• 22 Sep 2023
  • 04: 26 AM
Latest News arrow

ഇന്ന് മീഡിയാ വണ്‍; നാളെ നിങ്ങള്‍ ആരുമാകാം

മീഡിയാ വണ്‍ ടെലിവിഷന്‍ ചാനലിന്റെ സംപ്രേഷണം ഇന്ന് (ജനുവരി 31) കാലത്തു മുന്നറിയിപ്പില്ലാതെ നിലച്ചു. ഏതെങ്കിലും ഒരു വാര്‍ത്ത കൊടുത്തതിന്റെ പേരില്‍ താല്‍കാലികമായി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏര്‍പ്പെടുത്തിയ നിരോധനമായിരുന്നില്ല അത്. കശ്മീരിനെ സംബന്ധിച്ച് ദേശവിരുദ്ധ വാര്‍ത്ത സംപ്രേഷണം ചെയ്തതിനു കേന്ദ്രസര്‍ക്കാര്‍ ചാനല്‍ നിരോധിച്ചതാണ് എന്നൊക്കെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നുണ്ട്. ഉത്തരവാദപ്പെട്ട ചില പത്രപ്രവര്‍ത്തകര്‍ അത് ഏറ്റു പിടിച്ചിട്ടുമുണ്ട്. എന്നാല്‍, മീഡിയാ വണ്‍ ചാനലിന്റെ വിഷയം അതൊന്നുമല്ല. അങ്ങേയറ്റം ഗൗരവം അര്‍ഹിക്കുന്ന ഒന്നാണത്. 

ചാനലിന്റെ പ്രവര്‍ത്തനാനുമതി സര്‍ക്കാര്‍ പുതുക്കി നല്‍കാത്തതാണ് പ്രശ്നം. പത്തു കൊല്ലം കൂടുമ്പോള്‍ പുതുക്കേണ്ട ഒന്നാണ് ചാനലുകളുടെ ലൈസന്‍സ്. അത് പുതുക്കി നല്‍കാന്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം തയ്യാറാകാത്തതാണ് സംപ്രേഷണം മുടങ്ങാന്‍ കാരണം. ഇതിനുള്ള കാരണം ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി  വെളിപ്പെടുത്തിയിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറന്‍സ് അടക്കമുള്ള ചില കടമ്പകള്‍, ലൈസന്‍സ് കിട്ടാനും അത് പുതുക്കി കിട്ടാനും ചാനലുകള്‍ക്ക് ആവശ്യമുണ്ട്. സര്‍ക്കാരിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാത്ത ചാനലുകളുടെ വായടപ്പിക്കാന്‍ പറ്റുന്ന ഈ സുവര്‍ണാവസരം മോദി സര്‍ക്കാര്‍ മീഡിയാ വണിന് മേല്‍ സമര്‍ത്ഥമായി  പ്രയോഗിച്ചിരിക്കുകയാണ്. ലൈസന്‍സ് പുതുക്കി നല്‍കാത്ത നടപടിക്കെതിരെ ഡല്‍ഹി ഹൈക്കോടതിയെ മീഡിയാ വണ്‍ മാനേജ്മെന്റ് സമീപിച്ചപ്പോള്‍ രണ്ടു ദിവസത്തേക്ക് പ്രവര്‍ത്തിക്കാന്‍ കോടതി അനുമതി കൊടുത്തു. സംപ്രേഷണം തടഞ്ഞത് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ ആണെന്നും കോടതി ഇടപെടല്‍ പാടില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വാദിച്ചത്. 

മോദി ഭരണകൂടം എത്രമാത്രം ഏകാധിപത്യ മനോഭാവമുള്ള ഒന്നാണെന്നതിനു ഇതില്‍പരം തെളിവ് ലഭിക്കാനില്ല. രാജ്യത്തെ പത്ര-ദൃശ്യ-ശ്രവ്യ മാധ്യമങ്ങളെ മുഴുവന്‍ കാല്‍ക്കീഴില്‍ കൊണ്ടുവരിക എന്ന അജണ്ടയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. 2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്റെ പിന്നാലെ തുടങ്ങിയ ഈ നടപടി ഇപ്പോള്‍ ഒരു പ്രത്യേക ഘട്ടത്തില്‍ എത്തി നില്‍ക്കുന്നു. പ്രീണിപ്പിച്ചും മോഹിപ്പിച്ചും കൂടെ നിര്‍ത്താവുന്നവരെ ഇതിനകം അങ്ങിനെ ചെയ്തു. അതിനു വഴങ്ങാത്തവരെ തകര്‍ക്കുക എന്നതില്‍ കുറഞ്ഞ ഒന്നുമില്ല. ഒന്നുകില്‍ സര്‍ക്കാരിന്റെ ഏറാന്‍ മൂളികളായി വിദ്വേഷ പ്രചാരണത്തിന്റെ വക്താക്കളായി മാറുക, അല്ലെങ്കില്‍ അടച്ചു പൂട്ടി വീട്ടില്‍ ഇരിക്കുക എന്ന രണ്ടു മാര്‍ഗങ്ങളേ നിങ്ങള്‍ക്ക് മുന്നിലുള്ളൂ. സര്‍ക്കാരിനെ വിമര്‍ശിക്കാതെ, അഴിമതിയും പൊള്ളത്തരങ്ങളും തുറന്നു കാണിക്കാന്‍ ശ്രമിക്കാതെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചെഴുതി നിങ്ങള്‍ക്ക് പിഴച്ചു പോകാം. അതായത്, അര്‍ണബ് ഗോസ്വാമിമാരാകാന്‍ തയ്യാറാണെങ്കില്‍ അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. 

ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തിരാവസ്ഥയെ ഒളിഞ്ഞും തെളിഞ്ഞും എതിര്‍ക്കുകയും ചെറുത്തു തോല്‍പ്പിക്കുകയും ചെയ്ത പാരമ്പര്യം ഉള്ളവരാണ് ഇന്ത്യ ഭരിക്കുന്നതെന്ന കാര്യം വിസ്മരിക്കരുത്. അന്ന് സ്വാതന്ത്ര്യത്തെ കുറിച്ച് പറഞ്ഞവര്‍ ഇന്ന് ഫാസിസം നടപ്പിലാക്കുന്നു. അവര്‍ക്കു ജയഗീതം പാടി കോര്‍പറേറ്റ് ഭരണകൂട താല്പര്യങ്ങളുടെ പിണിയാളുകളായി ഇന്ത്യയിലെ ബഹുഭൂരിഭാഗം മാധ്യമങ്ങളും മാറിക്കഴിഞ്ഞു. കേരളം പോലെ ചില തുരുത്തുകളില്‍ മാത്രമാണ് ഇപ്പോഴും കൂരിരുട്ടില്‍  മിന്നാമിനുങ്ങുവെട്ടം കാണാനുള്ളത്. അതുകൂടി തല്ലിക്കെടുത്താനുള്ള പടപ്പുറപ്പാണ് നടക്കുന്നത്. അതുകൊണ്ട്, ഇപ്പോള്‍ ചിരിക്കുന്നവരേ, നിങ്ങള്‍ ഭയങ്കര വാര്‍ത്തകള്‍ കേള്‍ക്കാനിരിക്കുന്നതേയുള്ളൂ. ഇന്ന് മീഡിയാ വണ്‍ ആണെങ്കില്‍ നാളെ നിങ്ങള്‍ ആരുമാകാം.

RECOMMENDED FOR YOU
Editors Choice