• 04 Oct 2023
  • 06: 36 PM
Latest News arrow

പെണ്ണിനെ കൊണ്ട് എന്തിന് കൊള്ളാം? ഉത്തരം മാളവിക ഹെഗ്‌ഡെ പറയും

ഇന്ത്യക്കാരുടെ കാപ്പിക്കൊതിയ്ക്ക് കൃത്യമായ ഉത്തരമായിരുന്നു ഒരു കാലത്ത് കഫെ കോഫി ഡേ. ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയിലെ കാപ്പിക്കൊതിയന്‍മാരുടെ മനം കവര്‍ന്ന കോഫി ശൃംഖല. എന്നാല്‍ അപ്രതീക്ഷിതമായി സിസിഡിയുടെ ജൈത്രയാത്രയില്‍ എവിടെയോ വഴി പിഴച്ചു. കമ്പനിയില്‍ കടംകയറി. കടം വീട്ടേണ്ടതെങ്ങിനെ എന്നറിയാതെ ഉടമ വിജി സിദ്ധാര്‍ത്ഥ പകച്ചുപോയി. അത് അവസാനിച്ചത് നേത്രാവതി നദിയുടെ ആഴങ്ങളിലായിരുന്നു. 2019 ജൂലൈ 31നായിരുന്നു സിദ്ധാര്‍ത്ഥ സ്വയം മരണം വരിച്ചത്. 2019 മാര്‍ച്ച് 31ലെ കണക്ക് പ്രകാരം കഫെ കോഫി ഡേയ്ക്ക് 7200 കോടി രൂപയായിരുന്നു കടം. 

സ്വന്തമായി കാപ്പി കൃഷി ചെയ്ത് സ്വന്തമായി വികസിപ്പിച്ച മെഷീനില്‍ കാപ്പിയുണ്ടാക്കി സ്വന്തമായി നിര്‍മ്മിച്ച ഫര്‍ണിച്ചറുകളില്‍ ആളുകളെ സത്കരിക്കുന്ന പതിവായിരുന്നു കഫെ കോഫി ഡേയ്ക്ക്. 1996ല്‍ ബെംഗളൂരുവില്‍ ആരംഭിച്ച ഈ സ്ഥാപനത്തിന് 2011ല്‍ രാജ്യത്തൊട്ടാകെ ആയിരത്തിലേറെ ഔട്ട്‌ലെറ്റുകളുണ്ടായിരുന്നു. എന്നാല്‍ ബിസിനസിന്റെ ലോകത്ത് സിദ്ധാര്‍ത്ഥയുടെ കണക്കുകള്‍ പിഴച്ചുകൊണ്ടിരുന്നു. പ്രതീക്ഷയോടെ തുടങ്ങിയ പല ഔട്ട്‌ലെറ്റുകളും പൂട്ടിപ്പോയി. സിദ്ധാര്‍ത്ഥയുടെ മരണം സിസിഡി എന്ന ചുരുക്കപ്പേരിലറിയപ്പെട്ട കഫെ കോഫി ഡേയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. 

ചാരമായിപ്പോയെന്ന് തോന്നിപ്പിച്ച ഒരു കമ്പനിയുടെ ഫീനിക്‌സ് പക്ഷിയെപ്പോലുള്ള ഉയര്‍ത്തെഴുന്നേല്‍പ്പാണ് പിന്നീട് രാജ്യം കണ്ടത്. തന്റെ ഭര്‍ത്താവ് തോറ്റിട്ടില്ലെന്ന് ബോധ്യപ്പെടുത്തേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്ന് കരുതിയ സിദ്ധാര്‍ത്ഥയുടെ ഭാര്യ മാളവിക ഹെഗ്‌ഡെയുടെ ചങ്കുറപ്പിന്റെ കഥ. ഭൂമഖത്ത് നിന്ന് തുടച്ച് നീക്കപ്പെടുമെന്ന് ആളുകള്‍ വിധിയെഴുതിക്കഴിഞ്ഞ സിസിഡി അവരുടെ കടിഞ്ഞാണില്‍ വീണ്ടും ജൈത്രയാത്ര തുടങ്ങുകയായിരുന്നു. 

ചെലവ് ചുരുക്കലിന്റെയും പരിഷ്‌കാരങ്ങളുടെയും നാളുകള്‍. തങ്ങളുടെ കാപ്പിയ്ക്ക് ഒരു രൂപ പോലും വര്‍ധിപ്പിക്കാതെയുള്ള പരിഷ്‌കാരമാണ് മാളവിക നടപ്പിലാക്കിയത്. ഔട്ട്‌ലെറ്റുകള്‍ക്ക് പുറമേ രാജ്യത്തെമ്പാടും ഐടി പാര്‍ക്കുകളിലും സ്ഥാപനങ്ങളിലും വെച്ചിരുന്ന മെഷീനുകള്‍ പിന്‍വലിച്ചു. ലാഭമില്ലാത്ത ഔട്ട്‌ലെറ്റുകള്‍ പൂട്ടി. പുതിയ നിക്ഷേപകരെ കണ്ടെത്തി കഫേ കോഫി ഡേയിലേക്ക് നിക്ഷേപം എത്തിക്കുന്നതിലും അവര്‍ വിജയം കണ്ടു. മുന്‍ കര്‍ണാടക മുഖ്യമന്ത്രി എസ്എം കൃഷ്ണയുടെ മകള്‍ക്ക് മുമ്പില്‍ നോ പറഞ്ഞവര്‍ ചുരുക്കം. 

2019 മാര്‍ച്ച് 31ന് 7200 കോടിയുടെ നഷ്ടമുണ്ടായിരുന്ന കമ്പനി 2020 മാര്‍ച്ച് 31ന് നഷ്ടം 3200 കോടിയായി കുറച്ചു. 2021 മാര്‍ച്ച് 31ന് നഷ്ടം 1731 കോടി രൂപ മാത്രമായി. ദീര്‍ഘകാല വായ്പയായ 1261 കോടിയും ഹ്രസ്വകാല വായ്പയായ 516 കോടിയും ചേര്‍ന്നതാണിത്. 

നിലയില്ലാക്കയത്തില്‍ മുങ്ങിത്താണ പഴയ കഫേ കോഫി ഡേയല്ല മാളവികയുടെ കീഴില്‍ ഇപ്പോഴുള്ള സിസിഡി എന്നര്‍ത്ഥം. കഫേ കോഫി ഡേയുടെ അമരത്ത് മാളവിക ഇരുന്നത് കൃത്യമായ ദീര്‍ഘ വീഷണത്തോടെയായിരുന്നു. കൊവിഡ് കാലത്ത് പ്രോട്ടോക്കോള്‍ പാലിക്കുന്നതിലും ഉപഭോക്താക്കളുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിലും ഈ സ്ത്രീ വിജയിച്ചു. 

ഇന്ന് രാജ്യമൊട്ടാകെ 572 ഔട്ട്‌ലെറ്റുകളുണ്ട് കഫെ കോഫി ഡേയ്ക്ക്. പുറമേ 36,000 കോഫി വെന്‍ഡിങ് മെഷീനുകള്‍ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. 333 വാല്യു എക്‌സ്പ്രസ് കിയോക്കുകളുമുണ്ട്. പുറമേ അറബിക്ക കാപ്പിക്കുരുവിന്റെ കയറ്റുമതിയില്‍ അവര്‍ വന്‍വിജയവും നേടി. വന്‍കിട വിദേശരാജ്യങ്ങളിലേക്ക് തങ്ങളുടെ 20,000 ഏക്കര്‍ സ്ഥലത്ത് വിരിയുന്ന കാപ്പിക്കുരു കയറ്റുമതി ചെയ്യുന്നുമുണ്ട്. 

പെണ്ണിനെക്കൊണ്ട് എന്തിന് കൊള്ളാം എന്ന് ചോദിക്കുന്നവര്‍ക്കുള്ള കൃത്യമായ മറുപടിയാണ് കഫെ കോഫി ഡേയുടെ വീരവനിത മാളവിക ഹെഗ്‌ഡെ.