നിയമത്തിന് നീതിയോട് ബാധ്യതയില്ലേ?

ലൈംഗിക പീഡനത്തിന് ഇരയായ വ്യക്തിയുടെ മാനസിക അവസ്ഥയെ ഉള്‍ക്കൊണ്ടിട്ടുള്ള ഒരു നീതി വിധിയ്ക്കാണ് ഇന്ത്യന്‍ നിയമ സംവിധാനം പ്രാധാന്യം നല്‍കിപ്പോരുന്നത്. ഇരയുടെ മാത്രം മൊഴിയെ മതിയായ തെളിവായി പരിഗണിക്കാന്‍ സാധിക്കുമെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ കുറ്റക്കാരനല്ലെന്ന കോടതി വിധി വന്നിരിക്കുന്നത്. ശരിക്കും ഞെട്ടല്‍ ഉളവാക്കുന്ന വിധിയാണിത്. പരാതിക്കാരിയായ കന്യാസ്ത്രീയെ സംശയനിഴലിലാക്കിക്കൊണ്ടുള്ള നിശിത വിമര്‍ശനങ്ങളും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി.
ഒരു സ്ത്രീ ചൂഷണം തുറന്നു പറയാന്‍ തീരുമാനിച്ചാല്‍ അവളുടെ മുമ്പിലേക്ക് വന്നെത്തിപ്പെടുന്നത് അവളുടെ മാനസികാവസ്ഥയെ ചോദ്യം ചെയ്യുന്ന നിരവധി ചോദ്യങ്ങളാണ്. ആ ചോദ്യങ്ങളുടെ ഉത്തരങ്ങളില്‍ നിന്ന് അവള്‍ നേരിട്ട ചൂഷണത്തിന് നിയമത്തിന്റെ പിന്തുണ കിട്ടുന്നതാണോ അല്ലയോ എന്ന് തീരുമാനിക്കപ്പെടുന്നു. ഈ അവസ്ഥയാണ് കോടതി വിധിയിലൂടെ മേന്‍മ നേടിയിരിക്കുന്നത്. അധികാര കേന്ദ്രങ്ങളില്‍ നിന്നുണ്ടാകുന്ന ചൂഷണങ്ങള്‍ തുറന്ന് പറഞ്ഞാല്‍ ചൂഷകനോടുള്ളതിനേക്കാള്‍ കൂടുതല്‍ ചോദ്യങ്ങള്‍ പരാതി പറയുന്ന സ്ത്രീകളോടായിരിക്കുമെന്ന് ഈ കോടതി വിധി വ്യക്തമാക്കുന്നു. നീതിയേക്കാള്‍ പ്രാധാന്യം നിയമത്തിനാണെന്ന് അടിവരയിട്ട് ഉറപ്പിക്കുന്നു. ചൂഷണത്തിന് ഇരയാകുന്നവരുടെ ധൈര്യം ചോര്‍ത്തിക്കളയുന്നതാണ് ഇത്.
കടുത്ത സമ്മര്‍ദ്ദങ്ങളും എതിര്‍പ്പുകളും അതിജീവിച്ചാണ് ചൂഷണത്തിന് ഇരയാകുന്നവര്‍ പരാതിയുമായി രംഗത്ത് വരുന്നത്. അവര്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കുമെല്ലാം നിരാശയേക്കുന്ന വിധിയായിപ്പോയി ഇത്.
''സാധാരണക്കാരായ ഞങ്ങളെപ്പോലുള്ള മനുഷ്യര്‍ എന്ത് വന്നാലും മിണ്ടാതിരിക്കുകയോ കേസിന് പോകാതിരിക്കുകയോ ചെയ്യരുതെന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. അതാണ് ഈ വിധിയില്‍ നിന്നും ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്.'' ബിഷപ്പിനെതിരെ ബലാത്സംഗ പരാതി ഉന്നയിച്ച കന്യാസ്ത്രീയെ പിന്തുണച്ച കന്യാസ്ത്രീകള്‍ ആകുലപ്പെടുന്നു.
21 പോയിന്റുകളാണ് വൈരുദ്ധ്യങ്ങളായി കോടതി എടുത്ത് പറയുന്നത്. കുറുവിലങ്ങാട് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ ആദ്യ മൊഴിയില്‍ പതിമൂന്ന് തവണ ലൈംഗിക പീഡനം നടന്നുവെന്ന് വ്യക്തമാക്കിയിട്ടില്ല. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷമാണ് ഇക്കാര്യം മൊഴിയായി നല്‍കിയിരിക്കുന്നത്. ബിഷപ്പുമാരടക്കമുള്ള സഭാ മേധാവികള്‍ക്ക് ആദ്യം നല്‍കിയ പരാതിയിലും ശാരീരിക പീഡനം നടന്നതായി ആരോപിച്ചിട്ടില്ല. മോശം സന്ദേശങ്ങള്‍ അയച്ചു എന്ന് മാത്രമായിരുന്നു അന്നത്തെ പരാമര്‍ശം. മെഡിക്കല്‍ റിപ്പോര്‍ട്ട് തിരുത്തിയെന്നും പരാതിക്കാരിയുടെ ഫോണ്‍ തെളിവുകള്‍ ഹാജരാക്കുന്നതില്‍ വീഴ്ചയുണ്ടായെന്നും കോടതി വിധിയില്‍ എടുത്ത് പറയുന്നു. ഫോണ്‍ ആക്രിക്കാരന് വിറ്റുവെന്ന വിശദീകരണം അവിശ്വസനീയം ആണെന്നും കോടതി പറഞ്ഞു.
ഈ പൊരുത്തക്കേടുകള്‍ തിരിച്ചറിയാതിരുന്നതും പ്രതിരോധിക്കാതിരുന്നതും പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്ന കാര്യത്തില്‍ സംശയമില്ല. കോടതിയുടെ ഭാഗത്ത് നിന്ന് തെറ്റൊന്നും ഉണ്ടായില്ല. നീതിയേക്കാള്‍ നിയമത്തിന് പ്രാധാന്യം കൊടുത്തു. നിയമപരമായ നടപടികള്‍ കൃത്യമായി പാലിച്ചു. പരാതിക്കാരിയുടെ വാദത്തിലെ ചെറിയ പഴുതുകള്‍ പോലും കണ്ടെത്തി. പരാതിയിലെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്‍ ജാഗ്രത പുലര്‍ത്താതെ പോയ വീഴ്ചകള്‍ ശക്തമായി വിമര്‍ശിച്ചു. നിയമത്തോട് ബാധ്യത പുലര്‍ത്തിയ വിധി. പക്ഷേ നീതിയോടോ? നിയമത്തിന് നീതിയോട് ബാധ്യതയില്ലേ?