• 29 Nov 2021
  • 08: 04 PM
Latest News arrow

''ഒരിക്കലും ഒറ്റക്കണ്ണനാവില്ല, രണ്ട് കണ്ണുകളും തുറക്കും''; പ്രതികരിക്കാന്‍ യൂട്യൂബ് ചാനലുമായി ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: രാഷ്ട്രീയ മാറ്റത്തിന്റെ സൂചന നല്‍കി ചെറിയാന്‍ ഫിലിപ്പിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. അഴിമതിയ്‌ക്കെതിരെ പ്രതികരിക്കാന്‍ 'ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കുന്നു' എന്ന പേരില്‍ യൂട്യൂബ് ചാനല്‍ ആരംഭിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ജനുവരി ഒന്നിനായിരിക്കും യൂട്യൂബ് ചാനല്‍ ആരംഭിക്കുക. രാഷ്ട്രീയ നിലപാട് പ്രശ്‌നാധിഷ്ഠിതമായിരിക്കുമെന്നും അദ്ദേഹം കുറിച്ചു.

കഴിഞ്ഞ 20 വര്‍ഷം ഇടതുപക്ഷ സഹയാത്രികനായിരുന്നു അദ്ദേഹം. എന്നാല്‍ ഇനിയും പാര്‍ട്ടിയെ പിന്തുടരുന്നില്ല എന്നതിന്റെ വ്യക്തമായ സൂചന നല്‍കിക്കൊണ്ടാണ് ഫെയ്‌സ്ബുക്കിലൂടെ പുതിയ തീരുമാനം അറിയിച്ചിരിക്കുന്നത്. ജനകീയ പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടും. ഒരിക്കലും ഒറ്റക്കണ്ണനാവില്ല, രണ്ട് കണ്ണുകളും തുറക്കും. കണ്ണടയുന്നത് വരെ പ്രതികരിച്ചുകൊണ്ടിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

യൂട്യൂബ് ചാനല്‍ നയം തികച്ചും സ്വതന്ത്രമായിരിക്കും. രാഷ്ട്രീയ നിലപാട് പ്രശ്‌നാധിഷ്ഠിതമായിരിക്കും. ഏത് വിഷയത്തിലും വസ്തുതകള്‍ നേരോടെ തുറന്നുകാട്ടും. അഴിമതി, വര്‍ഗ്ഗീയത, ഏകാധിപത്യം എന്നിവയ്‌ക്കെതിരെ നിര്‍ഭയം പോരാടും. ജനകീയ പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടുമെന്നും അദ്ദേഹം കുറിച്ചു.

നേരത്തെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം അദ്ദേഹം നിരസിച്ചിരുന്നു. പുസ്തക രചനയുടെ തിരക്കിലാണ് എന്നായിരുന്നു ഇതിന് പറഞ്ഞ കാരണം.

ദുരന്തനിവാരണത്തില്‍ സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ചിട്ടുകൊണ്ട് കഴിഞ്ഞ ദിവസം ചെറിയാന്‍ ഫിലിപ്പ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിനെതിരെ മുഖ്യമന്ത്രി പരോക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഒരു കാലത്ത് കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷവുമായി സഹകരിക്കാന്‍ തയ്യാറായ ആളാണ് ചെറിയാന്‍ ഫിലിപ്പ്. അദ്ദേഹത്തെ നല്ല രീതിയില്‍ ഞങ്ങള്‍ സഹകരിച്ചിട്ടുമുണ്ട്. ഇപ്പോള്‍ അദ്ദേഹത്തിന് മറ്റെന്തെങ്കിലും നിലപാടുണ്ടോയെന്ന് തനിക്കറിയില്ല എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. 

രാജ്യസഭയിലേക്ക് വന്ന ആദ്യ അവസരം എളമരം കരീമിനായി കൈവിട്ടെങ്കിലും ചെറിയാന് പ്രതീക്ഷയുണ്ടായിരുന്നു. രണ്ടാം അവസരം ജോണ്‍ ബ്രിട്ടാസിന് നല്‍കിയത് അദ്ദേഹത്തിന് ഉള്‍ക്കൊള്ളാനായില്ല. ഇടക്കാലത്ത് സിപിഎമ്മിലേക്ക് വന്ന കെടി ജലീലും അബ്ദുറഹ്‌മാനും വീണാ ജോര്‍ജും വരെ മന്ത്രിയായതും താന്‍ തഴയപ്പെടുന്നുവെന്ന വിശ്വാസത്തിലേക്ക് അദ്ദേഹത്തെ നയിക്കുകയായിരുന്നുവെന്നാണ് വിവരം.

സമീപസമയത്ത് ചില നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ പോയതിനെക്കുറിച്ച് വിഡി സതീശന്‍ പ്രതികരിച്ചത് 'കമ്മലിട്ടവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും' എന്നായിരുന്നു. ഇത് ചെറിയാന്‍ ഫിലിപ്പിനെ ഉദ്ദേശിച്ചായിരുന്നുവെന്നാണ് വിലയിരുത്തല്‍. കെപിസിസി പുന:സംഘടന കഴിഞ്ഞേ ചെറിയാന്റെ മനസ്സുമാറ്റത്തിന്റെ പ്രഖ്യാപനമുണ്ടാകൂ എന്നാണ് വിവരം.