• 22 Sep 2023
  • 03: 21 AM
Latest News arrow

ഈ ചോദ്യം ചെയ്യല്‍ വെറും നാടകം മാത്രമാകുമോ?

പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസവും പിന്നിട്ടു. ചില വെളിപ്പെടുത്തലുകള്‍ക്കപ്പുറം വ്യക്തമായ തെളിവുകള്‍ ഈ ചോദ്യം ചെയ്യലിലൂടെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിയുമോ എന്നാണ് അറിയാനുള്ളത്. 

ദിലീപിനെ ന്യായീകരിക്കുന്നവര്‍ ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത് ബാലചന്ദ്രകുമാര്‍ പറയുന്നത് കള്ളമാണ്, കെട്ടിച്ചമച്ചതാണ് എന്നൊക്കെയായിരുന്നു. തനിക്ക് ആ സിനിമയില്‍ പോക്കറ്റടിക്കാരനായി അഭിനയിക്കാന്‍ താല്‍പ്പര്യമില്ലെന്നും അത് തന്റെ പ്രതിച്ഛായയെ ബാധിക്കും അതുകൊണ്ട് താനായിട്ട് പിന്‍മാറിയെന്നുമായിരുന്നു ദിലീപിന്റെ വാദം. അതില്‍ അരിശം പൂണ്ട ബാലചന്ദ്രകുമാര്‍ തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം കള്ളക്കഥകള്‍ കെട്ടിച്ചമച്ചതെന്നും ദിലീപും കൂട്ടരും ന്യായീകരിച്ചു. എന്നാല്‍ ബാലചന്ദ്രകുമാര്‍ തന്നെയാണ് സിനിമ വേണ്ടെന്ന് വെച്ചതെന്ന് സംവിധായകന്‍ റാഫി പൊലീസിനോടും മാധ്യമങ്ങളോടും വെളിപ്പെടുത്തിയിരിക്കുന്നു. അതായത് ദിലീപ് അല്ല, ബാലചന്ദ്രകുമാര്‍ പറഞ്ഞതാണ് സത്യമെന്ന് റാഫി അടിവരയിട്ട് ഉറപ്പിച്ചു. 

പിക്‌പോക്കറ്റ് എന്ന സിനിമയില്‍ നിന്ന് ആരാണ് ആദ്യം പിന്‍മാറിയത്, പിന്‍മാറാനുള്ള കാരണമെന്താണ് എന്നതാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. അക്കാര്യം കണ്ടെത്താന്‍ മാത്രമേ റാഫിയുടെയോ മറ്റ് ആരുടെയെങ്കിലുമോ മൊഴി ഉപകരിക്കൂ. അല്ലാതെ കേസിന്റെ മെറിറ്റില്‍ അതിന് വലിയ പ്രാധാന്യമില്ല. ബാലചന്ദ്രകുമാര്‍ പറയുന്നതിലെ മറ്റൊരു മറ്റൊരു വസ്തുതയാണ് ഇവിടെ പരിഗണിക്കേണ്ടത്. നടിയെ പീഡിപ്പിക്കുന്നതിന്റെ എട്ട് ക്ലിപ്പുകള്‍ ദിലീപ് പതിനഞ്ച് മിനിറ്റോളം കണ്ടുവെന്നും കമന്റ് പാസാക്കിയെന്നും ആ ക്ലിപ്പുകള്‍ കാണാന്‍ തന്നെ ക്ഷണിച്ചുവെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. റാഫിയുടെയോ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ മാനേജരുടെയോ പ്രസ്താവനയ്ക്ക് അപ്പുറം ഇതിലാണ് ശ്രദ്ധ കൊടുക്കേണ്ടത്. 

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ മേല്‍ കുറ്റം ചുമത്തമണമെന്നുണ്ടെങ്കില്‍ ഗുരുതരമായിട്ടുള്ള മൂന്ന് ആരോപണങ്ങള്‍ക്കുള്ള തെളിവുണ്ടാകണം. ഒന്ന് നടിയെ ആക്രമിക്കാനായിട്ട് ആളെ ചുമതലപ്പെടുത്തി അയക്കുന്നു. രണ്ട്, പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആവശ്യപ്പെടുന്നു. മൂന്ന്, അത് തിരികെ കൊണ്ടുവന്നതിന് ശേഷം ഭാരിച്ച ഒരു തുക കൊടുക്കുന്നു. ഈ മൂന്നില്‍ ഒന്നെങ്കിലും അസന്നിഗ്ധമായി തെളിയിക്കപ്പെടേണ്ടതുണ്ട്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെല്ലാം തന്നെ ഏതെങ്കിലും തരത്തില്‍ നേരിട്ട് ഈ കേസുമായി ബന്ധപ്പെടുത്താവുന്ന കാര്യങ്ങളല്ല. 

ആദ്യത്തെ കേസുമായി ഈ കേസിനെ ബന്ധിപ്പിക്കണമെന്നുണ്ടെങ്കില്‍ നടിയെ ആക്രമിച്ചതിന് ശേഷം ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങള്‍ ദിലീപും അദ്ദേഹത്തിന്റെ സംഘത്തിലുള്ള ആള്‍ക്കാരും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും എല്ലാവരും കൂടി ഇരുന്ന് കണ്ടു എന്ന് പറയുന്ന കാര്യം പരിഗണിക്കണം. അത് ഒരു ടാബിലാണെന്ന് പറയുന്നു. ആ ടാബ് ബാലചന്ദ്രകുമാര്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ കയ്യില്‍ കൊടുത്തുവെന്ന് പറയുന്നുണ്ട്. അത് കൃത്യമായി പുറത്ത് വന്ന് ബാലചന്ദ്രകുമാറിന്റെ പ്രസ്താവനയുമായി ചേര്‍ന്ന് നില്‍ക്കണം. അങ്ങിനെ വന്നാല്‍ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തലുകളെല്ലാം തന്നെ ആദ്യത്തെ കേസുമായി ബന്ധപ്പെടുത്താവുന്നതാണ്. അതല്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന ഒരു പ്രത്യേക കേസായി മാത്രം ഇത് ഒതുങ്ങും. 

പൊലീസിന്റെ പക്കല്‍ ദിലീപിനെതിരെ നിര്‍ണായകമായ തെളിവുകളുണ്ടെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിന്റെ വീട്ടില്‍ നിന്ന് ചില പണമിടപാടിന്റെ രേഖകളും ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകളും മറ്റു രേഖകളുമെല്ലാം പൊലീസ് എടുത്തപ്പോള്‍ നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ കൂറ് മാറ്റിയതിന്റെ വളരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പലരും വെളിപ്പെടുത്തുന്നുണ്ട്. ദിലീപ് ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം ചെയ്ത ഒരു സിനിമയാണ് മൈ സാന്റ. മൈ സാന്റയുടെ സംവിധായകന്‍ അഭിനേതാക്കളുടെ ഒരു പട്ടിക ദിലീപിനെ കാണിച്ചപ്പോള്‍ അയാള്‍ അതിലെ ചില അഭിനേതാക്കളുടെ പേര് വെട്ടിയ ശേഷം കേസില്‍ കൂറ് മാറിയ നാല് പേരെ ഉള്‍പ്പെടുത്തുകയുണ്ടായി. അവര്‍ക്ക് പ്രതിഫലം കൂട്ടിക്കൊടുക്കാന്‍ ആവശ്യപ്പെട്ടു. അതിന്റെ പേരില്‍ നിര്‍മ്മാതാക്കളുമായി വാക്ക് തര്‍ക്കമുണ്ടായി. ആ സിനിമ പരാജയപ്പെട്ടപ്പോള്‍ ദിലീപിന് കൊടുക്കാനുള്ള മൂന്നരക്കോടി രൂപ നിര്‍മ്മാതാക്കള്‍ കൈമാറിയത് ഡല്‍ഹിയില്‍ വെച്ചാണ്. ഇതുപോലെ നിരവധി പണമിടപാടുകള്‍ നടന്നതായി സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ വെളിപ്പെടുത്തുന്നു. ഇരുപതോളം സാക്ഷികളെ ഇത്തരത്തില്‍ കൂറ് മാറ്റിയിട്ടുണ്ട്. അതിന്റെ രേഖകളും ബാങ്ക് സ്‌റ്റേറ്റുമെന്റുകളുമൊക്കെ പൊലീസിന്റെ കയ്യിലുണ്ടെന്നാണ് വ്യക്തമാകുന്നത്. 

നടിയെ ആക്രമിച്ച കേസിലെ ഒറിജിനല്‍ ദൃശ്യങ്ങളും പൊലീസിന്റെ പക്കലുണ്ട്. ദിലീപിന്റെയും ദിലീപിന്റെ അനുജന്റെയും സഹോദരി ഭര്‍ത്താവിന്റെയും ശരത്തിന്റെയുമൊക്കെ വീട്ടില്‍ ഒരോ സമയം റെയ്ഡ് നടന്നിരുന്നു. ദിലീപിന്റെ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍ എന്ന കമ്പനിയിലും റെയ്ഡ് നടന്നു. അവിടെ നിന്നും ഹാര്‍ഡ് ഡിസ്‌ക്കുകളും ടാബുകളും പെന്‍ഡ്രൈവുകളും എല്ലാം പൊലീസ് കൊണ്ടുപോയിരുന്നു. ഇതെല്ലാം പൊലീസ് കൊണ്ടുപോയതിന്റെ അതേ ദിവസം വൈകുന്നേരം ദിലീപ് ഹൈക്കോടതിയില്‍ ഒരു ഹര്‍ജി കൊടുത്തു. ഈ പെണ്‍കുട്ടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ ബൈജു പൗലോസിന്റെ പക്കലുണ്ടെന്നും അദ്ദേഹത്തിന്റെ കയ്യില്‍ ഇരുന്നാല്‍ അത് ദുരുപയോഗപ്പെടാമെന്നും അല്ലെങ്കില്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാനായി അവ ഉപയോഗിക്കാം എന്നായിരുന്നു ദിലീപ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.  

കേസന്വേഷണം ആദ്യത്തെ കുറ്റപത്രത്തിന് അപ്പുറത്തേയ്ക്ക് നീങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. പുതിയ വെളിപ്പെടുത്തലുകളുണ്ടാകുന്നു, പുതിയ സാമ്പത്തിക ഇടപാടുകളും സംഭാഷണങ്ങളും പുതിയ തെളിവുകളുമെല്ലാം പുറത്ത് വരുന്നു. നഷ്ടപ്പെട്ടുപോയെന്ന് പൊലീസ് കരുതിയ ചില ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് ദൃശ്യങ്ങള്‍ വീണ്ടെടുക്കുന്നു. അങ്ങിനെ ഈ കേസ് പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. 

അതിനിടയില്‍ പള്‍സര്‍ സുനിയെ നിഷ്‌കളങ്കനാക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. പണത്തിന് വേണ്ടി രാത്രിയില്‍ ഒരു സ്ത്രീയെ നടുറോഡില്‍ വണ്ടിയിലിട്ട് ആക്രമിച്ച ആളെയാണ് ശുദ്ധനാക്കാന്‍ ശ്രമം നടക്കുന്നത്. ഈ പ്രവര്‍ത്തി ചെയ്തയാള്‍ നീചന്‍ തന്നെയാണ്. പ്രവര്‍ത്തി ചെയ്യിപ്പിച്ചയാള്‍ അതിനീചനും. അയാളാണ് നല്ല പിള്ള ചമയാന്‍ വരുന്നത്. നടിയോട് വിരോധമില്ല, ചെയ്ത് പോയതാണ് എന്നൊക്കെ പറയുന്നു. ബലാത്സംഗത്തിന് ക്വട്ടേഷന്‍ എടുത്ത അധമന്‍ ന്യായീകരിച്ച് പുറത്തുവരുന്ന കാഴ്ചകളും ജനം കാണുകയാണ്. 

പള്‍സര്‍ സുനി ഭൂലോക ഫ്രോഡാണെന്നാണ് സിനിമാ ലോകത്തുള്ളവര്‍ തന്നെ പറയുന്നത്. ഇയാള്‍ മുകേഷിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റും ഡ്രൈവറുമായിരുന്നു കുറേക്കാലം. മുകേഷാണ് ദിലീപിന് പരിചയപ്പെടുത്തിക്കൊടുക്കുന്നത്. അന്ന് മുതല്‍ ക്രിമിനല്‍ പ്രവര്‍ത്തികളെല്ലാം ചെയ്തുകൊണ്ടിരിക്കുന്നയാളാണ് പള്‍സര്‍ സുനി. മാക്ട-ഫെഫ്ക സംഘര്‍ഷങ്ങളെല്ലാം കൊച്ചിയില്‍ ഉണ്ടായപ്പോള്‍ ഗുണ്ടയായിട്ട് ഇറക്കിയിരുന്നവരില്‍ ഒരാള്‍ പള്‍സര്‍ സുനിയാണ്. ദിലീപിന്റെ മാനേജരായ അപ്പുണ്ണിയും ഗുണ്ടയാണെന്നാണ് ആരോപണം. ഒരു ഗുണ്ട മാനേജര്‍, ഒരു ഗുണ്ട ഡ്രൈവര്‍. പത്ത് വര്‍ഷത്തിന് മുകളില്‍ ദിലീപുമായി ബന്ധപ്പെട്ട് നില്‍ക്കുന്നയാളാണ് പള്‍സര്‍ സുനി. ദിലീപിന്റെ സന്തത സഹചാരിയായിരുന്നു. അയാളാണ് ഇപ്പോള്‍ അമ്മയെ ഇറക്കി നല്ല പിള്ള ചമയാന്‍ വരുന്നത്. മകന് വധഭീഷണിയുണ്ട് മനോവിഷമവും ഹൃദയ വേദനയുമുണ്ട് എന്നൊക്കെ അമ്മ പറയുന്നു. ഉണ്ടാകണമല്ലോ, അയാള്‍ ചെയ്ത നീചകൃത്യത്തിന്റെ ഫലം അയാള്‍ അനുഭവിച്ചല്ലേ മതിയാകൂ. 

അന്വേഷണം ഒരു പ്രധാനപ്പെട്ട ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നതിലടക്കം പൊലീസ് ജാഗ്രത പുലര്‍ത്തേണ്ടതാണ്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടാകാന്‍ പാടില്ല. പൊലീസില്‍ തന്നെ ഉയര്‍ന്ന ഇന്റഗ്രിറ്റിയും വൈദഗ്ധ്യവും ഉള്ള എത്രയോ ഉദ്യോഗസ്ഥരുണ്ട്. അവരെയെല്ലാം മൂലയ്ക്ക് മാറ്റിയിരുത്തിയിരിക്കുകയാണ്. സാങ്കേതിക പരിജ്ഞാനം വലിയ രീതിയില്‍ ആവശ്യമുള്ള കേസില്‍ സാങ്കേതിക വിദഗ്ധരായ പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തുന്നത് ശരിയല്ല.

അറിഞ്ഞതിനേക്കാള്‍ അറിയാനുള്ള കാര്യങ്ങളാണ് ഈ കേസിലുള്ളത്. ഓരോ ദിവസവും പുതിയ പുതിയ അറിവുകളാണ്. ഒരുപാട് ദുരൂഹതകള്‍ ഒളിപ്പിച്ചുവെച്ച ഒരു കേസായി ഇത് മാറുകയാണ്. 2017ല്‍ ഉണ്ടായ ഒരു കേസ്, ആ കേസില്‍ ആരൊക്കെയാണോ പ്രതിസ്ഥാനത്തുണ്ടായിരുന്നത് അവരെല്ലാവരും തന്നെ അന്വേഷണത്തിന്റെ ആദ്യ ആഴ്ചകളില്‍ തന്നെ പിടിക്കപ്പെട്ടിട്ടുണ്ട്. അവരുടെ പങ്കും സംശയാതീതമായി തെളിയിക്കപ്പെട്ടതാണ്. എന്നിട്ടും ഈ കേസിന്റെ അന്വേഷണവും മറ്റ് നടപടികളും അഞ്ചാം വര്‍ഷത്തിലേക്ക് നീണ്ടിരിക്കുന്നു. അന്തിമവിധി അടുത്ത മാസം ഉണ്ടാകണമെന്ന് പറയുന്ന അവസരത്തില്‍ പോലും തുടരന്വേഷണത്തിനുള്ള സാധ്യത തുറന്നിരിക്കുന്നു. സാക്ഷികളുടെ കൂറുമാറ്റവും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കുന്നതിന് വേണ്ടിയിട്ടുള്ള ഗൂഢാലോചന ഉണ്ടായി എന്ന രീതിയിലുള്ള വെളിപ്പെടുത്തലുകള്‍ വരികയും ചെയ്യുന്നു. മുമ്പ് ഈ കേസിനുള്ള ഒരു മാനമല്ല ഇന്ന് ഈ കേസിന് വന്നിരിക്കുന്നത്.  

ഒരു വശത്ത് വിചാരണക്കോടതി ആവശ്യപ്പെടാതെ വിചാരണ നീട്ടാനാകില്ലെന്ന് സുപ്രീംകോടതി പറയുന്നു. മറുവശത്ത് പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ക്രൈം ബ്രാഞ്ചിന്റെ ചോദ്യംചെയ്യല്‍ തുടരുന്നു. ഇപ്പോള്‍ വെളിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ കാര്യങ്ങളിലേക്ക് അന്വേഷണം പോവുകയാണോ അതോ ഈ ചോദ്യം ചെയ്യല്‍ കൊണ്ട് എല്ലാം അവസാനിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. 

RECOMMENDED FOR YOU
Editors Choice