• 25 May 2022
  • 02: 59 AM
Latest News arrow

കോടിയേരി ആദ്യം സ്വന്തം കണ്ണിലെ കോല്‍ എടുക്കൂ

കുഞ്ഞൂഞ്ഞും കുഞ്ഞാലിക്കുട്ടിയും കുഞ്ഞുമാണിയും ചേര്‍ന്നാണ് കേരളത്തില്‍ യുഡിഎഫിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പറഞ്ഞത് വിഎസ് അച്യുതാനന്ദനാണ്. 2021 ലെ തെരഞ്ഞെടുപ്പില്‍ കോടിയേരി ബാലകൃഷ്ണന്‍ അതിനൊരു ഭേദഗതി വരുത്തി. ഹസ്സന്‍ - കുഞ്ഞാലിക്കുട്ടി - അമീര്‍ അച്ചുതണ്ടാണ് യുഡിഎഫിനെ ഭരിക്കുന്നതെന്ന്. വിഎസ് പറയുമ്പോള്‍ കെ എം മാണിയുടെ കേരളാ കോണ്‍ഗ്രസ് യുഡിഎഫില്‍ ആയിരുന്നു. അതിനാല്‍ മുസ്ലിങ്ങളും ക്രിസ്ത്യാനികളുമാണ് യുഡിഎഫിനെ നിയന്ത്രിക്കുന്നതെന്നു പറഞ്ഞാണ് ഹിന്ദു വോട്ടില്‍ വിഎസ് നോട്ടമിട്ടത്. 2021 ആയപ്പോള്‍ മാണിയുടെ മകന്‍ ജോസ് കെ മാണി യുഡിഎഫ് വിട്ടു എല്‍ഡിഎഫില്‍ ചേര്‍ന്നതോടെ പത്തര മാറ്റ് മതേതരമായി. അതോടെ മുസ്ലിംകളാണ് യുഡിഎഫിന്റെ കാര്യം തീരുമാനിക്കുന്നതെന്നു കോടിയേരി ആരോപിച്ചു. കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജി വെച്ച് കേരളത്തില്‍ മത്സരിക്കാന്‍ പോകുകയാണെന്ന പ്രഖ്യാപനം അതിനു ആക്കം കൂട്ടി. എല്‍ഡിഎഫ് പ്രചരിപ്പിച്ച മുസ്ലിം വിരുദ്ധത പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണത്തിനു ചെറിയ സംഭാവനയൊന്നുമല്ല ചെയ്തതെന്നു തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുമ്പോള്‍ ബോധ്യപ്പെടും.

ഇപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ മതേതരത്വം പരിശോധിക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ ന്യൂനപക്ഷങ്ങള്‍ ഇല്ലെന്നാണ് അദ്ദേഹത്തിന്റെ കണ്ടുപിടുത്തം. സ്വന്തം പാര്‍ട്ടിയില്‍ ന്യൂനപക്ഷങ്ങള്‍ക്കു നല്‍കിയ പ്രാതിനിധ്യം ഒന്ന് പരിശോധിച്ചിട്ടാകാമായിരുന്നു ഇങ്ങനെയൊരു ആരോപണം ഉന്നയിക്കല്‍. പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി ബ്രാഞ്ച് മുതല്‍ സംസ്ഥാന തലം വരെയുള്ള സമ്മേളനങ്ങളുടെ തിരക്കിലാണ് സിപിഎം. അതിന്റെ ഭാഗമായി 14 ജില്ലാ സമ്മേളനങ്ങളും പൂര്‍ത്തിയായി ജില്ലാ സെക്രട്ടറിമാരെ തെരഞ്ഞെടുത്തു. ഇനി സംസ്ഥാന കമ്മിറ്റിയാണ് അടുത്ത കടമ്പ. സിപിഎമ്മിന്റെ തെരഞ്ഞെടുക്കപ്പെട്ട  14 ജില്ലാ സെക്രട്ടറിമാരില്‍ രണ്ടു പേര്‍  മാത്രമാണ് ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ളവര്‍. ആലപ്പുഴയിലെ ആര്‍ നാസറും തൃശൂരിലെ എംഎം വര്‍ഗീസും. മറ്റു 12 ജില്ലകളിലെയും സെക്രട്ടറിമാര്‍ ഭൂരിപക്ഷ സമുദായത്തില്‍ നിന്നുള്ളവരാണ്. അവരുടെ പേരുകള്‍ താഴെപ്പറയുന്നു.  

എംവി ബാലകൃഷ്ണന്‍ (കാസര്‍കോട്), എംവി ജയരാജന്‍ (കണ്ണൂര്‍), പി മോഹനന്‍ (കോഴിക്കോട്), പി ഗഗാറിന്‍ (വയനാട്), ഇഎന്‍ മോഹന്‍ദാസ് (മലപ്പുറം) , സികെ രാജേന്ദ്രന്‍ (പാലക്കാട്), സിഎന്‍ മോഹനന്‍ (എറണാകുളം), കെകെ ജയചന്ദ്രന്‍ (ഇടുക്കി), കെപി ഉദയഭാനു ( പത്തനംതിട്ട), എവി റസല്‍ (കോട്ടയം), എസ് സുദേവന്‍ (കൊല്ലം), ആനാവൂര്‍ നാഗപ്പന്‍ (തിരുവനന്തപുരം). നേരത്തെ ഒരു ജില്ലാ സെക്രട്ടറി മാത്രമാണ് ന്യൂനപക്ഷ സമുദായത്തില്‍ നിന്നുണ്ടായിരുന്നത്. ആലപ്പുഴയിലെ സജി ചെറിയാന്‍. 

സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ നിലവില്‍ 96 പേരാണുള്ളത്. 88 സ്ഥിരം അംഗങ്ങളും 8 ക്ഷണിതാക്കളും. 88 അംഗങ്ങളില്‍ ന്യൂനപക്ഷ സമുദായത്തില്‍ പെടുന്നവര്‍ 12 പേരാണ്. എളമരം കരീം, എസി മൊയ്തീന്‍, പികെ സൈനബ, തോമസ് ഐസക്, എംസി ജോസഫൈന്‍, ബേബി ജോണ്‍, കെജെ തോമസ്, ജെയിംസ് മാത്യു, കെപി മേരി, സജി ചെറിയാന്‍, ജെ മേഴ്സിക്കുട്ടി, സൂസന്‍ കോടി എന്നിവര്‍. 8 ക്ഷണിതാക്കളില്‍ പാലോളി. മുഹമ്മദ്കുട്ടി, എംഎം ലോറന്‍സ്, എംഎം വര്‍ഗീസ് എന്നിവര്‍ ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ളവരാണ്. 21 അംഗ സംസ്ഥാന സെക്രട്ടറിയേറ്റില്‍ എളമരം കരീം, തോമസ് ഐസക്, ജോസഫൈന്‍, ബേബീ ജോണ്‍, കെജെ തോമസ് എന്നിങ്ങനെ നാലു പേര്‍. 

ഇനി കോണ്‍ഗ്രസ് ഭാരവാഹികളെ സമുദായം തിരിച്ചു പരിശോധിക്കാം. 14 ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരില്‍ 7 പേര്‍ ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ളവരാണ്. പി കെ ഫൈസല്‍ (കാസര്‍കോട്), മുഹമ്മദ് ഷിയാസ് (എറണാകുളം), സിപി മാത്യു (ഇടുക്കി), ജോസ് വള്ളൂര്‍ (തൃശൂര്‍), വിഎസ് ജോയ് (മലപ്പുറം), എന്‍ഡി അപ്പച്ചന്‍ (വയനാട്), മാര്‍ട്ടിന്‍ ജോര്‍ജ് (കണ്ണൂര്‍) എന്നിവര്‍. മറ്റു ജില്ലകളിലെ പ്രസിഡന്റുമാര്‍. പാലോട് രവി (തിരുവനന്തപുരം), പി രാജേന്ദ്ര പ്രസാദ് (കൊല്ലം), സതീഷ് കൊച്ചുപറമ്പില്‍ (പത്തനംതിട്ട), ബാബു പ്രസാദ് (ആലപ്പുഴ), നാട്ടകം സുരേഷ് (കോട്ടയം), എ തങ്കപ്പന്‍ (പാലക്കാട്), കെ പ്രവീണ്‍ കുമാര്‍ (കോഴിക്കോട്).

കോണ്‍ഗ്രസിന്റെ 26 ജനറല്‍ സെക്രട്ടറിമാരില്‍ 12 പേര്‍ ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ളവരാണ്. എഎ ഷുക്കൂര്‍, ആര്യാടന്‍ ഷൗക്കത്, അബ്ദുല്‍ മുത്തലിബ്, പിഎ സലിം, എംഎം നസീര്‍, പിഎം നിയാസ്, ആലിപ്പറ്റ ജമീല, കെകെ എബ്രഹാം, സോണി സെബാസ്റ്റ്യന്‍, ജോസി സെബാസ്റ്റ്യന്‍, എംജെ ജോബ്, ദീപ്തി മേരി വര്‍ഗീസ്.  

സിപിഎമ്മിന്റെ 95 അംഗ കേന്ദ്ര കമ്മിറ്റിയിലെ ന്യൂനപക്ഷ പ്രാതിനിധ്യം വെറും 9 ആണ്. 17 അംഗ പോളിറ്റ് ബ്യുറോയില്‍ ന്യൂനപക്ഷ സമുദായക്കാരായ 3 പേര്‍  മാത്രവും. കെപിസിസി പ്രസിഡന്റ് പദവിയില്‍ ക്രിസ്ത്യന്‍, മുസ്ലിം മതവിഭാഗത്തില്‍ പെട്ടവര്‍ മാറി മാറി വന്നിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സിപിഎം സെക്രട്ടറിയായി ഇന്നേവരെ ഒരു ന്യൂനപക്ഷ സമുദായ അംഗം മരുന്നിനു പോലും ഉണ്ടായിട്ടില്ല. പ്രതിപക്ഷ നേതാവായോ മുഖ്യമന്ത്രിയായോ ന്യൂനപക്ഷ സമുദായ അംഗത്തെ ഒരു കാലത്തും സിപിഎം പരിഗണിച്ചിട്ടുമില്ല. വിഎസ് അച്യുതാനന്ദനെ ഒഴിവാക്കാനായി 2006 ല്‍ പാലോളി മുഹമ്മദ് കുട്ടിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പിണറായി വിജയന്‍ ഉയര്‍ത്തിക്കൊണ്ടു വന്നെങ്കിലും കേന്ദ്ര നേതൃത്വം വീറ്റോ ചെയ്തു. തെരഞ്ഞെടുപ്പ് കാലത്തു യുഡിഎഫില്‍ മുസ്ലിം ആധിപത്യം ആണെന്നും ഭരണം കിട്ടിയാല്‍  മുഖ്യമന്ത്രിയായി വരാന്‍ പോകുന്നത് പികെ കുഞ്ഞാലിക്കുട്ടിയാണെന്നും കോടിയേരി ബാലകൃഷ്ണനും എ വിജയരാഘവനും അടക്കം സിപിഎം നേതാക്കള്‍ ആസൂത്രിതമായി പ്രചരിപ്പിച്ചു. വ്യാപകമായി മുസ്ലിം വിരുദ്ധത പടര്‍ത്തുകയായിരുന്നു അതിനു പിന്നിലെ ഗൂഢോദ്ദേശ്യം. ഹൈന്ദവ-ക്രിസ്ത്യന്‍ വോട്ടുകള്‍ അതുവഴി സമാഹരിച്ചാണ് എല്‍ഡിഎഫ് അധികാരത്തില്‍ എത്തിയത്. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ഒരേ സമുദായത്തില്‍ പെട്ടവരാണെന്ന ആരോപണത്തിലൂടെ പച്ചക്കു വര്‍ഗീയത പ്രചരിപ്പിക്കുകയാണ് കോടിയേരി. സിപിഎമ്മിന്റെ പോളിറ്റ് ബ്യുറോ അംഗമായ അദ്ദേഹത്തിന് ഈ പ്രവര്‍ത്തി ഒട്ടും യോജിച്ചതല്ല. എംഎം മണി പറയുന്നതു പോലെ ലക്കും ലഗാനും ഇല്ലാതെ സംസാരിക്കുന്ന ആളായിരുന്നില്ല കോടിയേരി. അദ്ദേഹത്തിന് എന്തോ സംഭവിച്ചിട്ടുണ്ട്.  സ്വന്തം കണ്ണിലെ കോലു കാണാതെ ആരാന്റെ കണ്ണിലെ കരട് തേടി പോകുകയാണ് കോടിയേരി. അതു നല്ല സ്വഭാവമല്ല. സിപിഎം സംസ്ഥാന സെക്രട്ടറിക്ക് ചേര്‍ന്നതല്ല ഇത്തരം തറവേലകള്‍ .