• 19 Jan 2022
  • 07: 32 AM
Latest News arrow

അനുപമ കേസ്: കുഞ്ഞിനെ കൊണ്ടുവരാന്‍ പൊലീസ് ആന്ധ്രയിലേക്ക് തിരിച്ചു

തിരുവനന്തപുരം: കുഞ്ഞിനെ അനധികൃതമായി ദത്ത് നല്‍കിയ കേസില്‍ അമ്മ അനുപമയ്ക്ക് അനുകൂലമായ നടപടി സ്വീകരിച്ച് പൊലീസ്. ആന്ധ്രയിലുള്ള കുഞ്ഞിനെ തിരിച്ചെത്തിക്കാന്‍ പൊലീസ് സംഘം പുറപ്പെട്ടു. മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും ശിശുക്ഷേമ സമിതിയിലെ ഒരംഗവുമാണ് സംഘത്തിലുള്ളത്. നിലവില്‍ ആന്ധ്ര സ്വദേശികളായ ദമ്പതികള്‍ക്കൊപ്പമാണ് കുഞ്ഞ്.

ഇന്ന് പുലര്‍ച്ചെയാണ് സംഘം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ആന്ധ്രയിലേക്ക് തിരിച്ചത്. ഉച്ചയോടെ സംഘം ആന്ധ്രയിലെത്തും. കുഞ്ഞുമായി എപ്പോള്‍ തിരിച്ചെത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. തിരികെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലെന്നാണ് വിവരം. 

കുഞ്ഞിന്റെ സംരക്ഷണച്ചുമതല ശിശു സംരക്ഷണ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ്. കുഞ്ഞിനെ തിരുവനന്തപുരത്തെത്തിച്ചാല്‍ ആദ്യം ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കും. അതിന് ശേഷം പ്രാപ്തനായ മറ്റൊരു വ്യക്തിയ്ക്ക് സംരക്ഷണച്ചുമതല കൈമാറും. അങ്ങിനെയെങ്കില്‍ അനുപമ തന്നെ സംരക്ഷണ ചുമതലയ്ക്ക് വേണ്ടി അപേക്ഷ നല്‍കാനുള്ള സാധ്യതയുണ്ട്. 

അതിനിടെ ഇന്ന് തിരുവനന്തപുരം കുടുംബക്കോടതി അനുപമയുടെ ഹര്‍ജി വീണ്ടും പരിഗണിക്കും. ദത്ത് നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ടാണ് കുഞ്ഞിനെ ഉടന്‍ കേരളത്തിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച് ശിശുക്ഷേമ സമിതി ഉത്തരവ് പുറത്തിറക്കിയത്. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ ആന്ധ്രയില്‍ നിന്ന് തിരികെയെത്തിക്കണമെന്നായിരുന്നു ശിശുക്ഷേമ സമിതിയുടെ ഉത്തരവ്.