത്. ജയിക്കാത്ത പരീക്ഷ ജയിപ്പിച്ച് കൊടുക്കാം എന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിനിയുടെ അടുത്ത് നിന്നും കൈക്കൂലി വാങ്ങി. ഒന്നര ലക്ഷമാണ് ആവശ്യപ്പെട്ടത്. ആദ്യം ഒരു ലക്ഷം വാങ്ങി. പിന്നെ പല തവണകളായി കാശ് വാങ്ങിച്ചു. നമ്മുടെ സര്‍വ്വകലാശാലകളിലെ പരീക്ഷ നടത്തിപ്പുകളെക്കുറിച്ചും ഫലപ്രഖ്യാപനത്തെക്കുറിച്ചും അതില്‍ നടക്കാവുന്ന തിരിമറികളെക്കുറിച്ചൊക്കെ നമ്മെ ബോധ്യപ്പെടുത്തുന്നതാണ് ഈ കൈക്കൂലിക്കേസ്. 

ഒരു ക്ലര്‍ക്കിന് ഒറ്റയ്ക്ക് ഇതൊന്നും ചെയ്യാന്‍ പറ്റില്ല. കുറഞ്ഞത് ഒരു അധ്യാപകന്റെയോ അധ്യാപികയുടെയോ പരീക്ഷാ ഭവനിലെ ഒരു ജീവനക്കാരന്റെയോ സഹായത്തോടു കൂടി മാത്രമേ തോറ്റ കുട്ടിയെ ജയിപ്പിക്കാനായിട്ട് പറ്റുകയുള്ളൂ. അവിടെ ഇതിനായി ഒരു ദൂഷിത സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്റെ ഒരു കണ്ണി മാത്രമാണ് അറസ്റ്റ് ചെയ്യപ്പെട്ട എല്‍സി. 

2009ലാണ് പത്താം ക്ലാസ് പോലും പാസാകാത്ത എല്‍സി എംജി യൂണിവേഴ്‌സിറ്റിയില്‍ ജോലിയ്ക്ക് കയറുന്നത്. 2010ല്‍ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ അവരുടെ നിയമനം സ്ഥിരമാക്കി. 2017ല്‍ ക്ലാസ് 4 ജീവനക്കാരില്‍ നിന്ന് നാല് ശതമാനം പേര്‍ക്ക് പ്രൊമോഷന്‍ കൊടുക്കാമെന്ന് തീരുമാനിച്ചു. 4 ശതമാനം എന്ന് പറയുമ്പോള്‍ പത്ത് പേരെ വരികയുള്ളൂ. പക്ഷേ, 28 പേര്‍ക്ക് അന്ന് പ്രൊമോഷന്‍ നല്‍കി. ആ 28 പേരില്‍ ഒരാളാണ് എല്‍സി. പ്യൂണ്‍ പ്രൊമോഷന്‍ മാനദണ്ഡങ്ങള്‍ ഇത്തരത്തില്‍ അട്ടിമറിക്കപ്പെട്ടു. ഈ രീതിയില്‍ മൂന്ന് ബാച്ചുകളില്‍ തട്ടിപ്പ് നടന്നിട്ടുണ്ട്. ക്ലാസ് 4 ആളുകള്‍ക്ക് അസിസ്റ്റന്റായി സ്ഥാനക്കയറ്റം ലഭിക്കണമെങ്കില്‍ പരീക്ഷയെഴുതണം. അങ്ങിനെയൊരു പരീക്ഷ ഇവിടെ നടത്തിയിട്ടില്ല. 

അനധികൃത നിയമനം സംബന്ധിച്ച പരാതി അന്വേഷിക്കാന്‍ സംസ്ഥാന ധനകാര്യ വകുപ്പ് ഒരു സമിതിയെ നിയോഗിക്കുകയും ആ സമിതി 2021 ഡിസംബര്‍ 6ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. 2018 ജൂണ്‍ നാലിന് 33 ക്ലറിക്കല്‍ അസിസ്റ്റന്റുമാരെ വിദ്യാഭ്യാസ യോഗ്യതയുടെ മാത്രം അടിസ്ഥാനത്തില്‍ സ്റ്റാറ്റിയൂട്ടില്‍ നിഷ്‌കര്‍ഷിക്കുന്ന യോഗ്യതാ പരീക്ഷ നടത്താതെ അസിസ്റ്റന്റുമാരായി നിയമിച്ചുവെന്ന് സമിതി കണ്ടെത്തി. വിവിധ സമിതികളുടെ ശുപാര്‍ശകള്‍ പരിഗണിക്കാതെ യോഗ്യതാ പരീക്ഷകള്‍ പോലും നടത്താതെ സിന്‍ഡിക്കേറ്റ് നടത്തിയ ഈ നിയമനങ്ങളില്‍ ക്രമക്കേടുണ്ടെന്ന് സമിതി വ്യക്തമാക്കി. അതിനാല്‍ നിയമനങ്ങള്‍ നടത്തിയ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും സമിതി ആവശ്യപ്പെട്ടു. 

എന്നാല്‍ ഈ റിപ്പോര്‍ട്ടിനോട് പുച്ഛമനോഭാവമാണ് എംജി സര്‍വ്വകലാശാല വിസി കൈക്കൊണ്ടത്. ഇതുപോലെ ഒരുപാട് പരിശോധന റിപ്പോര്‍ട്ടുകള്‍ സര്‍വ്വകലാശാലയില്‍ വരും. അതൊക്കെ പരിഗണിച്ച് നടപ്പാക്കണോ എന്നുള്ളത് തങ്ങള്‍ തീരുമാനിക്കും. ഇതുപോലെ ഒരുപാട് റിപ്പോര്‍ട്ടുകള്‍ അവിടെ കിടപ്പുണ്ടെന്നും അന്നത്തെ വിസി പറഞ്ഞു. പൗരന്റെ നികുതി പണം കൊണ്ടാണ് സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നതും ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നതുമെല്ലാം. ആ ചിന്തയില്ലാതെ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കണോ വേണ്ടയോ എന്ന കാര്യം തങ്ങള്‍ തീരുമാനിക്കും എന്ന് പറയുന്ന വിസിമാര്‍ ഉള്ളിടത്ത് എല്‍സിമാര്‍ ഒന്നര ലക്ഷമല്ല അതിനേക്കാള്‍ കൂടുതല്‍ ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയില്ലെങ്കിലേ അത്ഭുതമുള്ളൂ. 

കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു കേരള സര്‍വ്വകലാശാലയിലെ പരീക്ഷ തട്ടിപ്പ്. സിപിഎം ബന്ധമുള്ള ആളുകള്‍ക്ക് പരീക്ഷ പോലും എഴുതാതെ നിയമനം നല്‍കിയെന്നായിരുന്നു കേസ്. പരീക്ഷ എഴുതാത്തവര്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് നിയമനം നേടുകയായിരുന്നു. പരീക്ഷ എഴുതിയവരുടെയെല്ലാം ഫലം പുറത്തുവന്നതുമില്ല. മൂല്യനിര്‍ണയത്തിന് അയച്ച ഉത്തരപേപ്പറുകളില്‍ 46 എണ്ണം കുറവായിരുന്നു. തിരിമറി നടത്തിയതില്‍ അന്വേഷണം വന്നപ്പോള്‍ ലാപ്‌ടോപ്പ് മോഷണം പോയെന്ന് അന്വേഷണ സംഘത്തെ വിസി അറിയിച്ചത് മറ്റൊരു വിവാദമായിരുന്നു. പിന്നീട് കേസ് നിലനില്‍ക്കില്ലെന്ന് നിയമോപദേശം കിട്ടിയെന്ന് അറിയിച്ച് ക്രൈംബ്രാഞ്ച് കേസ് എഴുതിത്തള്ളി. അന്ന് നിയമനം കിട്ടിയവരൊക്കെ ഇന്നും സര്‍വ്വകലാശാലയുടെ വിവിധ തസ്തികകളില്‍ ജനങ്ങളുടെ നികുതിപ്പണം വാങ്ങി ജോലി ചെയ്യുകയാണ്. തട്ടിപ്പില്‍ പ്രതിക്കൂട്ടിലായ വിസി അടക്കമുള്ളവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ട് ഒന്നും സംഭവിച്ചില്ല. ജോലിയില്‍ കയറിപ്പറ്റിയവര്‍ സസുഖം വാഴുന്നു. അവരെയൊക്കെ അപേക്ഷിച്ച് നോക്കുമ്പോള്‍ എല്‍സിയൊക്കെ എത്ര ഭേദം. 

എംജി സര്‍വ്വകലാശാലയിലെ ഈ വഴിവിട്ട നിയമനത്തിനെതിരെ പരീക്ഷ എഴുതി ജോലിയ്ക്ക് വന്ന ഏകദേശം 113 അസിസ്റ്റന്റുമാര്‍ വലിയ സമരം നടത്തിയിരുന്നു. അവരുടെ പ്രക്ഷോഭത്തെ സര്‍വ്വകലാശാല എങ്ങിനെ നേരിട്ടുവെന്നതും ആരും മറന്നിട്ടുണ്ടാകില്ല. അവര്‍ക്ക് മുഴുവന്‍ മെമ്മോ കൊടുത്തു. ഭീഷണിപ്പെടുത്തി. അങ്ങിനെ സമരത്തില്‍ നിന്ന് അവര്‍ പിന്‍വാങ്ങി. ഈ പിന്‍വാതില്‍ നിയമനങ്ങള്‍ക്കും അഴിമതി നിയമനങ്ങള്‍ക്കുമെതിരെ ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചവരെപ്പോലും ഒതുക്കി. അങ്ങിനെ യഥാര്‍ത്ഥ യോഗ്യതയുള്ള ജീവനക്കാരുടെ പ്രതിഷേധങ്ങളെപ്പോലും അടിച്ചമര്‍ത്തിയാണ് എംജി സര്‍വ്വകലാശാലയില്‍ ഇമ്മാതിരി തോന്ന്യവാസങ്ങളെല്ലാം അരങ്ങേറുന്നത്. അവിടെ ഒരു മാഫിയ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുവെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല.  

എംജി സര്‍വ്വകലാശാലയിലേക്ക് ഒരു കാര്യത്തിന് കയറിച്ചെല്ലാന്‍ പറ്റില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ സാക്ഷ്യം. ഏത് കാര്യത്തിനും പണം കൊടുക്കണം. ഓണ്‍ലൈന്‍ വഴി പണമടച്ചിട്ട് സാങ്കേതിക പ്രശ്‌നം മൂലം അവിടെ കിട്ടാതെ വന്നാല്‍ പിന്നെ വിദ്യാര്‍ത്ഥികള്‍ നേരിട്ട് പണം അടച്ചാലും ഓണ്‍ലൈന്‍ വഴി അടച്ച പണം റീഫണ്ട് ചെയ്ത് കൊടുക്കില്ല. ഒരു പിടിച്ചുപറി സംഘമായി സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ അഴിമതിശാലകളായി അവ മാറിയിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ട സര്‍വ്വകലാശാലകള്‍ ജീവനക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. 

എംജിയില്‍ മാത്രമല്ല, കാലിക്കറ്റ് സര്‍വ്വകലാശാലയിലും ഇത് തന്നയാണ് സ്ഥിതി. അവിടെ റിസള്‍ട്ട് വന്നതിന് ശേഷവും തിരിമറി നടത്തുകയാണ്. സര്‍ട്ടിഫിക്കറ്റിലെ പിഴവ് തിരുത്താന്‍ വേണ്ടി അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ കൈക്കൂലി വാങ്ങിയെന്ന വാര്‍ത്തയും നമ്മള്‍ കഴിഞ്ഞ ദിവസം കേട്ടു. ഒറ്റപ്പെട്ട സംഭവങ്ങള്‍ പുറത്തുവരുന്നു. എന്നാല്‍ പുറത്ത് വരാത്ത എത്രയെത്ര സംഭവങ്ങള്‍. 

ഉന്നത വിദ്യാഭ്യാസമെന്താണ്, അക്കാദമിക് ആക്ടിവിറ്റി എന്ന് പറഞ്ഞാല്‍ എന്താണ്, പരീക്ഷയെന്താണ് എന്നൊന്നും അറിയാത്ത ആളുകളെ, വെറും രാഷ്ട്രീയക്കാരെ സെനറ്റിലും സിന്‍ഡിക്കേറ്റിലും വെച്ചിരിക്കുകയാണ്. അവര്‍ എവിടെയെങ്കിലും എന്തെങ്കിലും എഴുതിയിട്ടുണ്ടാകും. പിന്നെ ഒന്നും നോക്കാനില്ല, സാഹിത്യകാരന്‍മാരായി പരിഗണിച്ച് നോമിനേറ്റ് ചെയ്യുകയാണ്. കോണ്‍ഗ്രസുകാരും ലീഗുകാരും സിപിഎമ്മുകാരുമെല്ലാം ഇത്തരം നിയമനങ്ങള്‍ നടത്തിയിട്ടുണ്ട്. പിന്നെ എന്ത് പ്രശ്‌നം വന്നാലും മതത്തിന്റെയോ പാര്‍ട്ടിയുടെയോ സംഘടനയുടെയോ ജാതിയുടെയോ പ്രദേശത്തിന്റെ പേരില്‍ സംരക്ഷണം കിട്ടുമെന്നതാണ് ഇവര്‍ക്കുള്ള ധൈര്യം. ഇവിടെ എല്‍സിയ്ക്കുള്ള ധൈര്യവും അത് തന്നെയാണ്. എല്‍സി സിപിഎം അനുകൂല സംഘടനയുടെ ആളാണ്. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പിടിയിലായ ആള്‍ ലീഗ് സംഘടനയുടെ ആളാണ്. ഇനി വിസിമാരുടെ കാര്യമെടുത്താല്‍ എത്ര വിസിമാര്‍ രാഷ്ട്രീയ യോഗ്യതയല്ലാതെ അക്കാദമിക് യോഗ്യത വെച്ച് നിയമിക്കപ്പെട്ടിട്ടുണ്ട്?

ഇതില്‍ നിന്നെല്ലാം ഒരു കാര്യം വ്യക്തം. നമ്മുടെ സര്‍വ്വകലാശാലകളില്‍ അസിസ്റ്റന്റുമാരെ നിയമിക്കുന്നത് നാല് വഴികളിലൂടെയാണ്. ഒന്ന് നേരിട്ട് പരീക്ഷ നടത്തി, രണ്ട് താഴേ തസ്തികയില്‍ നിന്നും പ്രൊമോഷനിലൂടെ, മൂന്നാമത്തേത് ആശ്രിത നിയമനം, നാലാമത്തേത് പിന്‍വാതില്‍ നിയമനം. 

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന് പ്രൊഫസര്‍ഷിപ്പ് കൊടുക്കാന്‍ വേണ്ടി റിട്ടയര്‍ ചെയ്ത ആളുകള്‍ക്കൊക്കെ പ്രൊഫസര്‍ഷിപ്പ് കൊടുക്കാനുള്ള കഠിനമായ പരിശ്രമത്തിലാണ് ഇപ്പോള്‍ കാലിക്കറ്റ് സര്‍വ്വകലാശാല. അതിന് കോടികള്‍ ചെലവു വരുമെന്നാണ് റിപ്പോര്‍ട്ട്. അതായത് ഇല്ലാത്ത പ്രൊഫസര്‍ പദവി പ്രതിജ്ഞാ വേളയില്‍ പറഞ്ഞ് ഇളിഭ്യയായതിന്റെ കണക്ക് നാട്ടുകാരുടെ ചെലവില്‍ തീര്‍ക്കുകയാണ്. സിന്‍ഡിക്കേറ്റും വൈസ് ചാന്‍സലറുമൊക്കെ അതിന് വേണ്ടി പൊരുതുകയാണ്. എന്ത് മാതൃകയാണിത്?

RECOMMENDED FOR YOU
Editors Choice