• 01 Jun 2023
  • 05: 21 PM
Latest News arrow

സ്ത്രീകളുടെ വിവാഹപ്രായം 21: ഈ തീരുമാനം ദുരൂഹമോ?

സ്ത്രീകള്‍ ഏത് പ്രായത്തില്‍ വിവാഹിതരാകണം. അത് ഭരണകൂടം തീരുമാനിക്കണോ സ്ത്രീകള്‍ തീരുമാനിക്കണോ? ഇപ്പോള്‍ സ്വയം തീരുമാനമെടുക്കാന്‍ അവകാശമില്ലാത്ത ഭൂരിപക്ഷം സ്ത്രീകളെയും സഹായിക്കുന്നതാണോ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം? സ്ത്രീകളുടെ വിവാഹ പ്രായം 21 വയസ്സാക്കാനുള്ള കേന്ദ്ര തീരുമാനം ഒറ്റ നോട്ടത്തില്‍ സ്വാഗതാര്‍ഹമായി തോന്നാമെങ്കിലും ഉള്ളടക്കത്തില്‍ ഒട്ടേറെ സങ്കീര്‍ണതകളും അനീതി നിറഞ്ഞതുമാണ്.

സ്ത്രീകളുടെ നിയമാനുസൃതമായ വിവാഹ പ്രായം 18ല്‍ നിന്ന് 21 ആയി ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നു. തീരുമാനം ഉടന്‍ തന്നെ നിയമമായി പ്രാബല്യത്തില്‍ വരും. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം രൂപീകരിച്ച പഠന സമിതിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് മന്ത്രിസഭ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. നിലവില്‍ പുരുഷന്റെ വിവാഹ പ്രായം മാത്രമായിരുന്നു 21. സ്ത്രീയുടേത് 18 ആയിരുന്നു. നടപ്പ് പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ പുതിയ നിയമ ഭേദഗതി അംഗീകരിക്കപ്പെട്ടേക്കും. 2006ലെ ശൈശവ വിവാഹ നിരോധന നിയമമാണ് ഭേദഗതി ചെയ്യുന്നത്. ഒപ്പം വിവിധ വിഭാഗങ്ങളുടെ വ്യക്തി നിയമങ്ങളിലും ഭേദഗതി നിലവില്‍ വരും. അതേസമയം തീരുമാനത്തിനെതിരെ സാമൂഹിക പ്രവര്‍ത്തകരും പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. 

പിന്തിരിപ്പന്‍ മതമൗലിക വാദികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സ്ത്രീ വിമോചനത്തിന് വഴിയൊരുക്കുന്ന വിപ്ലവകരമായ തീരുമാനത്തെ എതിര്‍ക്കുന്നതെന്ന് കേന്ദ്ര തീരുമാനത്തെ അനുകൂലിക്കുന്നവര്‍ വിമര്‍ശിക്കുന്നു. എന്നാല്‍ ദേശീയ കുടുംബാരോഗ്യ സര്‍വ്വേ പ്രകാരം 18 വയസ്സിന് മുമ്പുള്ള വിവാഹങ്ങള്‍ 26.8 ശതമാനത്തില്‍ നിന്ന് 23.3 ശതമാനമായി കുറയുകയാണ് ചെയ്തതെന്ന്, തീരുമാനം ദുരൂഹമാണ് എന്ന് വാദിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. അതായത് സ്വാഭാവികമായി തന്നെ ശൈശവ വിവാഹങ്ങളില്‍ വലിയ തോതില്‍ കുറവുണ്ടായിരിക്കെ അതിന്റെ കാരണങ്ങള്‍ അവഗണിച്ചുകൊണ്ട് പുതിയ തീരുമാനം അടിച്ചേല്‍പ്പിക്കുന്നു എന്നാണ് വിമര്‍ശകരുടെ വാദം. 

സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നത് എന്തിനാണെന്നതിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം അല്‍പ്പം പ്രശ്‌നമാണ്. സ്ത്രീകള്‍ നേരിടുന്ന ചരിത്രപരമായ അനീതിയും അവഗണനയും പരിഹരിക്കാനുള്ള ഉത്തരവാദിത്വം സ്ത്രീകളുടെ തന്നെ തലയില്‍ കെട്ടിവെയ്ക്കുന്നതാണ്  ഈ തീരുമാനം. അതായത് നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ സ്ത്രീ ജീവിതം നേരിടുന്ന വെല്ലുവിളികള്‍ ഞങ്ങള്‍ക്ക് മനസ്സിലായി, പക്ഷേ അത് പരിഹരിക്കാനുള്ള എല്ലാ ഉത്തരവാദിത്വവും നിങ്ങള്‍ സ്ത്രീകള്‍ക്ക് തന്നെയാണ് എന്ന് പറഞ്ഞുള്ള ഒഴിഞ്ഞുമാറലാണിത്.

സ്ത്രീകളുടെയും കുട്ടികളുടെയും പ്രസവാനന്തര മരണനിരക്ക് കുറയ്ക്കുക എന്നതും സ്ത്രീകള്‍ക്ക് സാമ്പത്തിക സ്ഥിരതയുള്ള നിത്യ ജീവിതം ഉറപ്പാക്കുക എന്നതുമാണ് പ്രധാന പ്രഖ്യാപിത ലക്ഷ്യങ്ങള്‍. അതിനുള്ള ഒറ്റമൂലി വിവാഹപ്രായം ഉയര്‍ത്തുകയാണ് എന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. സര്‍ക്കാര്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെയും ലക്ഷ്യ ബോധ്യത്തോടെയും കൈകാര്യം ചെയ്യേണ്ട ഒരു സാഹചര്യത്തെ സ്ത്രീകളുടെ തലയില്‍ വെച്ചു കൊടുക്കുകയാണ് ഈ തീരുമാനത്തിലൂടെ ചെയ്തിരിക്കുന്നത്. അത് നീതി നിഷേധമാണ്. സ്ത്രീകളുടെ ഉന്നമനം പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജയ ജെയ്റ്റ്‌ലി കമ്മിറ്റിയുടെ കണ്ടെത്തലുകളില്‍ ഏറ്റവും പ്രധാനം ഇപ്പോഴും സ്ത്രീകളുടെ ആരോഗ്യ സാമൂഹിക സാഹചര്യങ്ങളില്‍ നിലനില്‍ക്കുന്ന കനത്ത അസന്തുലിതാവസ്ഥയാണ്. അത് പരിഹരിക്കാന്‍ എല്ലാ വിഭാഗങ്ങളിലെയും സ്ത്രീകള്‍ക്ക് പോഷകാഹാരം ഉറപ്പാക്കണം എന്നതാണ് ഒരു പ്രധാന ശുപാര്‍ശ. അതിനൊപ്പം സ്ത്രീകള്‍ക്കായി പ്രത്യേക തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പദ്ധതികളും തൊഴില്‍ സാഹചര്യങ്ങളും രൂപപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. ഇതെല്ലാം ഒരുക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ബാധ്യതയായിരിക്കെ ഒരു ഒറ്റമൂലി പരിഹാരത്തിലൂടെ ഒളിച്ചോടുകയാണ് കേന്ദ്ര സര്‍ക്കാര്‍. 

2015ലെ കുടുംബാരോഗ്യ സര്‍വ്വേ പ്രകാരം ഇന്ത്യയിലെ 50 ശതമാനം സ്ത്രീകളും ഗര്‍ഭാവസ്ഥയില്‍ വിളര്‍ച്ചാ രോഗം നേരിടുന്നവരാണ്. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ ഒന്നാണ് ഇത്. പ്രസവ മരണ നിരക്കും ശിശു മരണനിരക്കും ഏറ്റവും കുറഞ്ഞ നിലയില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. സ്ത്രീകളുടെ ശരാശരി വിവാഹ പ്രായം ഉയര്‍ന്നു നില്‍ക്കുന്ന സംസ്ഥാനവും കേരളമാണ്. കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക പശ്ചാത്തലം മാത്രം വെച്ച് ഇക്കാര്യത്തില്‍ ഒരു ദേശീയ നിലപാടെടുക്കുന്നത് ഉചിതമാകില്ല. ശരിയായ പോഷണത്തിന്റെ അഭാവം പ്രായവുമായി പോലും ബന്ധപ്പെടുന്നതല്ല. മാതൃശിശു മരണനിരക്കും പ്രായത്തേക്കാള്‍ ഉപരി ആരോഗ്യവുമായാണ് ബന്ധപ്പെട്ടിരിക്കുന്നതെന്ന് കുടുംബാരോഗ്യ സര്‍വ്വേ കണക്കുകളില്‍ വ്യക്തമാക്കുന്നു. അവിടെ സ്ത്രീകളുടെ വിവാഹ പ്രായം മൂന്ന് വര്‍ഷം വര്‍ധിപ്പിക്കുന്നത് കൊണ്ട് കാര്യമായ ഒരു സ്വാധീനവും ഉണ്ടാക്കാനാകുന്നില്ല എന്ന് മാത്രമല്ല പ്ര്ശ്‌നത്തെ തെറ്റായ ദിശയില്‍ സമീപിക്കക കൂടി ചെയ്യുകയാണ്.  

സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കുന്നതിലൂടെ അവരുടെ ആരോഗ്യവും വിദ്യാഭ്യാസവും തൊഴില്‍ സാധ്യതകളും സ്വാഭാവികമായും അങ്ങ് മെച്ചപ്പെടും എന്ന് എങ്ങിനെയാണ് അംഗീകരിക്കാനാകുക? നിയമപരമായി വിവാഹ പ്രായം ഉയര്‍ത്തുക എന്നത് എങ്ങിനെയാണ് സ്ത്രീകള്‍ക്ക് ജീവിത സാഹചര്യം മെച്ചപ്പെടുത്താനുള്ള അവസരമാവുക? അതിനാവശ്യമായ സൂക്ഷ്മമായ ആസൂത്രണവും പദ്ധതികളും നടപ്പാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടത്. സ്ത്രീകളുടെ സാമ്പത്തിക സ്വാശ്രയത്തമാണ് യഥാര്‍ത്ഥ പരിഹാരമെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണ്. സാമ്പത്തിക സ്വാശ്രയത്തിന് തടസ്സം നില്‍ക്കുന്നത് വിവാഹ പ്രായമല്ലെന്നും എല്ലാവര്‍ക്കും അറിയാം. വിവാഹ പ്രായം 18 എന്ന് കര്‍ശനമാക്കിയിട്ടും ഇപ്പോഴും രാജ്യത്താകെ 23 ശതമാനം വിവാഹങ്ങളിലും ഈ നിയമം മറികടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിയമമല്ല സാമൂഹിക സാഹചര്യങ്ങളാണ് മാറേണ്ടത് എന്ന് വ്യക്തമാണ്. 

ശൈശവ വിവാഹം ഒരു നിയമപ്രശ്‌നമല്ല, സാമൂഹിക സാമ്പത്തിക പ്രശ്‌നമാണ്. കുടുംബങ്ങളുടെ സാമൂഹിക സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനനുസരിച്ച് ശൈശവ വിവാഹ പ്രവണത കുറയുന്നു എന്ന് ഒട്ടേറെ പഠനങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. അതായത് ഇന്ത്യന്‍ പൗര സമൂഹത്തിന്റെ സാമ്പത്തിക സ്ഥിതിയെങ്കിലും മെച്ചപ്പെടുന്നതിന് അനുസരിച്ച് പെണ്‍കുട്ടികളുടെ വിവാഹ പ്രായം സ്വാഭാവികമായും ഉയരുന്നു. പെണ്‍കുട്ടികള്‍ക്ക് പഠിക്കാനും സ്വന്തം തൊഴില്‍ മേഖല തെരഞ്ഞെടുക്കാനുള്ള അവസരങ്ങളും സാമ്പത്തികാവസ്ഥയില്‍ തന്നെയാണ് ആശ്രയിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട ജീവിതം ഒരുക്കുന്നതിന് വളരെ ആത്മാര്‍ത്ഥവും ആഴത്തിലുമുള്ള പരിപാടികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. പുരുഷനും സ്ത്രീയ്ക്കും വ്യത്യസ്ത വിവാഹ പ്രായം നിലനിര്‍ത്തണം എന്നില്ല. പക്ഷേ, തുല്യതയ്ക്ക് വേണ്ടി തെരഞ്ഞെടുക്കാനുള്ള അവകാശത്തിന്റെ പ്രായപരിധി ഉയര്‍ത്തുകയല്ല, താഴ്ത്തുകയാണ് വേണ്ടതെന്നാണ് ലോ കമ്മീഷന്‍ പോലും ശുപാര്‍ശ ചെയ്യുന്നത്. 

വിവാഹം സ്ത്രീകളുടെയും ജീവിതലക്ഷ്യമാകരുത്. ജീവതത്തിന്റെ ഒരു ഭാഗം മാത്രമാകണം. അന്തസുള്ള, സാമ്പത്തികമായും സാമൂഹികമായും സ്വയം പര്യാപ്തതയുള്ള ജീവിതം സ്ത്രീകളുടെയും അവകാശമാണ്.