• 22 Sep 2023
  • 04: 21 AM
Latest News arrow

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ആശങ്ക: മുഖ്യമന്ത്രിയ്ക്ക് തുറന്ന കത്തെഴുതി ശാസ്ത്രജ്ഞരും എഴുത്തുകാരും

''സിൽവർ ലൈനിന് പച്ചക്കൊടി കാണിക്കുന്നതിനു മുൻപ് ജനങ്ങൾക്ക് എല്ലാ വിവരവും ലഭ്യമാക്കണം ''

കേരളത്തില്‍ ഇപ്പോള്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന സില്‍വര്‍ ലൈന്‍ എന്ന അര്‍ദ്ധ അതിവേഗ റയില്‍ പദ്ധതിയ്‌ക്കെതിരെ ശാസ്ത്രജ്ഞന്‍മാരും എഴുത്തുകാരും രംഗത്ത്. കേരളത്തിന്റെ സമഗ്ര വികസനത്തിന് സില്‍വര്‍ ലൈന്‍ പദ്ധതി വിവിധ തരത്തില്‍ അപകടമാണെന്നാണ് വികസന മേഖലയില്‍ ഏറെക്കാലമായി പ്രവര്‍ത്തിക്കുന്ന പ്രൊഫഷണല്‍സ് ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യത്തില്‍ തങ്ങളുടെ ആശങ്കകള്‍ വ്യക്തമാക്കിക്കൊണ്ട് അവര്‍ മുഖ്യമന്ത്രിയ്ക്ക് ഒരു തുറന്ന കത്ത് എഴുതിയിരിക്കുകയാണ്. 

കത്തിന്റെ പൂര്‍ണരൂപം ഇങ്ങിനെ....

''ഇപ്പോള്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന സില്‍വര്‍ ലൈന്‍ എന്ന അര്‍ദ്ധ അതിവേഗ റയില്‍ പദ്ധതി കേരളത്തിന്റെ സമഗ്ര വികസനത്തിന് വിവിധ തരത്തില്‍ അപകടമാണ് എന്ന് വികസന മേഖലയില്‍ ഏറെക്കാലമായി പ്രവര്‍ത്തിക്കുന്ന പ്രൊഫഷണല്‍സ് എന്ന നിലയിലും ഈ ആശങ്ക പങ്കുവയ്ക്കുന്ന പൗരന്മാര്‍ എന്ന നിലയിലും ഞങ്ങള്‍ ആത്മാര്‍ത്ഥമായി കരുതുന്നു.

ഞങ്ങളെ പ്രധാനമായും ഉത്ക്കണ്ഠപ്പെടുത്തുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്ന്, കേരള സംസ്ഥാനത്തിന്റെ ദുര്‍ബ്ബലമായ സാമ്പത്തിക അവസ്ഥ. രണ്ട്, സംസ്ഥാനം അഭിമുഖീകരിക്കുന്ന ഏറി വരുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍.

2018 ലും 2019 ലും ഉണ്ടായ വിനാശകരമായ വെള്ളപ്പൊക്കങ്ങള്‍, 2020 മുതല്‍ തുടരുന്ന കോവിഡ് 19 എന്ന മഹാമാരി എന്നിവ സൃഷ്ടിച്ച അസാധാരണ സാഹചര്യങ്ങള്‍ ജനതയേയും പ്രകൃതിയെയും സംരക്ഷിക്കുന്നതില്‍ നാം ഒരുമിച്ചു നില്‍ക്കേണ്ടതിന്റെ പ്രാധാന്യമാണ് ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ടു തന്നെ സില്‍വര്‍ ലൈന്‍ പോലെയുള്ള ഭീമമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പകരം നമ്മുടെ വികസന പരിഗണനാക്രമങ്ങള്‍ മാറ്റേണ്ടതുണ്ട് എന്ന് ഞങ്ങള്‍ കരുതുന്നു.

കൂടുതലായും വിദേശ കടത്തേയും വിദേശ സാങ്കേതിക വിദ്യയേയും ആശ്രയിച്ച് ഏകപക്ഷീയമായി നടപ്പാക്കാന്‍ ഉദ്ദേശിച്ചുള്ള ഈ പദ്ധതി ജനകീയ ചര്‍ച്ചകളില്ലാതെ മുന്നോട്ടുപോകുന്നതില്‍ ഞങ്ങള്‍ തികച്ചും നിരാശരാണ്.

അതുകൊണ്ടുതന്നെ ജനകീയ ജനാധിപത്യത്തിന്റെ സ്പിരിറ്റ് ഉള്‍ക്കൊണ്ടുകൊണ്ട് ഇനിപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കണം എന്ന് ഞങ്ങള്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു :

1.  നവകേരളത്തിന്റെ വികസന പരിപ്രേക്ഷ്യം കൃത്യമായി അവതരിപ്പിക്കുന്നതു വരെ സില്‍വര്‍ ലൈന്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെയ്ക്കണം.

2.  കേരളത്തിന്റെ ഗതാഗതവുമായി ബന്ധപ്പെട്ട് റോഡ്, റെയില്‍, വിമാനം, ഉള്‍നാടന്‍ ജലഗതാഗതം, സമുദ്രം എന്നിങ്ങനെ അഞ്ചു മേഖലകളെയും ഉള്‍പ്പെടുത്തി സ്വീകരിക്കേണ്ട ഭാവി നടപടികളെക്കുറിച്ച് ഒരു ധവളപത്രം പുറത്തിറക്കണം. ഇതില്‍ ഏറ്റവും ചിലവു കുറഞ്ഞതും പാരിസ്ഥിതിക സൗഹൃദപരവും കേരളത്തിന്റെ വാസഘടനയെ മനസ്സിലാക്കുന്നതുമായ ഗതാഗത സംവിധാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം.

3.  ഇപ്പോള്‍ കേരളത്തിലുള്ള റെയില്‍വേ സംവിധാനത്തിന് വേഗതയിലും മറ്റു അനുബന്ധ സൗകര്യങ്ങളിലും ഏറെ പരിമിതികള്‍ ഉണ്ടെങ്കിലും അവയെ പരിഹരിച്ചുകൊണ്ട് ഇപ്പോള്‍ നിലനില്‍ക്കുന്ന സംവിധാനത്തെ ശക്തിപ്പെടുത്തുന്നത് കൂടുതല്‍ ചിലവ് കുറവുള്ളതും മറ്റു അനുബന്ധ പ്രശ്നങ്ങള്‍ കുറക്കുന്നതുമായ ബദല്‍ മാര്‍ഗ്ഗമാണ് എന്ന് ഞങ്ങള്‍ കരുതുന്നു. ഇതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം എന്ന് ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.

4.  കേരള അസംബ്ലിയിലും മറ്റു പൊതു ഇടങ്ങളിലും കേരളത്തിന്റെ പൊതു ഗതാഗതത്തിന്റെ പ്രശ്നങ്ങളും പരിഹാര മാര്‍ഗ്ഗങ്ങളും ചര്‍ച്ച ചെയ്യണം എന്ന് ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. ധാരാളം ജനാധിപത്യ സംവാദങ്ങള്‍ക്ക് ഇടം നല്‍കുന്ന കേരള സമൂഹത്തില്‍ നിന്ന് ഈ വിഷയത്തില്‍ സര്‍ഗ്ഗാത്മകമായ ധാരാളം നിര്‍ദ്ദേശങ്ങള്‍ വരും എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. 

5.  കോവിഡ് മഹാമാരിയും മറ്റനേകം വികസന ക്ഷേമ പ്രശ്നങ്ങളും സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കു  മദ്ധ്യേ ഇത്തരത്തിലുള്ള ഭീമമായ നിക്ഷേപം വേണ്ട പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ്  മുന്‍ഗണനയാവുന്നത് എന്ന് വിശദീകരിക്കാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു .

ഈ പദ്ധതി നടപ്പിലാക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ഉത്കണ്ഠയും കേരളത്തിന്റെ ഭാവിയെ ഇത്തരം വന്‍ പദ്ധതികള്‍ എങ്ങനെ ബാധിക്കും എന്ന പൊതുവായ ഭീതിയും സര്‍ക്കാര്‍ അഭിസംബോധന ചെയ്യേണ്ടതുണ്ട്. ജനാധിപത്യത്തില്‍ അറിയാനുള്ള അവകാശം വളരെ പ്രധാനമാണ് എന്ന് എഞങ്ങള്‍ പ്രത്യേകം ഓര്‍മപ്പെടുത്തേണ്ടതില്ലല്ലോ. ഭാവി വികസന ചര്‍ച്ചകളെയും ഇത് ഏറെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. 

വിവിധ തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍, സാമൂഹിക പ്രശ്നങ്ങളെ ഗൗരവത്തോടെ കാണുന്ന എഴുത്തുകാര്‍, പൗരര്‍ എന്നീ നിലകളില്‍ നീതിപൂര്‍വകവും സുസ്ഥിരവും പരിസ്ഥിതി സഹൃദപരവും പങ്കാളിത്തപരവുമായ വികസനത്തില്‍ സാമൂഹികമായ അഭിപ്രായ സമന്വയത്തിന്റെ പ്രാധാന്യം ഞങ്ങള്‍ വീണ്ടും ചൂണ്ടിക്കാട്ടുകയാണ്. 

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യത്തില്‍ സന്ദര്‍ഭത്തിനൊത്ത് ഉയരും എന്ന് ഞങ്ങള്‍ കരുതുന്നു.''

ഈ കത്തില്‍ സംസ്ഥാനത്തെ പ്രമുഖരായ ശാസ്ത്രജ്ഞന്‍മാരും എഴുത്തുകാരും ഒപ്പിട്ടുണ്ട്. അവരില്‍ കഴിഞ്ഞ ദിവസം അന്തരിച്ച എംകെ പ്രസാദും ഉള്‍പ്പെടുന്നു. ഡോ.എംപി പരമേശ്വരന്‍, ഡോ.എംഎ ഉമ്മന്‍, ഡോ. സിടിഎസ് നായര്‍, ജി വിജയരാഘവന്‍, ഡോ. ആര്‍വിജി മേനോന്‍, ഡോ. കെപി കണ്ണന്‍, ഡോ. ഖദീജ മുംതാസ്, ബിആര്‍പി ഭാസ്‌കര്‍, എംകെ ദാസ്, എംജി രാധാകൃഷ്ണന്‍, ഡോ.കെജി താര, ഡോ. രാജേശ്വരി എസ് റയ്‌ന, ഡോ. ടിആര്‍ സുമ, ഡോ. താര നായര്‍, സരിത മോഹനന്‍ ഭാമ, ഡോ. കെജി ശങ്കര പിള്ള, പ്രൊഫ. കെ സച്ചിതാനന്ദന്‍, കെകെ ജോര്‍ജ്, ജി രവീന്ദ്രന്‍, ഡോ. സിപി രാജേന്ദ്രന്‍, ശ്രീധര്‍ രാധാകൃഷ്ണന്‍, ഡോ.കെവി തോമസ്, പ്രൊഫ. കെ ശ്രീധരന്‍, പ്രൊഫ. ടിപി കുഞ്ഞിക്കണ്ണന്‍, കെകെ കൃഷ്ണകുമാര്‍, ഡോ. എന്‍കെ ശശീധരന്‍ പിള്ള, ഡോ. എസ് ശ്രീകുമാര്‍, ഡോ. വി രാമന്‍കുട്ടി, ഡോ. ജോണ്‍ കുര്യന്‍, പിഎസ് വിജയശങ്കര്‍, ഡോ. ശ്രീകുമാര്‍ ചന്ദോപാധ്യായ, ഡോ. മധുസൂദനന്‍, ഡോ. ജെ പ്രഭാഷ്, ജി സാജന്‍, ഡോ. കെടി രാംമോഹന്‍, ഡോ. എന്‍സി നാരായണന്‍, ഡോ. എം കബീര്‍, എം സുരേഷ് ബാബു, പിആര്‍ മാധവ പണിക്കര്‍ തുടങ്ങിയവരാണ് കത്തില്‍ ഒപ്പിട്ട മറ്റുള്ളവര്‍. 

RECOMMENDED FOR YOU
Editors Choice