• 22 Sep 2023
  • 04: 29 AM
Latest News arrow

എസ്എന്‍ഡിപിയില്‍ ജനാധിപത്യം; നടേശ ഗുരുവിനു ഇനി പടിയിറക്കമോ?

എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പില്‍ പ്രാതിനിധ്യ വോട്ട് റദ്ദാക്കിയ കേരള ഹൈക്കോടതി വിധി ആ സംഘടനയില്‍ ജനാധിപത്യം പുലരാന്‍ ഇടയാക്കുമെന്നാണ് പൊതുവില്‍ പ്രതീക്ഷിക്കപ്പെടുന്നത്. കാല്‍ നൂറ്റാണ്ടായി യോഗത്തെ പോക്കറ്റ് സംഘടനയായി കൊണ്ടു നടന്ന വെള്ളാപ്പള്ളി നടേശന്റെ പടിയിറക്കത്തിനു ഒരു പക്ഷേ അത് കാരണമായേക്കാം. ഓരോ തെരഞ്ഞെടുപ്പിലും നടേശന്‍ അനായാസം ജയിച്ചു കയറുന്നതു തീര്‍ത്തും ജനാധിപത്യ വിരുദ്ധമായ വോട്ടിങ് സമ്പ്രദായം എസ്എന്‍ഡിപിയില്‍ ഉള്ളതു കൊണ്ടാണ്. ഇരുനൂറു അംഗങ്ങള്‍ക്ക് ഒരു വോട്ട് എന്നതാണ് യോഗം തെരഞ്ഞെടുപ്പിലെ വോട്ടിങ് രീതി. ഇരുനൂറു പേരെ പ്രതിനിധീകരിച്ചു വോട്ടു ചെയ്യുന്നവര്‍ നടേശന്റെ സ്വന്തം ആളുകള്‍ ആയതിനാല്‍ അദ്ദേഹം വിജയശ്രീലാളിതന്‍ ആകുന്നു. 

1903 ല്‍ കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘടനയാണ് ശ്രീനാരായണ ധര്‍മ പരിപാലന യോഗം. ശ്രീനാരായണ ഗുരുദേവന്‍ ആയിരുന്നു ആദ്യ അധ്യക്ഷന്‍. മഹാകവി കുമാരനാശാന്‍ ആദ്യ സെക്രട്ടറിയും. കുമാരനാശാന്‍ അയച്ച ക്ഷണക്കത്തിന്റെ അടിസ്ഥാനത്തില്‍ 1902 ഡിസംബറില്‍ തിരുവനന്തപുരത്തെ കമലാലയം ബംഗ്ലാവില്‍ യോഗം ചേര്‍ന്ന ഈഴവ പ്രമാണിമാരാണ് എസ്എന്‍ഡിപിക്ക് തുടക്കമിട്ടത്. പ്രഥമ സെക്രട്ടറിയായി ഗുരുവിന്റെ അഭീഷ്ടപ്രകാരമാണ് കുമാരനാശാനെ തെരഞ്ഞെടുത്തത്. 16 വര്‍ഷക്കാലം ആശാന്‍ ആയിരുന്നു സെക്രട്ടറി. ഈ സ്ഥാനത്തിരുന്നു കേരളത്തിലെ പിന്നാക്ക സമുദായങ്ങളുടെ പുരോഗമനത്തിനു അദ്ദേഹം നിസ്തുലമായ പങ്കു വഹിച്ചു. 1907 ല്‍ തിരുവിതാംകൂര്‍ നിയമനിര്‍മാണ സഭയില്‍ ഈഴവര്‍ക്ക് പ്രാതിനിധ്യം ലഭിച്ചത് ആശാന്റെ പ്രയത്‌നം കൊണ്ടാണ്. കുമാരനാശാന് ശേഷം എന്‍ കുമാരന്‍, ടി കെ മാധവന്‍, പി പല്‍പ്പു, സി കേശവന്‍, ആര്‍ ശങ്കര്‍, എംകെ രാഘവന്‍ തുടങ്ങിയ പ്രഗത്ഭരായ വ്യക്തികള്‍ യോഗം സെക്രട്ടറിമാരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആര്‍ ശങ്കറിന്റെ കാലത്താണ് 1947ല്‍ കൊല്ലത്തു ശ്രീനാരായണ കോളജ് സ്ഥാപിച്ചു വിദ്യാഭ്യാസ രംഗത്തേക്ക് എസ്എന്‍ഡിപി പ്രവേശിച്ചത്. നാടിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണം പിന്നീട് 1952 ല്‍ എസ്എന്‍ ട്രസ്റ്റ് സ്ഥാപിച്ചു അതിന്റെ കീഴിലാക്കി. വിദ്യ കൊണ്ട് പ്രബുദ്ധരാകാനും സംഘടന കൊണ്ട് ശക്തരാകാനും വ്യവസായം കൊണ്ട് അഭിവൃദ്ധിപ്പെടാനുമാണ് എസ്എന്‍ഡിപി യോഗം ആദ്യ കാലത്തു മാര്‍ഗനിര്‍ദേശകമായത്. 

1996 ല്‍ വെള്ളാപ്പള്ളി നടേശന്‍ യോഗം ജനറല്‍ സെക്രട്ടറി ആകുമ്പോള്‍ സംഘടന കടുത്ത പ്രതിസന്ധിയിലായിരുന്നു. രാഷ്ട്രീയാധികാരത്തിനു വേണ്ടി എന്‍എസ്എസ് 1975 ല്‍ രൂപം നല്‍കിയ എന്‍ഡിപി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ചുവട് പിടിച്ചു എസ്ആര്‍പി (സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി) ഉണ്ടാക്കി തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും രണ്ടു സീറ്റ് നേടി 1982 ലെ യുഡിഎഫ് മന്ത്രിസഭയില്‍ എക്‌സൈസ് മന്ത്രി സ്ഥാനം ലഭിക്കുകയും ചെയ്തു. മദ്യം വിഷമാണെന്ന് പറഞ്ഞ ഗുരുവിന്റെ അനുയായികള്‍ക്ക് അതിനൊക്കെ മുന്‍പേ തന്നെ മദ്യം ഒട്ടും വിഷമം അല്ലാത്ത ഒന്നായി  മാറിക്കഴിഞ്ഞിരുന്നു. എന്‍എസ്എസ് ഉണ്ടാക്കിയ എന്‍ഡിപിക്കൊപ്പം എസ്എന്‍ഡിപിയുടെ എസ്ആര്‍പിയും കേരള രാഷ്ട്രീയത്തില്‍ വളരെ പെട്ടെന്നു തന്നെ അസ്തമയം കണ്ടു. ഇങ്ങനെയൊരു സന്ദിഗ്ദ്ധ ഘട്ടത്തിലാണ് വെള്ളാപ്പള്ളി നടേശന്‍ യോഗം സാരഥ്യത്തിലേക്കു വരുന്നത്. അദ്ദേഹം വന്ന ശേഷം ഇതുവരെ മറ്റാര്‍ക്കും ഈ പദവിയിലേക്ക് കടന്നു വരാന്‍ കഴിഞ്ഞിട്ടില്ല. 62 യൂണിയനുകളും 3160 ശാഖകളുമാണ് വെള്ളാപ്പള്ളി  സ്ഥാനമേല്‍ക്കുമ്പോള്‍ ഉണ്ടായിരുന്നത്. ഇന്നത് 139  യൂണിയനുകളും 6832 ശാഖകളുമായി വര്‍ധിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം 55 ല്‍ നിന്ന് 116 ആയി. അന്ന് മുതല്‍ ഇന്ന് വരെ എസ്എന്‍ഡിപിയുടെ മാത്രമല്ല, എസ്എന്‍ ട്രസ്റ്റിന്റെയും ജീവാത്മാവും പരമാത്മാവുമെല്ലാം വെള്ളാപ്പള്ളി നടേശനാണ്. അദ്ദേഹം കഴിഞ്ഞാല്‍ ഭാര്യയും പുത്രനും അടുത്ത ബന്ധുക്കളും. ഇങ്ങിനെ ഗുരുദേവന്‍ സ്ഥാപിച്ച സംഘടനയെ ഒരു കുടുംബ വിഷയമാക്കി കുത്തകയാക്കി കൊണ്ടു നടക്കുന്നു എന്നതാണ് വെള്ളാപ്പള്ളിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളിലൊന്ന്. 

സ്വാമി ശാശ്വതീകാനന്ദയുടെ മരണം, മൈക്രോ ഫിനാന്‍സ് വായ്പ, കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറിയായിരുന്ന എന്‍ മഹേശന്റെ ദുരൂഹ മരണം എന്നിങ്ങനെ നിരവധി വിഷയങ്ങളില്‍ ഉയര്‍ന്നു കേട്ട  ആരോപണ പ്രത്യാരോപണങ്ങളിലൂടെയാണ് കഴിഞ്ഞ കാല്‍ നൂറ്റാണ്ടു നടേശന്‍ താണ്ടിയത്. രാഷ്ട്രീയ കേന്ദ്രങ്ങളിലെ സ്വാധീനം മൂലം ഇവയില്‍ പലതിലും നീതിയുക്തമായ അന്വേഷണം നടന്നില്ലെന്നത് വസ്തുതയാണ്. 

എസ്ആര്‍പിയുടെ തകര്‍ച്ചക്ക് ശേഷം യോഗത്തിനു രാഷ്ട്രീയ പാര്‍ട്ടി വേണ്ടെന്ന നിലപാട് സ്വീകരിച്ചയാളായിരുന്നു വെള്ളാപ്പള്ളി. എന്നാല്‍, ബിജെപിക്ക് കേരളത്തില്‍ കൈത്താങ്ങാകാന്‍ ബിഡിജെഎസ് എന്ന പാര്‍ട്ടി ഉണ്ടാക്കാന്‍ അദ്ദേഹം മുന്‍കൈയെടുത്തു. കേരളത്തില്‍ വേരോട്ടം ഉണ്ടാക്കാന്‍ പിന്നാക്ക സമുദായങ്ങളുടെ പിന്തുണ കൂടിയേ തീരൂ എന്ന ബോധ്യത്തില്‍ കേന്ദ്ര ബിജെപി നേതൃത്വം കണ്ടെത്തിയ ആളായിരുന്നു നടേശന്‍. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത്ഷാ എന്നിവരുമായി ഒറ്റത്തവണ കൂടിക്കാഴ്ച നടത്തിയപ്പോഴേക്കും നടേശന്റെ മനസ്സില്‍ ലഡു പൊട്ടുകയും അവര്‍ക്കു വേണ്ടി പുതിയ പാര്‍ട്ടി ഉണ്ടാക്കാന്‍ അദ്ദേഹം സന്നദ്ധനാവുകയും ചെയ്തു. ബിഡിജെഎസ് രൂപീകരിച്ച ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ അതിന്റെ ഗുണം എന്‍ഡിഎക്കു കിട്ടി. എന്നാല്‍, മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് നല്‍കാമെന്നേറ്റ സ്ഥാനമാനങ്ങള്‍ പൂര്‍ണമായി ലഭിച്ചില്ല. എന്‍ഡിഎ പക്ഷത്തേക്ക് മാറിയതോടെ മൈക്രോ ഫിനാന്‍സ് കേസില്‍ താന്‍ പ്രതിയാക്കപ്പെടുമെന്ന ഭീതിയും നടേശനെ പിടികൂടി. അതോടെ അദ്ദേഹം നടത്തിയ രാഷ്ട്രീയ മലക്കം മറിച്ചില്‍ ഇടതു പക്ഷത്തിനു അനുകൂലമാണ് താനെന്ന പ്രതീതി സൃഷ്ടിച്ചു. എല്‍ഡിഎഫിന്റെ തുടര്‍ഭരണം വന്ന ശേഷം താന്‍ ഇടതുപക്ഷത്തിനൊപ്പം ആണെന്ന് അദ്ദേഹം വ്യക്തമാക്കുകയും  ചെയ്തു. 

ജനാധിപത്യ ബോധമുള്ള ഒരു നേതാവ് തനിക്കു ശേഷം സ്ഥാനത്തു വരേണ്ട വ്യക്തിയെ കണ്ടെത്തുകയും വളര്‍ത്തിക്കൊണ്ടു വരികയും ചെയ്യും.  എന്നാല്‍, കാല്‍ നൂറ്റാണ്ടു ശ്രീനാരായണീയ പ്രസ്ഥാനത്തിന്റെ തലപ്പത്തിരുന്ന വെള്ളാപ്പള്ളി നടേശന്‍ തന്റെ പിന്‍ഗാമിയെ ഇതുവരെ കണ്ടെത്തിയതായി അറിവില്ല. അദ്ദേഹം ഒരുപക്ഷേ, മനസ്സില്‍ കാണുന്ന പിന്‍ഗാമി മകന്‍ തുഷാര്‍ ആയിരിക്കാം. എന്നാല്‍, ശ്രീനാരായണീയരില്‍ ബഹുഭൂരിഭാഗവും അദ്ദേഹത്തെ ഉള്‍ക്കൊള്ളുമോ എന്ന് സംശയമാണ്. എസ്എന്‍ഡിപി പ്രസ്ഥാനത്തില്‍ സജീവമായിരുന്ന വലിയൊരു വിഭാഗം ആളുകള്‍ ഇടക്കാലത്തു സംഘടന വിട്ടു പുറത്തു പോയി. നടേശന്റെ ഏകാധിപത്യ പ്രവണത ആയിരുന്നു അവര്‍ കാരണമായി പറഞ്ഞത്. അവരെ അനുകൂലിക്കുന്നവരെ സംഘടനയില്‍ വെട്ടിനിരത്താന്‍ അദ്ദേഹത്തിന് എളുപ്പത്തില്‍ കഴിഞ്ഞു. നടേശനോടും അദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതികളോടും എസ് എന്‍ ട്രസ്റ്റിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനത്തിനും നിയമനത്തിനും കണക്കു പറഞ്ഞു കോഴ വാങ്ങുന്നതിനോടുമൊക്കെ എതിര്‍പ്പുള്ളവര്‍ സമുദായത്തിലുണ്ട്. നായര്‍ സമുദായത്തില്‍ പെട്ടവരോട് ഡൊണേഷന്റെ കാര്യത്തില്‍ എന്‍ എസ് എസ്  കാണിക്കുന്ന അനുകമ്പ ഈഴവരോട് എസ്എന്‍ഡിപിയും എസ്എന്‍ ട്രസ്റ്റും കാണിക്കുന്നില്ലെന്ന ആക്ഷേപം വ്യാപകമാണ്. അറിയുന്ന പോലീസുകാരനാകുമ്പോള്‍ അടി രണ്ടു കൂടുതലാണത്രെ. 

പ്രാതിനിധ്യ വോട്ട് ഹൈക്കോടതി റദ്ദാക്കിയതോടെ എസ്എന്‍ഡിപിയിലെ എല്ലാ അംഗങ്ങള്‍ക്കും ഇനി വോട്ട് ചെയ്യാന്‍ അവകാശം ഉണ്ടാകും. കോടതിവിധി പ്രകാരമാണ് വോട്ടെടുപ്പ് നടക്കുന്നതെങ്കില്‍ ഫെബ്രുവരി അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പ് മുന്‍കാലങ്ങളെ അപേക്ഷിച്ചു ജനാധിപത്യപരമായിരിക്കും. പ്രായം 85 കഴിഞ്ഞ സാഹചര്യത്തില്‍ കാല്‍ നൂറ്റാണ്ടു വഹിച്ച സ്ഥാനത്തു നിന്ന് മാന്യമായി വിരമിച്ചു അര്‍ഹിക്കുന്ന കൈകളില്‍ സംഘടന ഏല്പിച്ചു കൊടുക്കുകയാണ് വെള്ളാപ്പള്ളിക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മാന്യമായ കാര്യം. താനില്ലെങ്കില്‍ പ്രളയം എന്ന മൂഢവിശ്വാസം അദ്ദേഹത്തിനു ഉണ്ടാകാന്‍ വഴിയില്ല. കാരണം അതിബുദ്ധിമാനും തന്ത്രശാലിയുമാണ് ഈ നടേശഗുരു. അതുകൊണ്ടാണല്ലോ ഇത്ര വലിയ ഒരു സംഘടനയെ കരതലാമലകമായി അദ്ദേഹം കൊണ്ടുനടന്നത്.     

 

RECOMMENDED FOR YOU
Editors Choice