ടൊറന്റോ ഓള്‍ട്ടര്‍നേറ്റീവ് ഫിലിം ഫെസ്റ്റിവലില്‍ താരമായി സ്പൈവെയര്‍; ഹ്രസ്വ ചിത്രം കോഴിക്കോട് സ്വദേശിയുടേത്

ഇത് സയന്‍സ് ഫിക്ഷന്‍ സിനിമകളുടെയും ഷോര്‍ട്ട് ഫിലിമുകളുടെയും ഒക്കെ കാലമാണ്. സിനിമകള്‍ പോലെ തന്നെ ഷോര്‍ട്ട് ഫിലിമുകളെയും പ്രേക്ഷകര്‍ വലിയ രീതിയില്‍ സ്വീകരിക്കുന്നുണ്ട്. ടോറന്റോ കാനഡയില്‍ വെച്ച് നടന്ന ഓള്‍ട്ടര്‍നേറ്റീവ് ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും മികച്ച ഷോര്‍ട്ട് ഫിലിം ആയി തിരഞ്ഞെടുത്തിരിക്കുകയാണ് സ്പൈവെയര്‍ എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തെ.
കോഴിക്കോട് കുറ്റ്യാടി സ്വദേശി ബ്ലെസ്സന്‍ തോമസാണ് ഈ സയന്‍സ് ഫിക്ഷന്‍ ചിത്രം സംവിധാനം ചെയ്തത്. സൈബര്‍ ലോകത്തില്‍ ഒളിഞ്ഞിരിക്കുന്ന കെണികളെയും, അതിന്റെ വരും വരായ്കകളെക്കുറിച്ചും സംസാരിക്കുന്നുണ്ട് ചിത്രം. ഗോഡ്സണ്‍ തോമസ് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഡിയോള്‍ സാബുവാണ് സിനിമാറ്റോഗ്രഫി.
ഇന്ത്യയില്‍ നിന്ന് ഈ അവാര്‍ഡ് ലഭിക്കുന്ന ആദ്യ ഷോര്‍ട്ട് ഫിലിം കൂടിയാണ് സ്പൈവെയര്‍. സാങ്കേതിക വിദ്യയുടെ സഹായത്തോടെയും അതിഗംഭീരമായ അവതരണശൈലിയിലൂടെയും സ്പൈവെയര്‍ ഭാഷയുടെയും ദേശത്തിന്റെയും അതിര്‍വരമ്പുകള്‍ ഭേദിച്ച് സ്വീകരിക്കപ്പെടുകയാണ്. അമല്‍ജിത് കരുണന് ആണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. റീല്മോസ് സ്റ്റുഡിയോ വിഎഫ്എക്സ് ഗംഭീരമാക്കി. ജോബിന് പികെ ആണ് അസോസിയേറ്റ് ഡയറക്ടര്‍.