• 25 May 2022
  • 03: 51 AM
Latest News arrow

നടി ആക്രമിക്കപ്പെട്ട കേസിലെ പുതിയ വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തോട് പറയുന്നതെന്ത്?

നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ വഴിത്തിരിവുകളും വെദളിപ്പെടുത്തലുകളും പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. അസാധാരണമായ പരിശോധനകളും നടപടികളും നിയമയുദ്ധങ്ങളും നീളുന്നു. നീതി ആര്‍ക്കാണ് ലഭിക്കുക എന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തതയില്ല. ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അടക്കം നടത്തിയ വെളിപ്പെടുത്തലുകള്‍ കേസിന് പുതിയ മാനം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലടക്കം സ്വാധീനമുള്ള ഒരാളാണ് പ്രതിസ്ഥാനത്തുള്ളതെങ്കില്‍ ആ കേസില്‍ ഇരയ്ക്ക് നീതി ലഭിക്കുക ദുഷ്‌കരമാണെന്ന് പൊതുജനത്തെ ബോധ്യപ്പെടുത്തുന്ന കാര്യങ്ങളാണ് പുതിയ വെളിപ്പെടുത്തലുകളിലുള്ളത്.

2021 നവംബര്‍ 25-ാം തിയതിയാണ് താന്‍ മുഖ്യമന്ത്രിയ്ക്ക് പരാതി കൊടുക്കുന്നതെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു. ഒരു മാസത്തോളം അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറിയിറങ്ങി. എന്നാല്‍ മുഖ്യമന്ത്രിയുടെ മേശയില്‍ നിന്ന് പരാതി അനങ്ങിയില്ല. അതിന് ശേഷം ഇവിടുത്തെ ഒരു ടെലിവിഷന്‍ ചാനലിനെ അദ്ദേഹം സമീപിച്ചു. ചാനലില്‍ വന്നതിന് ശേഷം നെടുമ്പാശ്ശേരി പൊലീസില്‍ നിന്ന് ബാലചന്ദ്രകുമാറിന് വിളി വരുന്നു.  'നിങ്ങള്‍ മുഖ്യമന്ത്രിയ്ക്ക് അയച്ച പരാതി ഞങ്ങളെ അഡ്രസ് ചെയ്തുകൊണ്ട് ഞങ്ങള്‍ക്ക് അയച്ചു തരിക' എന്ന് പൊലീസ് ആവശ്യപ്പെട്ടു. അങ്ങിനെ പൊലീസിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരുടെ ഇമെയിലിലേക്ക് കൂടി അദ്ദേഹം പരാതി അയച്ചു കൊടുത്തു. അതിന് ശേഷം ഡിസംബര്‍ 31നോ ജനുവരി ഒന്നിനോ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് വിളിപ്പിക്കുകയും ആലുവ പൊലീസ് ക്ലബില്‍ പോയില്‍ മൊഴി രേഖപ്പെടുത്തുകയുമായിരുന്നുവെന്നാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞത്. 

അതേ സമയം ദിലീപിനതിരായ തെളിവുകള്‍ കയ്യില്‍ എത്തിയതിന് ശേഷം പോലും അക്കാര്യം വെളിപ്പെടുത്തണം എന്ന് തോന്നാതെ ഈ കേസില്‍ വിധി വരുന്നതിന് തൊട്ടുമുമ്പ് പ്രോസിക്യൂഷന്റെ നില പരുങ്ങലിലായപ്പോള്‍ മാത്രം വെളിപ്പെടുത്തിയതില്‍ ദിലീപിനെ അനുകൂലിക്കുന്നവര്‍ സംശയം ഉന്നയിക്കുന്നുണ്ട്. 

തന്റെ കയ്യിലുള്ള ഡിജിറ്റല്‍ തെളിവുകള്‍ കുറേക്കാലം തന്റെ കയ്യില്‍ നിന്നും കൈമോശം വന്നിരുന്നുവെന്നും അത് തിരിച്ചു കിട്ടാനെടുത്ത കാലതാമസമാണ് പരാതിപ്പെടാന്‍ വൈകിയതിന് കാരണമെന്നുമാണ് ബാലചന്ദ്രകുമാര്‍ ഇതിന് നല്‍കുന്ന ന്യായീകരണം. ബാലചന്ദ്രകുമാര്‍ സംവിധാനം ചെയ്യുന്ന ദിലീപ് നായകനായുള്ള സിനിമയുടെ കരാര്‍ 2020 ഡിസംബര്‍ 31 വരെയായിരുന്നു. കാലാകാലങ്ങളില്‍ ദിലീപ് കരാര്‍ പുതുക്കി വാങ്ങിക്കുമായിരുന്നു. കാരണം കേസ് തീരുന്നത് വരെ കൂടെ നില്‍ക്കണം എന്നതായിരുന്നു ദിലീപിന്റെ ലക്ഷ്യം. ഏപ്രില്‍ മാസം 9-ാം  തിയതി ഈ സിനിമയുമായി മുന്നോട്ട് പോകാന്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കി ബാലചന്ദ്രകുമാര്‍ ദിലീപിന് മെസേജ് അയച്ചു. അതിന് ശേഷം ഒരു പന്ത്രണ്ട് തവണ ദിലീപ് തന്നെ വിളിച്ചുവെന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്. 

തന്റെ കയ്യിലുള്ള തെളിവുകള്‍ പുറത്തുപോയാല്‍ തന്റെ ജീവന്‍ അപകടത്തിലാകുമെന്ന് ബാലചന്ദ്രകുമാര്‍ ഭയപ്പെട്ടു. അത്രയും അപകടകാരിയാണ് ദിലീപും സംഘവുമെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടിരുന്നു. അത് സാധൂകരിക്കുന്ന ഡിജിറ്റല്‍ തെളിവും അദ്ദേഹത്തിന്റെ പക്കലുണ്ട്. കേസില്‍ ദിലീപിനും ദിലീപിന്റെ കുടുംബക്കാര്‍ക്കും ഭാര്യയ്ക്ക് പോലും പങ്കുണ്ടെന്ന് ബാലചന്ദ്രകുമാറിന് മനസ്സിലായി. ഇത് പുറത്ത് പറഞ്ഞാലുണ്ടാകുന്ന അപകടം മാത്രമല്ല സ്വാഭാവികമായും സിനിമാ രംഗത്ത് പിന്നെ ജോലി ചെയ്യാന്‍ കഴിയില്ല. അത് ദിലീപിനെ അറിയാവുന്നവര്‍ക്ക് നന്നായിട്ട് അറിയാമെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കുന്നു. 

ഒരു വിഐപിയ്ക്കും കേസില്‍ പങ്കുണ്ടെന്ന കാര്യം ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തുന്നുണ്ട്. അയാള്‍ ജൂഡീഷ്യറിയെ സ്വാധീനിക്കുന്ന കാര്യം പറയുന്ന ഓഡിയോ തന്റെ പക്കലുണ്ടെന്ന് ബാലചന്ദ്രകുമാര്‍ അവകാശപ്പെടുന്നു. പൊലീസ് ഉദ്യോഗസ്ഥരോട് കേസ് എങ്ങിനെ അന്വേഷിക്കണം എന്ന് പറഞ്ഞു കൊടുത്തിട്ടാണ് ഞാന്‍ വരുന്നതെന്ന് അയാള്‍ ഓഡിയോയില്‍ പറയുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരില്‍ പലരെയും മന്ത്രിമാരുടെ മുമ്പില്‍ വെച്ച് ചീത്ത വിളിച്ചാലേ തനിക്ക് സമാധാനം കിട്ടുവെന്ന് പറഞ്ഞ് ദുശ്ശാസനന്‍ ചിരിക്കുന്നത് പോലെ അയാള്‍ ചിരിക്കുന്നതായി ഓഡിയോ ക്ലിപ്പില്‍ കേള്‍ക്കാം. ബിസിനസിനെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അയാള്‍ സംസാരിക്കുന്നുണ്ട്. ദിലീപിനേക്കാള്‍ പ്രായമുള്ളയാളാണ്. ദിലീപ് വളരെ ബഹുമാനത്തോടെയാണ് അയാളോട് സംസാരിക്കുന്നത്. വളരെ ധനികനാണെന്ന് വര്‍ത്തമാനത്തില്‍ നിന്നും മനസ്സിലായി. ഇയാള്‍ കാറില്‍ വന്നിറങ്ങുമ്പോള്‍ ദിലീപിന്റെ സഹോദരിയുടെ ഭര്‍ത്താവ് മകനോട് പറയുന്നുണ്ട്. 'സത്യാ അതാരാ വന്നതെന്ന് നോക്കിയേ' എന്ന്. അപ്പോള്‍ മകന്‍ വിളിച്ചുപറയുന്നു, ശരത് അങ്കിള്‍ ആണെന്ന്. അദ്ദേഹം അകത്തേയ്ക്ക് കയറിയപ്പോള്‍ കാവ്യാ മാധവന്‍, ഇക്കാ സുഖമാണോ എന്ന് ചോദിക്കുന്നുണ്ട്. ദിലീപിന്റെ സഹോദരി ഓരോ കാര്യങ്ങള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നു. ഇങ്ങിനെ സര്‍വ്വ മേഖലകളിലും വ്യാപിച്ചു കിടിക്കുന്ന ഇയാളുമായുള്ള ചര്‍ച്ചയാണ് ആ ഓഡിയോ ക്ലിപ്പിലുള്ളത്. 

ഈ ചര്‍ച്ച നടക്കുന്ന ദിവസം പൊലീസ് ഒരു വലിയ കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു. പ്രോസിക്യൂഷന്റെ സാഗര്‍ എന്ന ഒരു സാക്ഷിയെ ഇവര്‍ കാശ് കൊടുത്ത് മൊഴി മാറ്റിയത് പൊലീസ് അറിഞ്ഞിട്ട് അതിന്റെ അന്വേഷണം നടക്കുകയാണ്. അക്കാര്യം പിടിയ്ക്കപ്പെട്ടാല്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കപ്പെടും. അതിന്റെ ടെന്‍ഷന്‍ മൊത്തം അവിടെയുണ്ടായിരുന്നു. ആ സാക്ഷിയെ എങ്ങിനെ സ്വാധീനിച്ച് മൊഴി മാറ്റിയെന്ന് ദിലീപിന് അനൂപ് വിവരിച്ചുകൊടുക്കുന്നതിന്റെ ഓഡിയോ ഉണ്ട്.

ജാമ്യം നേടിക്കഴിഞ്ഞ് തെളിവുകള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുക, ഗൂഢാലോചന നടത്തുക, പ്രോസിക്യൂഷനെതിരെ നിയമയുദ്ധം നടത്തുക, അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ചെയ്യാവുന്നത് മുഴുവന്‍ ചെയ്യുക... എന്നിങ്ങനെ ദിലീപിന്റെ ക്രിമിനല്‍ ചെയ്തികള്‍ക്ക് അവസാനമില്ലാതിരിക്കുകയാണ്. എന്നിട്ടും ഇയാളെ പിന്തുണയ്ക്കുകയും കോടതിയില്‍ നിന്നും വിചാരണയില്‍ നിന്നും തനിക്ക് നീതി കിട്ടുന്നില്ല എന്ന് പറഞ്ഞ് മുഖ്യമന്ത്രിയ്ക്ക് നടി കൊടുത്ത പരാതിയെക്കുറിച്ച് ഒരക്ഷരം പോലും പറയാതിരിക്കുകയുമാണ് സിനിമ മേഖല. 

എഎംഎംഎ എന്ന സംഘടന ട്രേഡ് യൂണിയനല്ല എന്നാണ് വാദം. അതെന്ത് സംഘടനയായാലും കുറേ ഏട്ടന്‍മാരുടെയും ഇക്കാമാരുടെയും സംഘടനയാണെന്ന് ഉറപ്പ്. ഇവര്‍ നമ്മുടെ സാംസ്‌കാരിക നായകന്‍മാരാണെന്നാണ് പറയുന്നത്. ലോകത്തില്‍ എല്ലാത്തിനെക്കുറിച്ചും ഇവര്‍ പ്രതികരിക്കാറുണ്ട്. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്നൊരു റിപ്പോര്‍ട്ടുണ്ട്. അത് പുറം ലോകം കാണണമെന്ന ആവശ്യം ഇവര്‍ക്കുണ്ടോ? ഇതിന്റെ അകത്ത് സെക്‌സ് റാക്കറ്റ് നടക്കുന്നുവെന്ന് ഒരു നടി പരസ്യമായി പറയുന്നു. ഇവര്‍ക്ക് അന്വേഷിക്കണമെന്നുണ്ടോ? സിനിമാ മേഖല മയക്കുമരുന്ന് മാഫിയയുടെ പിടിയിലാണെന്ന് മുന്‍ മന്ത്രിയും സംഘടനയുടെ ഭാരവാഹിയുമായിട്ടുള്ള ഗണേഷ് കുമാര്‍ പറയുന്നു. അതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ഇവര്‍ക്കുണ്ടോ? ഇവര്‍ക്ക് ഇതിനെക്കുറിച്ച് ഒന്നും സംസാരിക്കണമെന്നില്ല. 

പുതിയ പുതിയ കാര്യങ്ങള്‍ വെളിപ്പെട്ട് വരുമ്പോള്‍ അവയൊക്കെ അന്വേഷണ പരിധിയില്‍ വരികയും അന്വേഷിച്ച് കണ്ടെത്തുകയും ചെയ്യേണ്ടതാണ്. എന്നാല്‍ ആ നടിയ്ക്ക് സംഭവിച്ചത് പോലുള്ള ദുരന്തം മറ്റൊരാള്‍ക്ക് ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടിയുള്ള ആത്മാര്‍ത്ഥതയോടെയുള്ള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. കുറ്റാരോപിതര്‍ അതിശക്തരാണെങ്കില്‍ അധികാര കേന്ദ്രങ്ങളോട് അടുത്ത് നില്‍ക്കുന്നവരാണെങ്കില്‍ നീതി അവരുടെ വഴിയ്ക്ക് പോകും എന്നാണ് സര്‍ക്കാര്‍ പോലും പറയാതെ പറയുന്നത്.