• 29 Nov 2021
  • 08: 32 PM
Latest News arrow

അനുപമയ്ക്ക് ആശ്വാസം; ദത്തെടുക്കല്‍ നടപടി കുടുംബക്കോടതി സ്‌റ്റേ ചെയ്തു

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിന്റെ ദത്തെടുക്കല്‍ നടപടി തിരുവനന്തപുരം കുടുംബക്കോടതി സ്‌റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാരും ശിശുക്ഷേമ സമിതിയും അനുപമയ്ക്ക് ഒപ്പമുള്ള നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. 

ദത്ത് നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കണമെന്ന് സര്‍ക്കാരും ശിശുക്ഷേമ സമിതിയും കോടതിയില്‍ ഉന്നയിക്കുകയും ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ ഹര്‍ജി പരിഗണിച്ചാണ് കോടതി താല്‍ക്കാലിക സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. ആന്ധ്രാ സ്വദേശികളായ ദമ്പതികള്‍ക്കാണ് അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയിരിക്കുന്നത് എന്നാണ് സൂചന.

കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടതാണോ സമര്‍പ്പിക്കപ്പെട്ടതാണോ എന്ന കാര്യത്തില്‍ വ്യക്തത വേണമെന്ന് കോടതി നിരീക്ഷിച്ചു. ഉപേക്ഷിക്കപ്പെട്ടതെന്നാണ് ശിശുക്ഷേമ സമിതി അറിയിച്ചിരുന്നത്. എന്നാല്‍ കുഞ്ഞിനെ ഉപേക്ഷിച്ചതാണോ സമര്‍പ്പിച്ചതാണോ എന്ന കാര്യത്തിലാണ് പ്രധാന തര്‍ക്കമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇതില്‍ വ്യക്തത വരുന്നത് വരെ ദത്തെടുക്കല്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കണമെന്നും അഭിഭാഷകന്‍ പറഞ്ഞു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.