• 08 Jun 2023
  • 05: 54 PM
Latest News arrow

ഇത് കടിയ്ക്കുന്ന പട്ടിയുടെ പല്ല് കൊഴിപ്പിക്കാനുള്ള നീക്കം; പിണറായിയുടെ കേരള മാതൃക

അധികാര കേന്ദ്രങ്ങളിലെ അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും അന്വേഷിക്കാന്‍ രാജ്യത്ത് ലോക്പാല്‍ നിയമം ഉണ്ടാകുന്നതിന് ഒന്നര പതിറ്റാണ്ട് മുമ്പ് കേരള നിയമസഭ പാസാക്കിയതാണ് ലോകായുക്ത നിയമം. ആ ലോകായുക്തയ്ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി അഴിമതിയ്‌ക്കെതിരായ നടപടികള്‍ ശക്തിപ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നുകൊണ്ടിരിക്കെയാണ് ലോകായുക്തയെ അപ്രസക്തമാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നീക്കങ്ങള്‍. ബന്ധു നിയമനമെന്ന അഴിമതിയില്‍ കുടുങ്ങി കെടി ജലീലിന് രാജി വെയ്‌ക്കേണ്ടി വന്നപ്പോള്‍ മുതല്‍ ലോകായുക്ത സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയായി. ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ആര്‍ ബിന്ദുവും ലോകായുക്തയുടെ വലയില്‍ കുടുങ്ങിക്കിടക്കുകയാണ്. ആ സാഹചര്യത്തില്‍ പൊതുമണ്ഡലത്തിലെ അഴിമതി അന്വേഷിക്കാന്‍ രൂപീകരിച്ച സ്ഥാപനത്തെ വന്ധീകരിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. 

ലോകായുക്ത ഒരു ഉത്തരവ് പുറപ്പെടുവിച്ചാല്‍ അത് സര്‍ക്കാരിന് വീണ്ടും പരിശോധിക്കാനുള്ള വകുപ്പാണ് ഓര്‍ഡിനന്‍സിലൂടെ കൊണ്ടുവരാന്‍ പോകുന്നത്. മുഖ്യമന്ത്രിയ്ക്ക് എതിരാണെങ്കില്‍ ഗവര്‍ണര്‍ക്കും മന്ത്രിമാര്‍ക്ക് എതിരാണെങ്കില്‍ മുഖ്യമന്ത്രിയ്ക്കും ഉദ്യോഗസ്ഥര്‍ക്ക് എതിരാണെങ്കില്‍ ചീഫ് സെക്രട്ടറിയ്ക്കും പരിശോധിക്കാനുള്ള വകുപ്പാണിത്. അതുവഴി ലോകായുക്തയുടെ ഉത്തരവ് തള്ളിക്കളയാനുള്ള അവകാശം സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ്. ഗവര്‍ണറുടെ മുമ്പിലുള്ള ഈ ഓര്‍ഡിനന്‍സ് അംഗീകരിക്കപ്പെട്ടാല്‍ അഴിമതി അന്വേഷണത്തിന്റെ ചിറകരിയുന്ന നടപടിയാകുമത്. 

ലോകായുക്ത നിയമത്തിന്റെ ആമുഖത്തില്‍ പറഞ്ഞിരിക്കുന്നത് അനുസരിച്ച് സര്‍ക്കാരിന്റെ നടപടികള്‍ വരെ പരിശോധിക്കാനുള്ള അധികാരം ലോകായുക്തയ്ക്കുണ്ട്. സുപ്രീംകോടതി ജഡ്ജിയോ അല്ലെങ്കില്‍ റിട്ടയേര്‍ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസോ ആണ് ലോകായുക്തയായി ഇരിക്കുക. റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിമാര്‍ ഉപലോകായുക്തമാരായിരിക്കും. ഇത്രയും ഉന്നത പദവിയിലിരിക്കുന്നവരുടെ മുമ്പില്‍ പരാതി വരുമ്പോള്‍ അവര്‍ രണ്ട് കക്ഷികള്‍ക്കും നോട്ടീസ് കൊടുക്കുകയും എന്‍ക്വയറി നടത്തി തെളിവെല്ലാം എടുക്കുകയും ചെയ്യും. അതിന് ശേഷം വാദവും കേട്ടാണ് അന്തിമ തീരുമാനം എടുക്കുന്നത്. ആ തീരുമാനം പരിശോധിക്കാനുള്ള അധികാരം മുഖ്യമന്ത്രിയ്‌ക്കോ ഗവര്‍ണര്‍ക്കോ ചീഫ് സെക്രട്ടറിയ്‌ക്കോ നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണ്. പിന്നെ അവിടെ ലോകായുക്തയ്ക്ക് പ്രസക്തിയില്ല. 

മുന്‍ അനുഭവങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ഒരു സര്‍ക്കാരിനെ തന്നെ ഇല്ലാതാക്കാന്‍ ലോകായുക്തയ്ക്ക് കഴിയുമെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിനെ ന്യായീകരിക്കാന്‍ പറഞ്ഞത്. ഇത് ചില ഭരണഘടനാ പ്രശ്‌നങ്ങളുള്ള നിയമമാണ്. ആ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് അഡ്വ. ജനറല്‍ നിയമോപദേശം നല്‍കിയിരുന്നു. അതാണ് ഇപ്പോള്‍ നടപ്പിലാക്കുന്നതെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്. ലോകായുക്തയുടെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ പോലും കഴിയില്ല എന്ന് കോടിയേരിയും സര്‍ക്കാരും ആശങ്കപ്പെടുന്നു. എന്നാല്‍ അങ്ങിനെയൊരു സ്ഥിതിവിശേഷമല്ല ഉള്ളത്.

ലോകായുക്ത ഉത്തരവിനെതിരെ ഭരണഘടനാ 226-ാം അനുശ്ചേദപ്രകാരം ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കാന്‍ സാധിക്കും. മൗലിക അവകാശത്തിന്റെ ലംഘനം നടന്നിട്ടുണ്ടെങ്കില്‍ ഭരണഘടനാ 32-ാം അനുശ്ചേദപ്രകാരം സുപ്രീംകോടതിയില്‍ പോകാനും സാധിക്കും. അതില്‍ യാതൊരു നിയമ തടസ്സവുമില്ല. 

യഥാര്‍ത്ഥത്തില്‍ ജലീലിന്റെ കാര്യം വന്നപ്പോഴാണ് ലോകായുക്തയ്ക്ക് ഇത്ര ശക്തിയുണ്ടെന്ന് അധികാര കേന്ദ്രങ്ങള്‍ക്ക് മനസ്സിലാകുന്നത്. ബന്ധുനിയമന അഴിമതിയില്‍ ജലീലിന് രാജി വെയ്‌ക്കേണ്ടി വന്നത് ലോകായുക്തയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്. ആ ഉത്തരവ് റദ്ദാക്കാന്‍ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു, ഹൈക്കോടതി തള്ളി. സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതിയില്‍ നിന്ന് വിധി വരുന്നതിന് മുമ്പേ അപ്പീല്‍ പിന്‍വലിച്ച് ജലീല്‍ രാജിവെച്ചു. അന്ന് മുതലാണ് ലോകായുക്തയ്ക്ക് കടിഞ്ഞാണിടാനുള്ള ശ്രമം ആരംഭിച്ചത്. 

ഉന്നത അധികാരങ്ങളുള്ള ഒരു സംവിധാനമായിട്ടാണ് ലോകായുക്തയെ 1989ല്‍ നിയമിച്ചത്. ആ നിയമത്തിലെ വകുപ്പുകള്‍ ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തുമില്ലാത്തതും ഇപ്പോള്‍ വന്നിരിക്കുന്ന ലോക്പാല്‍ നിയമത്തേക്കാളും വളരെ വിപുലവും ഫലപ്രദവുമായിരുന്നു. അതിലെ വ്യവസ്ഥകള്‍ ശരിയായിട്ട് നടന്നാല്‍ അഴിമതി തന്നെ തുടച്ചുനീക്കപ്പെടും. അങ്ങിനെയൊരു നിയമത്തിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കാനാണ് സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവരുന്നത്. പ്രധാനമായും പതിനാലാമത്തെ വകുപ്പില്‍. അഴിമതിയെക്കുറിച്ചോ കെടുകാര്യസ്ഥതയെ കുറിച്ചോ സ്വജനപക്ഷപാതത്തെക്കുറിച്ചോ ഉന്നയിച്ച പരാതി തെളിയുകയാണെങ്കില്‍ ആ കുറ്റകൃത്യങ്ങള്‍ ചെയ്ത മന്ത്രിമാരെയോ ഉദ്യോഗസ്ഥരെയോ മുഖ്യമന്ത്രിയെ തന്നെയോ തല്‍സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് കാണിച്ച് ഒരു ഡിക്ലയറേഷന്‍ കൊടുക്കാന്‍ പതിനാലാം വകുപ്പ് ലോകായുക്തയ്ക്ക് അധികാരം കൊടുക്കുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനങ്ങളില്‍ ഇരിക്കുന്നവരും പൊതുമേഖലയില്‍ തൊഴിലെടുക്കുന്ന ഉദ്യോഗസ്ഥരുമെല്ലാം ഈ നിയമത്തിന്റെ പരിധിയ്ക്കുള്ളില്‍ വരും. അതുകൊണ്ട് രാഷ്രീയ പാര്‍ട്ടികള്‍ക്ക് പോലും ഈ നിയമത്തോട് വലിയ പ്രതിപത്തിയില്ല.  

2011ല്‍ കര്‍ണാട മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് രാജി വെച്ച് പോകേണ്ടി വന്നത് കര്‍ണാടകത്തിലെ അന്നത്തെ ലോകായുക്ത ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. അന്ന് ഖനികളെക്കുറിച്ച് ഹെഗ്‌ഡെ നടത്തിയ റിപ്പോര്‍ട്ട് തെക്കേ ഇന്ത്യയില്‍ ആദ്യമായി അധികാരത്തില്‍ വന്ന ബിജെപിയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. ലോകായുക്തയുടെ നടപടിയ്ക്ക് പിന്നാലെ മുഖ്യമന്ത്രിയ്ക്ക് രാജി വെയ്‌ക്കേണ്ടി വന്നു. അങ്ങിനെ ലോകായുക്ത മന്ത്രിമാരെ പുറത്താക്കിയിട്ടുണ്ട്, മുഖ്യമന്ത്രിയ്ക്ക് സ്ഥാനം ഒഴിയേണ്ടി വന്നിട്ടുണ്ട്. അഴിമതിക്കഥകള്‍ പുറത്തു കൊണ്ടുവന്നിട്ടുമുണ്ട്.  അന്ന് സന്തോഷ് ഹെഗ്‌ഡെയുടെ വെളിപ്പെടുത്തലുകളെ സന്തോഷത്തോടെ സ്വാഗതം ചെയ്തവരാണ് ഇപ്പോള്‍ കേരളത്തില്‍ ലോകായുക്തയുടെ കൈപിടിച്ചുകെട്ടാന്‍ പോകുന്നത്. 

യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിനെ താഴെ ഇറക്കാനുള്ളതല്ല ഈ സംവിധാനം. അഴിമതി ആരോപണങ്ങള്‍ അന്വേഷിച്ച് അത് ശരിയാണെന്ന് ലോകായുക്ത പ്രഖ്യാപിക്കുമ്പോള്‍ സര്‍ക്കാരിന് സ്വാഭാവികമായും താഴെ ഇറങ്ങേണ്ടി വരുന്നതാണ്. അങ്ങിനെ ആരോപണങ്ങള്‍ ഉണ്ടാകാതെ നോക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അഴിമതിയോ സ്വജനപക്ഷപാതമോ കാണിക്കുന്നില്ലായെങ്കില്‍ ഒരാള്‍ക്കും ലോകായുക്തയെ പേടിക്കേണ്ടതില്ല.   

ലോകായുക്ത ഒരു അര്‍ദ്ധ ജുഡീഷ്യല്‍ സംവിധാനമാണ്. അവിടെ എടുക്കുന്ന ഒരു തീരുമാനത്തിന് മുകളില്‍ എക്‌സിക്യൂട്ടീവിന്റെ അധികാരം വരുന്നത് ഭരണഘടനാപരമായ അധികാരവിവേജനത്തിന് എതിരാണ്. ജുഡീഷ്യല്‍ സംവിധാനത്തിന്റെ സ്വാതന്ത്ര്യത്തിന് മേലുള്ള എക്‌സിക്യൂട്ടീവ് സംവിധാനത്തിന്റെ കടന്നുകയറ്റമായിപ്പോകും അത്. 

അഴിമതി രഹിതമായ കേരളം എന്ന വാഗ്ദാനവുമായി അധികാരത്തില്‍ വന്ന സര്‍ക്കാരാണ് അഴിമതിയില്ലാതാക്കാന്‍ പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനത്തിന്റെ പല്ലും നഖവും കൊഴിക്കാനായി ഒരുങ്ങുന്നത്. മുഖ്യമന്ത്രിയായാലും മന്ത്രിമാരായാലും ഐഎഎസ് ഉദ്യോഗസ്ഥരായാലും അവര്‍ ഒരു പരിശോധനയ്ക്ക് വിധേയരാകാനും തല്‍സ്ഥാനത്ത് തുടരാനുള്ള യോഗ്യതയില്ലായെന്ന് തെളിയുമ്പോള്‍ സ്ഥാനം ഒഴിയാനുമുള്ള വ്യവസ്ഥയ്ക്കാണ് കടിഞ്ഞാണിടുന്നത്. ഇത് ഭരണഘടനയ്‌ക്കോ നീതിയ്‌ക്കോ നിരക്കുന്നതല്ല. 'അഴിമതിയ്‌ക്കെതിരായ രാഷ്ട്രീയ ഇച്ഛാശക്തി' എന്ന ലേഖനമെഴുതിയ പിണറായി വിജയന്റെ ഇച്ഛാശക്തി ചോര്‍ന്നുപോയോ? അന്ന് ആ ലേഖനത്തില്‍ മുഖ്യമന്ത്രി എഴുതിയിരുന്ന വാചകങ്ങള്‍ ഉണ്ട്... ''ഓംബുഡ്‌സ്മാനെക്കുറിച്ച് സാധാരണ പറയാറുള്ളത് കുരയ്ക്കാന്‍ മാത്രം കഴിയുന്ന എന്നാല്‍ കടിക്കാന്‍ കഴിയാത്ത ഒരു കാവല്‍ നായയാണെന്നാണ്. ഓംബുഡ്‌സ്മാന്റെ കേരള പതിപ്പായ ലോകായുക്തയ്ക്ക് വിപുലമായ അധികാരങ്ങള്‍ നിയമപരമായി നല്‍കിയിരിക്കുന്നു. ആവശ്യമെന്ന് കണ്ടാല്‍ കടിക്കാനും കഴിയുന്ന ഒരു സംവിധാനമാണ് നമ്മുടെ ലോകായുക്ത'' എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാചകങ്ങള്‍. കെടി ജലീലിനെ ലോകായുക്ത കടിയ്ക്കുന്നതിന് മുമ്പാണ് മുഖ്യമന്ത്രി ഇതെഴുതിയത്. ഇപ്പോള്‍ തന്റെ നേര്‍ക്കും കടി വരുമെന്ന് കണ്ടപ്പോള്‍ ആ നിയമം തന്നെ ഭേദഗതി ചെയ്യുകയാണ്. ഇതാണ് പിണറായി വിജയന്റെ കേരള മാതൃക.