• 01 Oct 2023
  • 08: 39 AM
Latest News arrow

ഇസ്രായേല്‍ പ്രസിഡന്റ് ആദ്യമായി യുഎഇയില്‍; ഗള്‍ഫ് മേഖലയിലെ ഐക്യം ശക്തമാക്കുക ലക്ഷ്യം

അബുദാബി: ഇസ്രായേല്‍ പ്രസിഡന്റ് ഇസാക് ഹെര്‍സോഗ് യുഎഇ സന്ദര്‍ശിച്ചു. ആദ്യമായാണ് ഇസ്രായേല്‍ പ്രസിഡന്റ് യുഎഇ സന്ദര്‍ശിക്കുന്നത്. ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഇസ്രായേല്‍ പ്രസിഡന്റിനെ അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ സ്വീകരിച്ചു. 

സ്വീകരണത്തിന്റെ ഭാഗമായി 21 പീരങ്കിവെടികള്‍ മുഴക്കി. ഇരുരാജ്യങ്ങളുടെയും ദേശീയ ഗാനങ്ങളും സ്വീകരണ വേദിയില്‍ മുഴങ്ങി. നിരവധി ഉന്നത ഉദ്യോഗസ്ഥരും യുഎഇയിലെ ഇസ്രായേല്‍ അംബാസിഡറുമായ അമീര്‍ ഹയക് ഉള്‍പ്പെടെയുള്ള പ്രതിനിധി സംഘവും ഇസ്രായേല്‍ പ്രസിഡന്റിനെ അനുഗമിക്കുന്നുണ്ട്.

പതിറ്റാണ്ടുകളായി പലസ്തീനുമായി നിലനില്‍ക്കുന്ന പോരാട്ടം മൂലം ഇസ്രായേലുമായുള്ള ഔപചാരിക ബന്ധം യുഎഇ ദീര്‍ഘകാലം ഒഴിവാക്കിയിരുന്നു. യുഎസിന്റെ മധ്യസ്ഥതയില്‍ ഇസ്രായേലും അറബ് രാജ്യങ്ങളുമായി നടന്ന നയതന്ത്ര ചര്‍ച്ചകളുടെ ഫലമായി 2020 ഓടെ യുഎഇയും ഇസ്രായേലും തമ്മിലുള്ള ബന്ധം സാധാരണ നിലയിലായിരുന്നു. 

ഗള്‍ഫ് മേഖലയിലെ ഐക്യം കൂടുതല്‍ ശക്തമാക്കുക എന്നതാണ് ലക്ഷ്യമെന്ന് ഇസ്രായേല്‍ പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കി. ഹൂതി വിമതര്‍ അബുദാബി നഗരത്തിന് നേര്‍ക്ക് നടത്തിയ ആക്രമണം ഇസ്രായേല്‍ അപലപിച്ചിരുന്നു. ഒപ്പം യുഎഇയ്ക്ക് പിന്തുണയും പ്രഖ്യാപിച്ചു. 

യെമനിലെ ഹൂതി വിമതര്‍ സമ്പന്ന അറബ് രാജ്യങ്ങള്‍ക്ക് നേര്‍ക്ക് ഡ്രോണ്‍ ആക്രമണം നടത്തിയതിന് ആഴ്ചകള്‍ക്ക് ശേഷമാണ് ഇസ്രായേല്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം എന്നത് ശ്രദ്ധേയമാണ്. യെമന്‍ നിയന്ത്രിക്കുന്ന ഹൂതി വിമതര്‍ ഇറാനോട് അടുപ്പം പുലര്‍ത്തുന്നവരാണ്. ഇറാന്‍, പാശ്ചാത്യ രാജ്യങ്ങളുടെയും ഇസ്രായേലിന്റെയും വിശ്വാസ സംഹിതകളുടെ പേരില്‍ അറബ് രാജ്യങ്ങളുടെയും ശത്രുവാണെന്നാണ് പറയപ്പെടുന്നത്.