• 22 Sep 2023
  • 03: 11 AM
Latest News arrow

എന്താണ് രവീന്ദ്രന്‍ പട്ടയങ്ങള്‍?

വിവാദമായ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാന്‍ റവന്യൂ വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. 45 ദിവസത്തിനുള്ളില്‍ രവീന്ദ്രന്‍ പട്ടയങ്ങള്‍ പരിശോധിച്ച് നിയമാനുസൃതമല്ലാത്തവ റദ്ദ് ചെയ്യാന്‍ റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഇടുക്കി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഇകെ നായനാര്‍ മന്ത്രിസഭയുടെ കാലത്ത് ചട്ടങ്ങള്‍ കാറ്റില്‍ പറത്തി എംഐ രവീന്ദ്രന്‍ അനുവദിച്ച വിവാദ പട്ടയങ്ങള്‍ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് റദ്ദാക്കാന്‍ റവന്യൂ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. പട്ടയത്തിന് അര്‍ഹതയുള്ളവര്‍ക്ക് രണ്ട് മാസത്തിനുള്ളില്‍ പുതിയ പട്ടയം നല്‍കാനും റവന്യൂ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ശരിക്കും എന്താണ് രവീന്ദ്രന്‍ പട്ടയങ്ങള്‍?

സംസ്ഥാനത്ത് ഭൂമി കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും അധികം ഉയര്‍ന്ന പേരാണ് രവീന്ദ്രന്‍ പട്ടയങ്ങള്‍. ദേവികുളത്ത് അഡീഷണല്‍ തഹസില്‍ദാരുടെ ചുമതലയുണ്ടായിരുന്ന എംഐ രവീന്ദ്രന്‍ 1999ല്‍ ലാന്‍ഡ് അസൈന്‍മെന്റ് ശുപാര്‍ശ പ്രകാരമെന്ന പേരില്‍ ദേവികുളം താലൂക്കിലെ ഒമ്പത് വില്ലേജുകളില്‍ 530 പട്ടയങ്ങള്‍ വിതരണം ചെയ്തിരുന്നു. ഇതാണ് രവീന്ദ്രന്‍ പട്ടയങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. പട്ടയം നല്‍കാന്‍ കളക്ടര്‍ക്ക് അധികാരമുള്ള കെ.ഡി.എച്ച് വില്ലേജില്‍ മാത്രം 127 പട്ടയങ്ങള്‍ വിതരണം ചെയ്തു. 4251 ഹെക്ടര്‍ സ്ഥലമാണ് ഇത്തരത്തില്‍ വിതരണം ചെയ്തത്.

അന്ന് ജില്ലാ കളക്ടറായിരുന്ന വിആര്‍ പത്മനാഭന്റെ ഉത്തരവ് പ്രകാരമാണ് പട്ടയം നല്‍കാന്‍ രവീന്ദ്രനെ ചുമതലപ്പെടുത്തിയത്. കളക്ടറുടെ ഉത്തരവ് സ്റ്റാറ്റിയൂട്ടറി റഗുലേറ്ററി ഓര്‍ഡര്‍ വഴി ഗസറ്റില്‍ വിജ്ഞാപനം ചെയ്ത് സാധൂകരിക്കാന്‍ റവന്യൂ വകുപ്പ് മറന്നു. അതോടെ നിയമപ്രകാരം രവീന്ദ്രന്‍ തഹസില്‍ദാറായില്ല. പട്ടയം ഒപ്പിട്ട് നല്‍കാനുള്ള അധികാരം തഹസില്‍ദാര്‍ക്ക് മാത്രമാണെന്നാണ് ചട്ടം. ഇതോടെ രവീന്ദ്രന്‍ ഒപ്പിട്ട് വിതരണം ചെയ്ത പട്ടയങ്ങള്‍ ചട്ട വിരുദ്ധമായി. 

പാര്‍ട്ടി ഓഫീസുകള്‍ അടക്കം രവീന്ദ്രന്‍ പട്ടയ ഭൂമിയിലാണെന്നതിനാല്‍ വിഷയം സിപിഎമ്മിനെയടക്കം പ്രതിക്കൂട്ടിലാക്കി. ഭൂമി കയ്യേറ്റം വ്യാപകമാണെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 2007ല്‍ അന്നത്തെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ മൂന്നംഗ ദൗത്യ സംഘത്തെ അയച്ചതോടെയാണ് രവീന്ദ്രന്‍ പട്ടയ വിവാദത്തിന് മൂര്‍ച്ച കൂടിയത്. എംഐ രവീന്ദ്രന്‍ ഒപ്പിട്ട് വിതരണം ചെയ്ത പട്ടയങ്ങള്‍ മൂന്നാര്‍ ദൗത്യ സംഘം തലവനായിരുന്ന കെ സുരേഷ്‌കുമാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചതെല്ലാം അക്കാലത്ത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

പട്ടയങ്ങളില്‍ ഏറിയ പങ്കും അഞ്ചും പത്തും സെന്റുള്ള ചെറുകിടക്കാരാണെന്ന മറുവാദവും ഉയര്‍ന്നു. എന്നാല്‍ ഇത്തരം ഭൂമികളില്‍ ബഹുനില കെട്ടിടങ്ങളുയര്‍ന്നതുകൊണ്ട് കയ്യുംകെട്ടി നില്‍ക്കില്ലെന്നും ഹോം സ്‌റ്റേകളും റിസോര്‍ട്ടുകളും പൊളിച്ചു മാറ്റേണ്ടിവരുമെന്നുമുള്ള നിലപാട് ദൗത്യസംഘവും സ്വീകരിച്ചു. ഇതോടെ സര്‍ക്കാര്‍ നല്‍കിയ പട്ടയം സാങ്കേതികത്വത്തിന്റെ പേരില്‍ നിഷേധിക്കരുതെന്ന് ആവശ്യപ്പെട്ട് ഭൂവുടമകള്‍ കോടതിയെ സമീപിച്ചു. അങ്ങിനെ വിഷയം താല്‍ക്കാലികമായി കെട്ടടങ്ങി.

രവീന്ദ്രന്‍ പട്ടയമെന്ന പേരില്‍ ദേവികുളം താലൂക്കില്‍ വ്യാജപട്ടയങ്ങള്‍ വിതരണം ചെയ്തതായി പിന്നീട് വിജിലന്‍സ് കണ്ടെത്തിയിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം രവീന്ദ്രന്‍ അനുവദിച്ച 530 പട്ടയങ്ങളും പരിശോധിച്ച് നിയമാനുസൃതമല്ലാത്തവ റദ്ദ് ചെയ്യാന്‍ റവന്യൂ വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. ഇതോടെ വിഷയം വീണ്ടും സങ്കീര്‍ണമാകുമെന്നതില്‍ തര്‍ക്കമില്ല. 

RECOMMENDED FOR YOU
Editors Choice