• 22 Sep 2023
  • 02: 49 AM
Latest News arrow

പെഗാസസിന്റെ മോഹവലയത്തില്‍പ്പെട്ട് രാജ്യങ്ങള്‍; ലക്ഷ്യം സ്വേച്ഛാധിപത്യം

ഇസ്രായേല്‍ ആസ്ഥാനമായുള്ള എന്‍എസ്ഒ ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത പെഗാസസ് എന്ന സ്‌പൈവെയര്‍, ആഗോളതലത്തില്‍ ഇസ്രായേലിന്റെ താല്‍പ്പര്യങ്ങള്‍ ഉറപ്പിക്കാനുള്ള ഒരു ഉപകരണമായി മാറിയിരിക്കുകയാണ്. പലസ്തീന്‍ വിഷയത്തില്‍ തങ്ങള്‍ക്കെതിരായ രാജ്യങ്ങളെ തങ്ങള്‍ക്ക് അനുകൂലമാക്കി തീര്‍ക്കാന്‍ വേണ്ടിയാണ് ഇസ്രായേല്‍ ഇപ്പോള്‍ പെഗാസസ് ഉപയോഗിക്കുന്നത്. ഇസ്രായേലും അതിന്റെ അയല്‍ക്കാരായ അറബ് രാജ്യങ്ങളും തമ്മിലുള്ള അബ്രഹാം ഉടമ്പടി പ്രാബല്യത്തില്‍ വന്നതിനും സൗദി അറേബ്യയുടെ അനുഗ്രഹം നേടിയെടുക്കുന്നതിനുമെല്ലാം ഇസ്രായേലിനെ സഹായിച്ചത് പെഗാസസാണ്. കള്ളക്കടത്തുകാര്‍ക്കും തീവ്രവാദികള്‍ക്കുമെതിരെ മാത്രമല്ല, പ്രതിപക്ഷത്തിനും സന്നദ്ധപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെല്ലാം എതിരെ വിന്യസിക്കാന്‍ കഴിയുന്ന ശക്തമായ ഈ ആയുധത്തിന്റെ മോഹവലയത്തില്‍ ഇന്ത്യ അടക്കമുള്ള നിരവധി രാജ്യങ്ങള്‍ പെട്ടിട്ടുണ്ടെന്ന് ജനുവരി 28ന് ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലൂടെ വ്യക്തമായിക്കഴിഞ്ഞു. 

 
ആദ്യമായി ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി എന്ന വിശേഷണം നേടിയെടുത്ത് ഇസ്രായേല്‍ മണ്ണില്‍ കാലുകുത്തിയ നരേന്ദ്ര മോദി, കടപ്പുറത്തുകൂടി ഉലാത്തിക്കൊണ്ട് ഇസ്രായേല്‍ പ്രധാനമന്ത്രിയുമായി ഊഷ്മള ബന്ധം സ്ഥാപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അരങ്ങ് തകര്‍ക്കുമ്പോള്‍, അണിയറയില്‍ പെഗാസസിന്റെ കച്ചവടം ഉറപ്പിക്കുകയായിരുന്നു. കടപ്പുറത്തെ ഊഷ്മളതയുടെ ബാക്കി പത്രമായിരുന്നു ഇന്ത്യയുടെ ചരിത്രപരമായ പലസ്തീന്‍ അനുകൂല നിലപാടിന്റെ തള്ളിപ്പറച്ചില്‍ എന്ന് കരുതിയവരെല്ലാം ഇപ്പോള്‍ താടിയ്ക്ക് കൈയ്യുംകൊടുത്തിരിക്കുകയാണ്. പലസ്തീന്‍ മനുഷ്യാവകാശ സംഘടനയ്ക്ക് നിരീക്ഷക പദവി നിഷേധിക്കാന്‍ 2019-ല്‍ യുഎന്നിന്റെ സാമ്പത്തിക സാമൂഹിക കൗണ്‍സിലില്‍ ഇസ്രായേലിന് അനുകൂലമായി വോട്ട് ചെയ്തതും പെഗാസസിന്റെ മോഹവലയത്തില്‍ പെട്ടതിന്റെ ഫലമായിരുന്നു.

രാജ്യങ്ങള്‍ അടിസ്ഥാന തത്വമെന്ന നിലയില്‍ കരുതിപ്പോന്ന നിലപാടുകളെപ്പോലും തിരുത്തിയെഴുതാന്‍ മാത്രം ശക്തിയുള്ള പെഗാസസ് ശരിക്കും എന്താണ്?

വ്യക്തികളുടെ മൊബൈല്‍ ഫോണുകളിലുള്ള കോണ്‍ടാക്ടുകളും ഫോട്ടോകളും അടക്കമുള്ള വിവരങ്ങള്‍ അടിച്ചുമാറ്റാന്‍ മാത്രമല്ല, ഫോണിന്റെ ക്യാമറകളും മൈക്രോഫോണുകളും സജീവമാക്കി ഒരു ചാര ഉപകരണമാക്കി അതിനെ മാറ്റാന്‍ വരെ പെഗാസസിന് സാധിക്കും. 
സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിമര്‍ശകനായ ജമാല്‍ ഖഷോഗിയെ കുടുക്കാനും കൊലപ്പെടുത്താനും പെഗാസസ് ഉപയോഗിച്ചതായി റിപ്പോര്‍ട്ടുണ്ട്. മയക്കുമരുന്ന് കടത്തുകാരെ കൂടാതെ സര്‍ക്കാര്‍ വിമര്‍ശകര്‍ക്കെതിരെ യുഎഇയും മെക്‌സിക്കോയും പെഗാസസ് ഉപയോഗിച്ചതായി ന്യൂയോര്‍ക്ക് ടൈസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസിന്റെ എഫ്ബിഐയും ഇത് പരീക്ഷിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. 

സ്പിയര്‍ ഫിഷിംഗ് എന്ന രീതി ഉപയോഗിച്ചായിരുന്നു ആദ്യ കാലത്ത് പെഗാസസ് ഫോണുകളില്‍ കയറി വിവരങ്ങള്‍ ശേഖരിച്ചിരുന്നത്. അതായത് ആളുകളെ വശീകരിക്കാന്‍ പോന്ന സന്ദേശങ്ങള്‍ അയച്ച് അതിനോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന രീതി. എന്നാല്‍ പിന്നീട് ആക്രമിക്കപ്പെടുന്ന വ്യക്തിയുടെ ഭാഗത്ത് നിന്ന് ഒരു നടപടികളും ആവശ്യമില്ലാത്ത തരത്തില്‍ 'സീറോ ക്ലിക്ക'് സംവിധാനം രൂപകല്‍പ്പന ചെയ്ത് പ്രയോഗിച്ചു. 

2019-ല്‍, വാട്ട്സ്ആപ്പ് ഒരു പ്രസ്താവന ഇറക്കി. വാട്‌സാപ്പിലൂടെ വരുന്ന കോളുകള്‍ നമ്മള്‍ എടുത്തില്ലെങ്കിലും അത്തരം കോളുകളിലൂടെ പെഗാസസിന് നമ്മുടെ ഫോണില്‍ പ്രവേശിക്കാന്‍ കഴിയുമെന്ന്. ഇങ്ങിനെ പ്രവേശിക്കാന്‍ കഴിയുമെന്ന് ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് പോലും അറിയില്ലായിരുന്നു. നമ്മുടെ അടുത്തുള്ള ഒരു ട്രാന്‍സ്മിറ്ററില്‍ നിന്നും വായുവിലൂടെ പെഗാസസിന് ഫോണില്‍ പ്രവേശിക്കാന്‍ കഴിയും. കൂടാതെ നേരിട്ടും ഫോണിലേക്ക് കയറ്റാന്‍ സാധിക്കും. ഇങ്ങിനെ ഒരിക്കല്‍ ഫോണുകളില്‍ കയറിക്കൂടുന്ന പെഗാസസിന് ആ ഫോണിന്റെ മേല്‍ വലിയ നിയന്ത്രണം ലഭിക്കുകയാണ്. ഇന്റര്‍നെറ്റ് വിലാസങ്ങളുടെയും സെര്‍വറുകളുടെയും അജ്ഞാതമായ ശൃംഖലയിലൂടെ പെഗാസസ് അതിന്റെ കണ്‍ട്രോളറുകളുമായി ആശയവിനിമയം നടത്തും. ഫോണില്‍ സംഭരിച്ചിരിക്കുന്ന ഏത് ഡാറ്റയും അതിന്റെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകളിലേക്ക് കൈമാറും. 

ഇന്ത്യയിലെ ദി വയറും യുകെയിലെ ഗാര്‍ഡിയനും യുഎസിലെ വാഷിങ്ടണ്‍ പോസ്റ്റും ഉള്‍പ്പെടുന്ന മാധ്യമക്കൂട്ടായ്മ പെഗാസസ് പ്രൊജക്ട് എന്ന പേരില്‍ പെഗാസസിനെക്കുറിച്ച് ആഴത്തിലുള്ള പഠനം നടത്തിയിരുന്നു. ഇന്ത്യയിലെ കുറഞ്ഞത് 40 പത്രപ്രവര്‍ത്തകരും കാബിനറ്റ് മന്ത്രിമാരും ഭരണഘടനാ പദവികള്‍ വഹിക്കുന്നവരും പെഗാസസിന്റെ നിരീക്ഷണത്തിലാണെന്ന് ഈ പ്രൊജക്ടിലൂടെ അവര്‍ കണ്ടെത്തി. പാരീസ് ആസ്ഥാനമായുള്ള ഫോര്‍ബിഡന്‍ സ്റ്റോറീസ് എന്ന നോണ്‍ പ്രൊഫിറ്റ് സ്ഥാപനവും ആംനസ്റ്റി ഇന്റര്‍നാഷണലും പരിശോധിച്ച ഏകദേശം 50,000 ഫോണ്‍ നമ്പറുകളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. ഇതിലുള്ള 67 ഇന്ത്യന്‍ ഫോണ്‍ നമ്പരുകള്‍ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ സെക്യൂരിറ്റി ലാബ് പരിശോധിച്ചപ്പോള്‍ അതില്‍ 23 എണ്ണത്തെ പെഗാസസ് ബാധിച്ചിട്ടുണ്ടെന്നും 14 എണ്ണത്തില്‍ നുഴഞ്ഞുകയറാനുള്ള ശ്രമങ്ങള്‍ നടന്നതായും കണ്ടെത്തി. 

പെഗാസസ് ഒരു സൈബര്‍ ആയുധമായിട്ടാണ് പരിഗണിച്ചിരിക്കുന്നത്. അതുകൊണ്ട് ഇസ്രായേല്‍ നിയമപ്രകാരം സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങള്‍ക്ക് മാത്രമേ പെഗാസസ് വില്‍ക്കാന്‍ കഴിയൂ. അതുകൊണ്ട് പെഗാസസിന്റെ ഉപഭോക്താക്കളെല്ലാം വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകളാണ്. ഏതെങ്കിലും ഓപ്പറേഷനായി പെഗാസസിനെ വിന്യസിച്ചതായി ഇന്ത്യന്‍ സര്‍ക്കാര്‍ ഇതുവരെ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ജനുവരി 28ന് പുറത്ത് വന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിനോടും സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

പെഗാസസ് പ്രോജക്ട് വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ നിരവധി ഹര്‍ജികളാണ് സുപ്രീംകോടതിയിലെത്തിയത്. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കാനും വിയോജിപ്പുകള്‍ക്ക് തടയിടാനും സര്‍ക്കാര്‍ കൂട്ട നിരീക്ഷണം നടത്തുകയാണെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. ഹര്‍ജികള്‍ പരിഗണിച്ച കോടതി പെഗാസസ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. എന്നാല്‍, ഇത്തരത്തില്‍ പരസ്യ സത്യവാങ്മൂലം നല്‍കിയാല്‍ അത് രാജ്യസുരക്ഷയെ ബാധിക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. ഇതിനെത്തുടര്‍ന്ന്, 2021 ഒക്ടോബര്‍ 27-ന് റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ആര്‍.വി.യുടെ മേല്‍നോട്ടത്തില്‍ ഒരു വിദഗ്ധ സമിതിയെ കോടതി നിയമിച്ചു. ഈ സമിതിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇതുവരെയും സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. 

ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ബാധിക്കുന്നതോ സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്നതോ വിദേശരാജ്യങ്ങളുമായുള്ള സൗഹൃദത്തെ ബാധിക്കുന്നതോ ആയ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് വേണ്ടി സന്ദേശങ്ങള്‍ പരിശോധിക്കാമെന്ന് 1885ലെ ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ടിന്റെ സെക്ഷന്‍ 5(2)ല്‍ പറയുന്നുണ്ട്. 1951-ലെ ഇന്ത്യന്‍ ടെലിഗ്രാഫ് റൂള്‍സിലെ റൂള്‍ 419ല്‍ അതിന്റെ പ്രവര്‍ത്തന പ്രക്രിയയും നടപടിക്രമങ്ങളും കാണാം. 1996-ലെ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (PUCL) വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍ സുപ്രീംകോടതി സുപ്രധാനമായ വിധി പുറപ്പെടുവിച്ചു. ടെലിഫോണ്‍ സംഭാഷണങ്ങള്‍ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും വ്യവസ്ഥാപിതമായ നടപടിക്രമങ്ങളിലൂടെ മാത്രമേ അത് ലംഘിക്കാന്‍ പാടുള്ളൂവെന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. ഇതിന്‍പ്രകാരം 419എ വകുപ്പ് ടെലിഗ്രോഫ് നിയമത്തില്‍ കൂട്ടിച്ചേര്‍ത്തു. ഇതുവഴി കേന്ദ്ര-സംസ്ഥാന തലത്തില്‍ ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ ടെലിഫോണ്‍ സംഭാഷണങ്ങള്‍ വ്യക്തികളുടെ അനുവാദമില്ലാതെ നിരീക്ഷിക്കാനോ പരിശോധിക്കാനോ സാധിക്കൂ. എന്നാല്‍ 'ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍' ആഭ്യന്തര സെക്രട്ടറി അംഗീകാരം കൊടുക്കുന്ന ഒരു ജോയിന്റ് സെക്രട്ടറിയ്‌ക്കോ മറ്റ് മേലുദ്യോഗസ്ഥര്‍ക്കോ ടെലിഫോണ്‍ സംഭാഷണങ്ങള്‍ നിരീക്ഷിക്കാനുള്ള അനുമതി നല്‍കാം. 

2017ലെ കെഎസ് പുട്ടസ്വാമി വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ കേസിലും നിരീക്ഷണത്തിന് മേല്‍നോട്ടമുണ്ടാകേണ്ടതിന്റെ ആവശ്യകത സുപ്രീംകോടതി ഊന്നിപ്പറയുകയുണ്ടായി. സര്‍ക്കാരിന്റെ നിയമാനുസൃതമായ ലക്ഷ്യം നിറവേറ്റാനുതകുന്നതും നിയമപരമായി സാധുതയുള്ളതുമായിരിക്കണം നിരീക്ഷണമെന്ന് കോടതി ആവര്‍ത്തിച്ചു. നിരീക്ഷണത്തിന്റെ ദുരുപയോഗം പരിശോധിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഉണ്ടായിരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഇലക്ട്രോണിക് നിരീക്ഷണം കൈകാര്യം ചെയ്യുന്ന ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്, 2000 ന്റെ സെക്ഷന്‍ 69 ആണ് നിരീക്ഷണത്തിന് നിയമസാധുത നല്‍കുന്ന രണ്ടാമത്തെ നിയമനിര്‍മ്മാണം. ഇന്ത്യയുടെ പരമാധികാരം അല്ലെങ്കില്‍ അഖണ്ഡത, ഇന്ത്യയുടെ പ്രതിരോധം, സംസ്ഥാനത്തിന്റെ സുരക്ഷ, വിദേശരാജ്യങ്ങളുമായുള്ള സൗഹൃദബന്ധം, പൊതു ക്രമം എന്നിവയ്‌ക്കെല്ലാം കോട്ടം തട്ടാതിരിക്കാന്‍ കമ്പ്യൂട്ടര്‍ റിസോഴ്‌സ് വഴിയുള്ള ഏതൊരു വിവരവും തടസ്സപ്പെടുത്താനും നിരീക്ഷിക്കാനും ഡീക്രിപ്റ്റ് ചെയ്യുവനും ഉള്ള അധികാരം ഈ നിയമം സര്‍ക്കാരിന് നല്‍കുന്നു. 2009ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (വിവരങ്ങളുടെ തടസ്സം, നിരീക്ഷണം, ഡീക്രിപ്ഷന്‍ എന്നിവയ്ക്കുള്ള നടപടിക്രമവും സുരക്ഷയും) ചട്ടങ്ങളില്‍, സെക്ഷന്‍ 69 പ്രകാരം ഇലക്ട്രോണിക് നിരീക്ഷണത്തിനുള്ള നടപടിക്രമങ്ങള്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. 

ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്റെ അഭിഭാഷകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ അപര്‍ ഗുപ്ത പറയുന്നതനുസരിച്ച് ഈ നിയമങ്ങള്‍ വളരെ വിശാലമാണ്. കൂടാതെ തെറ്റായ വെബ്സൈറ്റുകളിലേക്ക് ട്രാഫിക് റീഡയറക്ട് ചെയ്യുന്നതിനോ അല്ലെങ്കില്‍ ഏതെങ്കിലും വിവരങ്ങള്‍ നേടുന്നതിനായി ഏതെങ്കിലും ഉപകരണം സ്ഥാപിക്കുന്നതിനോ പോലും ഈ നിയമങ്ങള്‍ അനുവാദം നല്‍കുന്നു.  

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിലെ സെക്ഷന്‍ 66 പ്രകാരം പെഗാസസിന്റെ ഉപയോഗം നിയമവിരുദ്ധമാണ്. സെക്ഷന്‍ 66ലും സെക്ഷന്‍ 43ഉം അനുസരിച്ച് ശിക്ഷാര്‍ഹമായ കുറ്റകൃത്യവുമാണ്.

 

RECOMMENDED FOR YOU
Editors Choice