• 01 Oct 2023
  • 08: 47 AM
Latest News arrow

അഭിനയത്തിന്റെ നെടുമുടി കയറിയ പ്രതിഭ വിടവാങ്ങി

നടനും അതുല്യ കലാകാരനുമായ നെടുമുടി വേണു (73) അന്തരിച്ചു. ഉദര സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. മരണസമയത്ത് മക്കളും ബന്ധുക്കളുമെല്ലാം അടുത്തുണ്ടായിരുന്നു. 

മലയാള സിനിമാ സാംസ്‌കാരിക ലോകത്തിന് വലിയ നഷ്ടമാണ് നെടുമുടി വേണുവിന്റെ നിര്യാണത്തെത്തുടര്‍ന്ന് ഉണ്ടായിരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച അഭിനേതാക്കളില്‍ ഒരാളായിരുന്നു നെടുമുടി വേണു. നെടുമുടിയിലെ സ്‌കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ തുടങ്ങിയ കലാപ്രവര്‍ത്തനം നാലര പതിറ്റാണ്ട് കാലം നീണ്ടുനിന്നു. 

1978ല്‍ പുറത്തിറങ്ങിയ അരവിന്ദന്റെ തമ്പിലൂടെയായിരുന്നു നെടുമുടി വേണുവിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. മിമിക്രിയിലൂടെയും നാടകത്തിലൂടെയുമൊക്കെ പ്രതിഭ വെളിച്ചത്തുകൊണ്ടുവന്ന നെടുമുടി വേണി അഭിനയലോകത്ത് തന്റേതായ ഇടം വെട്ടിയൊരുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കാവാലം നാരായണ പണിക്കരുടെ അഭിനയ കളരിയില്‍ തേച്ചുമിനുക്കിയ അഭിനയ മികവ് ഓരോ സിനിമയിലൂടെയും അദ്ദേഹം പുറത്തെടുത്തു. 
 
ഭരതന്റെ ആരവം, പത്മനാഭന്റെ ഒരിടത്തൊരു ഫയല്‍വാന്‍ എന്നിവയിലെല്ലാം അദ്ദേഹം തന്റെ പ്രതിഭ വ്യക്തമാക്കി. തകരയിലെ ചെല്ലപ്പനാശ്ശാരിയാണ് നെടുമുടി വേണുവിലെ നടന് മാറ്റ് കൂട്ടിയത്. കാറ്റത്തെ കിളിക്കൂട്ടില്‍, തീര്‍ത്ഥം, അമ്പടനാനേ തുടങ്ങി നിരവധി സിനിമകള്‍ക്ക് തിരക്കഥയും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. പൂരം എന്ന സിനിമ സംവിധാനം ചെയ്തു. കമല ഹാസന്റെ ഇന്ത്യന്‍ എന്ന സിനിമയില്‍ അദ്ദേഹം ശ്രദ്ധേയ സാന്നിധ്യമായിരുന്നു. വിക്രത്തിന്റെ അന്യന്‍ സിനിമയിലും അദ്ദേഹം ശ്രദ്ധേയ വേഷം ചെയ്തു. 

ദേശീയ ചലച്ചിത്ര പുരസ്‌കാരം രണ്ട് തവണ നെടുമുടി വേണുവിനെ തേടിയെത്തി. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും രണ്ട് തവണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.