• 25 May 2022
  • 02: 22 AM
Latest News arrow

പിസി ജോര്‍ജിനെ ആര് തളയ്ക്കും?

''ലോകത്തു പല രാജ്യങ്ങളും ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അവിടെയെങ്ങും ഇത്ര വൃത്തികെട്ട ഒരു ജന്തുവിനെ കണ്ടിട്ടില്ല''. ഇതു കേരള  നിയമസഭയില്‍ ഒരംഗം മറ്റൊരംഗത്തെ കുറിച്ച് പറഞ്ഞതാണ്. ഒരു പക്ഷേ ഇത്ര ഹീനമായി ഒരു എംഎല്‍എ മറ്റൊരു എംഎല്‍എയെ സഭാ തലത്തില്‍ ആക്ഷേപിച്ചിട്ടുണ്ടോ എന്നു നിശ്ചയമില്ല. പിസി ജോര്‍ജിനെ കുറിച്ച് അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞതാണിത്. അന്ന് ജോര്‍ജ് പൂഞ്ഞാറില്‍ നിന്നുള്ള യുഡിഎഫ് എംഎല്‍എയും കണ്ണന്താനം കാഞ്ഞിരപ്പള്ളിയില്‍ നിന്നുള്ള എല്‍ഡിഎഫ് സ്വതന്ത്രനും ആയിരുന്നു. ജോര്‍ജ് അയാളുടെ നാവിലൂടെ നമ്മുടെ സാമൂഹിക ജീവിതത്തില്‍ ദൈനംദിനം വിതറിക്കൊണ്ടിരിക്കുന്ന മാലിന്യം എത്ര തുടച്ചാലും ദുര്‍ഗന്ധം മാറില്ല. 

ഇക്കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ രണ്ടു തവണയാണ് താന്‍ പറഞ്ഞ വാക്കുകള്‍ പിന്‍വലിക്കുന്നതായി പിസി ജോര്‍ജ് അറിയിച്ചത്. ആദ്യം കൊട്ടേഷന്‍ സംഘത്താല്‍ ആക്രമിക്കപ്പെട്ട നടിയെക്കുറിച്ചും രണ്ടാമത് ഫ്രാങ്കോ കേസില്‍ പരാതിക്കാരിയായ കന്യാസ്ത്രീയെക്കുറിച്ചും. പറയാന്‍ പാടില്ലാത്തതാണ് പറഞ്ഞതെന്ന് രണ്ടു ഘട്ടത്തിലും പിന്നീട് ജോര്‍ജ് ഏറ്റുപറഞ്ഞു. ഇത് പിസി ജോര്‍ജിന്റെ സ്ഥിരം ഏര്‍പ്പാടായി ഇപ്പോള്‍ മാറിക്കഴിഞ്ഞിട്ടുണ്ട്. ആളുകളെക്കുറിച്ചു കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം വിളിച്ചു പറയുക. പിന്നീടത് പിന്‍വലിക്കുന്നതായി അറിയിക്കുക. ഖേദം പ്രകടിപ്പിക്കുക. ഇതൊക്കെ  ജോര്‍ജിന്റെ കൊട്ടേഷന്‍ പ്രവര്‍ത്തിയുടെ ഭാഗമാണോ എന്ന് ന്യായമായും സംശയിക്കാം. നടി ആക്രമിക്കപ്പെട്ട സന്ദര്‍ഭത്തില്‍ ആരോപണവിധേയനായ നടന്‍ ദിലീപിന് സംരക്ഷണ കവചവുമായി ജോര്‍ജ് പ്രത്യക്ഷപ്പെട്ടിരുന്നു. നടന്‍ നിരപരാധി ആണെന്ന് സ്ഥാപിക്കുന്നതിലുപരിയായി ക്രൂരമായ ആക്രമണത്തിനിരയായ നടിയെ ആക്ഷേപിക്കുന്നതിലാണ് ജോര്‍ജ് ആനന്ദം കണ്ടെത്തിയത്. കന്യാസ്ത്രീ പീഡന കേസില്‍ ഫ്രാങ്കോ മുളക്കലിന് വേണ്ടി കേസിന്റെ ആരംഭ ഘട്ടത്തില്‍ തന്നെ ജോര്‍ജ് രംഗത്തെത്തി. കേസില്‍ കുറ്റ വിമുക്തനായ ഫ്രാങ്കോ നന്ദി അറിയിക്കാന്‍ കോടതി വിധി പറഞ്ഞതിന്റെ പിറ്റേന്നു തന്നെ ജോര്‍ജിന്റെ വീട്ടില്‍ എത്തുകയും ചെയ്തു. തൊട്ടു പിന്നാലെയാണ് കന്യാസ്ത്രീയെ ആക്ഷേപിച്ചു ജോര്‍ജ് സംസാരിച്ചത്. 

കന്യാസ്ത്രീയെ മാത്രമല്ല, കേസ് അന്വേഷിച്ച പോലീസ് സംഘത്തെയും ജോര്‍ജ് അധിക്ഷേപിച്ചു. അന്വേഷണത്തിനിടയില്‍ പോലീസ് സംഘം കന്യാസ്ത്രീ മഠത്തില്‍ വന്നു, അവിടെയിരുന്നു മദ്യപിക്കുന്നതു താന്‍ കണ്ടെന്നാണ് ജോര്‍ജ് തട്ടിവിട്ടത്. ഇത്തരത്തില്‍ ആര്‍ക്കെതിരെയും എന്തും വിളിച്ചു പറയാനുള്ള ലൈസന്‍സ് തനിക്കുണ്ടെന്നാണ് അയാള്‍ ധരിച്ചു വെച്ചിരിക്കുന്നത്. ആരെയും വിശ്വസിപ്പിക്കുന്ന രീതിയില്‍ പച്ചയായി നുണ പറയാന്‍ ജോര്‍ജിനറിയാം. ഒരിക്കല്‍ ഏഷ്യാനെറ്റിന്റെ ചര്‍ച്ചക്കിടയില്‍ അവതാരകനായ വിനു ജോണ്‍, ജോര്‍ജിന്റെ ഈ സ്വഭാവ വിശേഷത്തെ പൊളിച്ചടുക്കിയിരുന്നു. നമ്പി നാരായണന് അനുകൂലമായി നഷ്ടപരിഹാര കേസിന്റെ അന്തിമ വിധി വന്ന സമയത്തു നടന്ന ചര്‍ച്ചയാണ് അതിനു അവസരമായത്. നമ്പി നാരായണന് താന്‍ ചെയ്തു കൊടുത്ത സഹായങ്ങള്‍ ചാനല്‍ ചര്‍ച്ചയില്‍ ജോര്‍ജ് ഒന്നൊന്നായി വിവരിച്ചു. ഒടുവില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ തന്റെ കയ്യിലാണ് ആദ്യം കോടതി പ്രഖ്യാപിച്ച നഷ്ടപരിഹാര തുകയുടെ ചെക്ക് നമ്പി നാരായണന് കൊടുക്കാന്‍ തന്നയച്ചതെന്നും താന്‍ അത് നേരിട്ട് നല്‍കുകയാണ് ചെയ്തതെന്നും ജോര്‍ജ് തട്ടിവിട്ടു. അടുത്ത നിമിഷത്തില്‍ വിനു ജോണ്‍, നമ്പി നാരായണനെ ബന്ധപ്പെട്ടു. അദ്ദേഹത്തോട് ഇതിന്റെ സത്യാവസ്ഥ ചോദിച്ചപ്പോള്‍ കള്ളി പൊളിഞ്ഞു. നമ്പി നാരായണന് ജോര്‍ജിനെ കണ്ട ഓര്‍മ്മ പോലുമില്ല. ആള്‍ക്കൂട്ടത്തില്‍ ആളാകാന്‍ ജോര്‍ജ് കാണിക്കുന്ന പലതരം വിക്രിയകളില്‍ ഒന്നു മാത്രമാണിത്. 

കേരളത്തിലെ വാര്‍ത്താ ചാനലുകളും അച്ചടി മാധ്യമങ്ങളുമാണ് പിസി ജോര്‍ജ് എന്ന അക്രമകാരിയായ ഒറ്റയാന് ആരെയും ഏതു നിമിഷവും കടന്നാക്രമിക്കാനുള്ള സന്ദര്‍ഭം ഒരുക്കി കൊടുക്കുന്നത്. ഏതു ചാനല്‍ ചര്‍ച്ചയിലും അയാളെ വിളിച്ചു കൊണ്ടിരുത്തും. ചര്‍ച്ച കൊഴുപ്പിക്കാനും  റേറ്റിങ് കൂട്ടാനും വേണ്ടി നടത്തുന്ന ഈ പ്രവര്‍ത്തി കേരളത്തിന്റെ സാമൂഹിക ജീവിതത്തില്‍ കോരിയിടുന്ന ദുര്‍ഗന്ധം ഒരു ഗംഗയിലും മുങ്ങിക്കുളിച്ചാല്‍ പോകില്ല. അന്തസ്സിന്റെയും മാന്യതയുടെയും സ്വീകാര്യതയുടെയും ഒരു ഭൂതകാലം ജോര്‍ജിനുണ്ടായിരുന്നു. 33 കൊല്ലം കേരള നിയമസഭയെ പ്രതിനിധീകരിച്ച അംഗമാണയാള്‍. പൂഞ്ഞാറിലെ ജനം കണ്ണേ കരളേ പിസി ജോര്‍ജേ എന്നു പറഞ്ഞു തലയിലേറ്റി നടന്നയാളാണ്. നിയമസഭയ്ക്കകത്തും പുറത്തും സ്റ്റാര്‍ ആയിരുന്നു അന്ന് ജോര്‍ജ്. അഴിമതിക്കെതിരെ പൊരുതുന്ന മിശിഹായായി ജോര്‍ജ് വാഴ്ത്തപ്പെട്ട കാലം. അന്നു മാധ്യമങ്ങളുടെ ഉറ്റ തോഴന്‍ ആയിരുന്നു. ഏതു വിഷയത്തിലും ജോര്‍ജിനൊരു നിലപാട് ഉണ്ടായിരുന്നു. പിന്നീട് രാഷ്ട്രീയമായി അയാള്‍ക്ക് അടി തെറ്റി. പാര്‍ട്ടിയില്‍ ഗ്രൂപ്പ് മാറിയും സ്വന്തമായി ഒന്നിലേറെ പാര്‍ട്ടി ഉണ്ടാക്കിയും എല്‍ഡിഎഫ് ആയും യുഡിഎഫ് ആയും എന്‍ഡിഎ ആയും വേഷം മാറി മാറി ഒടുവില്‍ ആര്‍ക്കും വേണ്ടാത്ത എടുക്കാത്ത നാണയമായി. എല്‍ഡിഎഫിനെയും യുഡിഎഫിനെയും വെല്ലുവിളിച്ചു സ്വതന്ത്രനായി മത്സരിച്ച ജോര്‍ജിനെ ജയിപ്പിച്ച പൂഞ്ഞാറുകാര്‍ വളരെ വൈകി അയാളെ തിരിച്ചറിഞ്ഞപ്പോള്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ക്‌ളീനായി പണികൊടുത്തു. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി ചെയ്തുപോയ തെറ്റുകള്‍ക്ക് അയാള്‍ മാപ്പു പറയുകയും തോറ്റപ്പോള്‍ ജനങ്ങളെ തെറി വിളിക്കുകയും ചെയ്തു. മൂന്നു പതിറ്റാണ്ടു ഒരു മണ്ഡലത്തെ പ്രതിനിധീകരിച്ച പിസി ജോര്‍ജ് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും വാതില്‍ക്കല്‍ പോയി പിന്തുണ അഭ്യര്‍ത്ഥിച്ചിട്ടും ആരും തുറന്നില്ല എന്നത് ജോര്‍ജ് എന്ന രാഷ്ട്രീയക്കാരന്‍ എത്രത്തോളം വെറുക്കപ്പെട്ടവനായി എന്നതിന്റെ തെളിവാണ്. 

പിസി ജോര്‍ജ് എന്ന് യുട്യൂബില്‍ തിരഞ്ഞാല്‍ അയാളെക്കുറിച്ചു നല്ലതു കേള്‍ക്കാന്‍ ഒന്നുമില്ല.  ചുരുളി മോഡല്‍ തെറിവിളി, ധാര്‍ഷ്ട്യം, ധിക്കാരം , സ്ത്രീവിരുദ്ധത... ഇതൊക്കെയാണ് നിറഞ്ഞു നില്‍ക്കുന്നത്. ഒരു രാഷ്ട്രീയ നേതാവ് എങ്ങിനെ ആകരുത് എന്ന് പൊളിറ്റിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള സ്‌പെസിമന്‍ ആയി മാറിയിരിക്കുകയാണ് ജോര്‍ജ്. വയസ്സ് 70 കഴിഞ്ഞു പി സി ജോര്‍ജിന്. കാലവും പ്രായവും നിര്‍ബന്ധിച്ചു അടിച്ചേല്‍പ്പിക്കുന്ന അച്ചടക്കത്തിനെങ്കിലും ജോര്‍ജ് സ്വമേധയാ വഴങ്ങണം. ദിലീപിനും ഫ്രാങ്കോക്കും വേണ്ടി നടത്തുന്ന പോലത്തെ കൊട്ടേഷന്‍ അധിക്ഷേപങ്ങള്‍ അവസാനിപ്പിച്ചു ശേഷിച്ച ജീവിത കാലത്തെങ്കിലും അന്തസ്സോടെ കഴിയണം. അല്ലെങ്കില്‍ ഇഹലോകവാസം വെടിയുമ്പോള്‍ ജനങ്ങള്‍ മനസ്സിലെങ്കിലും പടക്കം പൊട്ടിച്ചു ആഘോഷിക്കും.