''പോസ്റ്ററില്‍ എംഎല്എയുടേതിനേക്കാള് ചെറിയ ഫോട്ടോ കൊടുത്തു'': വീണ്ടും പ്രോട്ടോക്കോള്‍ വിവാദവുമായി തൃശ്ശൂര്‍ മേയര്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ നഗരത്തില്‍ വീണ്ടും ഒരു പ്രോട്ടോക്കോള്‍ വിവാദം. പൂങ്കുന്നം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒരു പരിപാടിയില്‍ നിന്നും മേയര്‍ ഇറങ്ങി വന്നതോടെയാണ് വിവാദം ചൂടുപിടിച്ചിരിക്കുന്നത്.
തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള സ്ഥാപനമാണ് പൂങ്കുന്നം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. ഈ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് നല്‍കുന്നതിനുള്ള ചടങ്ങിലേക്കാണ് മേയറെ ക്ഷണിച്ചത്. കൃത്യസമയത്ത് പരിപാടിയ്ക്കെത്തിയ മേയര്‍ സ്കൂളിന് മുമ്പിലെ പോസ്റ്റര്‍ ശ്രദ്ധിച്ചു. പോസ്റ്ററില്‍ എംഎല്‍എയാണ് ഉദ്ഘാടകന്‍ എന്നും മേയര്‍ അധ്യക്ഷനാണെന്നും എഴുതിയിട്ടുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ എംഎല്‍എയുടെ ചിത്രം വലുതായും മേയറുടെ ചിത്രം ചെറുതായുമാണ് ചേര്‍ത്തിരുന്നത്. പ്രോട്ടോക്കോള്‍ അനുസരിച്ച് മേയര്‍ക്ക് താഴെ എംപിയും അതിന് താഴെ എംഎല്‍എയുമാണ്. അതുകൊണ്ട് തനിക്ക് താഴെയുള്ള എംഎല്‍എയെ ഉദ്ഘാടനം ചെയ്യിപ്പിച്ചുവെന്ന് മാത്രമല്ല, ഫോട്ടോ ചെറുതായി കൊടുത്ത് അപമാനിക്കുക കൂടി ചെയ്തുവെന്നാണ് മേയര്‍ ആരോപിക്കുന്നത്.
പ്രോട്ടോക്കോളിനെപ്പറ്റി അറിയില്ലെങ്കില്‍ അക്കാര്യം തന്നോട് ചോദിക്കാമായിരുന്നു. പ്രോട്ടോക്കോള്‍ പ്രകാരം എങ്ങിനെയാണ് പോസ്റ്റര്‍ അടിയ്ക്കേണ്ടത് എന്നതിനെപ്പറ്റി അവര്‍ തന്നോട് ചോദിച്ചില്ല. ഇത്തരത്തില്‍ അപമാനിച്ചതുകൊണ്ടാണ് താന്‍ പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോന്നതെന്നും പ്രോട്ടോക്കോള്‍ കൃത്യമായി നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും മേയര്‍ പറഞ്ഞു. മുമ്പ് പ്രോട്ടോക്കോള്‍ അനുസരിച്ച് പൊലീസ് തന്ന സല്യൂട്ട് ചെയ്തില്ലെന്ന ഒരു വിമര്‍ശനം മേയര്‍ ഉന്നയിക്കുകയും അത് വിവാദമാവുകയും ചെയ്തിരുന്നു.