• 22 Sep 2023
  • 03: 16 AM
Latest News arrow

ജലീലിന്റെ മിനിസ്‌ട്രോഫോബിയ

ഡോ. കെ ടി ജലീലിന് എന്തോ സംഭവിച്ചു കൊണ്ടേയിരിക്കുന്നു. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിജിയെ അനുസ്മരിക്കാന്‍ അദ്ദേഹം ഫേസ്ബുക്കില്‍ കൊടുത്ത ഗാന്ധി ചിത്രത്തിന് കീഴെ എഴുതിയതു മുഴുവന്‍ ലോകായുക്തക്കെതിരായ ആരോപണങ്ങളാണ്. യുഡിഎഫ് നേതാവിനെ പ്രമാദമായ ഒരു കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സഹോദര ഭാര്യക്ക് എംജി യൂണിവേഴ്സിറ്റിയുടെ വിസി പദവി വിലപേശി വാങ്ങിയ ഏമാന്‍ തക്ക പ്രതിഫലം കിട്ടിയാല്‍ എന്ത് കടുംകൈ ആര്‍ക്കു വേണ്ടിയും ചെയ്യും എന്നാണ് ജലീല്‍ കുറിച്ചത്. അതിന്റെ തുടര്‍ച്ചയെന്നോണം താന്‍ ആരെയൊക്കെയാണ് ഉദ്ദേശിച്ചതെന്ന് വെളിപ്പെടുത്തുന്ന പോസ്റ്റുകളും ജലീല്‍ ഇട്ടു. ഇപ്പോഴും ജലീല്‍ എഴുതിക്കൊണ്ടേയിരിക്കുകയാണ്. മിനിസ്‌ട്രോഫോബിയ എന്ന് ഈ രോഗത്തെ വിളിക്കാമെന്ന് തോന്നുന്നു. മന്ത്രിപദവിയില്‍ നിന്ന് ഓര്‍ക്കാപ്പുറത്തു ഇറങ്ങിപ്പോകേണ്ടി വരികയും പിന്നീട് മന്ത്രിയാകാന്‍ കഴിയാതിരിക്കുകയും ചെയ്യുമ്പോള്‍ സംഭവിക്കുന്ന രോഗമാണിത്. ആദ്യം ചെറിയ ലക്ഷണങ്ങളേ ഉണ്ടാകൂ. പിന്നീടത് മൂര്‍ച്ഛിക്കും. അങ്ങനെ മൂര്‍ച്ഛിച്ച അവസ്ഥയാണിപ്പോള്‍. പിണറായി സഖാവില്‍ നിന്ന് ഒരു വിളി വരുന്നതു വരെ അതേ അവസ്ഥ തുടരാനാണ് സാധ്യത.

എന്താണ് കെടി ജലീലിന്റെ പ്രശ്‌നം? ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്റെ ജനറല്‍ മാനേജരായി തന്റെ ബന്ധു അദീബിനെ ചട്ടങ്ങള്‍ ലംഘിച്ചു നിയമിച്ചു. അതില്‍ അധികാര ദുര്‍വിനിയോഗവും സ്വജന പക്ഷപാതവും ഉണ്ടെന്നു കണ്ടെത്തിയ ലോകായുക്ത ജലീല്‍ മന്ത്രിയായിരിക്കാന്‍ അയോഗ്യനാണെന്നു വിധിച്ചു. തുടര്‍ന്ന് മന്ത്രിസഭയുടെ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ , രാജിവെച്ചു അപമാനിതനായി ഇറങ്ങിപ്പോന്നു. ലോകായുക്ത വിധിക്കെതിരെ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. സുപ്രിം കോടതിയില്‍ കൊടുത്ത ഹര്‍ജി ജലീല്‍ പിന്‍വലിക്കുകയും ചെയ്തു.

ഒരര്‍ത്ഥത്തില്‍ ലോകായുക്തയോട് ജലീല്‍ കടപ്പെട്ടവനാണ്. മന്ത്രിപദം ഇല്ലെങ്കിലും നാലാം തവണയും എംഎല്‍എ ആയിരിക്കാന്‍ കഴിയുന്നത് ലോകായുക്ത വിധി പറഞ്ഞത് നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് കഴിഞ്ഞ ശേഷമായതു കൊണ്ടാണ്. വിധി നേരത്തേ വന്നിരുന്നെങ്കില്‍ എല്‍ഡിഎഫ് തവനൂര്‍ സീറ്റില്‍ മറ്റൊരാളെ അന്വേഷിക്കുമായിരുന്നു. കോണ്‍ഗ്രസിനോടും ജലീലിന് കടപ്പാടുണ്ട്. എതിര്‍ സ്ഥാനാര്‍ത്ഥിയായി കൊള്ളാവുന്ന ഒരാളെ നിര്‍ത്താത്തതിന്റെ പേരില്‍. പേയ്മെന്റ് സീറ്റ് എന്ന് കോണ്‍ഗ്രസില്‍ തന്നെ വിവാദം ഉയര്‍ത്തിയതിന്. കേരളം മുഴുവന്‍ എല്‍ഡിഎഫ് തരംഗം ഉയര്‍ന്ന തെരഞ്ഞെടുപ്പില്‍ ജലീല്‍ ജയിച്ചത് 2564 വോട്ടിനാണ്. 2016 ല്‍ ജയിച്ചതാകട്ടെ,  17064 വോട്ടിനും. 

മാന്യമായ ബാങ്കുദ്യോഗം ഉള്ള ചെറുപ്പക്കാരനായ അദീബ് സത്യത്തില്‍ എത്ര നിരപരാധിയാണ്. കൊച്ചാപ്പക്ക് വേണ്ടി അയാള്‍ സഹിച്ച അപമാനത്തിനും അവഹേളനത്തിനും  കയ്യും കണക്കുമില്ല. ബാങ്ക് ജോലിയില്‍ നിന്ന് ലീവ് എടുത്തു ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനില്‍ ജോയിന്‍ ചെയ്തു അവിടെ നിന്ന് വാങ്ങിയ ശമ്പളം തിരിച്ചടച്ചാണ് അയാള്‍ മടങ്ങിയത്. ലോകത്തു ഒരാളും സ്വന്തം കൊച്ചാപ്പക്ക് വേണ്ടി ഇത്ര വലിയ ത്യാഗം സഹിച്ചിട്ടുണ്ടാകില്ല. വിവാദങ്ങള്‍ കെട്ടടങ്ങി അയാള്‍ സമാധാനത്തോടെ ജീവിക്കുകയായിരിക്കും ഇപ്പോള്‍. അപ്പോഴാണ് അത് വീണ്ടും കുത്തിപ്പൊക്കി അദീബിനെ മാധ്യമങ്ങളിലേക്കു കൊച്ചാപ്പ വീണ്ടും വലിച്ചിഴക്കുന്നത്. 

ഇടതു സ്വതന്ത്രനായി 2006 ല്‍ കുറ്റിപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയെ മലര്‍ത്തിയടിച്ചു നിയമസഭയിലെത്തിയ ജലീലില്‍ സിപിഎം വലിയ പ്രതീക്ഷ അര്‍പ്പിച്ചിരുന്നു. മുസ്ലിം സമുദായത്തിലേക്കുള്ള പാലമായി ജലീലിനെ പരിവര്‍ത്തിപ്പിക്കാമെന്നാണ് സിപിഎം കരുതിയത്. എന്നാല്‍ ജലീല്‍ ആ പാലം ഡയനാമിറ്റ് വെച്ച് തകര്‍ക്കുന്ന പ്രവര്‍ത്തിയാണ് പലപ്പോഴും ചെയ്തത്. പാലോളി  മുഹമ്മദ് കുട്ടിയെ പോലെ മുതിര്‍ന്ന കേന്ദ്രകമ്മിറ്റി അംഗം വിഎസ് മന്ത്രിസഭയില്‍ കൈകാര്യം ചെയ്ത തദ്ദേശ ഭരണ വകുപ്പെടുത്തു പിണറായി വിജയന്‍ ജലീലിന് കൊടുത്തതു വലിയ പ്രതീക്ഷയിലായിരുന്നു. ജനങ്ങളുമായി വളരെയധികം ബന്ധപ്പെടാവുന്ന ഈ വകുപ്പ് തിരിച്ചെടുത്തു ഉന്നത വിദ്യാഭ്യാസത്തിലേക്കു മാറ്റാന്‍ അധിക സമയം വേണ്ടി വന്നില്ല.    

ഐസ്‌ക്രീം പെണ്‍വാണിഭ കേസില്‍ പികെ കുഞ്ഞാലിക്കുട്ടിയെ പ്രതി ചേര്‍ക്കണമെന്ന ഹര്‍ജി തള്ളിക്കളഞ്ഞ കേരള ഹൈക്കോടതി വിധി ഉയര്‍ത്തിക്കാട്ടിയാണ് ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ ജലീല്‍ ആരോപണം ഉയര്‍ത്തുന്നത്. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചാണ് അന്ന് വിധി പറഞ്ഞത്. ആ ബെഞ്ചില്‍ സിറിയക് ജോസഫ് ഉണ്ടായിരുന്നു. എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറായി സിറിയക് ജോസഫിന്റെ ബന്ധു ഡോ.ജാന്‍സി ജെയിംസിന്റെ നിയമനവും ഈ വിധിയും തമ്മില്‍ ബന്ധമുണ്ടെന്നാണ് ജലീല്‍ പറയുന്നത്. അതിനു അദ്ദേഹത്തിനു ആകെ എടുത്തു കാട്ടാനുള്ള തെളിവ് വിധി വന്നതും വിസി നിയമനവും രണ്ടു മാസത്തെ ഇടവേളയില്‍ ആയിരുന്നുവെന്നതാണ്. ഡോ ജാന്‍സി ജെയിംസ് വി സി ആകുന്നത് 2004 നവംബര്‍ 14 നും വിധി വന്നത് 2005 ജനവരി 25 നും. 

തനിക്കെതിരെ വിധി പറഞ്ഞ ലോകായുക്തക്കൊപ്പം ഈ കേസിലൊന്നും കക്ഷിയല്ലാത്ത കേരളത്തിലെ ആദ്യത്തെ വനിതാ വൈസ് ചാന്‍സലര്‍ ഡോ. ജാന്‍സി ജെയിംസിനെ അകാരണമായി അപമാനിക്കുന്നു എന്നതാണ് ജലീലിന്റെ മിനിസ്‌ട്രോഫോബിയ എത്രമാത്രം അപകടകാരിയാണെന്നതിനു തെളിവ്. മികച്ച അക്കാദമിക് പാരമ്പര്യമുള്ള ജാന്‍സി ജെയിംസ് സംസ്ഥാനത്തെ ആദ്യത്തെ കേന്ദ്ര യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലര്‍ പദവിയും വഹിച്ചിട്ടുണ്ട്. കേന്ദ്ര  സാഹിത്യ അക്കാദമി അംഗം, ഐഎഎസ് അഭിമുഖത്തിനുള്ള യുപിഎസ്‌സി പാനല്‍ അംഗം, അറിയപ്പെടുന്ന എഴുത്തുകാരി, സാഹിത്യ നിരൂപക, കാനഡയിലെ ടൊറോന്റോ യൂണിവേഴ്സിറ്റിയിലെ ഫാക്ക്വല്‍റ്റി, ഇംഗ്ലണ്ടിലെ വാര്‍വിക്ക് യൂണിവേഴ്സിറ്റിയിലെ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോ, ഒബാമയുടെ കാലത്തു വാഷിങ്ങ്ടണില്‍ നടന്ന ഉന്നത വിദ്യാഭ്യാസ ഉച്ചകോടിയിലെ ഇന്ത്യന്‍ പ്രതിനിധി സംഘത്തിലെ അംഗം എന്നിങ്ങനെ ജലീലിന് എത്തിപ്പിടിക്കാന്‍ പറ്റാത്ത ഉന്നത ബഹുമതികള്‍ നേടിയ വ്യക്തിയാണവര്‍. അവര്‍ക്കു യാതൊരു പങ്കുമില്ലാത്ത വിവാദങ്ങളിലേക്ക് അവരെ വലിച്ചിഴക്കുന്നത് കെ ടി ജലീല്‍ മുന്‍പ് വഹിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി എന്ന പദവിയെ പോലും അപമാനിക്കുന്നതാണ്. 

ബന്ധുവിനെ നിയമിക്കാന്‍ കൊച്ചാപ്പ നടത്തിയ അഭ്യാസങ്ങള്‍, യോഗ്യതയില്‍ ഇളവ് വരുത്തിയതടക്കം, തെളിവുസഹിതം ബോധ്യപ്പെട്ടാണ് ജലീല്‍ മന്ത്രിയായിരിക്കാന്‍ യോഗ്യനല്ലെന്നു ലോകായുക്ത വിധി എഴുതിയത്. സിറിയക് ജോസഫിന്റെ സ്ഥാനത്തു മറ്റാരാണെങ്കിലും അങ്ങിനെയൊരു വിധിയേ പുറപ്പെടുവിക്കാന്‍ കഴിയൂ. ഐസ്‌ക്രീം കേസില്‍ പികെ കുഞ്ഞാലിക്കുട്ടി  പ്രതിയല്ലെന്നു വാദിച്ചതും അദ്ദേഹത്തെ കോടതി നടപടികളില്‍ നിന്ന് രക്ഷപ്പെടുത്തിയതും അന്നത്തെ ഇടതു സര്‍ക്കാരാണ്. കുഞ്ഞാലിക്കുട്ടിയെ കുടുക്കാന്‍ വിഎസ് അച്യുതാനന്ദന്‍ പല തവണ കോടതികള്‍ കയറിയിറങ്ങിയിട്ടും നടക്കാതെ പോയത് ഇടതു സര്‍ക്കാരും പോലീസും കുഞ്ഞാലിക്കുട്ടിയോടൊപ്പം നിന്നതു കൊണ്ടാണ്. ഒരു പക്ഷേ, സിപിഎമ്മിലെ വിഭാഗീയത അന്ന് കുഞ്ഞാലിക്കുട്ടിക്ക് തുണയായിട്ടുണ്ടാകണം. അതല്ലെങ്കില്‍ ഒരു വ്യഭിചാര കുറ്റത്തിനപ്പുറം മാനങ്ങള്‍ ഐസ്‌ക്രീം കേസിനില്ലെന്നു സിപിഎമ്മിന് ബോധ്യപ്പെട്ടത് കൊണ്ടായിരിക്കാം. സിറിയക് ജോസഫിനെതിരെ ജലീല്‍ ആഞ്ഞടിക്കുമ്പോള്‍ ഓര്‍മ്മിക്കേണ്ട വസ്തുത അദ്ദേഹത്തെ ലോകായുക്ത ആക്കിയത് ജലീല്‍ കൂടി ഉള്‍പ്പെട്ട ഒന്നാം പിണറായി മന്ത്രിസഭയുടെ കാലത്താണെന്നതാണ്. മനുഷ്യാവകാശ കമീഷനായി സിറിയക് ജോസഫിനെ നിയമിക്കുന്നതിനെതിരെ അരുണ്‍ ജെയ്റ്റ്‌ലിയും സുഷമ സ്വരാജും കൊടുത്ത വിയോജന കുറിപ്പ് അന്നും ഉണ്ടായിരുന്നു. എന്തുകൊണ്ട് അത് പരിഗണിച്ചില്ല എന്നു ജലീല്‍ ചോദിക്കേണ്ടത് മുഖ്യമന്തി പിണറായി വിജയനോടാണ്. അല്ലാതെ ഫേസ്ബുക്കിലെ സുഹൃത്തുക്കളോടല്ല. അതുകൊണ്ടു സ്വന്തം രോഗത്തിന് അടിയന്തിര ചികിത്സ തേടി രോഗവിമുക്തനാകാന്‍ ജലീല്‍ ശ്രദ്ധിക്കണം. അതല്ലെങ്കില്‍ ഇനിയുള്ള കാലം പാഴായിപ്പോകും. 

RECOMMENDED FOR YOU
Editors Choice