''വ്യവസായികളോട് നെഗറ്റീവ് സ്വഭാവം വേണ്ട''; ചീഫ് സെക്രട്ടറി

തിരുവനന്തപുരം: വ്യവസായം തുടങ്ങാന്‍ ആരംഭിക്കുന്നവരോടുള്ള നെഗറ്റിവ് സ്വഭാവം ഉദ്യോഗസ്ഥര്‍ മാറ്റണമെന്ന് ചീഫ് സെക്രട്ടറി വി പി ജോയ്. വ്യവസായ ഏകജാലക സ്റ്റേറ്റ് ബോര്‍ഡ് യോഗത്തിലാണ് അദ്ദേഹം ഇങ്ങിനെ പറഞ്ഞത്. സംസ്ഥാനത്തു വ്യവസായം തുടങ്ങാന്‍ വരുന്നവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്ന സമീപനം ഉണ്ടാകരുത്. പുതിയ വ്യവസായം ആരംഭിക്കാന്‍ എങ്ങിനെ സഹായിക്കാം എന്നാണ് ആലോചിക്കേണ്ടത്. അല്ലാതെ തടസ്സ വാദങ്ങള്‍ നിരത്തി എങ്ങിനെ വ്യവസായം തുടങ്ങുന്നത് മുടക്കാം എന്ന മനോഭാവമല്ല വേണ്ടത്. ലൈസന്‍സും ക്ലിയറന്‍സും എങ്ങിനെ കൊടുക്കാന്‍ കഴിയും എന്നാണ് ആലോചിക്കേണ്ടത്. എങ്ങിനെ കൊടുക്കാതിരിക്കാന്‍ കഴിയും എന്നല്ല.
വ്യവസായ ലൈസന്‍സിനു അപേക്ഷിക്കുന്നവരോട് മറ്റു വകുപ്പുകളിലെ ക്ലിയറന്‍സ് ഒരു വകുപ്പും ആവശ്യപ്പെടരുത്. ഓരോ വകുപ്പും അവരുടെ ക്ലിയറന്‍സ് ആണ് നല്‍കേണ്ടത്. പുതിയ വ്യവസായ പദ്ധതിക്കെതിരെ ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനം കോടതിയെ സമീപിക്കുകയാണെങ്കില്‍ അത് സെക്രട്ടറിയുടെ സ്വന്തം ചെലവില്‍ ആയിരിക്കണം. പഞ്ചായത്തിന്റെയോ കോര്‍പറേഷന്റെയോ ഫണ്ട് ഇതിനു ഉപയോഗിക്കാന്‍ പാടില്ല.
സംസ്ഥാനത്തു പുതിയ വ്യവസായങ്ങള്‍ തുടങ്ങാന്‍ വരുന്നവരെ പരമാവധി പ്രോത്സാഹിപ്പിക്കണമെന്നും അവര്‍ക്കു എല്ലാവിധ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കണമെന്നും ഏകജാലക ബോര്‍ഡ് യോഗത്തില്‍ ചീഫ് സെക്രട്ടറി പറഞ്ഞു.