• 22 Sep 2023
  • 03: 52 AM
Latest News arrow

നരേന്ദ്രേട്ടന്‍: യാത്രികര്‍ക്ക് എന്നും വഴികാട്ടി

വിവേകാനന്ദ ട്രാവല്‍സ് സാരഥി സി.നരേന്ദ്രന്‍ ഈ ലോകത്തു നിന്ന് യാത്രയായി

വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിതൃ തര്‍പ്പണം നടത്തി മോക്ഷം ലഭിക്കാന്‍ മലബാര്‍ ഭാഗത്തു നിന്ന് പലരും കാശിയിലേക്ക് പോയിരുന്നു. അവരെല്ലാം അവിടെയുള്ള വ്യാജ സഹായികളുടെ വലയില്‍ പെട്ട് സാമ്പത്തിക ചൂഷണത്തിനും മറ്റും ഇരയാകും. അപ്പോഴാണ് കോഴിക്കോട് ബാലുശ്ശേരിയിലെ നാരായണന്‍ നായര്‍ എന്ന  സാധാരണക്കാരന്‍ തന്റെ നാട്ടിലുള്ളവരെയും കൊണ്ട് കാശിക്ക് പോയി സുഖമായി കാര്യങ്ങള്‍ നടത്തി വരാന്‍ തുടങ്ങിയത്. അതാണ് വിവേകാനന്ദ ട്രാവല്‍സ് എന്ന വല്യ സ്ഥാപനമായി വളര്‍ന്നത്. അതിന്റെ സാരഥ്യം പിന്നീട് മകന്‍ നരേന്ദ്രന്‍ ഏറ്റെടുത്തു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു യാത്രയിലൂടെ പരിചയപ്പെട്ട് പില്‍കാലത്തു അടുത്ത സുഹൃത്തായി മാറിയ നല്ല മനുഷ്യനായിരുന്നു അദ്ദേഹം..
കോഴിക്കോട് പ്രസ് ക്ലബ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെ 2008 ല്‍  നടത്തിയ ഹിമാലയ യാത്രയില്‍ വെച്ചാണ് ഞാന്‍ നരേന്ദ്രേട്ടനെ പരിചയപ്പെടുന്നത്.

യാത്രയ്ക്ക് ഏതാനും ദിവസം മുന്‍പ് ആ യാത്രയില്‍ പങ്കെടുക്കുന്നവരുടെ യോഗത്തില്‍ എന്തൊക്കെ തയാറെടുപ്പുകള്‍ വേണം എന്ന് ലളിതമായ രീതിയില്‍ വിവരിച്ചു തന്നു അദ്ദേഹം. ആ ലാളിത്യവും പെരുമാറ്റവും വല്ലാതെ ആകര്‍ഷിച്ചു. കോഴിക്കോട് നിന്ന് ഡല്‍ഹിയിലേക്ക് ട്രെയിനിലും അവിടെ നിന്ന് ഹരിദ്വാര്‍, ഋഷികേശ്, പിപ്പല്‍കോട്ടി, കൊസാനി, ഔലി, നൈനിറ്റാള്‍ വഴി 14 ദിവസം നീണ്ട ജീവിതത്തിലെ ഏറ്റവും വലിയ യാത്ര.

ട്രെയിനില്‍ കയറിയപ്പോള്‍ അദ്ദേഹം തന്നെയാണ് എല്ലാവരെയും സ്വീകരിച്ചു തങ്ങളുടെ സീറ്റുകള്‍ കണ്ടെത്താന്‍ സഹായിച്ചത്. ട്രെയിന്‍ ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അദ്ദേഹം തന്നെ ലിസ്റ്റ് നല്‍കി. നിങ്ങളുടെ ലിസ്റ്റ് കൃത്യമായിരിക്കും, എന്ത് നോക്കാനാ എന്നായിരുന്നു ഒരു ടിടിഇ യുടെ കമന്റ്. അത്രയ്ക്ക് കാര്യങ്ങള്‍ ശ്രദ്ധിക്കുമായിരുന്നു. ഓരോ സ്ഥലത്തു എത്തുമ്പോഴും വാഹനത്തില്‍  ഭക്ഷണം ഉണ്ടാക്കാനുള്ള സാധനങ്ങളും സാമഗ്രികളും ഇറക്കാന്‍ വരെ അദ്ദേഹം കൂടെ ഉള്ള ജീവനക്കാരെ സഹായിക്കും. ഓരോരുത്തരെ അവരവരുടെ മുറിയില്‍ ആക്കി എല്ലാ സൗകര്യങ്ങളും ഇല്ലേ എന്നുറപ്പു വരുത്തും. 

ഞാനും പ്രസ് ക്ലബ് സെക്രട്ടറി രാജേഷും വിനോദ്ചന്ദ്രനും നരേന്ദ്രേട്ടനോടൊപ്പം തന്നെ ഉണ്ടായിരുന്നു. നമ്മളെ റൂമില്‍ ആക്കി ആ ഹോട്ടലിലെ ഏതെങ്കിലും ചെറിയ മുറിയിലോ അല്ലെങ്കില്‍ നമ്മുടെ റൂമില്‍ നിലത്തു കിടന്നോ ഏതാനും മണിക്കൂറുകള്‍ ഉറങ്ങും. അതിരാവിലെ എഴുന്നേറ്റു അടുക്കളയിലെത്തി ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്തും. കാര്യപ്രാപ്തിയുള്ള ജീവനക്കാര്‍ ഉണ്ടെങ്കിലും നരേന്ദ്രേട്ടന്‍ നേരിട്ട്  ശ്രദ്ധിക്കുന്നത് തന്നെയായിരുന്നു അദ്ദേഹത്തിന്റെ വിജയം. ഒരു തവണ യാത്ര പോയവര്‍ വീണ്ടും വീണ്ടും വിവേകാനന്ദ ട്രാവെല്‍സ് അന്വേഷിച്ചു വന്നതും അത് കൊണ്ട് തന്നെയാവാം. യാത്രകള്‍ കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ അദ്ദേഹം സ്വന്തം കീശയില്‍ നിന്നു കാശ് ചിലവാക്കുന്നത് എത്രയോ തവണ കണ്ടിട്ടുണ്ട്. അതില്‍ അദ്ദേഹത്തിന് ഒരു മടിയുമുണ്ടായിരുന്നില്ല. അത് ഏതെങ്കിലും വഴിക്ക് തിരിച്ചു വന്നുകൊള്ളും എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

ഈ യാത്രയില്‍ തന്നെ ഒരു ഹോളി ദിവസം വന്നു. ഉത്തരാഖണ്ഡിലെ ഏതോ ഒരു ഗ്രാമത്തില്‍ എത്തിയപ്പോള്‍ അവിടെ ഗ്രാമ പ്രമുഖിന്റെ നേതൃത്വത്തില്‍ നടന്ന ഹോളി ആഘോഷത്തില്‍ ഞങ്ങളോടൊപ്പം അദ്ദേഹവും നൃത്തം ചെയ്തതും നിറങ്ങള്‍ വാരി വിതറിയതുമായ നിറമുള്ള ഓര്‍മ്മകള്‍..

അവിടെ നിന്ന്  അത്താഴത്തിനുള്ള ആട്ടിറച്ചി വാങ്ങാന്‍ പോയ നരേന്ദ്രേട്ടന്‍ വന്നത് ഒരു മുഴുവന്‍ ആടിനെയും കൊണ്ടായിരുന്നു. ഹോളി ആയതു കാരണം കട അടച്ചു കഴിഞ്ഞിരുന്നു. ഒരു ആടിനെ മുഴുവന്‍ ആണെങ്കില്‍ തരാം എന്ന കടക്കാരന്റെ നിര്‍ദേശം അദ്ദേഹം സ്വീകരിക്കുകയായിരുന്നു . താന്‍ കഴിച്ചില്ലെങ്കിലും മറ്റുള്ളവരെ ഊട്ടുക, സന്തോഷിപ്പിക്കുക എന്നത് അദ്ദേഹത്തിന്റെ പോളിസി ആയിരുന്നു. 

അത് പോലെ ആ യാത്രയില്‍ അദ്ദേഹത്തില്‍ നിന്ന് പഠിച്ച ഒരു കാര്യം.. 'മറ്റുള്ളവര്‍ എത്ര ദേഷ്യത്തോടെ സമീപിച്ചാലും നമ്മള്‍ സൗമ്യമായി കാര്യങ്ങള്‍ അവതരിപ്പിക്കുക. അത് ഉദ്യോഗസ്ഥരായാലും സഹ യാത്രികര്‍ ആയാലും...' പേടി എന്ന വാക്ക് അദ്ദേഹത്തിന്റെ നിഘണ്ടുവില്‍ ഇല്ലായിരുന്നു. ഏതു അവസ്ഥയെയും നേരിടാനുള്ള ധൈര്യം അദ്ദേഹത്തിനുണ്ടായിരുന്നു.

അതിനു ശേഷം എത്രയോ യാത്രകള്‍ അദ്ദേഹത്തോടൊപ്പം നടത്തി. ഡല്‍ഹിയില്‍ നിന്ന് കാശ്മീരിലേക്ക് ഫോട്ടോഗ്രാഫര്‍ മോഹന്‍ദാസ്, കെ.ജി.സുരേഷ് എന്നിവരോടൊപ്പം നരേന്ദ്രേട്ടന്‍ ഒരുക്കിയ ടെമ്പോ ട്രാവലറിലെ യാത്ര  മറക്കാന്‍ കഴിയില്ല. ജാലിയന്‍ വാലാ ബാഗ്, വാഗാ അതിര്‍ത്തി ഒക്കെ കണ്ട ശേഷം കാശ്മീരിലേക്ക്. പട്‌നിടോപില്‍ ആണ് രാത്രി തങ്ങാന്‍ റൂം എടുത്തത്. കനത്ത മഞ്ഞു വീണതിനാല്‍ അവിടെ എത്തിയതൊന്നും അറിഞ്ഞില്ല. പിറ്റേന്ന് വഴിയില്‍ കുടുങ്ങി. ഒരു ദിവസത്തിന് ശേഷം മനസ്സില്ലാ മനസ്സോടെ ഞങ്ങള്‍ മടങ്ങി. അന്ന് നരേന്ദ്രേട്ടന്‍ പറഞ്ഞു സങ്കടപ്പെടേണ്ട, കാശ്മീര്‍ അവിടെ തന്നെ ഉണ്ടാവും നമ്മള്‍ വീണ്ടും വരും. അദ്ദേഹം വാക്ക് പാലിച്ചു. 2018 ഏപ്രില്‍ മാസത്തില്‍ ഞാനും മോഹന്‍ദാസും എംകെ പ്രേംനാഥും ജയകൃഷ്ണനും രാഗേഷും കുടുംബസമേതം കാശ്മീരില്‍ നരേന്ദ്രേട്ടനൊപ്പം പോയി. ഡാല്‍ തടാകത്തില്‍ ഒരു ദിവസം ഹൌസ് ബോട്ടില്‍ താമസിച്ചു ട്യൂലിപ് ഗാര്‍ഡന്‍ കണ്ടു.

കശ്മീരിലെ ഹോട്ടല്‍ ഉടമകള്‍ എല്ലാം നരേന്ദ്രേട്ടനെ കണ്ടു സ്‌നേഹം അറിയിക്കുന്നുണ്ടായിരുന്നു. വീണ്ടും ടൂറിസം സജീവമായ സന്തോഷത്തിലായിരുന്നു അവര്‍. നരേന്ദ്രേട്ടന്റെ യാത്രികര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കി നല്‍കാന്‍ കാത്തിരിക്കുകയായിരുന്നു അവര്‍. 

ഇതിനിടയില്‍ അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനും ചില തിരിച്ചടികള്‍ ഉണ്ടായി. എന്നാല്‍ അതില്‍ നിന്നെല്ലാം അദ്ദേഹം ഫീനിക്‌സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേറ്റു. സേവന മേഖലക്ക് എന്നും എപ്പോഴും ഒരു ഇടം എല്ലായിടത്തും ഉണ്ട് എന്ന വിശ്വാസം അദ്ദേഹത്തെ മുന്നോട്ടു നയിച്ചു.

ഇക്കഴിഞ്ഞ ഇരുപതാം തിയതി വൈകിട്ട് 5 മണിക്ക് ഒരു കാള്‍ വരുന്നു. അത് നരേന്ദ്രേട്ടനായിരുന്നു. ഒന്ന് കാണാന്‍ പറ്റുമോ, കുറെ ആയി കണ്ടിട്ട്. ഒന്നുമില്ല വെറുതെ കുറച്ചു സംസാരിക്കാന്‍. കോവിഡ് പോസിറ്റീവ് ആയി ഞാന്‍ വീട്ടില്‍ ആണല്ലോ എന്ന് സങ്കടത്തോടെ പറഞ്ഞു. കുറച്ചു നേരം സംസാരിച്ച ശേഷം  ഉടനെ തന്നെ കാണാം എന്ന് ഉറപ്പു കൊടുത്തു. അദ്ദേഹം ഫോണ്‍ വെച്ചു. മനസ്സില്‍ ഒരു വിങ്ങല്‍ ആയിരുന്നു അന്ന് മുഴുവന്‍..പിന്നീട് മെട്രോ സന്തോഷ് വിളിച്ചപ്പോഴാണ് അറിഞ്ഞത്. അദ്ദേഹം അന്ന് പലരെയും പതിവില്ലാതെ വിളിച്ചിരുന്നു. സന്തോഷ് കാണാമെന്നു പറഞ്ഞപ്പോള്‍ ഓഫീസില്‍ വന്നു മൂന്ന് മണിക്കൂറോളം ഇരുന്നു സംസാരിച്ചു. കാവി മുണ്ടുടുത്തു നെറ്റിയില്‍ ചന്ദനക്കുറിയും താഴെ  ഭസ്മക്കുറിയുമായി ഒരു പ്രത്യേക ചൈതന്യത്തില്‍ ആയിരുന്നു ആ അവസാന വരവ്. മസ്തിഷ്‌കാഘാതം ബാധിച്ചു നരേന്ദ്രേട്ടനെ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരമാണ് പിന്നീട് അറിയുന്നത്. 

ഒരുപാട് യാത്രികര്‍ക്ക് വഴികാട്ടിയായ ആ നല്ല മനുഷ്യന് ആദരാഞ്ജലികള്‍

RECOMMENDED FOR YOU
Editors Choice