• 23 Sep 2023
  • 04: 20 AM
Latest News arrow

മോദി കാലത്ത് ആരാണ് കുരയ്ക്കുക?

സി.പി.എമ്മിനെയും പിണറായി വിജയനെയും ആക്രമിക്കുന്നതിന്റെ പകുതി അഗ്രസിവ്‌നെസ് മോദി-ബി.ജെ.പി റിപ്പോര്‍ട്ടിങ്ങില്‍ മീഡിയ വണ്‍ കാണിച്ചിട്ടില്ല. പിന്നെ, ഈ നിരോധനം?

ഏത് മാധ്യമ സ്ഥാപനത്തിന്റേത് ആയാലും പ്രസിദ്ധീകരണവും സംപ്രേഷണവും തടയുന്നത് ന്യായമല്ല. ഇവിടെ മീഡിയ വണ്‍ ചാനല്‍ സംപ്രേഷണം തടഞ്ഞതിന് പറയുന്ന കാര്യം സുരക്ഷാ പ്രശ്‌നമാണ് എന്നത് അത്ഭുതകരമായിരിക്കുന്നു. ഈ ചാനല്‍ അവ്വിധം രാജ്യസുരക്ഷക്ക് ഹാനികരമാകുന്ന എന്തെങ്കിലും ചെയ്തതായി അറിയില്ല. ബി.ജെ.പിയുടെ രാഷ്ടീയത്തിന് എതിരേ സാധാരണ മാധ്യമങ്ങള്‍ നടത്തുന്ന വിമര്‍ശനം മാത്രമാണ് മീഡിയ വണിലും കണ്ടിട്ടുളളത്. മോദി മന്ത്രിസഭയിലെ രംദാസ് അത്താവാലയെ പോലുള്ള അംഗങ്ങള്‍ മീഡിയ വണ്‍ സന്ദര്‍ശിച്ചിട്ട് ഒരു വര്‍ഷമാകുന്നല്ലേയുള്ളൂ. അന്ന് മീഡിയ വണ്ണുമായി ബന്ധപ്പെട്ട പീപ്പിള്‍സ് ഫൗണ്ടേഷന്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച ആദിവാസി ക്ഷേമം അടക്കമുള്ള പദ്ധതികള്‍ അനുഭാവ പൂര്‍വം പരിഗണിക്കുമെന്നു മന്ത്രി വാക്ക് കൊടുത്തത് മീഡിയ വണ്‍ ആഹ്‌ളാദപൂര്‍വ്വമാണ് റിപ്പോര്‍ട്ട് ചെയ്തത്. അതിന് പിന്നാലെ വന്ന സ്വാതന്ത്ര്യ ദിനത്തിന് ഡല്‍ഹിയില്‍ മാധ്യമം - മീഡിയവണ്‍ പത്രാധിപരും മറ്റും പ്രാവിനെ പറത്തിയത് കൗതുകകരമായിരുന്നൂ. എന്നിട്ടും ഈ സമയത്ത് പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെയുള്ള ഈ സംപ്രേക്ഷണ വിലക്ക് അത്ഭുതപ്പെടുത്തുന്നു.

മാധ്യമങ്ങളെ വിരട്ടി വരുതിയില്‍ നിര്‍ത്തുന്നത് ആരംഭകാലം മുതലേ മോദി സര്‍ക്കാരിന്റെ ശൈലിയാണ്. മീഡിയ വണ്‍ ആദ്യത്തേതല്ല.
തുടക്കം എന്‍.ഡി ടിവി ആയിരുന്നു. അവരെ മൂലക്കാക്കിയപ്പോള്‍ ആരും അറിഞ്ഞില്ല. അറിഞ്ഞവര്‍ മിണ്ടിയുമില്ല. പത്താന്‍കോട്ട് അക്രമം സംബന്ധിച്ച് നെറ്റില്‍ കിട്ടുന്ന വിവരങ്ങള്‍ ടെലികാസ്റ്റ് ചെയ്തതിന് 2016 ല്‍ ആ ചാനല്‍ ഒരു ദിവസം സര്‍ക്കാര്‍ മുടക്കി- ദേശ സുരക്ഷ! ഇപ്പോഴത് ഇഴഞ്ഞ് നീങ്ങുന്നു. പിന്നെ, leftclick.com ല്‍ റെയ്ഡ്. ആരും മിണ്ടിയല്ല. അവരും ഒരു മൂലക്കായി. കൊറോണ കാലത്ത്, കഴിഞ്ഞ വര്‍ഷം ദൈനിക് ഭാസ്‌കര്‍ ഗ്രൂപ്പിന്റെ മുഴുവന്‍ ഓഫീസുകളിലും ഒറ്റ സമയത്താണ് ഇ.ഡി.റെയ്ഡ് നടന്നത് -  critical reports on corona ആണ് പ്രശ്‌നമായത്. ഒരു ദിവസം അത് വാര്‍ത്തയായിരുന്നു. പിന്നെ ആരും മിണ്ടിയില്ല. ആ പത്രം മോദിക്ക് വഴങ്ങിക്കൊടുത്തു. 
ഇക്കാലയളവിനിടയില്‍ എത്ര ചെറു പത്രങ്ങളെ മോദി പൂട്ടിച്ചു! വിനോദ് ദുവക്കെതിരേ പോലും കേസെടുത്തു- ഒരു യൂട്യൂബ് ദൃശ്യത്തിന്റെ പേരില്‍. 

മീഡിയവണ്‍ സംഭവം പുതിയ ഒന്നല്ല. പക്ഷെ, അതിന് പറയുന്ന ന്യായമാണ് പ്രശ്‌നം. സുരക്ഷ കാരണങ്ങള്‍! മോദി സര്‍ക്കാരിനും സംഘ പരിവാറിനുമെതിരേ മറ്റ് മാധ്യമങ്ങളില്‍ നിന്ന് വ്യത്യസ്തവും ഭീകരവുമായി മീഡിയ വണ്ണില്‍ നിന്ന് എന്തെങ്കിലും ഉണ്ടായതായി ഓര്‍ത്തെടുക്കാന്‍ ആവുന്നില്ല.  കഴിഞ്ഞ ഒന്നൊന്നര വര്‍ഷം പിണറായി വിജയനും സി.പി.എമ്മിനുമെതിരേ എഴുതിയത്രയൊന്നും ഇവര്‍ക്കെതിരേ ഉണ്ടായിട്ടില്ല. എന്നിട്ടും ....!

അപ്പോള്‍, ഇപ്പറയുന്ന സുരക്ഷാ പ്രശ്‌നം എന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ security clearance ആകാനാണ് വഴി എന്നാണ് മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ ടിവിയില്‍ പറഞ്ഞതില്‍ നിന്ന് മനസിലാകുന്നത്. സംപ്രേഷണാനുമതി പുതുക്കണമെങ്കില്‍ കമ്പനിക്കും അതിന്റെ ഡയറക്ടര്‍മാര്‍ക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ ഒരു സര്‍ട്ടിഫിക്കറ്റ്- clearance വേണമെന്നാണ് ചട്ടം പറയുന്നത്. വീണ്ടും പത്ത് വര്‍ഷത്തേക്ക് അത് പുതുക്കി കിട്ടണമെങ്കില്‍ 2011 ലെ അപ് ലിങ്കിങ് പോളിസിയുടെ 9.2 ക്ലോസും ഡൗണ്‍ ലിങ്കിങ് പോളിസിയുടെ 8.3 ക്ലോസും ആണ് ഈ ക്ലിയറന്‍സുകള്‍ അനുശാസിക്കുന്നത്. 20.9.2021 നാണ് ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞത്. അത് പുതുക്കുന്നതിന് അപേക്ഷിച്ചപ്പോള്‍ ഈ ക്ലിയറന്‍സ് ഹാജരാക്കിയിരുന്നില്ല. അതിന് കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് മീഡിയ വണിന് നോട്ടീസ് നല്‍കിയിരുന്നുവത്രെ. ആഭ്യന്തര മന്ത്രാലയം ക്ലിയറന്‍സ് നിഷേധിച്ചതിന് കാരണം അറിയില്ല എന്ന് മറുപടി കൊടുക്കാനേ അവര്‍ക്ക് കഴിയൂ. അതോടെയാണ് സംപ്രേഷണ വിലക്ക് വീഴുന്നത്. 

ആഭ്യന്തര മന്ത്രാലയത്തിന്റെ ക്ലിയറന്‍സ് ഇല്ല എന്നു പറഞ്ഞ് ഐ ടി മന്ത്രാലയത്തിന്, വിലക്ക് ന്യായീകരിക്കാന്‍ കഴിഞ്ഞേക്കാം. പക്ഷെ, എന്തുകൊണ്ട് മാധ്യമ സ്ഥാപനം എന്ന പരിഗണന വെച്ച് ആഭ്യന്തര മന്ത്രാലയം ക്ലിയറന്‍സ് നല്‍കിയില്ല എന്നതാണ് ചോദ്യം. മീഡിയവണും അനുബന്ധ സംഘടനകളും സ്ഥാപനങ്ങളും ദേശ സുരക്ഷക്ക് വിരുദ്ധമായി എന്തെങ്കിലും ചെയ്തു എന്ന് ശത്രുക്കള്‍ പോലും പറയില്ല. പിന്നെ, അതിന്റെ ഡയറക്ടര്‍മാര്‍ - അവരില്‍ അത്തരക്കാര്‍ ഉണ്ടെങ്കില്‍ അവരെ മാറ്റണമെന്ന് ആവശ്യപ്പെടാവുന്നതല്ലേയുള്ളൂ. അതിന് പകരം, ഉടനടി സംപ്രേഷണം വിലക്കിയത് അനീതിയാണ്- കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയാണെങ്കിലും.

എന്തായാലും ഇക്കാര്യത്തില്‍ ജനാധിപത്യ കേരളം ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും മീഡിയ വണിന് പിന്നില്‍ ഐക്യദാര്‍ഢ്യവുമായി അണിനിരക്കുകയും ചെയ്തത് അഭിമാനകരമാണ്. ബഹുജന പ്രസ്ഥാനങ്ങള്‍ അഹമിഹയാ രോഷപ്രകടനത്തിന് മുന്നിട്ടിറങ്ങി. സ്വന്തം തൊഴില്‍ സുരക്ഷക്കായി കാര്യമായൊന്നും ചെയ്യാനാകുന്നില്ല എന്ന ദൗര്‍ബല്യം ഉണ്ടെങ്കിലും പത്രപ്രവര്‍ത്തക സംഘടന പ്രതിഷേധത്തിന്റെ ആവേശ പന്തങ്ങളുമായി തെരുവിലിറങ്ങി. കേരള എം.പിമാര്‍ ഒരുമിച്ച് ഡല്‍ഹിയില്‍ പത്രസമ്മേളനം നടത്തി. മാധ്യമങ്ങളുടെ നിലനില്‍പിന്റെയും സ്വാതന്ത്ര്യത്തിന്റെയും കാര്യത്തില്‍ ജനപ്രതിനിധികളുടെ ഔല്‍സുക്യവും ജാഗരൂകതയും രോമാഞ്ചജനകമാണ് - മാധ്യമ പ്രവര്‍ത്തകന്റെ കാര്യത്തിലും ഇവരൊക്കെ താല്‍പര്യമെടുത്തിരുന്നെങ്കില്‍ എന്ന് ആശിച്ച് പോയ അവസരം. ചുമരുണ്ടെങ്കിലല്ലേ ചിത്രമെഴുതാനാവൂ എന്ന് കരുതാം! ഒരു നിമിഷം പോലും പാഴാക്കാതെ നീതിപീഠത്തെ സമീപിച്ച മീഡിയ വണ്‍ മാധ്യമ സ്വാതന്ത്യ സംരക്ഷണത്തിന് അവസരത്തിനൊത്ത് ഉയര്‍ന്ന് തങ്ങളുടെ ഉത്തരവാദിത്വം നിര്‍വഹിച്ചു. വിലക്ക് കോടതി വിലക്കി. 

മോദിയുടെ കാലം മാധ്യമങ്ങള്‍ക്ക് നല്ല കാലമാണ് - മാധ്യമ പ്രവര്‍ത്തനത്തിന് കഷ്ടകാലവും. രണ്ട് കോടിയോളം രൂപയാണ് ഒരു ദിവസം മാധ്യമ പരസ്യങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ ചെലവിടുന്നത്. ഈ സുഖകരമായ അവസ്ഥയില്‍ ഏത് പട്ടിയാണ് കുരക്കുക! അത് കൊണ്ടാണ് എന്‍ഡിടിവി [ഹിന്ദി] എഡിറ്റര്‍ രാവിഷ് കുമാര്‍ മോദിയുഗത്തിലെ മാധ്യമങ്ങളെ (ഭരണകൂടത്തിന്റെ) മടിയിലിരിക്കുന്ന ഓമനപ്പട്ടികള്‍ എന്ന അര്‍ഥത്തില്‍ ഗോഡി മീഡിയ എന്ന് വിളിച്ചത്. അവ കാല് നക്കി മുരണ്ടങ്ങനെ ചുറ്റിക്കൂടും. മാധ്യമങ്ങളുമായി സംവദിക്കാത്ത മോദിക്ക് അവയെ എങ്ങനെ കൈകാര്യം ചെയ്യാം എന്നറിയാം. 

മോദിയില്‍ നിന്ന് വരാനിരിക്കുന്നതേ ഉള്ളൂ. എന്‍ ഡി ടി വി ഒരു താക്കീതായിരുന്നു ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക്. ആ താക്കീതിന് ഫലമുണ്ടായി. മോദി വരച്ച വരയില്‍ രാജ്യത്ത മുഴുവന്‍ മാധ്യമങ്ങളും നിന്നു. മോദിയുടെ മടിയിലിരുന്ന് കുരക്കുകയാണ് ഇന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍. അത് കൊണ്ട് നാളെ നിങ്ങള്‍ ആരുമാകാം എന്ന മുന്നറിയിപ്പിന് പ്രസക്തിയില്ല. എല്ലാവരും ഏകാധിപതിക്ക് വഴങ്ങിയിരിക്കുന്നു.

അത്ഭുതം അതല്ല, അപകടകരമായ ഇടപെടലുകള്‍ ഒന്നും മീഡിയ വണ്‍ നടത്തിയിട്ടില്ല. സംഘപരിവാര്‍ വിമര്‍ശനം പോലും വളരെ സന്തുലിതമായിരുന്നു. ഡിസംബറില്‍  മോദി നടത്തിയ കാശി ഷോ മൃദുവിമര്‍ശം പോലുമില്ലാതെയാണ് മാധ്യമം പത്രം പോലും നടത്തിയത് -അണ്‍ അഗ്രസിവ്. പണ്ടങ്ങനെ ആയിരുന്നില്ല. സി.പി.എമ്മിനെയും പിണറായി വിജയനെയും ആക്രമിക്കുന്നതിന്റെ പകുതി അഗ്രസിവ്‌നെസ് മോദി-ബി.ജെ.പി റിപ്പോര്‍ട്ടിങ്ങില്‍ മീഡിയ വണ്‍ കാണിച്ചിട്ടില്ല. പിന്നെ, ഈ നിരോധനം? യുപി തെരഞ്ഞടുപ്പുകള്‍ മുന്നില്‍ കണ്ട് മറ്റുള്ളവര്‍ക്ക് ഒരു താക്കീത് ആകും എന്ന് കരുതാം. മുട്ടുകുത്തിയാല്‍ പോര, മുട്ടിലിഴയണണമെന്ന ഓര്‍മ്മിപ്പിക്കല്‍. സുരക്ഷാ ക്ലിയറന്‍സ് ലഭിച്ചാല്‍ പ്രശ്‌നം തീര്‍ക്കാം. പക്ഷെ....

മാധ്യമങ്ങള്‍ ട്യൂണ്‍ ചെയ്യപ്പെടുന്ന കാലമാണിത്- കേരളത്തില്‍ പോലും. ശരിയുടെയും തെറ്റിന്റേതുമായ പക്ഷങ്ങള്‍ മാത്രമേ ഉളെളന്നിരിക്കേ ഇല്ലാത്തതും പൊളളയുമായ നിഷ്പക്ഷം എന്ന നപുംസക നിലപാട് എടുക്കുകയും കോര്‍പറേറ്റ് പക്ഷമായി കളിക്കുകയും ചെയ്യുന്നതിന് മാധ്യമങ്ങള്‍ ട്യൂണ്‍ ചെയ്യപ്പെട്ടിരിക്കുന്നു. സ്വന്തം ദേഹത്തിന് തട്ടാത്ത പ്രതിഷേധങ്ങളുമായി അതങ്ങനെ പോകുന്നു-എല്ലാവരും ആഹ്ലാദ ഭരിതര്‍. അത് കൊണ്ട് മീഡിയ വണ്‍ ഒരു താക്കീതാണ്. ലക്ഷ്മണ രേഖ കടക്കരുത് എന്ന താക്കീത്.

പക്ഷെ, ജനാധിപത്യ കേരളം മീഡിയ വണ്ണിന് പിന്നില്‍ അണിനിരന്ന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച അവസരത്തില്‍ ഒന്ന്  മറന്നു - നടി ആക്രമിക്കപ്പെട്ട കേസില്‍ ഇന്‍ കാമറ വിചാരണ റിപ്പോര്‍ട്ട് ചെയ്യരുതെന്ന കോടതിയുടെ കല്‍പനക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നാരോപിച്ച് റിപ്പോര്‍ട്ടര്‍ ചാനലിനെതിരേ അഞ്ച് കേസ് രജിസ്റ്റര്‍ ചെയ്ത കാര്യം എല്ലാ മാധ്യമ/ മാധ്യമ സ്വാതന്ത്ര്യ കുതുകികളും മറന്നു. അത് ചര്‍ച്ച ചെയ്യാന്‍ ഇവരാരെയും കണ്ടില്ല. നിയമപരമായ രേഖ സമര്‍പ്പിക്കാത്തതിനാണ് മീഡിയ വണിനെതിരേയുള്ള നടപടി എന്നെങ്കിലും പറയാം. റിപ്പോര്‍ട്ടര്‍ ടിവിക്കെതിരായ കേസോ? അന്വേഷിക്കണം എന്ന്  കോടതി ഡിജിപി യോട് പറയുമ്പോഴേക്കും സൈബര്‍ പൊലീസ് കേസ് എടുത്തു. ഇത് പൊലീസിന്റെ മുഷ്‌ക് അല്ലാതെ എന്താണ്? നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണ വിധേയനായ നടന്‍ ദിലീപിനെ രക്ഷിക്കുന്നതിന് കാര്‍മ്മികത്വം വഹിച്ചത് പഴയ ഡിജിപി ബഹ്റയാണ് എന്ന് റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഓര്‍ക്കുക. അദ്ദേഹത്തിന്റെ ദാസന്മാര്‍ ഇപ്പോഴും സേനയുടെ തലപ്പത്ത് ഉണ്ടാവില്ലേ? അവരുടെ പ്രതികാര നടപടിയാവില്ലേ ഇത്? മീഡിയ വണ്‍ വിഷയം പോലെ പ്രധാനമാണ് റിപ്പോര്‍ട്ടര്‍ ചാനലിന് എതിരേയുളള കേസ്. മീഡിയ വണ്‍ ലൈസന്‍സ് പുന:സ്ഥാപിക്കപ്പെടണം എന്ന പോലെ റിപ്പോര്‍ട്ടറിന് എതിരായ കേസ്  പിന്‍വലിക്കപ്പെടുകയും വേണ്ടതല്ലേ?

 

(മുതിര്‍ന്ന പത്രപ്രവര്‍ത്തകനും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറിയുമാണ് ലേഖകന്‍)

RECOMMENDED FOR YOU
Editors Choice