• 29 Nov 2021
  • 07: 39 PM
Latest News arrow

''ബിജെപി ഇസ്ലാമോഫോബിയ ഇളക്കിവിടുകയാണ്, കത്തോലിക്ക സഭ അവരുടെ യഥാര്‍ത്ഥ സ്വഭാവം മനസ്സിലാക്കണം''; കാരാട്ട്

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയെ ബിജെപി അവസരമാക്കി മാറ്റിയെന്ന് സിപിഎം നേതാവ് പ്രകാശ് കാരാട്ട്. മുസ്ലീം, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയില്‍ വിള്ളല്‍ വീഴ്ത്താനും ഇസ്ലാമോഫോബിയ ഇളക്കിവിടാനും ബിജെപി ബിഷപ്പിന്റെ പ്രസ്താവനയെ മികച്ച അവസരമാക്കി മാറ്റിയെന്ന് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പ്രകാശ് കാരാട്ട് വിമര്‍ശിച്ചു. ബിജെപിയുടെയും ആര്‍എസ്എസിന്റെയും യഥാര്‍ത്ഥ സ്വഭാവം കത്തോലിക്കാ സഭ മനസ്സിലാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

യോജിപ്പോടെയുള്ള സഹവര്‍ത്തിത്വത്തിലും ഇടപെടലുകളിലും വിള്ളലുണ്ടാക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നത്. ഇക്കാര്യം മനസ്സില്‍ വെച്ചുകൊണ്ട് വേണം പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസംഗത്തെ വിലയിരുത്തേണ്ടത്. ജിഹാദികള്‍ അമുസ്ലീങ്ങളെ നശിപ്പിക്കാന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന ബിഷപ്പിന്റെ പ്രസ്താവന സ്വാഭാവികമായും കേരള സമൂഹത്തില്‍ ആശങ്കയും സംശയവും ഉളവാക്കിയിട്ടുണ്ടെന്നും കാരാട്ട് ലേഖനത്തില്‍ പറയുന്നു. 

രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേത് പോലെ കേരളത്തിലും മയക്കുമരുന്ന് മാഫിയകളും അവരുടെ കണ്ണികളും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഏതെങ്കിലും തീവ്രവാദ മതസംഘടനകള്‍ക്ക് മേല്‍ ഇത് ചുമത്തുന്നത് തികച്ചും തെറ്റാണ്. അത്തരത്തിലൊരു ബന്ധത്തിന് തെളിവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്.

'ജിഹാദികളുടെ ഗൂഢാലോചന' എന്ന വാദം രാഷ്ട്രീയവൃത്തങ്ങള്‍ തള്ളിക്കളഞ്ഞപ്പോള്‍ ബിഷപ്പിന്റെ നിലപാടിനെ പിന്തുണയ്ക്കാന്‍ ബിജെപി മുന്നോട്ടുവന്നു. ജിഹാദികളുടെ പ്രവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു. മുസ്ലീം, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയില്‍ വിള്ളല്‍ വീഴ്ത്താനും ഇസ്ലാമോഫോബിയ ഇളക്കിവിടാനും ബിജെപി ഇതിനെ നല്ല അവസരമാക്കി മാറ്റി.

കത്തോലിക്കാ സഭ ബിജെപിയുടെയും ആര്‍എസ്എസിന്റെയും യഥാര്‍ത്ഥ സ്വഭാവം മനസ്സിലാക്കണം. ഹിന്ദുത്വ ശക്തികള്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ അത് മുസ്ലീങ്ങളായാലും ക്രൈസ്തവരായാലും നിരന്തരമായ പ്രചാരണം നടത്തുകയാണ്. നിരന്തരം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നു.

ഓരോ മേഖലയിലും വര്‍ഗീയവും ഭിന്നിപ്പിക്കുന്നതുമായ ശക്തികളെ ചെറുക്കാനും മതസൗഹാര്‍ദം സംരക്ഷിക്കുന്നതിനുമുള്ള പ്രധാന കടമ നിറവേറ്റേണ്ടത് ഇടതുപക്ഷവും ജനാധിപത്യ ശക്തികളുമാണെന്നും ഇതിനായി സിപിഎം മുന്നിട്ടിറങ്ങുമെന്നും കാരാട്ട് ലേഖനത്തില്‍ ആവശ്യപ്പെടുന്നു.