• 25 May 2022
  • 03: 26 AM
Latest News arrow

സിഎന്‍ വിജയകൃഷ്ണനും ഡോ. നാരായണന്‍ കുട്ടി വാര്യര്‍ക്കും സുപ്രഭാതം സേവന പുരസ്‌കാരം

കാന്‍സര്‍ പരിചരണ രംഗത്തെ മികച്ച സേവനത്തിന് എംവിആര്‍ കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ സാരഥികള്‍ക്ക് സുപ്രഭാതം ദിനപത്രത്തിന്റെ സേവന പുരസ്‌കാരം. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സിഎന്‍ വിജയകൃഷ്ണനും മെഡിക്കല്‍ ഡയറക്ടര്‍ ഡോ. നാരായണന്‍ കുട്ടി വാര്യര്‍ക്കും ഇന്ന് രാവിലെ പത്തിന് കോഴിക്കോട് കല്ലായി റോഡിലെ ഹോട്ടല്‍ കിങ് ഫോര്‍ട്ടില്‍ നടക്കുന്ന ചടങ്ങില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജലുല്ലൈലി പുരസ്‌കാരം സമ്മാനിക്കും. എംവിആര്‍ കാന്‍സര്‍ സെന്റര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. 

അഞ്ച് വര്‍ഷം കൊണ്ട് അന്തര്‍ദേശീയ ശ്രദ്ധ നേടിയ എംവിആര്‍ കാന്‍സര്‍ സെന്റര്‍ അര്‍ബുദത്തിന് ഫലപ്രദമായ ചികിത്സ ലഭിക്കുന്ന ഇന്ത്യയിലെ എണ്ണപ്പെട്ട ആശുപത്രികളിലൊന്നാണ്. രാജ്യത്തിനകത്ത് നിന്നും പുറത്തുനിന്നുമായി നൂറ് കണക്കിന് രോഗികളാണ് ദിവസവും ചികിത്സ തേടി ഇവിടെ എത്തുന്നത്. 

ആധുനികമായ എല്ലാ സാങ്കേതിക വിദ്യകളും സാധ്യതകളും ഉപയോഗപ്പെടുത്തുന്ന സെന്റര്‍, സിഎന്‍ വിജയകൃഷ്ണന്‍ ചെയര്‍മാനായ ഡയറക്ടര്‍ ബോര്‍ഡിന്റെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ലോകത്തെ കാന്‍സര്‍ ചികിത്സാ രംഗത്തെ എണ്ണപ്പെട്ട ഭിഷഗ്വരന്‍മാരില്‍ ഒരാളായ ഡോ. നാരായണന്‍ കുട്ടി വാര്യരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ വിഭാഗം എംവിആര്‍ കാന്‍സര്‍ സെന്ററിന്റെ സവിശേഷതയാണ്.

അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ ഡോ. എംകെ മുനീര്‍ എംഎല്‍എ, പിടിഎ റഹീം എംഎല്‍എ, സിഇ ചാക്കുണ്ണി, ഡോ. ബഷീര്‍, ടിഎം വേലായുധന്‍, കെ ജയേന്ദ്രന്‍, എന്‍സി അബൂബക്കര്‍ സംബന്ധിക്കും.