• 25 May 2022
  • 02: 28 AM
Latest News arrow

''പുറത്തിറങ്ങാന്‍ ഭയമാകുന്നു'', മുഖ്യമന്ത്രീ... താങ്കള്‍ എവിടെയാണ്?

സംസ്ഥാനത്ത് ഗുണ്ടകളുടെ വിളയാട്ടമാണ്. ഒടുവിലത്തെ ഉദാഹരണമാണ് കോട്ടയത്തെ ഷാന്‍ ബാബു എന്ന പത്തൊമ്പതുകാരന്റെ കൊലപാതകം. ഷാന്‍ ബാബുവിനെ തല്ലിക്കൊന്ന് തോളിലിട്ട് പൊലീസ് സ്റ്റേഷനിലേക്ക് നടന്നുവന്ന ജോമോന്റെ ന്യായീകരണം ആ മേഖലയിലെ തന്റെ മേധാവിത്വം ഉറപ്പിക്കാനായിരുന്നു എന്നാണ്. ഗാങ്‌വാറും സായുധ പോരാട്ടങ്ങളും മനസ്സ് മരവിപ്പിക്കുന്ന കൊലപാതക രീതികളും സംസ്ഥാനത്ത് സര്‍വ്വസാധാരണമാകുന്നു. പൊതുജനത്തിന് പുറത്തിറങ്ങാന്‍ പേടി തോന്നുന്ന സാഹര്യത്തിലേക്ക് നാട് നീങ്ങുമ്പോള്‍ അവര്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഈ സംസ്ഥാനത്ത് ആഭ്യന്തര വകുപ്പുണ്ടോ? ജനങ്ങളുടെ സ്വത്തിനും ജീവനം സംരക്ഷണം നല്‍കാനും സമൂഹത്തില്‍ സമാധാനം ഉറപ്പിക്കാനും കഴിയുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് പൊലീസും സര്‍ക്കാരും? 

കാപ്പ കേസില്‍ പ്രതിയാക്കപ്പെട്ട, ക്വട്ടേഷന്‍ സംഘത്തിലെ അംഗമായ, ലഹരി മാഫിയയുടെ നേതാവായ വ്യക്തിയാണ് ജോമോന്‍. ഇയാള്‍ 19 വയസ്സുകാരനെ തട്ടിക്കൊണ്ട് പോയത് വിജനമായ പ്രദേശത്ത് നിന്നായിരുന്നില്ല. ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസില്‍ നിന്ന് കേവലം 450 മീറ്റര്‍ അകലെയാണ് ഈ ചെറുപ്പക്കാരന്റെ വീട്. അവിടെ നിന്ന് 600 മീറ്റര്‍ മാറിയാല്‍ പൊലീസ് ക്യാമ്പാണ്. ജില്ലാ പൊലീസ് മേധാവിയുടെയും ജില്ലാ പൊലീസ് ക്യാമ്പിന്റെയും മധ്യത്തിലുള്ള ഒരു പ്രദേശത്ത് നിന്നുമാണ് ആ ചെറുപ്പക്കാരനെ പാതിരാത്രിയില്‍ തട്ടിക്കൊണ്ടുപോകുന്നത്. അതും കാപ്പ ചുമത്തപ്പെട്ട, എല്ലാ ശനിയാഴ്ചകളിലും ഡിവൈഎഫ്‌ഐയുടെ ഓഫീസില്‍ വന്ന് ഒപ്പിടണമെന്ന് ആവശ്യപ്പെട്ടിരിക്കുന്ന പ്രതിയാണ് കൃത്യം നിര്‍വഹിച്ചിരിക്കുന്നത്. ജോമോനാണ് തന്റെ മകനെ കൊന്നതെന്ന് കൊല്ലപ്പെട്ട ചെറുപ്പക്കാരന്റെ അമ്മ പറയുമ്പോള്‍ ആ അമ്മയോട് 'പോയിട്ട് നാളെ വരൂ' എന്ന് പറഞ്ഞുവിടുകയാണ് പൊലീസ്. കാപ്പ ചുമത്തിയ പ്രതി ജാമ്യത്തില്‍ ഇറങ്ങുമ്പോള്‍ ഉണ്ടാകേണ്ട കുറഞ്ഞ ജാഗ്രത പോലും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് വ്യക്തം. 

കഴിഞ്ഞ ഒരു മാസക്കാലം കോട്ടയത്തുണ്ടായ ഗാങ്‌വാറുകളുടെ നാല് സംഭവങ്ങള്‍ പുറത്ത് വന്നിരുന്നു. കോട്ടയം നഗരപരിധിയില്‍ മാത്രം ക്വട്ടേഷന്‍ സംഘം വീട് കയറി ആക്രമിച്ചതിന്റെ 6 സംഭവങ്ങളും പുറത്തുവന്നിട്ടുണ്ട്. ഗുണ്ടകള്‍ക്ക് കൃത്യം ചെയ്യാന്‍ മാത്രമല്ല, അത് പ്രദര്‍ശിപ്പിക്കാനുമുള്ള ധൈര്യം കിട്ടിയിരിക്കുകയാണ്. 

പോത്തന്‍കോട്ടെ സംഭവമെന്തായിരുന്നു? ലോക്ക്ഡൗണ്‍ കാലത്ത് ചാരായവില്‍പ്പന നടത്തുകയായിരുന്നു രണ്ട് ഗുണ്ടാ സംഘങ്ങള്‍. അതില്‍ ഒരു സംഘത്തിന്റെ മേഖലയില്‍ കയറി മറ്റേ സംഘം ചാരായം വിറ്റു. അതിന്റെ പേരില്‍ നടന്ന ആക്രമാണ്. ഓരോ ഗുണ്ടാ സംഘത്തിനും സ്വന്തമായി മേഖലകളുണ്ട്. സ്വന്തമായി നിയമസംവിധാനങ്ങളുണ്ട്. സ്വന്തമായി ശിക്ഷാ വിധി നടത്താനുള്ള ഒരു പാരലല്‍ അധോലോകം തന്നെ ഇവിടെ സജീവമായി പ്രവര്‍ത്തിക്കുന്നു. ഇവരെ അടിച്ചമര്‍ത്തേണ്ടത് ആരാണ്? 

പൊലിസിന്റെ ലൈന്‍ ഓഫ് കണ്‍ട്രോളും ഹയരാര്‍ക്കിയും നഷ്ടപ്പെട്ടിരിക്കുന്നു. ഉന്നത ഉദ്യോഗസ്ഥന്‍മാര്‍ പറഞ്ഞാല്‍ താഴെയുള്ള ഉദ്യോഗസ്ഥന്‍മാര്‍ കേള്‍ക്കുന്നില്ല. ഒരു പൊലീസ് സേനയ്ക്കുണ്ടാകേണ്ട എല്ലാ അച്ചടക്കവും ഇല്ലാതായിരിക്കുന്നു. സിപിഎമ്മിന്റെ പല ജില്ലകളിലെയും നേതൃത്വങ്ങളാണ് ഈ ഗുണ്ടകളെ മുഴുവന്‍ സംരക്ഷിക്കുന്നതെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ആര്‍ക്കും തോന്നാം. പൊലീസ് എന്തെങ്കിലും നടപടിയുമായി പോയാല്‍ അവരെ പിറകോട്ട് വലിക്കാനുള്ള ശക്തിയുള്ളവരാണ് ഓരോ ജില്ലയിലെയും സിപിഎം നേതൃത്വമെന്നതില്‍ സംശയം വേണ്ട. സിപിഎമ്മിന്റെ തണലിലാണ് ഈ ഗുണ്ടാവാഴ്ച. ജില്ലാ കമ്മിറ്റിയുടെയും ഏരിയാ കമ്മിറ്റിയുടെയും നേരിട്ടുള്ള നിയന്ത്രണം പൊലീസിന്റെ മേല്‍ ഉണ്ടെന്നത് വ്യക്തം. 

സിപിഎമ്മിന്റെ പല സമ്മേളനങ്ങളില്‍ നിന്നും പൊലീസിനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും രൂക്ഷമായ വിമര്‍ശനം വന്നിരുന്നു. ക്രിയാത്മക വിമര്‍ശനങ്ങളായിരുന്നില്ല അവ. പൊലീസിനകത്ത് തങ്ങള്‍ക്ക് വേണ്ട രീതിയില്‍ ഇടപെടുവാന്‍ കഴിയുന്നില്ല, തങ്ങള്‍ ഏതെങ്കിലും വിഷയത്തില്‍ പക്ഷം ചേര്‍ന്നാല്‍ പൊലീസ് തങ്ങളുടെ പക്ഷത്ത് നില്‍ക്കുന്നില്ല, എന്നിങ്ങനെയുള്ള വിമര്‍ശങ്ങളാണ് സിപിഎം നേതാക്കള്‍ ഉന്നയിച്ചത്. ചില സ്ഥലങ്ങളിലുള്ള പൊലീസുകാരെക്കുറിച്ചാണ് വിമര്‍ശനം. എല്ലാ സ്ഥലങ്ങളിലെയുമല്ല. അതായത് ആ സ്ഥലങ്ങൡലെല്ലാം പൊലീസ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലാണെന്ന് വ്യക്തം.  

കിര്‍മാണി മനോജ് പിടിയിലായ ഒരു റിസോര്‍ട്ട് സംഭവമുണ്ടായിരുന്നു. കമ്പളക്കാട്ട് മുഹ്‌സിന്‍ എന്ന ഒരു ഗുണ്ടാ നേതാവിന്റെ വിവാഹവാര്‍ഷികാഘോഷമായിരുന്നു അന്ന് ആ റിസോര്‍ട്ടില്‍ നടന്നത്. കമ്പളക്കാട്ട് മുഹ്‌സിന്‍ എല്ലാ ഗുണ്ടകളെയും അവിടേക്ക് വിളിച്ചുവരുത്തി. 'പ്രിയപ്പെട്ട ഗുണ്ടേ, എന്റെ വിവാഹവാര്‍ഷികമാണ് എത്തണം' എന്ന് പറഞ്ഞ് സംസ്ഥാനത്തെ പല ഭാഗത്തുമുള്ള ഗുണ്ടകള്‍ക്ക് ക്ഷണക്കത്ത് അയച്ചു. എല്ലാ ഗുണ്ടകളും അവിടെ ഒത്തു ചേര്‍ന്ന് കൂത്താടി. 

ആലപ്പുഴയില്‍ പന്ത്രണ്ട് മണിക്കൂര്‍ ഇടവേളയില്‍ രണ്ടാമത്തെ അതിക്രൂര കൊലപാതകമുണ്ടായി. പൊലീസിന്റെ വീഴ്ചയായിരുന്നില്ലേ അത്?  ബിജെപി നേതാവായ അഭിഭാഷകന്‍ രഞ്ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെടുന്നതിന് ഒമ്പത് മണിക്കൂര്‍ മുമ്പ് ഒരു എസ്ഡിപിഐ നേതാവ് കൊല്ലപ്പെടുകയും തുടര്‍ന്ന് അവിടെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും 550 ഓളം പൊലീസുകാരെ ആലപ്പുഴ നഗര ഹൃദയത്തില്‍ അതായത് കൊല്ലപ്പെടുന്ന ബിജെപി നേതാവിന്റെ വീട് ഉള്‍പ്പെടെയുള്ള പ്രദേശത്ത് വിന്യസിക്കുകയും ചെയ്തിരുന്നു. എന്നിട്ടും കൊലപാതകം നടന്നെങ്കില്‍ അത് ആരുടെ പരാജയമാണ്? എന്ത് നടപടിയാണ് അവിടെ ഉണ്ടായത്? ഇത്ര കഴിവ് കെട്ടവരാണോ നമ്മുടെ പൊലീസ്?

പോത്തന്‍കോട് നടന്ന മറ്റൊരു സംഭവം. ഒരച്ഛനെയും മകളെയും ഗുണ്ടകള്‍ നേരിട്ടത്. ഗുണ്ടകള്‍ ഹോട്ടലില്‍ നിന്നും ഇറങ്ങി വന്നപ്പോള്‍ ഇവരുടെ വണ്ടി കുറുകെ കിടക്കുന്നു. അതിന്റെ പേരില്‍ കൊച്ചുകുട്ടിയുടെ മുടിക്കുത്തിന് കയറി പിടിച്ച് അടിക്കുകയാണ്. എങ്ങിനെയാണ് ജനങ്ങളുടെ സൈ്വര്യത നഷ്ടപ്പെടുകയും ഗുണ്ടകള്‍ക്ക് സമാധാനപരമായി കൂത്താടാനുമുള്ള അവസരം ലഭിക്കുകയും ചെയ്യുന്നത്‌? ജനങ്ങളുടെ സ്വത്തിനും ജീവനും സുരക്ഷ ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്. എന്നാല്‍ സാധാരണക്കാരായ ആളുകള്‍ക്ക് പോലും റോഡിലിറങ്ങാന്‍ സാധിക്കാത്ത തരത്തിലേക്ക് കാര്യങ്ങള്‍ വഷളായിരിക്കുന്നു. ഇത്തരത്തില്‍ പഴയ ജംഗിള്‍രാജിലേക്ക് സംസ്ഥാനം പോകുമ്പോള്‍ ജനങ്ങള്‍ക്ക് സ്വന്തം ജീവനായി കൈകൂപ്പാനുള്ളത് സര്‍ക്കാരിനോട് മാത്രമാണ്.