• 29 Nov 2021
  • 08: 31 PM
Latest News arrow

ജീവനീരൊഴുക്കുന്ന ലഡാക്കിലെ ഐസ് സ്തൂപങ്ങള്‍

ലോകത്തിലെ ഏറ്റവും തണുപ്പുള്ളതും വരണ്ടതുമായ പ്രദേശങ്ങളിലൊന്നാണ് വടക്കേ ഇന്ത്യയിലെ ലഡാക്ക്. ശൈത്യ മരുഭൂമി. ഇവിടെ കൃഷി ചെയ്യുക കഠിനമാണ്. ചുരുക്കമായി മാത്രമാണ് മഴ ലഭിക്കുന്നത്. ശൈത്യകാലത്ത് മണ്ണ് തണുത്തുറഞ്ഞ് കിടക്കും. വേനല്‍ക്കാലത്ത് അരുവികള്‍ വറ്റും. മഞ്ഞും ഹിമാനികളും ഉരുകുമ്പോള്‍ ലഭിക്കുന്ന വെള്ളം മാത്രമാണ് കൃഷിയ്ക്കായി ഉപയോഗിക്കാന്‍ പറ്റുന്നത്. എന്നാല്‍ കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായി പ്രദേശത്ത് കടുത്ത വേനലാണ് അനുഭവപ്പെടുന്നത്. ഇതോടെ ഹിമാനികള്‍ ദ്രുതഗതിയില്‍ ഉരുകുകയും ഉരുകുന്ന വെള്ളം ഉടനടി ബാഷ്പീകരിച്ച് നഷ്ടപെടുകയും ചെയ്യുന്ന സ്ഥിതയാണ്. ഇതോടെ കര്‍ഷകരുടെ ജീവിതം ദുരിതപൂര്‍ണമായി.  

അങ്ങിനെയിരിക്കെ ഒരു മെയ് മാസത്തില്‍ എഞ്ചിനീയറായ സോനം വാങ്ചുക്ക് ലഡാക്കിലെ പാലത്തിന് അടിയില്‍ ഐസ് കട്ട കണ്ടെത്തി. ആ വേനല്‍ക്കാലത്ത് സൂരൂപ്രകാശം നേരിട്ട് എത്താത്ത ലഡാക്കിന്റെ താഴ്‌വാരത്ത് ഐസ് കണ്ടെത്തിയത് അദ്ദേഹത്തില്‍ പുതിയ ഒരു ആശയത്തിന് ജന്‍മം നല്‍കി. സൂര്യപ്രകാശം നേരിട്ട് പതിയ്ക്കാത്ത ഇടങ്ങളില്‍ ഐസ് ഉരുകാതെ കൂടുതല്‍ കാലം നിലനില്‍ക്കുമെന്ന് അദ്ദേഹത്തിന് മനസ്സിലായി. സൂര്യന്റെ ചൂടേറ്റ് ബാഷ്പമായി പോകുന്ന അരുവികളിലെ വെള്ളത്തെ തണലിലാക്കാന്‍ കഴിയില്ല. എന്നാല്‍ ആ വെള്ളം തണലുള്ള സ്ഥലത്തേയ്ക്ക് മാറ്റിയാല്‍ അത് തണുത്തുറഞ്ഞ് ഐസായി മാറും. 

ഈ ആശയത്തില്‍ നിന്നും സോനം വാങ്ചുക്ക് രൂപം കൊടുത്തതാണ് ഐസ് സ്തൂപങ്ങള്‍. 2013ലാണ് സോനം ലഡാക്കില്‍ ഐസ് സ്തൂപങ്ങള്‍ നിര്‍മ്മിച്ചു തുടങ്ങിയത്. ഹിമാനികളിലെ വെള്ളം ഭൂമിയ്ക്കടിയിലൂടെ പൈപ്പിട്ട് താഴ്‌വാരത്തേയ്ക്ക് കൊണ്ടുവന്നു. ഉയരം, താപനില, ഗുരുത്വാകര്‍ഷണ ശക്തി എന്നിവയിലെ വ്യത്യാസം കാരണം പൈപ്പില്‍ മര്‍ദ്ദം വര്‍ദ്ധിക്കുകയും താഴ്‌വാരത്ത് ലംബമായി നിര്‍ത്തിയിരിക്കുന്ന പൈപ്പിലൂടെ ജലധാര മുകളിലേക്കും പുറത്തേക്കും ഒഴുകി. പൂജ്യത്തിനും താഴെയുള്ള താപനിലയില്‍ ഈ വെള്ളം തണുത്തുറഞ്ഞ് പിരമിഡ് ആകൃതിയില്‍ കൂനയായി മാറി. വേനല്‍ക്കാലത്ത് അരുവികളിലെ വെള്ളം വറ്റുന്ന അവസരത്തില്‍ ഈ ഐസ് സ്തൂപങ്ങള്‍ ഉരുകുകയും ആ വെള്ളം കൃഷിയ്ക്കായി ഉപയോഗിക്കാനും സാധിച്ചു. 

ഈ ഐസ് സ്തൂപങ്ങള്‍ക്ക് പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം പുറപ്പെടുവിക്കാന്‍ കഴിയും. വെള്ളം ഏറ്റവും ആവശ്യമുള്ള വയലുകള്‍ക്ക് സമീപമുള്ള ഗ്രാമങ്ങളുടെ പ്രാന്തപ്രദേശത്താണ് ഐസ് സ്തൂപങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്.  

കാര്യക്ഷമവും ചെലവുകുറഞ്ഞതും പരിപാലിക്കാന്‍ എളുപ്പവുമാണ് ഐസ് സ്തൂപങ്ങള്‍. എന്നിരുന്നാലും പൈപ്പ് ലൈനുകളില്‍ വെള്ളം മരവിപ്പിക്കുന്നത് തടയുക എന്നതും സൈറ്റ് സെലക്ഷന്‍ വികസിപ്പിക്കുന്നതും വെല്ലുവിളിയാണ്.