• 25 May 2022
  • 03: 20 AM
Latest News arrow

ഇതാണോ കോണ്‍ഗ്രസിന്റെ പുതിയ ശൈലി?

 

കേരളത്തിലെ കോണ്‍ഗ്രസ് പുതിയ ശൈലി സ്വീകരിച്ച് പുനരവതരിക്കും എന്ന പ്രഖ്യാപനം ജനാധിപത്യ വിശ്വാസികള്‍ പ്രതീക്ഷയോടെയാണ് കേട്ടത്. ശക്തമായ പ്രതിപക്ഷം ജനാധിപത്യത്തിന്റെ നെടുംതൂണായതുകൊണ്ട് കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് ഏറെ പ്രധാന്യമുള്ളതുമായിരുന്നു. എന്നാല്‍ പുതിയ നേതൃത്വത്തിന് മുമ്പില്‍ ആദ്യമായെത്തിയ പ്രതിസന്ധിയോട് പാര്‍ട്ടി പ്രതികരിച്ച രീതി ആശങ്കപ്പെടുത്തുന്നതാണ്.  

ഇടുക്കി പൈനാവ് എഞ്ചിനീയറിങ് കോളേജില്‍ ഒരു വിദ്യാര്‍ത്ഥി രാഷ്ട്രീയ വൈരിയുടെ കുത്തേറ്റ് വീണ സംഭവത്തില്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം ഒരു രാഷ്ട്രീയ സമൂഹത്തിനും അംഗീകരിക്കാനാകില്ല. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ധീരജ് രാജേന്ദ്രന്‍ എന്ന എസ്എഫ്‌ഐ പ്രവര്‍ത്തകനെ അരുംകൊല നടത്തിയത് യൂത്ത് കോണ്‍ഗ്രസ് നേതാവാണെന്ന് പൊലീസ് പറയുന്നു. കേസില്‍ അറസ്റ്റിലായവരെല്ലാം കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് നേതാക്കളായിരുന്നു. യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലി, യൂത്ത് കോണ്‍ഗ്രസ് ഇടുക്കി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജെറിന്‍ ജോജോ, കെഎസ് യു ജില്ലാ സെക്രട്ടറി ജിതിന്‍ ഉപ്പുമാക്കല്‍, ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് ടോണി തേക്കിലക്കാട്ട് എന്നിവരടങ്ങിയതാണ് പ്രതിപ്പട്ടിക. 

കോളേജ് തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ ഉണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് എത്തിയത് എന്ന് ആദ്യം വിശദീകരിച്ച പൊലീസ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത് കൊല്ലാന്‍ ആസൂത്രണം ചെയ്ത്‌ എത്തിയവരാണ് കൃത്യം ചെയ്തതെന്നാണ്. കത്തിയുമായി സ്ഥലത്തെത്തിയ നിഖില്‍ പൈലി സംഘര്‍ഷത്തിനിടെ മൂന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകരെ കുത്തുകയായിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. സംഘര്‍ഷം കൊലപാതകത്തിലെത്തി എന്ന് വിശദീകരിച്ച ഇടുക്കി എസ്പിയ്‌ക്കെതിരെ സിപിഎം ജില്ലാ നേതൃത്വം പരസ്യമായി രംഗത്ത് വരികയും ചെയ്തിരുന്നു. 

എന്നാല്‍ കൊലപാതകം ആകസ്മികമാണെന്നാണ് കോണ്‍ഗ്രസിന്റെ വാദം. ഇതോടെ ഇതുവരെയില്ലാത്ത രാഷ്ട്രീയ വാഗ്‌വാദമാണ് കേരളം കണ്ടത്. ഒരു വിദ്യാര്‍ത്ഥിയുടെ ജീവനെടുത്ത കൊലക്കത്തിയെ നിരുപാധികം തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. എന്ന് മാത്രമല്ല, ഹീനമായ ന്യായീകരണങ്ങള്‍ നടത്തുകയും ചെയ്തു. നിര്‍ഭാഗ്യകരമായ സംഭവമെന്നും സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും പ്രതികരിച്ച നേതാക്കള്‍ പോലും, കോണ്‍ഗ്രസിന് രാഷ്ട്രീയ ഉത്തരവാദിത്വമില്ല എന്ന് പറഞ്ഞൊഴിഞ്ഞു. ഇതോടെ അക്രമ രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് ഇതുവരെ സ്വീകരിച്ച നിലപാട് പൊള്ളയാണെന്ന് തെളിഞ്ഞു.   

കോണ്‍ഗ്രസോ യുഡിഎഫോ ഒരിക്കലും ഇത്തരം രാഷ്ട്രീയ കൊലപാതകത്തെ പിന്തുണയ്ക്കുന്നില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. ക്യാമ്പസുകളിലെ അക്രമം അവസാനിപ്പിക്കാന്‍ എല്ലാ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാകണമെന്നും അവരുടെ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടതോടെ ആ പ്രതികരണം അവസാനിച്ചു.

കെ സുധാകരനെ ലക്ഷ്യമിട്ട് സിപിഎം നടത്തിയ രാഷ്ട്രീയ പ്രചാരണം കാരണമാണ് കോണ്‍ഗ്രസ് തിരിച്ചും കടുത്ത നിലപാട് സ്വീകരിച്ചതെന്ന് ന്യായീകരിക്കാനും നേതാക്കളുണ്ടായി. കൊലപാതകം നടന്ന് തൊട്ടടുത്ത മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കെ സുധാകരനിലേക്ക് മന്ത്രിമാരടക്കം ആരോപണം ഉയര്‍ത്തിയിരുന്നു. സുധാകരനിലേക്ക് മാത്രം സിപിഎം കേന്ദ്രീകരിച്ചതിന്റെ രാഷ്ട്രീയ ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെടേണ്ടതാണ്. വിദ്യാര്‍ത്ഥി സഖാവിന്റെ മൃതദേഹവുമായി വിലാപ യാത്ര നടക്കുമ്പോള്‍ തലസ്ഥാന നഗരിയില്‍ മെഗാ തിരുവാതിര ആസ്വദിച്ച ഇരട്ടത്താപ്പ് പാര്‍ട്ടിയ്ക്ക് തന്നെ തള്ളിപ്പറയേണ്ടി വന്നു. 

പക്ഷേ ഇതൊന്നും ഈ കൊലപാതകത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സ്വീകരിച്ച രാഷ്ട്രീയ നിലപാടിനെ സാധൂകരിക്കുന്നില്ല. കൊലപാതകത്തെ എങ്ങിനെയാണ് ന്യായീകരിക്കാനാകുക? കോണ്‍ഗ്രസ് പാര്‍ട്ടി നിരുപാധികം ഖേദം പ്രകടിപ്പിക്കേണ്ടതായിരുന്നു,  ഒരു ജീവന്‍ നഷ്ടമായതിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതായിരുന്നു. അക്രമം നടത്തുന്നവരെ പാര്‍ട്ടിയില്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമായി പ്രഖ്യാപിക്കണമായിരുന്നു. 'കോണ്‍ഗ്രസിനെ മാത്രം അങ്ങിനെ മറുപടി പറയിച്ച് ഇല്ലാതാക്കിക്കളയാം എന്ന് നീ കരുതേണ്ട' എന്ന വെല്ലുവിളി കേരളത്തിന്റെ നീതി ബോധത്തോടായിപ്പോയി.