നികുതി കുറയ്ക്കണം, വ്യാപാരം സുതാര്യമാക്കണം

സ്വര്‍ണത്തിന്റെ ഉയര്‍ന്ന ഇറക്കുമതി തീരുവയാണ് കള്ളക്കടത്ത് വര്‍ധിച്ചുവരുന്നതിന് പ്രധാന കാരണമെന്ന് സാമ്പത്തിക വിദഗ്ധരും നയരൂപീകരണം നടത്തുന്നവരും നിയമനിര്‍മാതാക്കളുമെല്ലാം ഇപ്പോള്‍ സമ്മതിക്കുന്നുണ്ട്. സ്വര്‍ണം ഇറക്കുമതി ചെയ്യുമ്പോള്‍ 7.5 ശതമാനം കസ്റ്റംസ് ഡ്യൂട്ടിയടക്കം 10.75 ശതമാനമാണ് നികുതി. അതുകാരണം നികുതി വെട്ടിച്ച് സര്‍ണം കൊണ്ടുവരുന്നവര്‍ക്ക് കനത്ത ലാഭമാണ്. നികുതി കുറയുമ്പോള്‍ കള്ളക്കടത്ത് അനാകര്‍ഷകമാകും. കള്ളക്കടത്ത് താനേ ഇല്ലാതാകും. ഇറക്കുമതി തീരുവ നാലു ശതമാനമെങ്കിലുമായി കുറയ്ക്കണം എന്ന ആവശ്യം പൊതുവെ ഉയര്‍ന്നിട്ടുണ്ട്. അടുത്ത ബജറ്റില്‍ ധനമന്ത്രി ഇക്കാര്യം പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറക്കുതി തീരുവ നാലുശതമാനമാക്കുന്നതോടൊപ്പം, സ്വര്‍ണത്തിന് മേലുള്ള സെസ്സുകള്‍ ഒഴിവാക്കുകയും വേണം. പരമാവധി നാലുശതമാനം നികുതിയേ പാടുള്ളു.
ലാഭം കാരണം ആളുകള്‍ കൂടുതലായി കള്ളക്കടത്തിന് തയാറാകുന്ന സാഹചര്യത്തില്‍ പരിശോധന നടത്തി പിടിച്ചെടുക്കുക എന്നത് അത്ര പ്രായോഗികമല്ല. പിടിക്കപ്പെടുന്നതിലും എത്രയോ കൂടുതല്‍ കള്ളക്കടത്തായി സ്വര്‍ണം ഇന്ത്യയില്‍ എത്തുന്നുണ്ട്. യുഎസ്എ, ചൈന, യുകെ, സിംഗപ്പൂര്‍, മലേഷ്യ, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങി മിക്ക രാജ്യങ്ങളിലും സ്വര്‍ണം ഇറക്കുമതിക്ക് നികുതിയില്ല എന്നതു കൂടി കണക്കിലെടുക്കണം. കള്ളക്കടത്ത് ഒഴിവാക്കാനും അതതു രാജ്യങ്ങളില്‍ ആഭ്യന്തര വിപണി ശക്തിപ്പെടുത്താനുമാണ് ഈ രാജ്യങ്ങള്‍ ഇറക്കുതി തീരുവ ഒഴിവാക്കിയതെന്ന് മനസ്സിലാക്കാവുന്നതാണ്.
ഇറക്കുമതി തീരുവ ഗണ്യമായി കുറയ്ക്കുക, എച്ച് യു ഐ ഡി നിര്‍ബന്ധമാക്കുക, വ്യാപാരം സുതാര്യമാണെന്ന് ഉറപ്പുവരുത്തുക, ജിഎസ്ടി നിരക്ക് കുറയ്ക്കുകയും നികുതി കര്‍ശനമായി പിരിച്ചെടുക്കയും ചെയ്യുക എന്നീ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചാല്‍ ഇന്ത്യയില്‍ ജ്വല്ലറി മേഖലയില്‍ വലിയ മാറ്റമുണ്ടാകും. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. സര്‍ക്കാരിന്റെ വരുമാനം വര്‍ധിക്കും. കയറ്റുമതി വര്‍ധിക്കുകയും അതിലൂടെ കൂടുതല്‍ വിദേശ നാണ്യം ലഭിക്കുകയും ചെയ്യും.
ജനങ്ങള്‍ക്ക് വലിയ തോതില്‍ തൊഴിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വലിയ വരുമാനവും നല്‍കുന്ന ജ്വല്ലറി മേഖല നേരിടുന്ന മറ്റൊരു ഗൗരവമായ പ്രശ്നം അനധികൃത വ്യാപാരത്തിന്റേതാണ്. 70-80 ശതമാനം സ്വര്‍ണാഭരണ വില്‍പ്പനയും നടക്കുന്നത് അനധികൃതമായാണെന്ന് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അതായത് വില്‍പ്പനയ്ക്ക് ബില്‍ നല്‍കാതെ, ജിഎസ്ടി പിരിയ്ക്കാതെ നടത്തുന്ന കച്ചവടം. ഇപ്പോള്‍ 3 ശതമാനമാണ് ജിഎസ്ടി. ഇതില്‍ നിന്നുള്ള വരുമാനം കേന്ദ്രവും സംസ്ഥാനവും തുല്യമായി പങ്കുവയ്ക്കുകയാണ്. ജിഎസ്ടി വ്യാപകമായി വെട്ടിയ്ക്കുന്നതുകൊണ്ട് വലിയ വരുമാന നഷ്ടമാണ് സര്‍ക്കാരുകള്‍ക്കുണ്ടാകുന്നത്. ഇത് സര്‍ക്കാര്‍ വിചാരിച്ചാല്‍ നിഷ്പ്രയാസം അവസാനിപ്പിക്കാന്‍ കഴിയും.
ഒന്നാമതായി, ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ആഭരണത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള എച്ച് യു ഐ ഡി മാര്‍ക്ക് പൂര്‍ണമായും കര്‍ശനമായും നടപ്പാക്കണം. ഇതുവരുമ്പോള്‍ വ്യാപാരം പൂര്‍ണമായും സുതാര്യമാകും. നികുതി വെട്ടിപ്പ് അവസാനിക്കും. സ്വര്‍ണം വാങ്ങുന്നവരുടെ താല്‍പ്പര്യം സംരക്ഷിക്കപ്പെടും. ബില്‍ ഇല്ലാതെ സ്വര്‍ണം വാങ്ങിയാല്‍ ഭാവിയില്‍ പലവിധ പ്രശ്നങ്ങളും ഉണ്ടാകാമെന്ന് ഉപഭോക്താക്കളെ ബോധ്യപ്പെടുത്താന്‍ ബോധവല്‍ക്കരണ പരിപാടികളും സര്‍ക്കാര്‍ തലത്തില്‍ വേണം. ഇതോടൊപ്പം, ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് വ്യാപാരം സര്‍ക്കാര്‍ നിരീക്ഷിക്കുകയും ജിഎസ്ടി പരിശോധന കര്‍ശനമാക്കുകയും വേണം. നികുതി വിധേയമായും സുതാര്യമായും വ്യാപാരം നടത്തുന്നവര്‍ പ്രയാസം നേരിടേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനും ഇതാവശ്യമാണ്.