പിഎ മുഹമ്മദിനെ സിപിഎം മതത്തിനു വിട്ടു കൊടുത്തോ?

വയനാട്ടില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുത്തവരില്‍ പ്രധാനിയായ പി എ മുഹമ്മദ് കഴിഞ്ഞ ദിവസം അന്തരിച്ചു. ഇരുപത്തഞ്ചു കൊല്ലം സിപിഎം ജില്ലാ സെക്രട്ടറിയും തുടര്‍ന്ന് പത്തു കൊല്ലം സംസ്ഥാന കമ്മിറ്റി അംഗവുമായി പ്രവര്‍ത്തിച്ച മുതിര്‍ന്ന നേതാവായിരുന്നു അദ്ദേഹം. പാര്‍ട്ടിയിലെ വിഭാഗീയതയുടെ കാലത്തു ഔദ്യോഗിക പക്ഷത്തു ഉറച്ചു നിന്നയാളാണ് പിഎ. കണിയാമ്പറ്റയില്‍ നിന്ന് ആദ്യമായി എസ്എസ്എല്‍സി പാസ്സായ മുസ്ലിം വിദ്യാര്‍ത്ഥിയായിരുന്നു. പ്രീ യൂണിവേഴ്സിറ്റി കോഴ്സിന് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ ചേര്‍ന്നെങ്കിലും സാമ്പത്തിക പ്രയാസം മൂലം പഠനം മുടങ്ങി. തുടര്‍ന്ന് കമ്യുണിസ്റ്റ് പാര്‍ട്ടിക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചു.
ദൈവ വിശ്വാസമോ മതവിശ്വാസമോ ഇല്ലാതെ പള്ളിയില്‍ പോകാത്ത മുഹമ്മദിനെ പിതാവ് വീട്ടില്‍ നിന്ന് പുറത്താക്കി. മരിക്കുന്നതു വരെ അദ്ദേഹം കറകളഞ്ഞ കമ്യൂണിസ്റ്റ് ആയിരുന്നു. മരിച്ചപ്പോള്‍ അദ്ദേഹത്തെ അടക്കം ചെയ്തത് മതാചാര പ്രകാരം പള്ളി ഖബറിസ്ഥാനിലാണ്. ഇത് അദ്ദേഹത്തോട് ചെയ്ത അനീതി ആണെന്നു കരുതുന്നവര്‍ വയനാട്ടിലെ സിപിഎമ്മിലുണ്ട്. തന്നെ എങ്ങിനെ അടക്കം ചെയ്യണമെന്ന് പി എ മുഹമ്മദ് എഴുതി വെക്കുകയോ പാര്‍ട്ടിയെയോ ബന്ധുക്കളെയോ അറിയിക്കുകയോ ചെയ്തിട്ടില്ല. പക്ഷേ, ദൈവ വിശ്വാസമോ മതവിശ്വാസമോ ഇല്ലാതെ ജീവിതം നയിച്ച പിഎ യോട് ഇതു ചെയ്യണമായിരുന്നോ എന്ന ചോദ്യം ഉന്നയിക്കുന്നവര്‍ നിരവധിയുണ്ട്.
അദ്ദേഹത്തിന്റെ ബന്ധു കൂടിയായ യാസിന് ഒമര്‍ ഇതേക്കുറിച്ചു ഫേസ്ബുക്കില്‍ എഴുതിയത് പാര്‍ട്ടി കേന്ദ്രങ്ങളെ അസ്വസ്ഥതപ്പെടുത്തുന്നതാണ്. ജീവിച്ചിരിക്കുമ്പോള്‍ മതത്തിനു മുന്നില്‍ തലകുനിക്കാത്ത ഒരാളെ മരണ ശേഷം മതത്തിന്റെ കാല്ച്ചുവട്ടില് വെച്ച് കൊടുക്കുന്നത് ആ വ്യക്തിയോട് ചെയ്യാവുന്ന ഏറ്റവും വലിയ അനീതിയാണെന്നാണ് അദ്ദേഹം കുറിച്ചത്. വിശ്വാസി ആയ ഭാര്യ മരിച്ചപ്പോള്‍ പോലും പള്ളിയില്‍ കയറാത്ത ആളായിരുന്നു പിഎ. പാര്‍ട്ടിക്ക് എന്ത് തീരുമാനവും എടുക്കാം എന്ന് അദ്ദേഹത്തിന്റെ മക്കള്‍ അറിയിച്ചു എന്നും എഫ് ബി കുറിപ്പില്‍ പറയുന്നു.
സിപിഎമ്മിനെ നിശിതമായി വിമര്‍ശിക്കുന്ന എഫ് ബി കുറിപ്പിന്റെ പൂര്‍ണ രൂപം ചുവടെ :
സഖാവ് പിഎ മരണപെട്ട് അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തു തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ കുറിച്ച് കുറച്ചു എഴുതണം എന്ന് തോന്നി...
ഇത് കേരളത്തിലെ സിപിഎം നേതൃത്വത്തിനുള്ള ഒരു തുറന്ന കത്തായി വേണമെങ്കില്‍ ഇതിനെ പരിഗണിക്കാം...
വയനാട്ടിലെ കമ്മ്യൂണിസ്റ്റ്കാരെ നിങ്ങള്‍ മറന്നു പോയ പി എ മുഹമ്മദ് എന്ന വ്യക്തിയെ കുറിച്ചുള്ള ചില ഓര്‍മപ്പെടുത്തല്‍ ആണ് ഇത്....
എന്റെ ഒരു ബന്ധു കൂടി ആയ ഞാന്‍ അറിയുന്ന പി എ മരണം വരെ ഒരു കമ്മ്യൂണിസ്റ്റു കാരനും ഇടതുപക്ഷക്കാരനും നിരീശ്വരവാദിയും മതത്തിനു മുന്പില് മുട്ട് മടക്കാത്ത ആളുമായിരുന്നു...
ആ വ്യക്തിയോട് ചെയ്യാവുന്ന ഏറ്റവും വലിയ നെറികേടാണ് പാര്‍ട്ടി എന്ന നിലയില്‍ സിപിഎം ചെയ്തത്..
വിശ്വാസി ആയ സ്വന്തം ഭാര്യ മരിച്ചപ്പോള്‍ വരെ പള്ളിയില്‍ കയറാതെയിരുന്ന പി എ...
2011 നിയമസഭ തിരഞ്ഞെടുപ്പില്‍ കല്പറ്റ നിന്നും മത്സരിച്ചപ്പോള്‍ ഇവിടുത്തെ മത മൗലീകവാദികള്‍ പ്രചരിപ്പിച്ച വാദം ആര് മറന്നാലും ഇവിടുത്തെ കമ്മ്യൂണിസ്റ്റുകാര്‍ മറക്കാന്‍ പാടില്ലായിരുന്നു...
പള്ളിയില്‍ കയറാത്ത കട്ട നിരീശ്വരവാദിയായ പി എ മുഹമ്മദിന് വോട്ട് ചെയ്യരുത് എന്ന് വ്യാപകമായി പ്രചരിപ്പിക്കുകയും അദ്ദേഹത്തെ തോല്പിക്കുകയും ചെയ്തു ..
മരണം വരെ നിരീശ്വരവാദിയും ഇടതുപക്ഷക്കാരനുമായിരുന്ന സഖാവ് പി എ യെ ഒരു വലതുപക്ഷക്കാരന് ആയി ഖബറടക്കിയത് ഇവിടുത്തെ സിപിഎം നേതൃത്വത്തിനു നട്ടെല്ലില്ലാഞ്ഞിട്ടാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല...
ജീവിച്ചിരിക്കുമ്പോള്‍ മതത്തിനുമുന്പില് തലകുനിക്കാത്ത ഒരാളെ മരണശേഷം മതത്തിന്റെ കാല്ച്ചുവട്ടില് വച്ചുകൊടുക്കുന്നത് ആ വ്യക്തിയോട് ചെയ്യാവുന്ന ഏറ്റവും വലിയ നെറികേടാണ്...
കമ്മ്യൂണിസ്റ്റ് ആയതിന്റെ പേരില്‍ കുടുംബത്തില്‍ നിന്നു പുറത്താക്കിയ കഥ പി എ തന്നെ പറഞ്ഞു കേട്ടിട്ടുണ്ട്...
കാല് നൂറ്റാണ്ടോളം തുടര്‍ച്ചയായി സിപിഎം ന്റെ ജില്ലാ സെക്രട്ടറി ആയിരുന്ന ഒരു വ്യക്തി, വര്‍ഷങ്ങളോളം പാര്‍ട്ടിയുടെ സ്റ്റേറ്റ് കമ്മറ്റി അംഗമായിരുന്ന ഒരാള്‍..അങ്ങനെ ഒരാളുടെ മരണശേഷം അയാളുടെ ശരീരം മതത്തിനു വിട്ടുകൊടുക്കാന്‍ ഇവിടുത്തെ കമ്മ്യൂണിസ്റ്റുകാര്‍ കാണിച്ച വിശാലമനസ്കത ഉണ്ടല്ലോ അതിന്റെ പേര് നട്ടെല്ലില്ലായ്മ എന്ന് തന്നെ ആണ്
കേരളത്തിലെ ഏറ്റവും ശക്തമായ ഒരു പാര്‍ട്ടിയുടെ ഒരു മുതിര്‍ന്ന നേതാവിനെ അയാള്‍ അര്ഹിക്കുന്നപോലെ സംസ്കരിക്കാന്‍ സാധിക്കാതെ മതത്തിനു മുന്പില് മുട്ടിടിച്ചു വീണ സഖാക്കളെ ഓര്‍ത്തു സഹതാപം മാത്രമേ ഉള്ളു...
ഞാന്‍ അറിഞ്ഞടത്തോളം പി എ യുടെ മക്കള്‍ പാര്‍ട്ടിക്ക് എന്ത് തീരുമാനവും എടുക്കാം എന്ന് അറീച്ചു എന്നാണ് അറിഞ്ഞത്...
പക്ഷെ തലമൂത്ത ആ നേതാവിനെ, പാര്‍ട്ടിക്കുവേണ്ടി മരണം വരെ ജീവിച്ച ആ വ്യക്തിയെ പാര്‍ട്ടിക്ക് വേണ്ടായിരുന്നു എന്ന് ഇപ്പോഴാണ് മനസിലായത്... പാര്‍ട്ടിക്കിപ്പോ മത പ്രീണനം ആണ് സേഫ്.അടുത്ത തവണ വിജയിച്ചു കേറണമെങ്കില്‍ ഇപ്പോള്‍ പോക്കറ്റിലുള്ള ഉള്ള ന്യുനപക്ഷ വോട്ടുകള്‍ക് ഒരിളക്കവും തട്ടരുത് പരമാവധി സുഖിപ്പിച്ചു കൊടുക്കണം....
അപ്പോ പിന്നേ സഖാവിന്റെ ശരീരമൊക്കെ മതത്തിനു വിട്ടുകൊടുക്കാന്‍ ഒരു ലജ്ജയും തോന്നേണ്ടതില്ലല്ലോ?
കഷ്ടം...
ഇനി ഇവിടുത്തെ മത വിശ്വാസികളോട്..
എപ്പോഴെങ്കിലും പി എ താന്‍ മുസ്ലിം ആണെന്നോ തന്നെ പള്ളിയില്‍ കബറടക്കം ചെയ്യണമെന്നോ പറഞ്ഞിട്ടുണ്ടോ? ജീവിതത്തില്‍ എന്നെങ്കിലും ആ മനുഷ്യന് ഇവിടുത്തെ ഏതെങ്കിലും ഒരു മത സ്ഥാപനവുമായി സഹകരിച്ചിരുന്നോ?
പേര് പി എ മുഹമ്മദ് എന്നായിരുന്നു അത് വീട്ടുകാര്‍ ഇട്ട പേരാണ് എന്ന് അദ്ദേഹം തന്നെ പറഞ്ഞിരുന്നു...
നിങ്ങള്‍ ആരെ ആണ് വിഡ്ഢിയാക്കുന്നത് നിങ്ങളുടെ ദൈവത്തെയൊ അതോ സ്വയമോ??...
നിരീശ്വര വാദി ആയി ജീവിച്ചു നിരീശ്വര വാദി ആയി മരിച്ച ഒരാളെ മരണശേഷം വിശ്വാസി ആക്കി മറ്റുന്ന സംവിധാനം എങ്ങനെ ആണ് എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാവുന്നില്ല...
എന്റെ സിപിഎം സുഹൃത്തുക്കളെ നിങ്ങളെ ഒരു കാര്യം കൂടി ഞാന്‍ ഓര്‍മിപ്പിക്കുന്നു സഖാവ് പി എ ഇവിടുത്തെ പള്ളിയിലെ മൊല്ല ആയിരുന്നില്ല നിങ്ങളുടെ ജില്ലാ സെക്രട്ടറി ആയിരുന്നു...
കൊണ്ടുവന്ന റീത്തു പോലും ആ
ശവകുടിരത്തില്‍ വാക്കാനാവാതെ, സംസ്കാരം കഴിഞ്ഞു ഇറങ്ങിവരുമ്പോള്‍ മുഷ്ടി ചുരുട്ടി ഒരുമുദ്രാവാക്യം വിളിക്കാന്‍ പോലുമാവാതെ, തൊണ്ടയില്‍ വിറയലുമായി നിന്ന സഖാക്കളെ,
ജ ഠ തോമസിനെ അടക്കാന്‍ കോണ്‍ഗ്രസുകാര്‍ കാണിച്ച ആര്‍ജ്ജവമെങ്കിലും നിങ്ങള്‍ക്ക് കാണിക്കാമായിരുന്നു..
ഇത് വായിച്ചു ആരെങ്കിലും എന്റെ നെഞ്ചത്ത് കയറിയാലും ശരി ഞാന്‍ ഇത് പറയുക തന്നെ ചെയ്യും...
ഞാന്‍ എങ്കിലും ഇത് പറഞ്ഞില്ലെങ്കില്‍ പിന്നെ ഞാനും നിങ്ങളും തമ്മില്‍ എന്ത് വ്യത്യാസം....
സഖാവ് പി എ ക്ക് ആദരാഞ്ജലികള്‍
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ