• 01 Oct 2023
  • 06: 57 AM
Latest News arrow

ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല അന്തരിച്ചു. 79 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ജനപ്രിയ പാട്ടുകളുടെ അമരക്കാരനാണ് വിടവാങ്ങിയത്.

1942 ഫെബ്രുവരി 13ന് ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടില്‍ പാറുക്കുട്ടിയമ്മയുടെയും സിജെ ഭാസ്‌കരന്‍ നായരുടെയും മൂത്ത മകനായിട്ടായിരുന്നു ബിച്ചു തിരുമലയുടെ ജനനം. യഥാര്‍ത്ഥ പേര് ബി ശിവശങ്കരന്‍ നായര്‍. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ബിഎ ബിരുദം നേടി.

1962ല്‍ അന്തര്‍സര്‍വ്വകലാശാല റേഡിയോ നാടക മത്സരത്തില്‍ ബല്ലാത്ത ദുനിയാവ് എന്ന നാടകമെഴുതി അഭിനയിച്ച് ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം നേടിക്കൊണ്ടായിരുന്നു ബിച്ചു വരവറിയിച്ചത്. എം കൃഷ്ണന്‍നായരുടെ സംവിധാന സഹായിയായി പ്രവര്‍ത്തിക്കവേ സിനിമയില്‍ ഗാനമെഴുതാന്‍ അവസരം ലഭിച്ചു. സിആര്‍കെ നായരുടെ ഭജഗോവിന്ദം എന്ന ചിത്രത്തിന് ഗാനങ്ങള്‍ എഴുതിയെങ്കിലും ചിത്രം റിലീസായില്ല. തുടര്‍ന്നെഴുതിയ എന്‍പി അബുവിന്റെ സ്ത്രീധനവും പുറത്തു വന്നില്ല.

നടന്‍ മധു നിര്‍മ്മിച്ച അക്കല്‍ദാമയാണ് ബിച്ചു ഗാനമെഴുതി റിലീസായ ആദ്യ ചിത്രം. നീലാകാശവും മേഘങ്ങളും എന്ന ആദ്യ ഗാനം തന്നെ പ്രശസ്തിയിലേക്കുയര്‍ത്തി. പിന്നീടങ്ങോട്ട് മൈനാകം കടലില്‍ നിന്നുണരുന്നുവോ...., ഏഴ് സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം...., വാകപൂമരം ചൂടും..., ആയിരം മാതളപൂക്കള്‍...., ഒറ്റക്കമ്പി നാദം മാത്രം..., ശ്രുതിയില്‍ നിന്നുയരും....., മൈനാകം...., ഒരു മുറൈ വന്ത് പാര്‍ത്തായ...., മകളെ പാതിമലരെ... തുടങ്ങി നിരവധി നിത്യ ഹരിത ഗാനങ്ങള്‍ ആ തൂലികയില്‍ നിന്നും പിറന്നു.

ബിച്ചു തിരുമല എഴുതിയ പാട്ടുകളെല്ലാം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സൂപ്പര്‍ ഹിറ്റ് ഗാനങ്ങളാണ്. ഒട്ടുമിക്ക സംഗീത സംവിധായകര്‍ക്കുമൊപ്പം പ്രവര്‍ത്തിച്ച ബിച്ചു തിരുമല 70ലും 80ലും തീര്‍ത്തത് പാട്ടുകളുടെ പുതുവത്സം. ഈണങ്ങള്‍ക്കനുസരിച്ച് അര്‍ത്ഥ ഭംഗി ഒട്ടും ചോരാതെ സന്ദര്‍ഭത്തിന് ചേരും വിധമുള്ള അതിവേഗപ്പാട്ടെഴുത്തായിരുന്നു ഈ രചയിതാവിന്റെ പ്രധാന സവിശേഷത.

ഏതൊരാളുടെയും മനസ്സിലേക്ക് അതിവേഗമെത്തുന്ന ലളിതമായ വാക്കുകളായിരുന്നു ബിച്ചു തിരുമലയുടെ മുഖമുദ്ര. ശ്യാം, എടി ഉമ്മര്‍, രവീന്ദ്രന്‍, ദേവരാജന്‍, ഇളയരാജ അടക്കമുള്ളവരുമായി ബിച്ചു തീര്‍ത്തത് ഹിറ്റ് പരമ്പരകള്‍. കുഞ്ഞ് ഉറങ്ങണമെങ്കില്‍ ബിച്ചുവിന്റെ പാട്ട് നിര്‍ബന്ധമാകും വിധം തീര്‍ത്തത് താരാട്ട് പാട്ടുകളുടെ വിസ്മയം.