• 22 Sep 2023
  • 03: 40 AM
Latest News arrow

ഡോക്ടര്‍മാര്‍ മയങ്ങുമ്പോള്‍

തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജന്‍ അക്വില്‍ മുഹമ്മദ് ഹുസൈനെ മയക്കുമരുന്നുമായി പോലീസ് പിടികൂടിയ സംഭവം ഞെട്ടലും ആശങ്കയും ഉളവാക്കുന്നതാണ്. കോഴിക്കോട് സ്വദേശിയായ അക്വില്‍ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെയാണ് അറസ്റ്റിലാകുന്നത്. പോലീസ് സ്റ്റേഷനില്‍ അയാളെ ചോദ്യം ചെയ്തതിന്റെ ആദ്യ ഭാഗങ്ങളുടെ വിഡിയോ പ്രചരിക്കുന്നുണ്ട്. സാധാരണ ഗതിയില്‍ ഇത്തരം കേസുകളില്‍ പോലീസ് നടത്തുന്ന  ചോദ്യം ചെയ്യല്‍ അതീവ രഹസ്യ സ്വഭാവം ഉള്ളതാണ്. അതിന്റെ  വിഡിയോ പുറത്തു വരുന്നത് അസാധാരണവുമാണ്. ഒരുപക്ഷേ ,ഉന്നത തലത്തില്‍ ഇടപെടല്‍ വന്ന സാഹചര്യത്തില്‍ പോലീസ് രഹസ്യമായി പുറത്തു വിട്ടതാകാം ഇത്. അതല്ലെങ്കില്‍ കേസ് കോടതിയില്‍ എത്തുമ്പോള്‍ പ്രോസിക്യൂഷനെ പ്രതിരോധത്തിലാക്കി രക്ഷപ്പെടാന്‍ പോലീസിന്റെ ആശിര്‍വാദത്തോടെ പുറത്തു വിട്ടതുമാകാം.  

ഇരുപത്തിനാലുകാരനായ അക്വില്‍ പോലീസിനോട് പറഞ്ഞത് മൂന്നു കൊല്ലമായി അയാള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ്. നിരോധിത എംഡിഎംഎ, ഹാഷിഷ് ഓയിലിന്റെ കുപ്പി  എന്നിവ അയാളില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. മയക്കുമരുന്ന് ഉപയോഗം മാത്രമല്ല, അതിന്റെ വില്‍പനയും ഇയാള്‍ക്ക് ഉണ്ടായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന പതിനഞ്ചോളം പേരുണ്ടെന്നാണ് അക്വില്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ പറഞ്ഞത്. അവരില്‍ ചിലരുടെ പേരുകള്‍ അയാള്‍ പറയുകയും ചെയ്തു. അക്വിലിനെ പോലിസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുമ്പോള്‍ തന്നെ അയാളുടെ ഫോണിലേക്കു മയക്കുമരുന്ന് ആവശ്യപ്പെട്ടുള്ള സന്ദേശങ്ങള്‍ എത്തിയിരുന്നു. തൃശൂര്‍ മെഡിക്കല്‍  കോളേജ് പരിസരത്തു നിന്ന് ലഹരി മരുന്നുമായി പിടികൂടിയ ഒരാളില്‍ നിന്ന് കിട്ടിയ വിവരമാണ് ഡോക്ടര്‍മാരുടെ മയക്കുമരുന്നു ഉപയോഗത്തെക്കുറിച്ചുള്ള സൂചനയായത്. തുടര്‍ന്നു ഇവര്‍ താമസിക്കുന്ന ഹോസ്റ്റലുകളില്‍  നടത്തിയ അന്വേഷണമാണ് അക്വിലില്‍ എത്തിയതും പോലീസ് കയ്യോടെ പിടി കൂടിയതും. 

സാമ്പത്തികമായി ഉയര്‍ന്ന ശ്രേണിയിലുള്ള ഇയാള്‍ക്ക് മയക്കുമരുന്ന് വിറ്റു പണം സമ്പാദിക്കേണ്ട ആവശ്യമില്ല. മാഫിയയുടെ കെണിയില്‍ ഇയാള്‍ വീണതാണോ എന്ന സംശയം സ്വാഭാവികം. മയക്കുമരുന്ന് സംഘത്തിന്റെ പിടിയില്‍ ഒരിക്കല്‍ പെട്ടുപോയാല്‍ രക്ഷപ്പെടുക പ്രയാസമാണ്. മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്ന് വിമുക്തി നേടലും എളുപ്പമല്ല. പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന്റെ സംരക്ഷകരാകേണ്ട ഡോക്ടര്‍മാര്‍ മയക്കുമരുന്നിന്റെ ഉപാസകരാകുക എന്നത് സമൂഹത്തിനു ഭീഷണിയാണ്. രോഗം ബാധിച്ചു ആശുപത്രിയില്‍ എത്തുന്ന രോഗികളെ ഇവര്‍ പരിശോധിക്കുന്നതും മരുന്നുകള്‍ എഴുതുന്നതും സ്വബോധത്തിലാണെന്നതിന് എന്ത് ഗ്യാരന്റിയാണ് ഉള്ളത്? നമ്മുടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ രാത്രിസമയങ്ങളില്‍ കാഷ്വാലിറ്റി കൈകാര്യം ചെയ്യുന്നതില്‍ ഭൂരിഭാഗവും ഹൗസ് സര്‍ജന്മാരാണ്. അവര്‍ മയക്കുമരുന്ന് അടിച്ചിരുന്നു നടത്തുന്ന ചികിത്സയെ എങ്ങിനെയാണ് വിശ്വസിക്കുക? 

അക്വിലിന്റേത് ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല എന്നതാണ് നിര്‍ഭാഗ്യകരമായ വസ്തുത. സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലുള്ള നമ്മുടെ മെഡിക്കല്‍ കോളജുകളില്‍ ഇത് പരസ്യമായ രഹസ്യമാണ്. ജൂനിയര്‍ ഡോക്ടര്‍മാരിലും വിദ്യാര്‍ത്ഥികളിലും മയക്കുമരുന്നുപയോഗം വര്‍ധിച്ചു വരുന്നതായാണ് അനുഭവത്തില്‍ നിന്നുള്ള അറിവ്. മെഡിക്കല്‍ കോളജുകളിലെ പല വകുപ്പ് മേധാവികള്‍ക്കും ഇതേപ്പറ്റി അറിവുണ്ടെങ്കിലും അവര്‍ നിശബ്ദത പാലിക്കുകയാണ്. പെട്ടെന്നൊരു ദിവസം ആരംഭിച്ചതൊന്നുമല്ല ഈ മയക്കുമരുന്നാസക്തി. പണ്ടു മുതല്‍ക്കേ ഇതുണ്ട്. മുന്‍കാലങ്ങളില്‍ കഞ്ചാവും ചരസുമൊക്കെ ആയിരുന്നെങ്കില്‍ ഇപ്പോള്‍ അത് എംഡിഎംഎയും ഹാഷിഷും മറ്റും ആയെന്ന വ്യത്യാസമേയുള്ളൂ. 

ശരീരത്തില്‍ ചെറിയ മുറിവുണ്ടാക്കി അതിനു മുകളില്‍ മയക്കുമരുന്ന് സ്റ്റാമ്പ് ഒട്ടിച്ചു നടക്കുന്നതാണ് ന്യൂജെന്‍ കാലത്തെ സ്‌റ്റൈല്‍. 
ശാരീരികവും മാനസികവുമായ ഘടകങ്ങളെ ആഴത്തില്‍ സ്വാധീനിക്കുന്ന ഒന്നാണ് മയക്കുമരുന്നിനോടുള്ള ആസക്തി. ഉഷാര്‍ ആകാനാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നതെന്നാണ് അക്വില്‍ പോലീസിനോട് പറഞ്ഞത്. മെഡിക്കല്‍ കോളജുകളില്‍ മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്ന മിക്കവര്‍ക്കും ഇതേ മറുപടിയാണ് പറയാനുണ്ടാവുക. മദ്യം ആണെങ്കിലും മയക്കുമരുന്ന് ആണെങ്കിലും അതുപയോഗിക്കുമ്പോള്‍ ശരീരത്തില്‍ ജൈവപരമായ മാറ്റങ്ങള്‍ ഉണ്ടാകും. തലച്ചോറില്‍ നിന്നു ഉല്പാദിപ്പിക്കുന്ന ഡോപമിന്‍ എന്ന ഘടകം പെട്ടെന്ന് വ്യക്തിയുടെ മൂഡില്‍ മാറ്റം വരുത്തും. ഉന്മേഷം കൂടാന്‍ വേണ്ടി അയാള്‍ മയക്കുമരുന്ന് ഉപയോഗിച്ച് കൊണ്ടേയിരിക്കും. കാലക്രമേണ അളവ് കൂട്ടിക്കൊടുക്കേണ്ടി വരികയും ചെയ്യും. ഭക്ഷണവും വെള്ളവും വായുവും പോലെ അവശ്യവസ്തുവായി ഇതും മാറും. ഉപയോഗം തുടങ്ങിയാല്‍ പിന്നീട് തിരിച്ചു വരവ് പ്രയാസമാണ്. ഒരു ഡോസ് എടുത്തു കഴിഞ്ഞാല്‍ അടുത്ത ഡോസിനെ കുറിച്ചുള്ള ആലോചനയാണ്. അത് കിട്ടാതെ വന്നാല്‍ എല്ലാം തകിടം മറിയും. വിറയല്‍, അസ്വസ്ഥത, ഭയം, വിദ്വേഷം തുടങ്ങി സങ്കീര്‍ണമായ മാനസിക വിക്ഷോഭങ്ങള്‍ ഉണ്ടാകും. മയക്കുമരുന്ന് ആസക്തി ഗുരുതരമായ  രോഗമാണ്.. തുടര്‍ച്ചയായ ഉപയോഗം  ഒരാളുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ  ബാധിക്കും. ചിന്തിക്കാനും പെട്ടെന്ന് തീരുമാനം എടുക്കാനുമുള്ള ശേഷി  കൈമോശം വരും. 

ഒരാളുടെ ജീവിത പശ്ചാത്തലം, കുടുംബത്തിലെ അംഗങ്ങളുമായുള്ള ഇടപെടല്‍, സൗഹൃദ ബന്ധങ്ങള്‍ തുടങ്ങിയവ മയക്കുമരുന്ന് ഉപയോഗത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. പ്രൊഫഷണല്‍ കോളജുകളില്‍ പഠിക്കുന്ന വിദേശ മലയാളികളുടെ മക്കളില്‍ താരതമ്യേന ഡ്രഗ് അഡിക്ഷന്‍ കൂടുതലാണ്. അതിനു കാരണം അവരുടെ ഒറ്റപ്പെടലും ഇഷ്ടം പോലെ പണം കിട്ടാനുള്ള സാഹചര്യവുമാണ്. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളില്‍ ഡോക്ടര്‍മാരില്‍ പത്തു മുതല്‍ പതിനഞ്ചു ശതമാനം വരെ മയക്കുമരുന്നിന് അടിമകളാണെന്നാണ് ആധികാരിക പഠനങ്ങള്‍ പറയുന്നത്. ജോലി ഭാരം, ഉറക്കമിളച്ചുള്ള ജോലി, മയക്കു മരുന്ന് എളുപ്പം കിട്ടാനുള്ള സാധ്യത തുടങ്ങിയവയാണ് ആസക്തിക്കു കാരണം. ഡോക്ടര്‍മാരിലെ ഡ്രഗ് അഡിക്റ്റുകളെ തിരിച്ചറിയാനുള്ള വഴികള്‍ താഴെപ്പറയുന്നവയാണ്. അവര്‍ എപ്പോഴും നൈറ്റ് ഷിഫ്റ്റ് ഇഷ്ടപ്പെടും,  ജോലിക്കിടയില്‍ ഉറക്കം തൂങ്ങും, രോഗികള്‍ക്ക് വേദന സംഹാരിയായി മയക്കുമരുന്ന് നല്‍കാന്‍ താല്പര്യം കാണിക്കും, മിന്റ്, മൗത് വാഷ് തുടങ്ങിയവ സ്ഥിരമായി ഉപയോഗിക്കും, തുടര്‍ച്ചയായി അബദ്ധങ്ങള്‍ വരുത്തിക്കൊണ്ടിരിക്കും, പെട്ടെന്ന് ക്ഷുഭിതരാകും. എന്നാല്‍, ഈ ലക്ഷണങ്ങള്‍ ഉള്ളവരെല്ലാം മയക്കുമരുന്ന് കഴിക്കുന്നവരാണെന്ന ധാരണയില്‍ സമീപിക്കരുത്. 

മറ്റു പ്രൊഫഷനലുകളില്‍ നിന്ന് വ്യത്യസ്തമായി ഡോക്ടര്‍മാര്‍ മയക്കുമരുന്നിന്റെ അടിമകളായാല്‍ സമൂഹം അതിനു കൊടുക്കേണ്ടി വരുന്ന വില വളരെ വലുതാണ്. സ്വയം അപകടപ്പെടുത്തുക മാത്രമല്ല, തങ്ങളെ സമീപിക്കുന്ന രോഗികളെ അവര്‍ അപകടപ്പെടുത്താനുള്ള സാധ്യത കൂടുതലാണ്. ചികിത്സ, തുടര്‍ ചികിത്സ, കൗണ്‍സിലിംഗ് തുടങ്ങിയവയിലൂടെ മയക്കുമരുന്ന് ആസക്തിയില്‍ നിന്ന് മോചനം ലഭിച്ചേക്കാം. രോഗി അതിന് മാനസികമായും ശാരീരികമായും തയ്യാറെടുക്കണമെന്നു മാത്രം. അഡിക്ഷന്‍ താത്കാലികമായി ഇല്ലാതായാലും ഏതു നിമിഷവും തിരിച്ചെത്താനും സാധ്യതയുണ്ട്. അക്വില്‍ മുഹമ്മദിനെ ദൈവം രക്ഷിക്കട്ടെ എന്നാണ് ഈ സന്ദര്‍ഭത്തില്‍ പറയാനുള്ളത്. അയാളെ ക്രിമിനലായി കാണാതെ രോഗിയായാണ് കാണേണ്ടത്. കാരണം മയക്കുമരുന്നാസക്തി രോഗമാണ്. അല്ലാതെ ക്രിമിനല്‍ പ്രവര്‍ത്തനമല്ല. നിര്‍ഭാഗ്യവശാല്‍ നമ്മുടെ നിയമം ഇത്തരം കേസുകളില്‍ പെടുന്നവരെ ജയിലുകളില്‍ തളച്ചിടാനാണ് താല്പര്യം കാണിക്കുന്നത്. 

RECOMMENDED FOR YOU
Editors Choice