• 19 Jan 2022
  • 06: 12 AM
Latest News arrow

യുവതികളുടെ കാറിനെ പിന്തുടര്‍ന്ന് 3333 നമ്പര്‍ ഔഡി കാര്‍; മരണത്തില്‍ ദുരൂഹത വര്‍ധിക്കുന്നു

കൊച്ചി: മുന്‍ മിസ് കേരള ജേതാക്കളുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത ഏറുന്നു. ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ നിന്നും കെഎല്‍ 40 ജെ 3333 എന്ന രജിസ്‌ട്രേഷനിലുള്ള ഔഡി കാറാണ് അന്‍സി കബീറിന്റെ വാഹനത്തെ പിന്തുടര്‍ന്നത്. ഔഡി കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ സൈജുവിനോട് അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. ഹോട്ടലില്‍ നിന്നും ഔഡി കാര്‍ പിന്തുടര്‍ന്നതാണ് അപകട കാരണമെന്ന് അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് സൈജുവിനോട് ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. 

അപകടം നടന്ന ശേഷം പിന്തുടര്‍ന്ന ഔഡി കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങി വരികയും കാര്യങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇവരുടെ സുഹൃത്തുക്കളും മറ്റ് വാഹനങ്ങളില്‍ അവിടെ എത്തിയിരുന്നു. അവര്‍ മാറി നിന്ന് വിവരങ്ങള്‍ നിരീക്ഷിച്ച ശേഷം മടങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് ഹോട്ടല്‍ ഉടമ റോയി ആണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഔഡി കാറില്‍ ഉണ്ടായിരുന്നവരും മദ്യപിച്ചിരുന്നതായും ഇവര്‍ പിന്നീട് അപകടത്തില്‍പ്പെട്ടവരെ കൊണ്ടുപോയ ആശുപത്രിയിലും എത്തുകയും അവിടുത്തെ സാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. 

ഏത് സാഹചര്യത്തിലാണ് ഹോട്ടലില്‍ നിന്നും ഔഡി കാര്‍ അന്‍സിയുടെ കാറിനെ പിന്തുടര്‍ന്നത് എന്നതാണ് പൊലീസ് അന്വേഷിക്കുന്നത്. പ്രാഥമിക വിവരശേഖരണത്തില്‍ അന്‍സി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും മദ്യപിച്ച് വാഹനം ഓടിക്കരുത് എന്ന മുന്നറിയിപ്പ് നല്‍കുന്നതിനാണ് ഇവരെ പിന്തുടര്‍ന്ന് വന്നതെന്നുമായിരുന്നു ഔഡി കാര്‍ ഓടിച്ചിരുന്ന സൈജു പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് പൊലീസ് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം കുണ്ടന്നൂരില്‍ വെച്ച് ഔഡി കാറിലുണ്ടായിരുന്നവര്‍ അന്‍സിയുടെ കാറിനെ തടയുകയും മുന്നോട്ട് പോകരുതെന്നും തിരികെ ഹോട്ടലിലേക്ക് വരാന്‍ ആവശ്യപ്പെട്ടുമെന്നുമാണ് വിവരം. ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും ചക്കരപ്പറമ്പ് വരെയുള്ള ഭാഗത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതില്‍ നിന്നുമാണ് ഔഡി കാര്‍ ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടല്‍ മുതല്‍ അപകട സ്ഥലം വരെ അന്‍സിയുടെ കാറിനെ പിന്തുടര്‍ന്നതായുള്ള വിവരം ലഭിച്ചത്.

ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെ ഡിജെ പാര്‍ട്ടി നടന്ന ഹാളിലെ സിസിടിവി ദൃശ്യങ്ങള്‍ ഹോട്ടലുടമ റോയി ഒളിപ്പിക്കുകയായിരുന്നു. പൊലീസ് രണ്ട് തവണ ഹോട്ടലില്‍ പരിശോധന നടത്തിയിരുന്നെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരനെ ചോദ്യം ചെയ്യുമ്പോഴാണ് ഡിവിആര്‍ ഹോട്ടലുടമ ഒളിപ്പിച്ചതായി മൊഴി നല്‍കിയത്.

ഒക്ടോബര്‍ 31-ാം തിയതി ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെ ഡിജെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു മുന്‍ മിസ് കേരള അന്‍സി കബീറും രണ്ട് സുഹൃത്തുക്കളും വാഹനാപകടത്തില്‍ മരിച്ചത്. തുടര്‍ന്ന് തൊട്ടടുത്ത ദിവസം തന്നെ ഹോട്ടലിലെ ഡിജെ പാര്‍ട്ടി നടന്ന ഹാളിലെ സിസിടിവി ദൃശ്യങ്ങള്‍ മാറ്റിയത്. ഹോട്ടലുടമ റോയിയുടെ നിര്‍ദേശ പ്രകാരം ഡ്രൈവര്‍ ഡിവിആര്‍ വാങ്ങിക്കൊണ്ട് പോയി എന്നാണ് ജീവനക്കാരന്‍ മൊഴി നല്‍കിയിരിക്കുന്നത്. അതേസമയം റോയിയോട് പൊലീസിന് മുമ്പില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഹാജരായിട്ടില്ല.