കൃഷ്ണപ്രസാദിന്റെ ഭൂമി കയ്യേറ്റവും മാതൃഭൂമിയുടെ കുമ്പസാരവും

പി കൃഷ്ണപ്രസാദ് സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ആയിരുന്ന കാലത്തു അദ്ദേഹത്തിനെതിരെ കൊടുത്ത വ്യാജവാര്‍ത്തയില്‍ ഒരു വ്യാഴവട്ടം കഴിഞ്ഞു മാതൃഭൂമി ദിനപത്രം ഇന്ന് ഖേദം പ്രകടിപ്പിച്ചു. 2010 ഫെബ്രുവരി 11 നു 'കൃഷ്ണപ്രസാദ് എംഎല്‍എയുടെ കുടുംബത്തിന്റെ കൈവശവും റവന്യൂ ഭൂമി' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറഞ്ഞതു കൃഷ്ണഗിരി വില്ലേജില്‍ കൃഷ്ണപ്രസാദിന്റെ കുടുംബം 10.43 ഏക്കര്‍ ഭൂമിയും അദ്ദേഹത്തിന്റെ സഹോദരന്‍ വിവേകാനന്ദന്‍ 6.51 ഏക്കര്‍ ഭൂമിയും അനധികൃതമായി കൈവശം വെക്കുന്നു എന്നാണ്.
കൃഷ്ണപ്രസാദിന്റെ അച്ഛന്‍ പരേതനായ കുട്ടികൃഷ്ണന്‍ നായര്‍ക്ക് ബത്തേരിയിലും പരിസര പ്രദേശങ്ങളിലും നൂറു കണക്കിന് ഏക്കര്‍ ഭൂമി ഉണ്ടെന്നും അന്നു മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 12 കൊല്ലത്തിനു ശേഷം അന്നു പറഞ്ഞത് തെറ്റായിരുന്നെന്നു മാതൃഭൂമി ഇന്ന് കുമ്പസരിച്ചു. അന്നു അച്ചടിച്ച വാര്‍ത്ത പിശകാണെന്നും കൃഷണപ്രസാദിന്റെ കുടുംബത്തിന് റവന്യു ഭൂമിയും പിതാവിന് നൂറു കണക്കിന് ഏക്കര്‍ ഭൂമിയും ഉണ്ടായിരുന്നു എന്ന് പറഞ്ഞത് തെറ്റാണെന്നും പത്രം ഏറ്റു പറയുന്നു. സഹോദരന്‍ വിവേകാനന്ദന്റെ കൈവശം മിച്ചഭൂമി ഉണ്ടെന്ന ബത്തേരി ലാന്‍ഡ് ബോര്‍ഡ് ഉത്തരവ് തെറ്റാണെന്നു കണ്ടു ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ടെന്നും ഇന്നത്തെ ഖേദപ്രകടനത്തില്‍ പറയുന്നുണ്ട്.
വസ്തുതാപരമായ പിശകുകള്‍ സംഭവിച്ചത് തികച്ചും യാദൃശ്ചികമാണെന്നും മനഃപൂര്‍വ്വമല്ലെന്നും ഈ പിശകുകള്‍ മൂലം കൃഷ്ണപ്രസാദിനോ കുടുംബാംഗങ്ങള്‍ക്കോ മനോവിഷമമോ മാനഹാനിയോ ഉണ്ടാകാന്‍ ഇടവരുത്തിയിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നു എന്നുമാണ് പത്രാധിപരുടെ കുറിപ്പ്.
എം പി വീരേന്ദ്രകുമാറിന്റെ ഭൂമി കൈയേറ്റം രാഷ്ട്രീയ വിവാദം ഉയര്‍ത്തിയ കാലയളവിലാണ് കൃഷ്ണപ്രസാദിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്. വീരേന്ദ്രകുമാറിന്റെ ഭൂമി കൈയേറ്റം അന്വേഷിക്കണമെന്ന് ക്രൈം ബ്രാഞ്ചിന് പരാതി കൊടുത്തത് കൃഷ്ണപ്രസാദാണ്. ഇടതുമുന്നണിയില്‍ വീരേന്ദ്രകുമാര്‍ ഉണ്ടായിരുന്ന കാലത്തും പിന്നീട് മുന്നണി മാറി യുഡിഎഫില്‍ പോയപ്പോഴും ദേശാഭിമാനി അദ്ദേഹത്തിനെതിരെ നിരന്തരം ഭൂമി കയ്യേറ്റ വാര്‍ത്തകളും ഭൂമി വിഴുങ്ങും മാതൃഭൂമി എന്ന പേരില്‍ പരമ്പരയും കൊടുത്തിരുന്നു. വീരേന്ദ്രകുമാര്‍ ഇടതുമുന്നണിയില്‍ തിരിച്ചെത്തിയതോടെ അതെല്ലാം ആവിയായി. വീരേന്ദ്രകുമാറിനെതിരെ മാത്രമല്ല, മകന്‍ ശ്രേയാംസ് കുമാറിന് എതിരെയും സമാന ആരോപണം ഉയര്‍ന്നു.
കൃഷ്ണഗിരിയിലെ 14 ഏക്കര്‍ കാപ്പിത്തോട്ടം ശ്രേയാംസ് കുമാര്‍ കയ്യേറിയ സര്‍ക്കാര്‍ ഭൂമിയാണെന്ന ആരോപണത്തില്‍ തലശ്ശേരി വിജിലന്‍സ് കോടതി നിര്‍ദേശപ്രകാരം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യുറോ അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ആരോപണം ശരി വെക്കുന്നതാണ്. വീരേന്ദ്രകുമാര്‍ അനധികൃതമായി കൈവശപ്പെടുത്തി ശ്രേയാംസ് കുമാറിന് കൈമാറിയതാണ് ഈ ഭൂമി എന്ന പരാതി എകെ ആന്റണി മുഖ്യമന്ത്രി ആയിരുന്ന കാലത്തു അദ്ദേഹത്തിന് നല്‍കിയതാണ്. കാപ്പിത്തോട്ടം സര്‍ക്കാര്‍ ഭൂമി ആണെന്നും എപ്പോള്‍ വേണമെങ്കിലും സര്‍ക്കാരിന് വീണ്ടെടുക്കാവുന്നതാണെന്നുമാണ് റവന്യു വിഭാഗം റിപ്പോര്‍ട്ട് നല്‍കിയത്. ഹൈക്കോടതി നിര്‍ദേശ പ്രകാരം റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ഈ ഭൂമി വീണ്ടെടുത്ത് ആദിവാസികള്‍ക്ക് വിതരണം ചെയ്യാവുന്നതാണെന്നു എടുത്തു പറഞ്ഞിരുന്നു. എന്നാല്‍, ഭൂമി ഏറ്റെടുക്കാനോ ആദിവാസികള്‍ക്ക് വിതരണം ചെയ്യാനോ ഒരു നടപടിയും ഉണ്ടായില്ല. സുല്‍ത്താന്‍ ബത്തേരി മുന്‍സിഫ് കോടതിയില്‍ നിന്നുള്ള സ്റ്റേയുടെ ബലത്തില്‍ ഭൂമി തല്‍സ്ഥിതിയില്‍ തുടരുന്നു. മുഖ്യമന്ത്രിമാരായ എ കെ ആന്റണി, വിഎസ് അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി, പിണറായി വിജയന്‍ എന്നിവരിലൂടെ കടന്നു പോയ ഭൂമി പ്രശ്‌നത്തില്‍ നീതിപൂര്‍വമായ നടപടി സ്വീകരിക്കാന്‍ ഒരാള്‍ക്കും കഴിഞ്ഞില്ല. മൂന്നാര്‍ ഭൂമി പ്രശ്‌നത്തില്‍ ഉറച്ച നിലപാട് എടുത്ത വിഎസ് അച്യുതാനന്ദന്‍ വയനാട് ഭൂമി പ്രശ്‌നത്തില്‍ വീരേന്ദ്രകുമാറിനൊപ്പം ആയിരുന്നു. കാരണം അന്ന് വീരേന്ദ്രകുമാര്‍ പിണറായി വിജയന്റെ എതിരാളി ആയിരുന്നു എന്നതു തന്നെ. വീരേന്ദ്ര കുമാറിനെതിരെ ഉറച്ച നിലപാട് എടുത്തിരുന്ന പിണറായി വിജയന്‍, അദ്ദേഹം യുഡിഎഫ് വിട്ടു എല്‍ഡിഎഫില്‍ വന്നതോടെ രാജ്യസഭാംഗത്വം നല്‍കി സ്വീകരിക്കുകയും കാലശേഷം അനന്തരാവകാശിക്കു സമ്മാനിക്കുകയും ചെയ്തു.
കൃഷ്ണപ്രസാദിനോട് മാതൃഭൂമി ഖേദം പ്രകടിപ്പിച്ചതു പോലെ ദേശാഭിമാനിക്കു ഇതുവരെ വീരേന്ദ്രകുമാറിനെതിരെ കൊടുത്ത ഭൂമി കയ്യേറ്റ വാര്‍ത്ത തിരുത്തുകയോ ഖേദം പ്രകടിപ്പിക്കുകയോ ചെയ്യേണ്ടി വന്നിട്ടില്ല. പക്ഷേ, ഭൂമി കയ്യേറ്റ വാര്‍ത്തകള്‍ക്കു മൊറട്ടോറിയം പ്രഖ്യാപിക്കേണ്ടി വന്നു. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിന്റെ ചരിത്രത്തില്‍ രണ്ടു തവണയേ സിപിഎം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിട്ടുള്ളൂ. 1977 ല്‍ നിലവില്‍ വന്ന മണ്ഡലത്തില്‍ 1996 ല്‍ പി വി വര്‍ഗീസ് വൈദ്യരും 2006 ല്‍ പി കൃഷ്ണപ്രസാദും വിജയിച്ചതൊഴിച്ചാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. സിറ്റിംഗ് എംഎല്‍എ എന്‍ഡി അപ്പച്ചനെ 25540 വോട്ടിനാണ് കൃഷ്ണപ്രസാദ് തോല്‍പിച്ചത്. 2001 ല്‍ ഇടതു സ്ഥാനാര്‍ത്ഥിയെ അപ്പച്ചന്‍ തോല്‍പിച്ചത് 23553 വോട്ടിനായിരുന്നു. എന്നാല്‍, 2011 ല്‍ കൃഷ്ണപ്രസാദിന് പാര്‍ട്ടി സീറ്റ് നല്‍കിയില്ല. പകരം സ്ഥാനാര്‍ഥിയാക്കിയ സിപിഎമ്മിലെ ഇഎ ശങ്കരന്‍ കോണ്‍ഗ്രസിലെ ഐസി ബാലകൃഷ്ണനോട് 7583 വോട്ടിനു തോറ്റു. മാതൃഭൂമി കൊണ്ടുവന്ന വ്യാജ ഭൂമി കൈയേറ്റ വാര്‍ത്ത കൃഷ്ണപ്രസാദിനു സീറ്റ് നിഷേധിക്കാന്‍ കാരണമായോ എന്ന് വ്യക്തമല്ല. രാഷ്ട്രീയ എതിരാളികള്‍ ആവുംവിധം ആഘോഷിച്ച ഒന്നായിരുന്നു ആ വാര്‍ത്ത. വ്യക്തിപരമായി ഒരു രാഷ്ട്രീയ നേതാവിനെ തേജോവധം ചെയ്യുക എന്ന ഗൂഢ ലക്ഷ്യം അതിനു പിന്നിലുണ്ടായിരുന്നു. തെറ്റായ വിവരങ്ങള്‍ പടച്ചു വിട്ടു ഒരു വ്യാഴവട്ടം കഴിഞ്ഞു അതു തിരുത്തി ഖേദം പ്രകടിപ്പിച്ചിട്ടെന്തു കാര്യം? വ്യക്തികള്‍ക്ക് അത് മൂലം ഉണ്ടാകുന്ന മാനഹാനിയും കഷ്ടനഷ്ടങ്ങളും അപരിഹാര്യമാണ്.
കാല്‍ നൂറ്റാണ്ടു മുന്‍പ് ഇതുപോലൊരു സംഭവത്തിന് സാക്ഷി ആകേണ്ടി വന്നിട്ടുണ്ട്. കോഴിക്കോട് എംഎല്‍എയും സിപിഎം നേതാവുമായിരുന്ന എം ദാസനെ അപകീര്‍ത്തിപ്പെടുത്തുന്ന ഒരു വാര്‍ത്ത വീക്ഷണം ദിനപത്രത്തില്‍ വന്നു. ദാസനെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന വാര്‍ത്തയില്‍ സത്യത്തിന്റെ കണിക പോലുമില്ലായിരുന്നു. വീക്ഷണത്തിനെതിരെ ദാസന്‍ കോടതിയെ സമീപിച്ചു. ഒരു ദിവസം വീക്ഷണം കോഴിക്കോട് ലേഖകന്‍ ആയിരുന്ന അമ്പലപ്പള്ളി മാമുക്കോയ എന്നെ വിളിച്ചു ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി ഇ കെ നായനാരെ കാണാന്‍ കൂടെ വരണമെന്ന് ആവശ്യപ്പെട്ടു. കോഴിക്കോട് പ്രസ്സ് ക്ലബ് സെക്രട്ടറി കൂടിയായ ഞാന്‍ അതിനു തയ്യാറായി. ഗസ്റ്റ് ഹൗസില്‍ എത്തിയപ്പോഴാണ് എം ദാസന്‍ കൊടുത്ത കേസാണ് വിഷയമെന്നു മനസിലായത്. കേസ് പിന്‍വലിപ്പിച്ചില്ലെങ്കില്‍ താന്‍ വീക്ഷണം പത്രാധിപ സ്ഥാനത്തു തുടരില്ലെന്നു സിപി ശ്രീധരന്‍ എകെ ആന്റണിക്ക് മുന്നറിയിപ്പ് നല്‍കി. അതോടെ ഗത്യന്തരം ഇല്ലാതെ ആന്റണി നായനാരെ കണ്ടു അഭ്യര്‍ത്ഥന നടത്തി. അതിന്റെ അടിസ്ഥാനത്തിലാണ് നായനാര്‍ വിളിപ്പിച്ചത്. സത്യത്തില്‍ ആ വാര്‍ത്ത അമ്പലപ്പള്ളി മാമുക്കോയ കൊടുത്തതായിരുന്നില്ല. ഒരു പാര്‍ട്ട് ടൈം ലേഖകന്‍ തയ്യാറാക്കിയതായിരുന്നു. അമ്പലപ്പള്ളി അതു കണ്ടത് പത്രത്തില്‍ അച്ചടിച്ച് വന്ന ശേഷമാണെന്നാണ് അദ്ദേഹം പറഞ്ഞത്. വിഷയം ഇതാണെന്നറിഞ്ഞപ്പോള്‍ ഞാനാകെ വിഷമത്തിലായി. എനിക്ക് വ്യക്തിപരമായി അടുപ്പമുള്ള ആളാണ് എംദാസന്‍. ലളിതമായ ജീവിതശൈലിയുള്ള അടിയുറച്ച സഖാവ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാലത്തു വ്യക്തിപരമായി ആരെങ്കിലും ഫണ്ടുമായി വീട്ടില്‍ വന്നാല്‍ അത് സ്വീകരിക്കാതെ അവരെ ഇലക്ഷന്‍ കമ്മിറ്റി ഓഫിസിലേക്കു അയക്കുന്ന ആള്‍. അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്നവരോടൊപ്പം അനുരഞ്ജനത്തിന് പോകുന്നതില്‍ പ്രയാസം ഉണ്ട്. ഗസ്റ്റ് ഹൗസില്‍ എത്തിയപ്പോള്‍ ദാസന്‍ അവിടെയുണ്ട്. നായനാരോട് അന്ന് കണക്കിനു കിട്ടി അമ്പലപ്പള്ളിക്ക്. അതിനു ശേഷം കേസ് പിന്‍വലിക്കണമെന്ന് നായനാര്‍ ആവശ്യപ്പെട്ടതോടെ ദാസന്‍ പൊട്ടിക്കരഞ്ഞു. സോഫയില്‍ നിന്നെഴുന്നേറ്റു ദാസന്റെ അടുക്കല്‍ വന്നു തോളില്‍ കൈവെച്ചു ആശ്വസിപ്പിച്ച ശേഷം നായനാര്‍ പറഞ്ഞു.. ദാസാ, ഞാന്‍ ആന്റണിക്ക് വാക്ക് കൊടുത്തതാണ്. ഇതൊക്കെ കമ്യൂണിസ്റ്റുകാരന്‍ നേരിടേണ്ടതാണ്.
പി കൃഷ്ണപ്രസാദ് ഇന്ന് ആള്‍ ഇന്ത്യ കിസാന്‍ സഭയുടെ നേതാവാണ്. കര്‍ഷക സമരത്തിന്റെ നേതൃനിരയില്‍ അദ്ദേഹമുണ്ട്. സഹകരണ രംഗത്ത് അറിയപ്പെടുന്ന ആളാണ്. എണ്‍പതുകളുടെ ഒടുവില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാനും രണ്ടായിരത്തില്‍ എസ്എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റുമായ അദ്ദേഹത്തെ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ പിന്നീട് കണ്ടില്ല. സ്വാഭാവികമായും കൃഷ്ണപ്രസാദുമായോ അദ്ദേഹത്തിന്റെ അഭിഭാഷകനുമായോ സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാകാം മാതൃഭൂമിയുടെ ഖേദപ്രകടനം. അതിലൂടെ മാതൃഭൂമിക്ക് നിയമ നടപടിയില്‍ നിന്നു രക്ഷപ്പെടാന്‍ കഴിയുന്നു. ഖേദം എന്നൊരു വാക്ക് മലയാള നിഘണ്ടുവില്‍ ഉള്ളതു എന്തൊരു ഭാഗ്യം.