• 22 Sep 2023
  • 04: 03 AM
Latest News arrow

പാമ്പ് പിടുത്തത്തില്‍ എന്തുകൊണ്ട് വാവ സുരേഷ് ഏക ആശ്രയമാകുന്നു?

പാമ്പ് കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ ആശാവഹമായ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ്. ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലായതിന് പുറമേ മരുന്നുകളോടും അദ്ദേഹം പ്രതികരിച്ചു തുടങ്ങി. എങ്കിലും അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. വാവ സുരേഷിന് നേരിട്ട അപകടം പാമ്പുകളെ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിലേക്കുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. വാവ സുരേഷ് എത്രയും പെട്ടെന്ന് സുഖമായി ജീവിതത്തിലേക്ക് തിരിച്ചെത്തട്ടെ എന്ന്‌ ആഗ്രഹിക്കുന്നതിനൊപ്പം തന്നെ അപായമില്ലാതെ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് എങ്ങിനെയെന്നതും പ്രധാനമാണ്. 

വിഷമുള്ള ജീവിയാണ് പാമ്പെന്നും പാമ്പ് കടിയേറ്റാല്‍ മരണം വരെ സംഭവിക്കുമെന്ന സ്ഥിതിയുള്ളതുകൊണ്ടും എല്ലാവര്‍ക്കും പൊതുവേ പാമ്പുകളെ പേടിയാണ്. ജനവാസ മേഖലയില്‍ പാമ്പുകളെ കണ്ടാല്‍ എങ്ങിനെയാണ് അതിനെ സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടത് എന്ന കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് പക്ഷേ, ധാരണയില്ല. സാധാരണഗതിയില്‍ കുറച്ച് ധൈര്യമുള്ളവര്‍ ചേര്‍ന്ന് പാമ്പിനെ തല്ലിക്കൊല്ലുകയാണ്. അതല്ലാതെ അവയെ തങ്ങള്‍ക്ക് അപകടമുണ്ടാക്കാത്ത വിധത്തില്‍ അവിടെ നിന്നും മാറ്റണമെന്നുണ്ടെങ്കില്‍ ആളുകള്‍ സാധാരണ വിളിക്കുന്നത് ഒരേ ഒരാളെയാണ്. വാവ സുരേഷ്. മറ്റ് മാര്‍ഗങ്ങളെക്കുറിച്ചൊന്നും ജനങ്ങള്‍ക്ക് വലിയ അറിവില്ല. വാവ സുരേഷാകട്ടെ ജീവന്‍ പണയപ്പെടുത്തിയാണ് പാമ്പുകളെ പിടികൂടുന്നത്. ശാസ്ത്രീയമായ രീതികള്‍ അവലംബിക്കാത്തതിന് അദ്ദേഹത്തിനെതിരെ വലിയ വിമര്‍ശനവുമുണ്ട്. പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രി ഐസിയുവില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനായി ഏവരും ആഗ്രഹിക്കുമ്പോഴും അദ്ദേഹത്തിന്റെ അശാസ്ത്രീയ രീതികളെ വിമര്‍ശിക്കുന്നവരും കുറവല്ല.

ഏകദേശം 50,000ത്തിലധികം പാമ്പുകളെയാണ് വാവ സുരേഷ് രക്ഷിച്ചെടുത്തിട്ടുള്ളത്. പാമ്പ് പിടുത്തത്തില്‍ ഇത്രമാത്രം അനുഭവ സമ്പത്തുള്ള അദ്ദേഹത്തിന്റെ ചെറിയൊരു അശ്രദ്ധയാണ് ജീവന്‍ അപകടത്തിലാക്കിയത്. എങ്കിലും അദ്ദേഹത്തിന് സുരക്ഷിതമായി പാമ്പിനെ പിടിക്കാന്‍ അറിയില്ലെന്ന് വിമര്‍ശിക്കുന്നത് ഒട്ടും അനുയോജ്യമല്ല. ശാസ്ത്രീയമായ രീതികള്‍ അവലംബിച്ചാല്‍ ഒരിക്കലും അപകടം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനും സാധിക്കില്ല. അപകട സാധ്യത കുറയ്ക്കാന്‍ കഴിഞ്ഞേക്കും. ഓരോരുത്തര്‍ക്കും അവരവരുടെ ജോലിയില്‍ തങ്ങളുടേതായ ഒരു ശൈലി ഉണ്ടാകും. ആ ശൈലി പാടേ മാറ്റണമെന്ന് ആവശ്യപ്പെടാന്‍ സാധിക്കില്ല. എങ്കിലും കൂടുതല്‍ സുരക്ഷിതമായ മറ്റ് മാര്‍ഗങ്ങള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും അവ സ്വീകരിക്കാവുന്നതാണെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകില്ല.

പിവിസി പൈപ്പും കൊളുത്തുള്ള നീണ്ട വടിയും വെച്ച് പാമ്പിനെ പിടിക്കുന്നതാണ് ശാസ്ത്രീയമായ രീതി. പാമ്പിനെ ആരെങ്കിലും പിടിയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ അത് സമ്മര്‍ദ്ദത്തിലാകും. അപകടത്തെ പ്രതിരോധിക്കാനുള്ള വഴി നോക്കും. രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കും. അപ്പോള്‍ പിവിസി പൈപ്പ് വെച്ച് കൊടുത്താല്‍ അതിനുള്ളിലെ ഇരുട്ട് കണ്ട് പാമ്പ് അതിലേക്ക് കയറി രക്ഷപ്പെടാന്‍ നോക്കും. ഈ സമയത്ത് കൊളുത്തുള്ള വടി ഉപയോഗിച്ച് തല പൊക്കിക്കൊടുത്ത് പൈപ്പിനുള്ളിലേക്ക് കടക്കാന്‍ സഹായിച്ചാല്‍ മതി. ഇതാണ് ശാസ്ത്രീയമായ രീതി. മറ്റ് രീതികളൊക്കെ സാഹസികമാണെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. 

ഇത്രയും സുരക്ഷിതമായ മാര്‍ഗങ്ങള്‍ ഉണ്ടെന്നിരിക്കെ എന്തുകൊണ്ടാണ് പാമ്പുപിടുത്തത്തില്‍ വാവ സുരേഷ് ഏക ആശ്രയമാകുന്നത്? വനംവകുപ്പ് 950 ആളുകളെ പാമ്പ് പിടുത്തത്തിനായി പരിശീലനം നല്‍കി തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. ഇവരിലേക്ക് ജനങ്ങള്‍ക്ക് എത്തിപ്പെടുവാന്‍ സര്‍പ്പ എന്ന ആപ്പും തയ്യാറാക്കി. ഇത് കൂടാതെ സ്‌നെയ്ക്ക്പീഡിയ എന്ന ഒരു വെബ്‌സൈറ്റുമുണ്ട്. എന്നാല്‍ എത്രപേര്‍ക്ക് ഇതേക്കുറിച്ച് അറിയാം? വേണ്ടത്ര പ്രചാരം ഇവയ്‌ക്കൊന്നും ലഭിച്ചിട്ടില്ല. ഈ വിവരങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം ലഭിക്കണം. പാമ്പുമായി ബന്ധപ്പെട്ട് അപകടകരമായ സാഹചര്യമുണ്ടാവുകയാണെങ്കില്‍ എത്രയും പെട്ടെന്ന് വനംവകുപ്പിന്റെ സേവനം  പ്രയോജനപ്പെടുത്താന്‍ ജനങ്ങള്‍ക്ക് സാധിക്കണം. പാമ്പിനെ പിടിയ്ക്കുന്നതിലും പാമ്പ് കടിയേറ്റാല്‍ ചികിത്സിക്കുന്നതിലും ശാസ്ത്രീയ മാര്‍ഗങ്ങളും അവലംബിക്കണം. ഇനി ഒരാളും പാമ്പ് കടിയേറ്റ് ജീവന്‍ അപകടത്തിലാകുന്ന സാഹചര്യം കേരളത്തിലുണ്ടാവരുത്. 

RECOMMENDED FOR YOU
Editors Choice