• 22 Sep 2023
  • 02: 45 AM
Latest News arrow

കൊലവിളിയോ ശാപവാക്കോ? കോടതിയെ അസ്വസ്ഥതപ്പെടുത്തിയത് എന്താണ്?

അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിനെ ഇന്ന് മുതല്‍ മൂന്ന് ദിവസം ചോദ്യം ചെയ്യുകയാണ്. ദിലീപ് അടക്കം അഞ്ച് പ്രതികളെ രാവിലെ 9 മുതല്‍ രാത്രി എട്ട് വരെ ചോദ്യം ചെയ്യാന്‍ ഹൈക്കോടതി അനുമതി നല്‍കി. വ്യാഴാഴ്ച വരെ അറസ്റ്റ് വിലക്കിയിട്ടുണ്ട്. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. 

നടിയെ ആക്രമിച്ച കേസില്‍ തന്നെ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥനെ ശപിച്ചതാണ് ഗൂഢാലോചന കേസായി വ്യാഖാനിച്ചതെന്നാണ് ദിലീപിന്റെ വാദം. എന്നാല്‍ ഈ പറച്ചില്‍ വെറും വികാര വിക്ഷോഭമായി കാണാനാകില്ലെന്നും മുന്‍കാല ചരിത്രം അതല്ല വ്യക്തമാക്കുന്നതെന്നും പ്രോസിക്യൂഷനും വാദിച്ചു. വാദത്തിനിടെ കോടതി തന്നെ ആദ്യം സംശയം ഉന്നയിച്ചിരുന്നു, ഒരാള്‍ വീട്ടിലിരുന്ന് ഒരു കാര്യം പറയുന്നത് എങ്ങിനെ ഗൂഢാലോചനയാകുമെന്ന്. പക്ഷേ, ഉച്ചയ്ക്ക് ചേംബറില്‍ മുദ്രവെച്ച കവറില്‍ അന്വേഷണ സംഘം കൈമാറിയ തെളിവുകള്‍ പരിശോധിച്ച ശേഷം കോടതി പറഞ്ഞത് മുമ്പിലെത്തിയിരിക്കുന്ന തെളിവുകള്‍ അസ്വസ്ഥതപ്പെടുത്തുന്നതാണെന്നാണ്. വിശദമായ അന്വേഷണം ഇക്കാര്യത്തില്‍ വേണമെന്നും ആവശ്യപ്പെട്ടു. ബാലചന്ദ്രകുമാറിന്റെ തിരക്കഥയാണെന്ന് പ്രതിഭാഗത്തുള്ളവര്‍ വാദിക്കുമ്പോഴാണ് ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ തെളിവുകളില്‍ കഴമ്പുണ്ടെന്ന് പ്രാഥമിക നിരീക്ഷണത്തില്‍ തന്നെ കോടതി വ്യക്തമാക്കിയിരിക്കുന്നത്. കോടതിയുടെ ഈ പരാമര്‍ശം ഗൂഢാലോചന കേസിനെ ബലപ്പെടുത്തുമോ എന്നാണ് ഇനി അറിയേണ്ടത്. 

ഈ കേസിന്റെ ഗൂഢാലോചന എന്ന് പറയുന്നത്, നടന്നിട്ടില്ലാത്ത ഒരു സംഭവത്തിന്റെ ഗൂഢാലോചനയാണ്. അതും അഞ്ച് വര്‍ഷം മുമ്പ് നടന്ന ഗൂഢാലോചന. ഇവിടെ പ്രതിയ്ക്ക് ജാമ്യം കൊടുക്കാമായിരുന്നു. അസാധാരണമാണ് ഈ നടപടി. പക്ഷേ, അത് പ്രതിയ്ക്ക് അനുകൂലമാണെന്ന് പറയാന്‍ സാധിക്കില്ല. അന്വേഷണത്തെ സഹായിക്കാനുള്ള നടപടിയാണ് കോടതി സ്വീകരിച്ചത്. സാധാരണക്കാരനാണെങ്കില്‍ ഇവിടെ മുന്‍കൂര്‍ ജാമ്യം നല്‍കുമായിരുന്നു. 

പ്രോസിക്യൂഷന്‍ കൊടുത്ത ശബ്ദരേഖയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പ്രതി നിഷേധിച്ചിട്ടില്ല. ശബ്ദരേഖ വ്യാജമാണെന്ന് പറഞ്ഞിട്ടില്ല. താന്‍ അപകടപ്പെടുത്തണമെന്ന് ഉദ്ദേശിച്ചല്ല പറഞ്ഞത്, ഒരു ശാപവാക്കായിട്ടാണ് പറഞ്ഞതെന്നാണ് പ്രതി വാദിച്ചത്. അതോടെ കോടതിയ്ക്ക് തന്നെ വ്യക്തമായി ഗൂഢാലോചനയെന്ന് ആരോപിക്കുന്ന സംഭാഷണം നടന്നുവെന്ന്. ഈ സംഭാഷണം അറിയാതെ പറഞ്ഞതാണോ തമാശയ്ക്ക് പറഞ്ഞതാണോ ഗൂഢാലോനയുടെ ഭാഗമായി പറഞ്ഞതാണോ എന്നൊക്കെ അന്വേഷിക്കേണ്ടത് കോടതിയല്ല, പൊലീസാണ്. അത് അന്വേഷിക്കാന്‍ വേണ്ടിയാണ് പ്രതിയെ കസ്റ്റഡിയില്‍ ചോദിക്കുന്നത്. മണിച്ചന്‍ ജയിലില്‍ കിടക്കുന്ന സമയത്ത് അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസിനെ വകവരുത്തുമെന്ന് തടവിലുണ്ടായിരുന്ന മറ്റൊരു പ്രതി കേട്ട് പുറത്ത് പറയുകയും അതില്‍ കേസെടുക്കുകയും ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. അവിടെയും വകവരുത്തിയിട്ടില്ല, എന്നിട്ടും കേസെടുക്കുകയും ശിക്ഷ നടപ്പാക്കുകയും ചെയ്തു. 

ഈ പ്രതിയുടെ കാര്യത്തില്‍ പ്രോസിക്യൂഷന്റെ വാദങ്ങള്‍ കൃത്യമാണ്. തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതി ഇടപെടും. ഇയാള്‍ പ്രതിയായ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്റെ കൈവെട്ടുമെന്നും വണ്ടിയിടിപ്പിച്ച് കൊല്ലുമെന്നുമൊക്കെയാണ് പറഞ്ഞത്. അതായത് സിസ്റ്റത്തെയാണ് പ്രതി വെല്ലുവിളിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനെ തട്ടിക്കളഞ്ഞാല്‍ താന്‍ രക്ഷപ്പെടുമെന്ന ഒരു ധൈര്യം പ്രതിയ്ക്കുണ്ടാകണമെങ്കില്‍ അത് ആ പ്രതിയ്ക്കുള്ള സ്വാധീനത്തിന്റെ ബലമാണ്. സാധാരണക്കാര്‍ക്ക് അങ്ങിനെ ചിന്തിക്കാന്‍ പോലും പറ്റുമോ? അങ്ങിനെയുള്ള ആള്‍ അത്തരം വാക്കുകള്‍ പറയുമ്പോഴാണ് അത് ഗൂഢാലോചനയായി മാറുന്നത്. ഇവിടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വധഭീഷണിയുണ്ടായിരുന്നു. അതുകൊണ്ടാണ് അവര്‍ക്ക് സംരക്ഷണം കൊടുക്കേണ്ടി വന്നത്. അതായത് പൊലീസിന്റെ ജീവന്‍ പ്രതികളുടെ കയ്യിലാണെന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. അതിന് പുറമേ ഇരുപതോളം സാക്ഷികള്‍ കേസില്‍ കൂറ് മാറി. ഇങ്ങിനെയുള്ള ആള്‍ പുറത്തായിരുന്നാല്‍ അത് തങ്ങളുടെ അന്വേഷണത്തെ ബാധിക്കുമെന്ന് തന്നെയാണ് പൊലീസ് പറയുന്നത്. 

പ്രതി അന്വേഷണത്തെ തടസ്സപ്പെടുത്തിയേക്കുമെന്ന സംശയം കോടതിയ്ക്കുമുണ്ട്. അതുകൊണ്ടാണ് 'അത്തരം നടപടികളുണ്ടായാല്‍ ഈ ഉത്തരവിന്റെ സംരക്ഷണം നിങ്ങള്‍ക്ക് ലഭിക്കില്ലെ'ന്ന് കോടതി വ്യക്തമാക്കിയത്.

ഈ കേസ് അന്വേഷിക്കുന്നതിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ ആദ്യ കേസിനെ സഹായിക്കുന്നതാകും എന്ന് പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ കേസില്‍ അന്വേഷണം മുന്നോട്ടുപോകേണ്ടതുണ്ട്. അതിനായി ഈ കേസിലെ പ്രതികളായിട്ടുള്ളവരെ ചോദ്യം ചെയ്യേണ്ടതുണ്ട്. ആ അന്വേഷണത്തില്‍ ഒരു തടസ്സവും ഉണ്ടാകാന്‍ പാടില്ല. 

 

RECOMMENDED FOR YOU
Editors Choice