• 01 Oct 2023
  • 07: 07 AM
Latest News arrow

റെക്കോര്‍ഡ് തിയേറ്റര്‍ കൗണ്ടുമായി 'മരക്കാര്‍'; 368 പ്രദര്‍ശനങ്ങളില്‍ നിന്ന് 2.98 കോടി രൂപ

ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തിയേറ്റര്‍ കൗണ്ടുമായി 'മരക്കാര്‍'. കേരളത്തിലെ 626 സ്‌ക്രീനുകള്‍ക്ക് പുറമേ മറ്റ് സംസ്ഥാനങ്ങളിലെയും വിദേശത്തെയും സെന്ററുകള്‍ കൂടി ഉള്‍പ്പെടെ 4100 സ്‌ക്രീനുകളിലാണ് 'മരക്കാര്‍' പ്രദര്‍ശിപ്പിക്കുന്നത്. യുഎഇ, ജിസിസി, യുകെ, യുഎസ്എ, യൂറോപ്പ് തുടങ്ങി ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് റിലീസ്. 

യുഎഇയില്‍ മാത്രം 64 തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. അവിടെ 368 പ്രദര്‍ശനങ്ങളില്‍ നിന്ന് 2.98 കോടി രൂപ നേടിയെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റായ മനോബാല വിജയബാലന്‍ ട്വീറ്റ് ചെയ്തു. 35,879 ടിക്കറ്റുകളാണ് യുഎഇയില്‍ ആദ്യദിനം ഇതുവവരെ വിറ്റിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

റിലീസ് ദിനത്തില്‍ ലോകത്താകെ 16,000 പ്രദര്‍ശനങ്ങള്‍ നടത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. റിലീസിന് മുമ്പുള്ള ടിക്കറ്റ് ബുക്കിങ്ങില്‍ നിന്ന് മാത്രമായി ചിത്രം 100 കോടി കളക്ട് ചെയ്തു കഴിഞ്ഞെന്നും ആശിര്‍വാദ് സിനിമാസ് അറിയിച്ചിരുന്നു.

മലയാളത്തിലെ ആദ്യ 100 കോടി ബജറ്റ് ചിത്രമാണ് മരക്കാര്‍. പ്രേക്ഷകരുടെ രണ്ട് വര്‍ഷത്തോളമുള്ള കാത്തിരിപ്പിന് ശേഷമാണ് ചിത്രം റിലീസിനെത്തിയത്. കഴിഞ്ഞ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് ചിത്രം നേടിയിരുന്നു.